'കേരള ദറിദ' സിനിമയെ അപനിർമ്മിക്കുമ്പോൾ...

അന്താരാഷ്ട്ര ചലച്ചിത്രമേള വീണ്ടും തിരശ്ശീലയില്‍ നിറയുമ്പോള്‍ വി.സി ഹാരീസിന് എന്താണ് പറയാനുള്ളത്. അജു കെ നാരായണനുമായി അദ്ദേഹം സംസാരിക്കുന്നു.

വി. സി. ഹാരിസ് / അജു കെ. നാരായണന്‍

ഡോ. വി. സി. ഹാരിസ് എന്ന ബഹുമുഖ പ്രതിഭയെ സംസ്‌കാരകേരളത്തിനു പരിചയമുണ്ട്. നിരൂപകന്‍, അധ്യാപകന്‍, വിവര്‍ത്തകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ പല നിലകളില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകള്‍ നമ്മുടെ സംസ്‌കാരചരിത്രത്തിന്റെ ഭാഗമാകുന്നു. ചലച്ചിത്രം എന്ന വ്യവഹാരവുമായി വി. സി. ഹാരിസിന് പല തരത്തില്‍ ബന്ധമുണ്ട്.

കേരളത്തിന്റെ വൈജ്ഞാനിക/സൈദ്ധാന്തികമണ്ഡലത്തെ പുതുക്കിപ്പണിയുന്നതില്‍ ഴാക് ദറിദ എന്ന ഫ്രഞ്ച് സൈദ്ധാന്തികന്റെ ചിന്തകള്‍ വഹിച്ച പങ്കു ചെറുതല്ല. ഒരു പക്ഷേ ദറിദയെ കേരളസമൂഹത്തിനു സാര്‍ത്ഥകമായി പരിചയപ്പെടുത്തിക്കൊടുത്ത വ്യക്തിയാണ് വി.സി.ഹാരിസ്. അതുകൊണ്ടാവണം സൗഹൃദവൃന്ദങ്ങളില്‍ അദ്ദേഹം 'കേരള ദറിദ' എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കേരളത്തിന്റെ കാഴ്ചയുത്സവമായ അന്താരാഷ്ട്രചലച്ചിത്രമേളയുടെ പശ്ചാത്തലത്തില്‍, മഹാത്മാഗാന്ധി സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ ഡയറക്ടര്‍ കൂടിയായ ഹാരിസ് മാഷിനോട് സിനിമാസംബന്ധമായി സംവദിക്കാം.


വി. സി. ഹാരിസ് എന്ന ചലച്ചിത്രകാണി രൂപപ്പെട്ടുവരുന്ന ചരിത്രം ഓര്‍മ്മിച്ചെടുക്കാമോ?

മാഹിയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, തലശേരിയിലെ കറന്റ് ബുക്‌സ് ശാഖയില്‍ ജോലി ചെയ്തിരുന്ന ചന്ദ്രന്‍ എന്നൊരാള്‍ ഒരു ഫിലിം ക്ലബ് രൂപീകരിക്കുന്നു. വിഖ്യാത ചലച്ചിത്രങ്ങളുടെ പ്രിന്റുകള്‍ സംഘടിപ്പിച്ച് അയാള്‍ വല്ലപ്പോഴും സ്‌ക്രീനിംഗ് നടത്തിപ്പോന്നു. അവിടെപ്പോയാണ് ഞാന്‍ ക്ലാസിക് സിനിമകള്‍ കണ്ടുതുടങ്ങുന്നത്. ഇതോടൊപ്പം, തലശേരിയിലെ തിയറ്ററുകളില്‍ വന്നുപോകുന്ന മലയാളം, ഹിന്ദി, തമിഴ് ജനപ്രിയസിനിമകള്‍ കാണുന്നുമുണ്ട്. എന്നാല്‍ ഇതില്‍നിന്നുവ്യത്യസ്തമായ കലാസിനിമകള്‍ ഞാന്‍ കണ്ടുതുടങ്ങുന്നത് ഇപ്പറഞ്ഞ ഫിലിം ക്ലബ്ബു വഴിയാണ്.

കേരളത്തില്‍ ഫിലിം സൊസൈറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഏതെങ്കിലും ഫിലിം സൊസൈറ്റിയുമായോ ഫിലിം ക്ലബ്ബുമായോ നേരിട്ടു ബന്ധമുണ്ടായിരുന്നോ?


സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അത്തരത്തിലുള്ള ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും താമസിക്കുന്ന വേളയില്‍ പലതരം ഫിലിം സൊസൈറ്റികളുമായും ഫിലിം ക്ലബ്ബുകളുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത് കോഴിക്കോട്, ഫറൂഖ് കോളേജില്‍ ഇംഗ്ലിഷ് അധ്യാപകനായി പ്രവര്‍ത്തിക്കുന്ന കാലത്തെപ്പറ്റിയാണ്. ഒരു 16 എം.എം. ഫിലിം പ്രൊജക്ടര്‍ കോളേജിലുണ്ടെന്ന് ഒരു ദിവസം ഞാന്‍ യാദൃച്ഛികമായി മനസ്സിലാക്കി. അതാരും ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. പ്രൊജക്ടര്‍ ഉപയോഗിച്ചു നോക്കാന്‍ പ്രിന്‍സിപ്പലിനോട് അനുവാദം ചോദിച്ചു. സമ്മതം കിട്ടി. അങ്ങനെ, എന്റെ ചില ബന്ധങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഫറൂഖ് കോളേജില്‍ ഒരു ഫിലിം ക്ലബ്ബ് ഉണ്ടാക്കി. കുറേയധികം വിദ്യാര്‍ത്ഥികള്‍ അതില്‍ പങ്കാളികളായി. ഏതാണ്ടു നാലുവര്‍ഷത്തോളം ഈ ഫിലിം ക്ലബ്ബ് വളരെ സജീവമായി പ്രവര്‍ത്തിച്ചു.

ഇവിടെ സൂചിതമായ കാലം ജോണ്‍ ഏബ്രഹാമിന്റെയും ഒഡേസയുടെയും കാലമാണല്ലോ. ജോണുമായോ ഒഡേസയുമായോ എന്തെങ്കിലും ബന്ധം പുലര്‍ത്തിയിരുന്നോ?


ഫറൂഖില്‍ പഠിപ്പിക്കുന്ന കാലത്ത് ഞാന്‍ ജോണ്‍ ഏബ്രഹാമിനെ ഒന്നു രണ്ടു തവണ പലയിടങ്ങളില്‍വെച്ചു കണ്ടിട്ടുണ്ട്. പക്ഷേ നേരിട്ട് ഒരു പരിചയവും ഉണ്ടായിരുന്നില്ല. ഏതാണ്ട് ആ കാലത്താണ് അദ്ദേഹം അമ്മ അറിയാന്‍ എന്ന സിനിമയുടെ വര്‍ക്കുമായി മുമ്പോട്ടു പോവുന്നത്. അതുമായി ബന്ധപ്പെടാനും എനിക്ക് അവസരമുണ്ടായിട്ടില്ല.

