വാഹനത്തെ 'അപമാനിച്ചു'; ഊബര്‍ ഡ്രൈവര്‍ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പിച്ചു

അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയായ ജേക്കബ്ബാണ് 49കാരനായ യാത്രക്കാരനെ കുത്തിപ്പരിക്കേല്‍പിച്ചത്

വാഹനത്തെ

തന്റെ കാറിനെ 'അപമാനിച്ചു' എന്നാരോപിച്ച് യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. അമേരിക്കയിലെ മിഷിഗണില്‍ ഡ്രൈവറായ ജേക്കബ് മാത്യു അല്ലിമോം ആണ് 49കാരനായ യാത്രക്കാരനെ കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പോലീസ് പിടിയിലായത്. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ കാറിന്റെ ജനലില്‍ തട്ടിയതാണ് ജേക്കബ്ബിനെ പ്രകോപിപ്പിച്ചത്. ഇതോടെ ജേക്കബ്ബ് യാത്രക്കാരനുമായി തര്‍ക്കത്തിലാകുകയും അവസാനം കത്തിയെടുത്ത് ഇയാളുടെ നെഞ്ച്, പുറം, മുഖം എന്നിവിടങ്ങളില്‍ കുത്തുകയായിരുന്നു.


സംഭവത്തെത്തുടര്‍ന്ന് ബ്ലൂംഫീല്‍ഡ് ടൗണ്‍ഷിപ്പ് പോലീസ് ഇയാളെ അറസ്റ്റുചെയ്തു. പിന്നീട് 250,000 ഡോളര്‍ പിഴ ചുമത്തി ജാമ്യത്തില്‍ വിട്ടു. ആക്രമണത്തിനിരയായയാള്‍ തങ്ങള്‍ വാഹനത്തില്‍ പ്രവേശിച്ചയുടന്‍ അക്കാര്യമറിയിക്കാനായി വാഹനത്തിന്റെ ജനലില്‍ തട്ടിയതോടെയാണ് ജേക്കബ്ബ് പ്രകോപിതനായത്. ജനലില്‍ തട്ടിയതോടെ ആക്രമണത്തിനിരയായയാള്‍ വാഹനത്തെ അപമാനിച്ചതായി ആക്രോശിച്ച് ജേക്കബ് ദമ്പതികളോട് വഴക്കിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് വഴക്ക് കൂടിക്കൊണ്ട് വാഹനമോടിച്ച ജേക്കബ്ബ് അര കിലോമീറ്ററോളം സഞ്ചരിച്ച ശേഷം യാത്രക്കാരനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

Read More >>