ജയമല്ലാതൊരു തൃപ്തിയില്ല; ശബരിമല കയറാനെത്തുന്ന തൃപ്തി ദേശായിയുടെ കഥ

ഫെമിനിസ്റ്റല്ല വിശ്വാസിയാണ് താനെന്നു പറഞ്ഞു തന്നെയാണ് തൃപ്തി ദേശായി ശബരിമല കയറാനെത്തുന്നത്. തടയാന്‍ അയ്യപ്പ ധര്‍മ്മ സേനയും പാരമ്പര്യവാദികളും. ഹാജി അലി ദര്‍ഗയിലെയടക്കം സ്ത്രീ പ്രവേശം സാധ്യമാക്കിയ 31 വയസുകാരി. തൃപ്തി കോണ്‍ഗ്രസിന്റെ ഒളിപ്പോരാളിയാണെന്നാണ് ആരോപണം- തൃപ്തിയെ അറിയുക.

ജയമല്ലാതൊരു തൃപ്തിയില്ല; ശബരിമല കയറാനെത്തുന്ന തൃപ്തി ദേശായിയുടെ കഥ

ആര്‍ത്തവത്തെ ആണുങ്ങളെന്തിനാണിത്ര ഭയക്കുന്നത്? ശബരിമലയില്‍ നിന്നു മാത്രമല്ല പുരുഷന്മാര്‍ നിസ്‌ക്കരിക്കുന്ന മോസ്‌ക്കുകളില്‍ നിന്നും രക്തം ചൊരിഞ്ഞ ക്രൂശിതനായ ക്രിസ്തുവുള്ള അള്‍ത്താരകളില്‍ നിന്നുമെല്ലാം സ്ത്രീകള്‍ പുറത്താണ്. പുറത്തായതിനു കാരണം സ്ത്രീകളുടെ ആര്‍ത്തവം തന്നെ. രാജ്യം ഡിജിറ്റലാകുമ്പോഴും സ്ത്രീകളോടുള്ള ഈ അവഗണന തുല്യതയെന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് എതിരാണ്.

ഹാപ്പി ടു ബ്ലീഡ്, എന്നു പറഞ്ഞാണ് സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിന്‍ ആരംഭിച്ചത്. ക്ഷേത്രപ്രവേശനത്തിനായി ദളിതര്‍ നടത്തിയ സമരം വഴിനടക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു. മാറുമറയ്ക്കാനും കല്ലുമാലകള്‍ ഉപേക്ഷിക്കാനും പോരാടിയ സ്ത്രീകളുടെ കേരളത്തിലെ ശബരിമലയിലെ സ്ത്രീപ്രവേശനം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നില്‍ കണ്ടുള്ള വര്‍ഗ്ഗീയ പ്രചാരകര്‍ ശബരിമലയിലെ സ്ത്രീ പ്രവേശത്തെ അയ്യപ്പന്റെ ബ്രഹ്മചര്യം പറഞ്ഞ് എതിര്‍ക്കുകയാണ്. എന്നാല്‍ അയ്യപ്പനു തൊട്ടടുത്ത് പതിനെട്ടാം പടി ചവിട്ടി ചെന്നു തന്നെ കാണുന്ന മാളികപ്പുറത്തമ്മ സ്ത്രീയല്ലേയെന്ന ചോദ്യത്തിന് ഉത്തരവുമില്ല.


ജാതിമത ഭേദമില്ലാതെ സര്‍വ്വരും മലചവിട്ടിയെത്തിയിട്ടും ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കൂട്ടം സ്ത്രീകളെ മലചവിട്ടാന്‍ അനുവദിക്കില്ലെന്നു പറയുന്നവരോടാണ്, തൃപ്തി ദേശായി പറയുന്നത്- ജനുവരിയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തുമെന്ന്. തൃപ്തി ദേശായി ആര്‍എസ്എസിന്റെ തന്നെ ആയുധമാണെന്ന് ഒരു കൂട്ടര്‍. മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്യുന്ന സനാതന ഹിന്ദുവല്ലെന്ന് മറ്റൊരു കൂട്ടര്‍. അന്ധമായ പുരുഷ വിരുദ്ധതയാണ് തൃപ്തിക്കെന്ന് മറ്റൊരു കൂട്ടര്‍- യഥാര്‍ത്ഥത്തില്‍ ആരാണ് തൃപ്തി?

മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാന്‍രാഗിണി ബ്രിഗേഡും വാര്‍ത്തകളിലിടം നേടിയത്. ക്ഷേത്രങ്ങളിലും പ്രശസ്തമായ ഹാജി അലി ദര്‍ഗയിലും സ്ത്രീ പ്രവേശനത്തിനുള്ള മുപ്പത്തിയൊന്നുകാരിയായ തൃപ്തിയുടെ പോരാട്ടങ്ങള്‍ ഫലം കണ്ടു. അടുത്ത ലക്ഷ്യം ശബരിമലയാണ്. മല ചവിട്ടുമെന്ന തൃപ്തിയുടെ പ്രഖ്യാപനം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. തൃപ്തിയ്‌ക്കെതിരെ വെല്ലുവിളിയുമായി പാരമ്പര്യവാദികളും ഹൈന്ദവ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.

ചേരിയിലെ പ്രവര്‍ത്തനങ്ങളിലൂടെ തുടക്കം

കര്‍ണ്ണാടകയിലെ നിപാനിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കന്‍ മഹാരാഷ്ട്രയിലെ ആള്‍ദൈവം ഗഗന്‍ഗിരി മഹാരാജിന്റെ ശിഷ്യത്വം സ്വീകരിച്ച് ആശ്രമത്തിലെത്തിയപ്പോള്‍ അമ്മയ്ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പമായി തൃപ്തി. പൂനൈയിലെ ശ്രീമതി നതിബാല്‍ ദാമോദര്‍ താക്കര്‍സേ വുമന്‍സ് സര്‍വ്വകലാശാലയില്‍ ഹോംസയന്‍സില്‍ ബിരുദപഠനത്തിന് ചേര്‍ന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു. ഭര്‍ത്താവ് പ്രശാന്ത് ദേശായ്, ആറ് വയസ്സുള്ള മകനുമുണ്ട്.

[caption id="attachment_64785" align="alignleft" width="342"]trupti-desai-family ഭര്‍ത്താവ് പ്രശാന്തിനും മകനുമൊപ്പം[/caption]2003-ല്‍ ചേരിനിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ക്രാന്തിവീര്‍ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 2007 ല്‍ എന്‍സിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ ഉള്‍പ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍നിരയില്‍ തൃപ്തിയുമുണ്ടായിരുന്നു. അന്ന് തൃപ്തിയ്ക്ക് പ്രായം 22 വയസ്സ്. 35000 പേര്‍ക്ക് നിക്ഷേപമുള്ള ബാങ്കില്‍ 29000 പേര്‍ക്ക് നിക്ഷേപം തിരിച്ചു കൊടുക്കാന്‍ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളില്‍ തൃപ്തിയുടെ സംഘടനയും പങ്കു ചേര്‍ന്നു.

40 പേരുമായി 2010-ല്‍ ഭൂമാതാ റാന്‍ രാഗിണി ബ്രിഗേഡ് ആരംഭിച്ചത്. ഇന്ന് സംഘടനയില്‍ അയ്യായിരത്തോളം അംഗങ്ങളുണ്ട്. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി വ്യക്തമാക്കുന്നുണ്ട്.

ക്ഷേത്രങ്ങളില്‍ മാത്രമല്ല

പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിയ്ക്ക് ഇതിന് എതിര്‍പ്പുണ്ടായില്ലെങ്കിലും പൂജാരിമാരായിരുന്നു തടസ്സം. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിന് ശേഷമായിരുന്നു അഹമ്മദ്നഗര്‍ ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് നടത്തിയ പോരാട്ടം. 2015 ഡിസംബര്‍ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എട്ട് ദിവസത്തിനകം പ്രവേശനം നല്‍കിയില്ലെങ്കില്‍ 400 പേരുമായി ക്ഷേത്രത്തിലെത്തുമെന്നായി തൃപ്തി. ഏപ്രിലില്‍ തൃപ്തിയുൂടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. നാസികിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.

[caption id="attachment_64789" align="aligncenter" width="555"]trupti-shani ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ തൃപ്തി[/caption]

അടുത്ത പോരാട്ടം ഹാജി അലി ദര്‍ഗയില്‍ നസ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയായിരുന്നു. 2012-ലാണ് ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം തടഞ്ഞത്. ഈ വര്‍ഷം ഏപ്രിലില്‍ തൃപ്തി ദേശായുടെ നേതൃത്വത്തില്‍ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ തൃപ്തിയും കൂട്ടരും ശ്രമം നടത്തിയിരുന്നെങ്കിലും കവാടത്തില്‍ തടഞ്ഞു. ഒടുവില്‍ സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയായിരുന്നു. ദര്‍ഗയില്‍ സ്ത്രീ പ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

2014 ല്‍ ദര്‍ഗയില്‍ സ്ത്രീ പ്രവേശനം വിലക്കിയതിനെതിരെ ഭാരതീയ മുസ്ലീം മഹിളാ ആന്ദോളന്‍ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിയെ തുടര്‍ന്ന് തൃപ്തിയുടെ നേതൃത്വത്തില്‍ നൂറോളം സ്ത്രീകള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. മുസ്ലീം മതവിശ്വാസിയല്ലാത്ത തൃപ്തി മതസ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നാരോപിച്ച് ചില മുസ്ലീം മത സംഘടനകള്‍ പൊലീസിനെ സമീപിച്ചിരുന്നു.