Image result for john abraham director

പിന്നീടൊരു ഘട്ടത്തില്‍ ജോണ്‍ മരിക്കുന്നു. അമ്മ അറിയാന്‍ യാഥാര്‍ത്ഥ്യമാക്കിയ ഒഡേസ എന്ന സംഘടനയിലെ ഒന്നുരണ്ടു പേരുമായി വ്യക്തിപരമായ ചില ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. ജോണിന്റെ മരണാന്തരം അവര്‍ എന്നെ സമീപിച്ചു. ജോണ്‍ ഏബ്രഹാമിന്റ പേരില്‍ ഒരു ഫിലിം സ്റ്റഡി ക്യാമ്പ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണവര്‍. പാലക്കാടു ജില്ലയിലെ മണ്ണാര്‍ക്കാടുവെച്ച് പതിനേഴു ദിവസം നീണ്ടുനില്‍ക്കുന്ന ഗൗരവപൂര്‍ണമായ ഒരു ക്യാമ്പ് സംഘടിപ്പിക്കുക എന്നതായിരുന്നു പദ്ധതി. ക്യാമ്പിന്റെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കണമെന്ന് ഒഡേസ പ്രവര്‍ത്തകര്‍ എന്നോടാവശ്യപ്പെട്ടു. സത്യം പറഞ്ഞാല്‍, ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം എന്നെക്കാള്‍ വളരെ സീനിയറായ വളരെയധികം ആള്‍ക്കാര്‍ ഒഡേസയിലുണ്ട്. നന്നായി ജോണിനെ അറിയാവുന്ന മറ്റു പലരുമുണ്ട്. പക്ഷേ എന്നെയാണ് അവര്‍ കോ-ഓര്‍ഡിനേറ്ററാക്കിയത്. അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പായിരുന്നു അത്. വിവിധ സിനിമകള്‍ കാണിക്കുന്നു; മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ വന്നുപോകുന്നു; വളരെ ആഴത്തിലുള്ള ചലച്ചിത്രസംവാദങ്ങള്‍ നടക്കുന്നു. ഇതിനെത്തുടര്‍ന്നാണ് ജോണിന്റെ സിനിമകള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ കാണിക്കാനായി ഒഡേസ ചെറിയ ചെറിയ ഗ്രൂപ്പുകളുണ്ടാക്കുന്നത്. നമ്മള്‍ ഇന്നു മാവോയിസ്റ്റുകളെ കുറിച്ചു പറയുന്നതുപോലെ ജോണിനെപ്പറ്റി 'അയാളൊരു നക്‌സലൈറ്റല്ലേ' എന്നുള്ള ചോദ്യം പല ദിക്കില്‍നിന്നും ഉയര്‍ന്നിരുന്നു. ഈ ചോദ്യം ഒരു ഭയങ്കര തമാശയായി എനിക്ക് അന്നേ തോന്നിയിരുന്നു.

എം.ജി. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായി ചേര്‍ന്നതിനെ തുടര്‍ന്നു ഞാന്‍ കോട്ടയത്തേക്കു താമസം മാറ്റി. ഒട്ടും പരിചയമില്ലാത്ത സ്ഥലമാണ് എനിക്കന്നു കോട്ടയം. ഒരു ദിവസം ഒരു പറ്റം ആള്‍ക്കാര്‍, അപരിചിതരെന്നുതന്നെ പറയട്ടെ, എന്നെ കാണാന്‍ കോട്ടയത്തു വന്നു. ജോണിന്റ പല സിനിമകളും കോട്ടയം ഭാഗത്ത് അതിനോടകം പ്രദര്‍ശിപ്പിച്ച ആള്‍ക്കാരായിരുന്നു അവര്‍. ജോണിന്റെ സിനിമകള്‍വഴി ഉണ്ടായിത്തുടങ്ങുന്ന സൗഹൃദബന്ധങ്ങളായിരുന്നു അവ.

അക്കാലത്തെ മറ്റു സിനിമാക്കാഴ്ച്ചകള്‍..?

ഫറൂക്കില്‍ ജോലി ചെയ്യുന്ന സമയത്താണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്‍ഡ്യയും എഫ്.ടി.ഐ.യും ചേര്‍ന്നു നടത്തുന്ന ഫിലിം അപ്രിസിയേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കുന്നത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാം. ഞാന്‍ അതില്‍ സംബന്ധിക്കുന്നു. ലോകപ്രശസ്തങ്ങളായ സിനിമകള്‍ അവിടെ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. പ്രശസ്ത സിനിമാസംവിധായകരും നിരൂപകരുമൊക്ക അവിടെ വരുന്നുണ്ട്. അവരുമായി പലതരം ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞു. പിന്നീട് ഈ അപ്രിസിയേഷന്‍ പ്രോഗ്രാമിന്റെ നിലവാരം വല്ലാതെ താഴ്ന്നുവെന്ന് പലരും പറഞ്ഞു കേട്ടെങ്കിലും ഞാന്‍ പോയ വര്‍ഷം അങ്ങനെയായിരുന്നില്ല. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സിനിമകള്‍ കാണാനുള്ള അവസരമായിരുന്നു അത്.

ഞാന്‍ തിരുവനന്തപുരത്തുള്ള കാലം. സജീവമായി പ്രവര്‍ത്തിക്കുന്ന ഒന്നു രണ്ടു ഫിലിം ക്ലബ്ബുകള്‍ അവിടെയുണ്ട്. അവിടേക്കു ഞാന്‍ ചെല്ലുന്നു. അന്നു കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഇല്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും മറ്റും നിര്‍ണയിച്ചിരുന്നത് ഇന്‍ഫൊര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റായിരുന്നു. പിന്നെയാണ് കെ.എസ്.എഫ്.ഡി.സി.യും മറ്റും വരുന്നത്. അതിനും ശേഷമാണ് കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകൃതമാവുന്നത്. പക്ഷേ അതിനു മുമ്പുതന്നെ ഐ.എഫ്.എഫ്.ഐ. (ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്‍ഡ്യ) ഉണ്ട്. അന്നത് ഒരു ട്രാവലിംഗ് ഫിലിം ഫെസ്റ്റിവലാണ്. ദല്‍ഹി, കല്‍ക്കത്ത, ബോംബെ, മദ്രാസ് തുടങ്ങിയുള്ള സ്ഥലങ്ങളിലേക്ക് ചലച്ചിത്രമേള സഞ്ചരിക്കുന്നു. എണ്‍പതുകളുടെ അവസാനം ഐ.എഫ്.എഫ്.ഐ. തിരുവനന്തപുരത്തു വന്നു. ആ മേളയില്‍ ഞാന്‍ കാണിയായി.

