വിജയോ തലയോ: ജയലളിതയ്ക്കു ശേഷം നായകനെ തേടി തമിഴകം

അജിത് ജയലളിതയുടെ പിന്‍ഗാമിയാകുമെന്നും അതല്ല വിജയ് ആകും പിന്‍ഗാമിയെന്നും വാര്‍ത്തകള്‍. ബിജെപിയോടൊപ്പം ചേരാന്‍ വില്‍പത്രത്തില്‍ പറയുന്നുവെന്നാണ് മറ്റൊരു പ്രചാരണം.

വിജയോ തലയോ: ജയലളിതയ്ക്കു ശേഷം നായകനെ തേടി തമിഴകം

ജയലളിതയുടെ നിര്യാണത്തിനു പിന്നാലെ എഐഡിഎംകെയുടെ നേതൃത്വം ആരേറ്റെടുക്കുമെന്നതല്‍ അഭ്യൂഹം തുടരുന്നു. ജയലളിതയുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന, തമിഴ് മക്കള്‍ തലയെന്ന് ഓമനിക്കുന്ന നടന്‍ അജിത്തിന്റെ പേരാണ് പ്രധാനമായും കേള്‍ക്കുന്നത്. തന്നോട് മാതൃസഹജമായ സ്നേഹമുള്ളയാളാണ് ജയലളിതയെന്ന് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളയാളാണ് അജിത്. ശാലിനി- അജിത് വിവാഹത്തില്‍ ജയ പങ്കെടുത്തിരുന്നു.
അജിത്തിനെ പാര്‍ട്ടിയിലേയ്ക്ക് ജയ ക്ഷണിച്ചിരുന്നു എന്ന സ്ഥിരീകിരിക്കത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഷൂട്ടിങ്ങിനു ശേഷമുള്ള സമയങ്ങളില്‍ അജിത് നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഉന്നം രാഷ്ട്രീയ പ്രവേശമാണെന്ന വിലയിരുത്തലുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് എപ്പോഴും വിമുഖത പുലര്‍ത്താറുണ്ട് അജിത്. രാഷ്ട്രീയത്തോടും ജനാധിപത്യത്തോടും പൂര്‍ണ്ണമായ കൂറു പ്രഖ്യാപിക്കുമ്പോഴും സിനിമയെ രാഷ്ട്രീയത്തിനായും തിരിച്ചും ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പുകള്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

രാഹുല്‍ ബ്രിഗേഡിലൂടെ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെ നയിക്കാനെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഇളയ ദളപതിയെന്ന ചെല്ലപ്പേരുള്ള നടന്‍ വിജയ്. ജയലളിതയ്ക്കെതിരായ രാഷ്ട്രീയ നീക്കങ്ങളുടെ പേരില്‍ വിജയ് സിനിമകള്‍ കടുത്ത വെല്ലുവിളിയാണ് നേരിട്ടത്. റിലീസിങ്ങടക്കം വൈകി. അതവസാനിച്ചത് ജയലളിതയുമായുള്ള യുദ്ധം അവസാനിപ്പിച്ചു കൊണ്ടാണ്. ജയലളിത വിജയേയും പാര്‍ട്ടിയെ നയിക്കാന്‍ ക്ഷണിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍. മരണാസന്നമായ ദിനങ്ങളില്‍ ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച വിജയോടും അച്ഛനോടും ഇതേ ആഗ്രഹം അറിയിച്ചിരുന്നത്രേ. ജയ പൂര്‍ണ്ണ ആരോഗ്യത്തോടെ മടങ്ങിയെത്തണമെന്നു മാത്രമാണ് ആഗ്രഹം എന്നാണ് അന്ന് വിജയും അച്ഛനും പറഞ്ഞതത്രേ. അച്ഛന്റെ എതിര്‍പ്പൊന്നു കൊണ്ടാണ് ജീവിച്ചിരിക്കെ വിജയ്ക്ക് ജയലളിതയുടെ പിന്‍ഗാമിയാകുന്നതിനുള്ള ക്ഷണം ലഭിക്കാതിരുന്നതത്രേ.
പനീര്‍ശെല്‍വത്തിന്റെ കയ്യിലുള്ള ജയലളിതയുടെ വില്‍പ്പത്രത്തെ കുറിച്ചാണ് മറ്റൊരു അഭ്യൂഹം പരക്കുന്നത്. തനിക്കു ശേഷം പാര്‍ട്ടിക്ക് ഒറ്റയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നും ദേശീയ രാഷ്ട്രീയത്തോടു ചേരണമെന്നും എഴുതിയിട്ടുണ്ടത്രേ. മോദിയെ വിശ്വസിക്കണമെന്ന് വില്‍പ്പത്രത്തിലുണ്ടെന്നതു പോലുള്ള വാര്‍ത്തകളും പരക്കുന്നുണ്ട്.
പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരുകയും പാര്‍ട്ടിയുടെ ചുമതലയിലേയ്ക്ക് മറ്റൊരാള്‍ വരുകയുമാണ് ജയയുടെ പരിവേഷം തിരിച്ചു പിടിക്കാനുള്ള മാര്‍ഗ്ഗമായി പറയപ്പെടുന്നത്. തോഴി ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുമെന്നാണ് മറ്റൊരു സൂചന. എന്നാല്‍, ജയയുടെ പ്രഭാവമുള്ള ഒരു നേതാവിനെ സിനിമയില്‍ നിന്നു കണ്ടെത്താന്‍ തന്നെയാകും ശ്രമം. ജയലളിതയ്ക്കു ശേഷം ഒരു സ്ത്രീ സിനിമയില്‍ നിന്നും ആ സ്ഥാനത്ത് എത്തില്ലെന്ന് എന്തായാലും ഉറപ്പാണ്.