കവിതയുടെ തൂവലില്‍ പറന്ന് എന്‍ഡ്‌ലസ് പോയട്രി

ചലച്ചിത്ര മേളയുടെ കാഴ്ചയെ സ്വാധീനിച്ച സിനിമയാണ് എന്‍ഡ്‌ലസ് പോയട്രി- സിനിമയെ കുറിച്ച്

കവിതയുടെ തൂവലില്‍ പറന്ന് എന്‍ഡ്‌ലസ് പോയട്രി

മുഹമ്മദ് റാഫി .എന്‍ .വി

എന്‍ഡ്‌ലസ് പോയട്രിയെന്ന സിനിമ അതിന്റെ സംവിധായകനായ അലെജാന്‍ഡ്രോ ജോഡ്രോസ്‌കിയുടെ ആത്മകഥനം പോലെ മനോഹരമായ ഒരു സിനിമാ കവിതയാണ്.അലെജാന്‍ഡ്രോ ജോഡ്രോസ്‌കിയുടെ ചെറുപ്പമാണ് സിനിമയില്‍ ദൃശാവത്കരിക്കുന്നത്. വേഷമിടുന്നത് ജെര്‍മിയാസ് ഹെര്‍ഡ്‌കോവിറ്റ്‌സ് .സിനിമയില്‍ ചിലിയില്‍ സംവിധായകന്‍ ചെലവഴിച്ച യൗവനത്തിലെ കൂട്ടായിരുന്ന കവികളുടെ കൂട്ടം തന്നെയുണ്ട്.പ്രശസ്ത കവി അഡോണിസ് തന്നെ സിനിമയുടെ അവസാനം പ്രത്യക്ഷപ്പെട്ട് കവിതയുടെ വിഷം തീണ്ടിയവനെ ഒന്നിലും പിടിച്ചു കെട്ടുക അസാധ്യമെന്നു പറയുന്നതു സിനിമയെ തന്നെ കവിതയാക്കി മാറ്റുന്നു.
നായകന്‍ ആദ്യം കണ്ടു മുട്ടുന്ന സ്റ്റെല്ല ഡിയാസ് (പമേല ഫ്ളോറസ്) അയാളോട് പറയുന്നത് ഇങ്ങനെയാണ് 'നമ്മള്‍ ഒരുമിച്ചു നടക്കുന്ന എല്ലാ സമയവും എന്റെ ഒരു കൈ ഞാന്‍ നിന്റെ സ്വകാര്യഭാഗത്ത് സൂക്ഷിക്കും.അവള്‍ ഉപേക്ഷിച്ചു പോയതിനു ശേഷം അയാള്‍ കണ്ടുമുട്ടുന്ന കവികളും കലാകാരന്മാരും ചേര്‍ന്ന് ആന്തരിക ജീര്‍ണത നിറഞ്ഞ മനുഷ്യമനസ്സ് എന്ന വിക്ഷുബ്ധ സ്ഥലത്തെ സിനിമ നടക്കുന്ന സ്ഥലവും കാലവുമാക്കി മാറ്റുന്നു.ഡാന്‍സ് ഓഫ് റിയാലിറ്റി എന്ന സിനിമ ചെയ്ത അലെജാന്‍ഡ്രോ അനിതര സാധാരണമായ യുക്തി കൊണ്ട് പിടി കിട്ടാത്ത കോസ്മിക് സ്ഥലകാലം എന്ന കവിതയിലെ ഭ്രമാത്മകതയെ പിന്തുടരുന്നുണ്ട് ഈ സിനിമയില്‍.