എം.ജി. സര്‍വകലാശാല സംഘടിപ്പിച്ച ചലച്ചിത്ര ക്യാമ്പിനെപ്പറ്റി വിവരിക്കാമോ?

സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപനവേളയില്‍, വളരെ യാദൃശ്ചികമായാണ് എം.ജി. സര്‍വകലാശാലയുടെ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിഭാഗത്തിന്റെ ബഡ്ജറ്റില്‍ ജോണ്‍ ഏബ്രഹാം മെമ്മോറിയല്‍ ഫിലിം അപ്രിസിയേഷന്‍ ക്യാമ്പിനു വേണ്ടി തുക നീക്കിവെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വൈസ് ചാന്‍സിലറായിരുന്ന യൂ.ആര്‍. അനന്തമൂര്‍ത്തി സര്‍വകലാശാലയില്‍നിന്ന് വിരമിക്കുന്നതിനുമുമ്പ് അദ്ദേഹം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയതായിരുന്നു ഇങ്ങനെയൊരു ഇനം. എന്നാല്‍ ക്യാമ്പ് നടത്താന്‍ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് വിഭാഗത്തിന്റെ ഡയറക്ടര്‍ക്കു വലിയ താല്പര്യം ഉണ്ടായിരുന്നില്ല. എന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഡയറക്ടര്‍ സമ്മതിച്ചു. അങ്ങനെയാണ് എം.ജി. സര്‍വകലാശാലയുടെ കീഴിലുള്ള കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഒരു ചലച്ചിത്രപഠനക്യാമ്പ് തിരുവല്ലയില്‍ നടത്തുന്നത്. നന്നായി നടത്താന്‍ കഴിഞ്ഞ ക്യാമ്പായിരുന്നു അത്. ആ ക്യാമ്പിലെ ഒരംഗമായിരുന്നു അമല്‍ നീരദ്. മഹാരാജാസ് കോളേജിലെ പ്രതിനിധിയായാണ് അമല്‍ പങ്കെടുത്തത്. ആ ഗ്രൂപ്പില്‍നിന്ന് പെട്ടെന്ന് ഓര്‍മിക്കാന്‍ പറ്റുന്ന പേരു പറഞ്ഞുവെന്നേയുള്ളൂ. എന്നാല്‍ തുടര്‍ന്ന് ഇത്തരം ക്യാമ്പുകള്‍ നടത്താന്‍ ചില ബ്യൂറോക്രാറ്റിക് കാരണങ്ങള്‍കൊണ്ട്, സര്‍വകലാശാലയ്ക്കു കഴിഞ്ഞില്ല.

കേരളസംസ്ഥാനചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാമോ?

ഐ.എഫ്.എഫ്.കെ.യുടെ സംഘാടകരെ എനിക്ക് പല തരത്തില്‍ പരിചയമുണ്ട്. ചലച്ചിത്രമേളയുടെ ആദ്യഘട്ടത്തില്‍ ചെറിയ ചെറിയ ജോലികള്‍ അവര്‍ എന്നെ ഏല്‍പ്പിക്കുന്നു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ (എഫ്.എഫ്.എസ്.ഐ.) കേരളഘടകമാണ് ചലച്ചിത്രമേളയുടെ ഭാഗമായ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നത്. പല രാജ്യങ്ങളില്‍/ഭാഷകളില്‍നിന്നായി വരുന്ന ചലച്ചിത്രപ്രവര്‍ത്തകരുമായുള്ള സംവാദമാണത്. അവരോട് ഇംഗ്ലിഷില്‍ സംവദിക്കണം. ഞാന്‍ ഒരു ഫിലിം സൊസൈറ്റിയുടെയും അംഗം അല്ലാതിരുന്നിട്ടുകൂടി ഓപ്പണ്‍ ഫോറം കോ-ഓര്‍ഡിനേറ്റ് ചെയ്യാനും മോഡറേറ്റു ചെയ്യാനും എന്നെ ഏല്‍പ്പിച്ചു. ക്രമേണ ഞാന്‍ ഐ.എഫ്.എഫ്.കെ.യുടെ ഓപ്പണ്‍ ഫോറത്തിന്റെ സ്ഥിരം മോഡറേറ്ററായി മാറി. എന്നാല്‍ അക്കാദമിയുടെ ഔദ്യോഗികസ്ഥാനങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് എന്നെ കേരളസാഹിത്യ അക്കാദമി അംഗമായി തെരഞ്ഞെടുത്തു. എല്ലാ അക്കാദമികളും പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്ന ഒരു ക്രമീകരണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സാഹിത്യഅക്കാദമിയില്‍നിന്ന് ഒരാളെ ചലച്ചിത്രഅക്കാദമിയിലേക്ക് അയയ്ക്കും. അതുപോലെതന്നെ തിരിച്ചും. അങ്ങനെ കേരളസാഹിത്യ അക്കാദമിയില്‍നിന്ന് ചലച്ചിത്ര അക്കാദമിയിലേക്കു വന്നയാളാണ് ഞാന്‍. ഇങ്ങനെ വന്ന കാലയളവില്‍ കേരളചലച്ചിത്ര അക്കാദമിയില്‍ പ്രൊഡക്ടീവായ ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്.

ഐ.എഫ്.എഫ്.കെ.യുടെ ഓപ്പണ്‍ ഫോറത്തിലെ സ്ഥിരം മോഡറേറ്ററായിരുന്നല്ലോ താങ്കള്‍. കൂടാതെ ബ്രിസ്‌ബെയിന്‍ ചലച്ചിത്രമേളയില്‍ മലയാളം സിനിമകളുടെ ക്യൂറേറ്ററായും പങ്കെടുത്തിരുന്നു. മോഡറേറ്റര്‍/ക്യൂറേറ്റര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ?


വിഖ്യാതരായ ചലച്ചിത്രകാരന്മാരുമായും ചലച്ചിത്രകാരികളുമായും സംവദിക്കാന്‍ എനിക്കവസരമുണ്ടായി. എല്ലാവരുടെയും പേരു പറയുന്നില്ല. ഇതില്‍ എടുത്തു പറയേണ്ട ഒരു പേര് ജര്‍മ്മന്‍ ചലച്ചിത്രകാരനായ വെര്‍നര്‍ ഹെര്‍സോഗിന്റേതാണ്. അന്നു ഞാന്‍ നടത്തിയ പല അഭിമുഖങ്ങളും ചില ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. സുപ്രസിദ്ധ ഇറാനിയന്‍ ചലച്ചിത്രകാരനായ മക്മല്‍ബഫുമായുള്ള സംവാദം ഒരു അക്കാദമി ചെയര്‍മാന്റെ പിടിവാശി മൂലം നടക്കാതെ പോയ സന്ദര്‍ഭവും ഉണ്ടായി.