[caption id="attachment_64787" align="aligncenter" width="553"]trupti-desai-haji-ali
ഹാജി അലി ദര്‍ഗയില്‍[/caption]

ദര്‍ഗയില്‍ പ്രവേശനം അനുവദിക്കപ്പെട്ടതിന് ശേഷം അടുത്ത ലക്ഷ്യം ശബരിമലയാണെന്നായിരുന്നു തൃപ്തിയുടെ പ്രഖ്യാപനം. ക്രിസ്തുമതത്തിലെ ലിംഗവിവേചനത്തിനെതിരെ ചില സംഘടനകളും തന്നെ സമീപിച്ചിട്ടുണ്ടെന്ന് തൃപ്തി പറയുന്നു.

വിശ്വാസിയാണ്, രാഷ്ട്രീയമില്ല...

ഭൂമാതാ ബ്രിഗേഡ് മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്ന് തൃപ്തി വ്യക്തമാക്കുന്നു. ലിംഗവിവേചനത്തിനെതിരാണ് പോരാട്ടം. രാജ്യത്തെ സ്ത്രീകള്‍ക്ക് ' അച്ഛാ ദിന്‍' കാലം വരണമെന്നാണ് ആഗ്രഹം. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ലിംഗ വിവേചനം നിലനില്‍ക്കുന്നത് പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് തൃപ്തി പറയുന്നു. '' ഞാനും വിശ്വാസിയാണ്, എന്നാല്‍ അന്ധമായ വിശ്വാസമല്ല എനിക്കുള്ളത്''- തൃപ്തി പറയുന്നു.

trupti-desai

2012-ല്‍ പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ തൃപ്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തെരെഞ്ഞെടുപ്പിലെ തോല്‍വിയോടെ രാഷ്ട്രീയത്തില്‍ നിന്നകന്നെങ്കിലും ആരോപണങ്ങള്‍ ഇന്നുമുയരുന്നു. ബിജെപിയേയും ഹൈന്ദവ സംഘടനകളേയും ലക്ഷ്യമിട്ടുള്ള തൃപ്തിയുടെ പോരാട്ടങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസെന്നാണ് വിമര്‍ശനം.

എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളെയെല്ലാം ഒരേ രീതിയിലാണ് താന്‍ കാണുന്നതെന്നും, രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശമില്ലെന്നുമാണ് തൃപ്തിയുടെ പക്ഷം. സുഹൃത്തുക്കളായ കോണ്‍ഗ്രസ് നേതാക്കന്മാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിനിറങ്ങിയതെന്നും തൃപ്തി വ്യക്തമാക്കുന്നു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്നും ജെഎന്‍യുവിലും, ഹൈദരാബാദ് സര്‍വ്വകലാശാലയിലും നടന്ന സംഭവങ്ങള്‍ ഇതിനുദാഹരണമാണെന്നും തൃപ്തി ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥയ്ക്ക് സമാനമാണ് രാജ്യത്തെ അവസ്ഥ. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ശ്രമങ്ങള്‍ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്നും തൃപ്തി പറയുന്നു.

trupti-desai-wസനാതന്‍ സന്‍സ്ത ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ തൃപ്തിയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ക്ഷേത്രപ്രവേശനത്തിനുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നരേന്ദ്ര ദബോല്‍ക്കറുടെ അവസ്ഥയായിരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

ഫെമിനിസ്റ്റാണോ എന്ന് തൃപ്തിയോട് ചോദിച്ചാല്‍ അല്ലെന്നുള്ള മറുപടി ഉടനെത്തും. ജീവിതമാണ് തന്റെ പ്രവര്‍ത്തനങ്ങളെ രൂപപ്പെടുത്തിയത്. പുരുഷ കേന്ദ്രീകൃതമായ വിശ്വാസങ്ങള്‍ക്ക് തന്റെ അമ്മയും എതിരായിരുന്നെന്ന് തൃപ്തി പറയുന്നു.

Read More >>