അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സിബിഐ ചോദ്യം ചെയ്‌തേക്കും

ഇതോടൊപ്പം, മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടികെഎ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍, സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ, സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും സിബിഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാട്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സിബിഐ ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സിബിഐ ചോദ്യം ചെയ്തേക്കും. നിലവില്‍ ഇടപാടിലെ അഴിമതിയില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയെ സിബിഐ ചോദ്യം ചെയ്തുവരികയാണ്. ഇതോടൊപ്പം, മന്‍മോഹന്‍ സിങ്ങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ടികെഎ നായര്‍, മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്‍, സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ, സിബിഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ സലിം അലി എന്നിവരെയും സിബിഐ ചോദ്യം ചെയ്യുമെന്നാണ് സൂചന.


3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ഓഫീസിന്റെ അറിവോടെയായിരുന്നു കമ്പനിക്കു അനുകൂലമായി കരാര്‍ രേഖകളില്‍ മാറ്റം വരുത്തിയതെന്ന് ത്യാഗി സിബിഐക്ക് മൊഴി നല്‍കിയതായാണ് സൂചന. ഇതോടൊപ്പം, 2013ല്‍ നടത്തിയ അന്വേഷണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നെന്നും സിബിഐ സംശയിക്കുന്നു. ഈ രണ്ടുകാര്യങ്ങളിലും സിബിഐക്ക് വ്യക്തത വരുത്തേണ്ടതുണ്ട്.

അതേസമയം, മന്‍മോഹന്‍ സിങ്ങിനെ ചോദ്യം ചെയ്യാനുള്ള സിബിഐ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തിലുള്ള പ്രതിഷേധത്തിനും വിമര്‍ശനത്തിനും കേന്ദ്രം അദ്ദേഹത്തോട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചു.

Read More >>