ബ്രിസ്‌ബെയിന്‍ മേളയിലേക്കുവരാം. രാജീവ് കുമാര്‍ അക്കാദമി ചെയര്‍മാനായിരുന്ന കാലം. ബ്രിസ്‌ബെയിനിലെ ഫെസ്റ്റിവല്‍ ഡയറക്ടറും നെതര്‍ലന്റ്‌സിലെ നോട്രെദാം ഫെസ്റ്റിവല്‍ ഡയറക്ടറും പത്തു മലയാളസിനിമകള്‍ അവിടുത്തെ മേളകളില്‍ അവതരിപ്പിക്കാന്‍ താല്പര്യപ്പെട്ടിട്ടുണ്ടെന്ന് അക്കാദമി ചെയര്‍മാനും ബീനാ പോളും ഒരു ദിവസം എന്നെ അറിയിക്കുന്നു. ആ മലയാളസിനിമകള്‍ ക്യൂറേറ്റ് ചെയ്യാനും കോംപിയര്‍ ചെയ്യാനും ബ്രിസ്‌ബെയിനിലേക്ക് ഒരാള്‍ പോവണം. അതിനായി സി. എസ്. വെങ്കിടേശ്വരനോ ഞാനോ പോകണമെന്നായിരുന്നു അക്കാദമിയുടെ താല്പര്യം. സുഹൃത്തായ വെങ്കിടേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ക്യൂറേറ്ററായി ഞാന്‍ നിയോഗിക്കപ്പെട്ടു.

ബ്രിസ്‌ബെയിനില്‍ സ്‌ക്രീന്‍ ചെയ്യാനായി തെരഞ്ഞെടുക്കപ്പെട്ട മലയാളം സിനിമകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കുകൂടി മേളയില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന് വ്യക്തിപരമായ ചില അസൗകര്യങ്ങളുണ്ടായതിനാല്‍ പോകാന്‍ കഴിയില്ലെന്ന് അറിയിച്ചു. ചെമ്മീനിലെയും സ്വയംവരത്തിലെയും നടനായ മധു പോകാന്‍ സമ്മതം അറിയിച്ചെങ്കിലും വിസയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ വന്നു. ഒരു പ്രായപരിധി കഴിഞ്ഞാല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലേ വിസ അനുവദിച്ചു കിട്ടുകയുള്ളൂ. ആശുപത്രിയില്‍ പോയി മെഡിക്കല്‍ ചെക്കപ്പിനു വിധേയമാകാനൊന്നും മധു സാര്‍ തയ്യാറായില്ല. പിന്നീട് പാഠം ഒന്ന്: ഒരു വിലാപത്തിന്റെ സംവിധായകനായ ടി.വി. ചന്ദ്രനാണ് ബ്രിസ്‌ബെയിനിലേക്കു വന്നത്. അദ്ദേഹം സ്വന്തം സിനിമയുടെ സ്‌ക്രീനിംഗ് കഴിഞ്ഞ് തിരിച്ചുപോന്നു.

ഞാന്‍ ക്യൂറേറ്റര്‍ ആയതിനാല്‍ മലയാളസിനിമകളുടെയെല്ലാം സ്‌ക്രീനിംഗ് കഴിയുന്നതുവരെ അവിടെ നില്‍ക്കേണ്ടി വന്നു. ക്യൂറേറ്റര്‍/കോംപിയര്‍ എന്ന നിലയില്‍ മലയാളം സിനിമയുടെ പ്രദര്‍ശനം തുടങ്ങുന്നതിനുമുമ്പ് മലയാളസിനിമയുടെ ചരിത്രം ഹ്രസ്വമായി അവതരിപ്പിക്കണം. കൂടാതെ ഓരോ സിനിമയുടെയും പ്രദര്‍ശനത്തിനു മുന്നോടിയായി ആമുഖവും പറയണം. അവിടെ സ്‌ക്രീനിംഗ് കഴിഞ്ഞ് കാണികളാരും തിയറ്റര്‍ വിട്ടുപോകാറില്ല; ചോദ്യോത്തരപരിപാടിയുണ്ട്. പ്രേക്ഷകരില്‍നിന്നുയരുന്ന ചോദ്യങ്ങളോട് ക്യൂറേറ്റര്‍ പ്രതികരിക്കണം. നല്ല അനുഭവമായിരുന്നു അത്. ഉന്മേഷഭരിതമായ ഓര്‍മ്മകളാണ് ബ്രിസ്‌ബെയിന്‍ ചലച്ചിത്രമേള സമ്മാനിച്ചത്.വിദേശീയരായ കാണി/കള്‍ മലയാളസിനിമയെപ്പറ്റി ഉന്നയിച്ച ഒരു ചോദ്യമെങ്കിലും ഓര്‍ത്തെടുക്കാന്‍ കഴിയുമോ?


ജര്‍മ്മനിയിലെ ട്രിയര്‍ യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ ഒരു കൊല്ലത്തോളം വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്നു. ഇക്കാലയളവില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളെ മലയാളസിനിമകള്‍ കാണിക്കുകയും പഠിപ്പിക്കുകയും ചെയ്തു. മലയാളസിനിമ അവര്‍ ഇംഗ്ലിഷ് സബ് ടൈറ്റിലുകളിലൂടെയാണ് മനസ്സിലാക്കുന്നത്. അവിടെ സ്‌ക്രീന്‍ ചെയ്ത ഒരു സിനിമയിലെ സബ്-ടൈറ്റിലില്‍ ഓപ്പോള്‍, അപ്ഫന്‍ തുടങ്ങിയ വാക്കുകളുണ്ട്. വിദേശകാണികള്‍ക്ക് എന്തു മനസ്സിലാകാന്‍? കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം മനസ്സിലാകാതെ സിനിമ ആസ്വദിക്കാന്‍ അവര്‍ക്കു കഴിയില്ലല്ലോ. സിനിമ കഴിഞ്ഞപ്പോള്‍ അത്തരം വാക്കുകളുടെ പൊരുള്‍ വിവരിക്കലായിരുന്നു എന്റെ ജോലി. സിനിമയുടെ സബ്‌ടൈറ്റിലിംഗ് എന്നതു വീണ്ടുവിചാരത്തോടെ ചെയ്യേണ്ടുന്ന ഒരു കര്‍മ്മമാണ്. നോവലോ കഥയോ തര്‍ജ്ജമ ചെയ്യുന്നതുപോലെയല്ല സിനിമയിലെ ഭാഷണങ്ങളുടെ വിവര്‍ത്തനം. മലയാളനോവലിന്റെ തര്‍ജ്ജമയില്‍ വേണമെങ്കില്‍ 'ഓപ്പോള്‍' പോലെയുള്ള വാക്കുകള്‍ നിലനിര്‍ത്താം. അടിക്കുറിപ്പിലൂടെ അര്‍ത്ഥം വിവരിച്ചുകൊടുത്താല്‍ മതി. അല്ലെങ്കില്‍ ഒരു ഗ്ലോസറിതന്നെ കൊടുക്കാം. എന്നാല്‍ ഇവ സിനിമയില്‍ സാധ്യമല്ലല്ലോ. വിവര്‍ത്തനം എന്നത് ഒന്നല്ല എന്നു തിരിച്ചറിയണം. വിവര്‍ത്തനം പല തരത്തിലുണ്ട്. ആര്‍ക്കുവേണ്ടി വിവര്‍ത്തനം ചെയ്യുന്നുവെന്നതും ഏതു സന്ദര്‍ഭത്തിലേക്കാണു വിവര്‍ത്തനം ചെയ്യുന്നുവെന്നതും പരമ പ്രധാനമാണ്.

നടനായും സംവിധായകനായും എഴുത്തുകാരനായും താങ്കള്‍ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ. അത്തരം കാര്യങ്ങള്‍ പ്രതിപാദിക്കാമോ?

ചുരുക്കിപ്പറയാം. ടി.കെ.രാജീവ് കുമാറിന്റെ ജലമര്‍മ്മരം എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. നാടകകൃത്തും തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി. ബാലചന്ദ്രന്‍ അന്നു സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനാണ്. ഇവിടുത്തെ ആദ്യ എം.ഫില്‍. ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്നു ബി. ഉണ്ണിക്കൃഷ്ണന്‍. ഞാനും ബാലേട്ടനും കൂടിയാണ് ഉണ്ണിയെ രാജീവ്കുമാറിനു പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ഉണ്ണിയും രാജീവ്കുമാറും ചേര്‍ന്നാണ് ജലമര്‍മ്മരത്തിന്റെ രചന നിര്‍വഹിച്ചത്. 1999-ല്‍ പുറത്തുവന്ന ഈ ചിത്രത്തെ സംബന്ധിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ. രണ്ടു ദേശീയ അവാര്‍ഡുകളും നാല് സംസ്ഥാന അവാര്‍ഡുകളും ജലമര്‍മ്മരത്തിനു ലഭിച്ചു. ചാലിയാര്‍ പുഴയുമായി ബന്ധപ്പെട്ട പരിസ്ഥിതിപ്രശ്‌നങ്ങള്‍ പറയുന്ന സിനിമയാണത്.

പിന്നീട് സുമാ ജോസ്സണ്‍ സംവിധാനം ചെയ്ത സാരി എന്ന സിനിമയിലും അഭിനയിച്ചു. എം.ജെ. രാധാകൃഷ്ണനായിരുന്നു ഛായാഗ്രാഹകന്‍. ജര്‍മ്മനിയിലെ വൂര്‍സ്ബര്‍ഗില്‍ നടന്ന ഒരു ചലച്ചിത്രമേളയില്‍ ഈ സിനിമയ്ക്ക് എന്‍ട്രി ലഭിച്ചിരുന്നു. ഞാനപ്പോള്‍ ജര്‍മ്മനിയില്‍ ഉണ്ടായിരുന്നതിനാല്‍ വൂര്‍സ്ബര്‍ഗ് മേളയില്‍ പങ്കെടുക്കാനും സാരിയെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനും കഴിഞ്ഞു.

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്ത ജനപ്രിയസിനിമയായ കവര്‍ സ്റ്റോറിയില്‍ അഭിനയിക്കുകയുണ്ടായി. ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥലം എന്ന സിനിമയിലും എബി വര്‍ഗീസ് സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന സിദ്ധാര്‍ത്ഥ് ശിവയുടെ സഖാവിലും ചെറിയ വേഷം അഭിനയിക്കുകയുണ്ടായി.

ഞാന്‍ ഫറൂഖ് കോളേജില്‍ പഠിപ്പിക്കുന്ന സമയത്ത് അക്ഷരം തേടി എന്നൊരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു. മലബാറിലെ ന്യൂനപക്ഷജനതയുടെ വിദ്യാഭ്യാസത്തെ പ്രമേയവല്‍ക്കരിക്കുന്ന ഡോക്യുമെന്ററിയാണത്. കോളേജിന്റെ നാല്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കോളേജ് മാനേജ്‌മെന്റാണ് അതു നിര്‍മ്മിച്ചത്. അതുകഴിഞ്ഞ് നീയും ഞാനും എന്ന പേരില്‍ ഒരു ഹ്രസ്വസിനിമ സംവിധാനം ചെയ്തു. പിന്നീടു പ്രശസ്ത നടിയായിത്തീര്‍ന്ന ശ്വേതാമേനോന്‍ ആദ്യമായി അഭിനയിച്ച ചിത്രമാണത്. തിരുവനന്തപുരത്തു നടന്ന ഒരു ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഈ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. തെയ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ഹ്രസ്വസിനിമ തുടങ്ങിവച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആര്‍. നരേന്ദ്രപ്രസാദിന്റെ നാടകത്തെ മുന്‍നിര്‍ത്തിക്കൊണ്ട് പി.ബാലചന്ദന്‍ തിരക്കഥയെഴുതിയ കുമാരന്‍ വരുന്നില്ല എന്ന ഹ്രസ്വസിനിമ സംവിധാനം ചെയ്തിട്ടുണ്ട്. എം.ജി. സര്‍വകലാശാലയിലെ സംസ്‌കാര എന്ന സംഘടനയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. നാരായണിയെത്തേടി എന്ന പേരില്‍ ഒരു ഡോക്യുമെന്ററി ഫിലിം രചിച്ചിട്ടുണ്ട്.

താങ്കള്‍ സംവിധാനം ചെയ്ത ക്രാപ്പും കുറുപ്പും എന്ന ഹ്രസ്വസിനിമയും ഇക്കൂട്ടത്തില്‍പ്പെടും. ലോകപ്രശസ്ത നാടകകൃത്തായ സാമുവല്‍ ബെക്കറ്റിന്റെ 'ക്രാപ്‌സ് ലാസ്റ്റ് ടേയ്പ്പ്' എന്ന ഇംഗ്ലിഷ് ഒറ്റയാള്‍ നാടകം പരിഭാഷ ചെയ്ത് 'ക്രാപ്പിന്റെ അവസാനത്തെ ടേയ്പ്പ്' എന്ന പേരില്‍ ഞാന്‍ പല വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നാടകത്തെ മുന്‍നിര്‍ത്തിക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട സിനിമയാണിത്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സൈന്‍സ് ഫിലിം ഫെസ്റ്റിവലിലും യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചു.

ഇനി ചലച്ചിത്രനിരൂപണത്തിലേക്കു വരാം. സമ്പൂര്‍ണ്ണഗൗരവത്തോടെ ചലച്ചിത്രനിരൂപണം നടത്തുന്ന അപൂര്‍വം ചില പ്രസിദ്ധീകരണങ്ങളില്‍ ഒന്നായിരുന്നു ഡീപ് ഫോക്കസ്. ഈ പ്രസിദ്ധീകരണത്തിനുവേണ്ടി താങ്കള്‍ ചലച്ചിത്രപഠനങ്ങള്‍ എഴുതിയിട്ടില്ലേ?

ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ ജോര്‍ജ്ജുകുട്ടിയുടെയും മറ്റും നേതൃത്വത്തിലാണ് ഡീപ് ഫോക്കസ് പുറത്തു വരുന്നത്. അതിന്റെ അണിയറപ്രവര്‍ത്തകരെ പല ചലച്ചിത്രമേളകളില്‍വെച്ചു ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെയാണ് ഡീപ് ഫോക്കസില്‍ എഴുതാന്‍ ആവശ്യപ്പെടുന്നത്. ഒരു കാലത്ത് വളരെ സജീവമായി നിലനിന്നിരുന്ന പ്രസിദ്ധീകരണമാണത്. പിന്നീട് ഫണ്ടിംഗും മറ്റും പ്രശ്‌നമായി മാറി. അതു സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ പോലെയുള്ള പ്രസിദ്ധീകരണമല്ലല്ലോ. ഉള്ളടക്കം തീര്‍ത്തും അക്കാദമികമായതിനാല്‍ പ്രെമോട്ടേഴ്‌സിനെയും പരസ്യക്കാരെയും കിട്ടില്ല. അതിന്റെ വായനാസമൂഹവും വളരെ ചെറുതാണ്. അങ്ങനെ ഡീപ് ഫോക്കസ് നിന്നുപോയി. വളരെ കഷ്ടമായ കാര്യമാണ്. നമുക്കിന്ന് നല്ലൊരു ഫിലിം ജേര്‍ണല്‍ ഇല്ലെന്നുതന്നെ പറയാം.

ഫിലിം ജേര്‍ണലുകള്‍ പ്രസിദ്ധീകരിക്കുകയെന്നത് ചലച്ചിത്രഅക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമല്ലേ?

ഒരു സംശയവും വേണ്ടാ; ചലച്ചിത്രഅക്കാദമിയുടെ കടമയാണത്. ഒരു പ്രസിദ്ധീകരണവിഭാഗം തുടങ്ങണമെന്ന് കേരളചലച്ചിത്ര അക്കാദമിയോട് ഞാനൊരിക്കല്‍ നിര്‍ദ്ദേശം വച്ചതാണ്. കുറഞ്ഞപക്ഷം ഒരു മോണോഗ്രാഫ് പരമ്പരയെങ്കിലും പ്രസിദ്ധീകരിക്കണം; മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫിലിം മേക്കേഴ്‌സിനെപ്പറ്റി ഇംഗ്ലിഷില്‍ മോണോഗ്രാഫുകള്‍ തയ്യാറാക്കണം. പരമ്പരയില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ഫിലിം മേക്കേഴ്‌സിനെ തീരുമാനിക്കുന്നതില്‍ ചില പ്രശ്‌നങ്ങള്‍ വന്നേക്കാമെന്ന ബാലിശമായ വാദം അവതരിപ്പിച്ചുകൊണ്ട് അക്കാദമി അധികാരികള്‍ എന്റെ നിര്‍ദ്ദേശം തള്ളി.

ഇന്നു സ്‌കൂള്‍ മുതല്‍ സര്‍വകലാശാലാതലംവരെ ചലച്ചിത്രം ഒരു പഠനവിഷയമാണ്. ചില ബിരുദബിരുദാനന്തരക്ലാസ്സുകളില്‍ സിനിമാപഠനം ഒരു പേപ്പറാണ്. കൂടാതെ സിനിമയെ മുന്‍നിര്‍ത്തി എം.ഫില്‍./പി.എച്ച്.ഡി. ഗവേഷണങ്ങളും നടക്കുന്നു. എന്നാല്‍ അക്കാദമികസ്വഭാവമുള്ള ചലച്ചിത്രപഠനങ്ങള്‍ പരിമിതമാണുതാനും.

വളരെ ശരിയാണ്. ചലച്ചിത്രഅക്കാദമിയും കെ.എസ്.എഫ്.ഡി.സി.യും മറ്റും വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ടുന്ന ഒരു പ്രശ്‌നമാണിത്. സര്‍ക്കാരിന്റെ സത്വരശ്രദ്ധയും ഇക്കാര്യത്തിലുണ്ടാവണം. വ്യക്തികള്‍ സ്വന്തം നിലയ്ക്ക് ചില പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചെയ്യേണ്ടുന്ന ചില അക്കാദമിക് കാര്യങ്ങളുണ്ട്. അതു ചെയ്യണം.

കേരളചലച്ചിത്രഅക്കാദമിയും കെ.എസ്.എഫ്.ഡി.സി.യും തമ്മിലുള്ള അതിര്‍വരമ്പ് എന്താണെന്ന് അടിസ്ഥാനപരമായി അറിഞ്ഞുകൂടാത്തതിന്റെ പ്രശ്‌നങ്ങളുണ്ട്. അതു ബ്യൂറോക്രാറ്റിക് പ്രശ്‌നങ്ങള്‍ കൂടിയാണ്. എന്തിനാണ് രണ്ടു സ്ഥാപനങ്ങള്‍? കേരളത്തില്‍ ചലച്ചിത്രവികസനത്തിനായി ഒരു സ്ഥാപനം പോരേ? ശ്രീ. ഭരത് ഭൂഷണ്‍ ധനകാര്യസെക്രട്ടറി ആയിരുന്നപ്പോള്‍ ഇക്കാര്യം ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.

വി. സി. ഹാരിസ് എന്ന ചലച്ചിത്രകാണിക്ക് പ്രിയങ്കരങ്ങളായ സിനിമകള്‍ ഏതെല്ലാമാണ്? മനസ്സില്‍ തങ്ങിനില്‍ക്കുന്ന മലയാളം സിനിമകളെപ്പറ്റി പറഞ്ഞുതുടങ്ങാമോ?

'പ്രിയങ്കരങ്ങളായ സിനിമകള്‍' എന്നതു വിചിത്രമായ ഒരു കാറ്റഗറിയാണ്. ഇഷ്ടപ്പെട്ട സിനിമകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. പക്ഷേ അവ എല്ലാക്കാലവും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കണമെന്നില്ല. ഓര്‍മ്മയില്‍ വരുന്നില്ല എന്നതുകൊണ്ട് അവ പ്രിയങ്കരങ്ങളല്ല എന്നു ധരിക്കുകയുമരുത്. പെട്ടെന്ന് ഓര്‍മ്മ വരുന്ന ചില സിനിമകളെപ്പറ്റിയും ചലച്ചിത്രകാരന്മാരെപ്പറ്റിയും സൂചിപ്പിക്കാം.

ചരിത്രപരമായും അല്ലാതെയും എന്നെ സ്വാധീനിച്ച സിനിമയാണ് രാമു കാര്യാട്ടിന്റെ ചെമ്മീന്‍. അത് തകഴി ശിവശങ്കരപ്പിള്ളയുടെ നോവലായതുകൊണ്ടു മാത്രമല്ല. സിനിമയുടെ സമഗ്രസാധ്യതകള്‍ ഉപയോഗിച്ച മലയാളസിനിമയാണത്. സത്യന്‍, ഷീല, മധു തുടങ്ങിയ അഭിനേതാക്കളുടെ 'അസാദ്ധ്യ'മായ അഭിനയം. നല്ല സെറ്റിംഗും ഡ്രമാറ്റിക് ക്വാളിറ്റിയും. ഇതോടൊപ്പം സലില്‍ ചൗധരിയുടെ അദ്ഭുതകരമായ സംഗീതവും. ഒരു രീതിയില്‍ പറഞ്ഞാല്‍ ചെമ്മീന്‍ ഒരു റൊമാന്റിക് സിനിമയാണ്. റൊമാന്റിക് സിനിമയോട് എനിക്ക് ഇത്തിരി താല്പര്യം കുറവാണ്. എന്നാല്‍ ചില കാല്പനികസിനിമകള്‍ ഇഷ്ടവുമാണ്.

ഇക്കാലയളവിനുശേഷം മലയാളസിനിമയില്‍ ഒരു വിടവുണ്ടാകുന്നുണ്ട്. അത് എന്റെ ഓര്‍മ്മയിലെ വിടവാകാം; ചിലപ്പോഴത് മലയാളസിനിമയുടെ ചരിത്രത്തിലെതന്നെ വിടവുമാകാം. വിടവ് എന്നു സൂചിപ്പിച്ചത് സിനിമകള്‍ ഉണ്ടായില്ല എന്നര്‍ത്ഥത്തിലല്ല. എഴുപതുകളോടെയാണ് കേരളത്തില്‍ ഫിലിം സൊസൈറ്റികളുടെ പ്രവര്‍ത്തനം സജീവമാകുന്നത്. ഇതു സാധ്യമാക്കുന്നത് പുതിയ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകരാണ്. അടൂര്‍ ഗോപാലകൃഷ്ണനും മറ്റുമാണ് മുന്‍നിരയില്‍. ഇവരില്‍ പലരും സിനിമകള്‍ സംവിധാനം ചെയ്തു തുടങ്ങി. അടൂര്‍ പല ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നെ ഞെട്ടിപ്പിച്ച സിനിമ അടൂരിന്റെ ആദ്യസംരംഭമായ സ്വയംവരം ആണ്. അതുവരെ കണ്ടുശീലിച്ച സിനിമകളില്‍നിന്നു മാറിനില്‍ക്കുന്ന സിനിമയാണത്. എന്നാല്‍ അടൂരിന്റെ സിനിമകളില്‍ ഏറ്റവും മികച്ചത് എലിപ്പത്തായം ആണ്. ഫ്യൂഡല്‍ ബന്ധങ്ങളുടെയും മാറി വരുന്ന കാലത്തിന്റെയും വളരെ സാര്‍ത്ഥകമായ സൂചനകളടങ്ങുന്ന സിനിമയാണത്.

ഇതുപോലെ അരവിന്ദന്റെ സിനിമകളെകുറിച്ചും നമുക്ക് സംസാരിക്കാവുന്നതാണ്. അരവിന്ദന്റെ സിനിമകള്‍ എല്ലാംതന്നെ നല്ല സിനിമകളാണ്. എന്നാല്‍ അക്കൂട്ടത്തില്‍ അദ്ഭുതപ്പെടുത്തുന്ന സിനിമ കാഞ്ചനസീതയാണ്. ഏതാണ്ട് ഇക്കാലത്തു വരുന്ന മറ്റൊരു ചലച്ചിത്രകാരനാണ് കെ.ജി.ജോര്‍ജ്ജ്. ജോര്‍ജ്ജും തുടങ്ങുന്നത് നമ്മെ ഞെട്ടിച്ചുകൊണ്ടാണ്, സ്വപ്നാടനത്തിലൂടെ. സൈക്കളോജിക്കലായ സിനിമയാണത്. ജോര്‍ജ്ജിന്റെ മികച്ച സിനിമയെപ്പറ്റി പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. ഇരകള്‍ ആണ് ജോര്‍ജ്ജിന്റെ മാസ്റ്റര്‍പീസെന്നു പറയുന്ന നിരൂപകരുണ്ട്. അവരോടൊന്നും കലഹിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്നെ സംബന്ധിച്ച് കെ.ജി.ജോര്‍ജ്ജിന്റെ മികച്ച സിനിമ യവനികയാണ്. കാരണം മലയാളസിനിമ അതുവരെ സാധ്യമാക്കാതിരുന്ന ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ യവനിക അവതരിപ്പിക്കുണ്ട്. നമ്മുടെ ആര്‍ട് സിനിമകളൊന്നും ചിരിക്കാന്‍ സ്‌പേസ് നല്‍കുന്നവയല്ല. അപ്പോഴാണ് യവനിക വരുന്നത്.

കെ.ജി. ജോര്‍ജ്ജിന്റെ ഓരോ സിനിമയും ഓരോന്നാണ്. വളരെ വ്യത്യസ്തങ്ങളായ ചിത്രങ്ങളാണവ. ജോര്‍ജ്ജിന്റെ സിനിമകളില്‍ ആവര്‍ത്തനക്ഷമതയില്ല. ആദാമിന്റെ വാരിയെല്ല് എന്ന സിനിമയെ കുറിച്ചും പരാമര്‍ശിക്കേണ്ടതുണ്ട്. ജെന്റര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന സിനിമയാണത്. മൂന്നു വ്യത്യസ്ത കഥകളായാണ് അതു ഘടിപ്പിച്ചിരിക്കുന്നത്. സിനിമ അവസാനിക്കുന്ന ഘട്ടത്തില്‍ സ്‌ക്രീനില്‍ ക്യാമറയെയും ക്യാമറാമാനെയും കാണാം. ഒരു മെറ്റാ നറേറ്റീവിന്റെ സ്വഭാവം ഈ സിനിമയ്ക്കുണ്ട്.

ഇടക്കാലത്തു വരുന്ന മറ്റു ചില സിനിമകളുണ്ട്. അതില്‍ പ്രധാനം ജോണ്‍ ഏബ്രഹാമിന്റെ സിനിമകളാണ്. മൂന്നു സിനിമകളേ അദ്ദേഹം ചെയ്തിട്ടുള്ളൂ എന്നു നമുക്കറിയാം. അതില്‍പ്പെടുന്ന അമ്മ അറിയാന്‍ എന്ന ചിത്രം മലയാളസിനിമാചരിത്രത്തില്‍ മാറി നില്‍ക്കുന്ന സിനിമയാണ്. ആ ചലച്ചിത്രം മുമ്പോട്ടു വയ്ക്കുന്ന രാഷ്ട്രീയം, തിരക്കഥാരൂപീകരണം, സംവിധാനം, നിര്‍മ്മിച്ച രീതി, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിങ്ങനെ ഏതു നിലകളില്‍ നോക്കിയാലും അമ്മ അറിയാന്‍ വേറിട്ടുനില്‍ക്കും.

ജോണിനെ കുറിച്ചു പറഞ്ഞു തുടങ്ങുമ്പോള്‍, ഉടന്‍ ഉയര്‍ന്നു വരുന്ന മറ്റൊരു ചലച്ചിത്രകാരന്റെ പേരാണ് പി.എ.ബക്കര്‍. പൊളിറ്റിക്കല്‍ സിനിമ എന്ന ജനുസ്സിനെ കുറിച്ചു നമ്മള്‍ സംസാരിക്കുമ്പോള്‍ ബെക്കറിനെ ഒഴിവാക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കബനീനദി ചുവന്നപ്പോള്‍ എന്ന സിനിമ എനിക്കു പ്രിയപ്പെട്ടതാണ്.

ഇവയുമായൊന്നും ബന്ധപ്പെടാതെ നില്‍ക്കുന്ന മറ്റു ചില സിനിമാപ്രവര്‍ത്തകരും നമുക്കുണ്ട്. അതില്‍ ആദ്യം സൂചിപ്പിക്കേണ്ട പേര് ഭരതന്റേതാണ്. അദ്ദേഹം നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതന്‍ ഒരു ആര്‍ട് സിനിമാക്കാരനായല്ല അറിയപ്പെടുന്നത്. കേരളത്തിലെ എല്ലാ തിയറ്ററുകളിലും റിലീസു ചെയ്യുന്ന, ജനങ്ങളെല്ലാം പോയിക്കാണുന്ന സിനിമയാണ് ഭരതന്റേത്. ഭരതന്റെ സിനിമകളുടെ കൂട്ടത്തില്‍ എനിക്ക് ഇഷ്ടപ്പെട്ടത് ചാമരം ആണ്. ലൈംഗികതയെപ്പറ്റിയുള്ള അന്വേഷണമാണ് ഈ സിനിമ. ഒരുപക്ഷെ ഇന്നത്തെ ഫെമിനിസ്റ്റ്/ജെൻഡര്‍ കാഴ്ച്ചപ്പാടില്‍നിന്നു നോക്കുമ്പോള്‍ ചാമരത്തിനു ചില പ്രശ്‌നങ്ങള്‍ കണ്ടേക്കാം. എന്നാല്‍ 1981-ല്‍ ഇങ്ങനെയൊരു വിഷയം പറയാന്‍ ശ്രമിച്ചുവെന്നതാണ് ചാമരത്തിന്റെ ചരിത്രത്വം.

മലയാളത്തിലെ ഏറ്റവും പോപ്പുലറായ ഫിലിം മേക്കറാണ് പദ്മരാജന്‍. അദ്ദേഹത്തിന്റെ സിനിമകളില്‍ എനിക്കു പ്രിയപ്പെട്ട രണ്ടെണ്ണമാണ് പെരുവഴിയമ്പലം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നിവ. പ്രിയപ്പെട്ട ചിത്രങ്ങളുടെ പട്ടികയില്‍ പി.എന്‍. മേനോന്റെ ചായവും പവിത്രന്റെ ഉത്തരവും ഉള്‍പ്പെടും. സേതുമാധവനെയും ഈ വേളയില്‍ ഓര്‍മ്മിക്കാം. പിന്നീടു വരുന്ന സിനിമാപ്രവര്‍ത്തകരില്‍ ശ്രദ്ധേയനാണ് ഷാജി എന്‍. കരുണ്‍. അദ്ദേഹം സംവിധാനം ചെയ്ത ആദ്യചിത്രമായ പിറവി എനിക്കു പ്രിയപ്പെട്ട സിനിമയാണ്. ആ സിനിമയുടെ രാഷ്ട്രീയപ്രമേയത്തോടൊപ്പം ഫോട്ടോഗ്രഫിയടക്കമുള്ള ചലച്ചിത്രമികവിനെപ്പറ്റിയും എടുത്തുപറയേണ്ടിയിരിക്കുന്നു.

ഇവരുടെയൊക്കെ കാലത്തിനുശേഷം മലയാളസിനിമയില്‍ സംഭവിച്ചിട്ടുള്ള മാറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാനളല്ല. കാരണം, ചലച്ചിത്രകാണി എന്ന നിലയില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ സിനിമാക്കാഴ്ച്ച അല്പം മങ്ങിനില്‍ക്കുകയാണ്. ഇന്നത്തെ മലയാളസിനിമയുടെ അവസ്ഥയെക്കുറിച്ചു സംസാരിക്കാനും എനിക്കു കഴിയില്ല. ഇങ്ങനെ പറയുമ്പോഴും ഒരു ചലച്ചിത്രകാരന്റെ പേര് പെട്ടെന്നു മനസ്സിലേക്കു വരുന്നു. അതു ജയന്‍ ചെറിയാന്റേതാണ്. അദ്ദേഹത്തിന്റെ പാപ്പിലിയോ ബുദ്ധ എന്ന സിനിമ വളരെ വിശേഷപ്പെട്ടതാണ്. മറ്റു പേരുകളൊന്നും തല്ക്കാലം മനസ്സിലേക്കു വരുന്നില്ല. പക്ഷേ ഒന്നുറപ്പുണ്ട്; ഇവിടെ നല്ല ചലച്ചിത്രകാരരുണ്ടാവും. നല്ല സിനിമകളും ഉണ്ടാവും. നമ്മുടെ സിനിമയുടെ എല്ലാ മേഖലകളും വളര്‍ച്ചയുടെ ഘട്ടത്തിലാണ്. പ്രതിഭാശാലികളായ എഴുത്തുകാരും സംവിധായകരും മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നുണ്ട്.

മലയ