മരണത്തിലും കൂട്ടു പോവുന്നു ജയയുടെ പ്രിയ വില്ലൻ

വിയോജിക്കാനുള്ള സ്വാതന്ത്ര്യമായിരുന്നു ജയയുമായുള്ള ചോ രാമസ്വാമിയുടെ സൗഹൃദത്തിന്റെ കാതൽ. തന്നെ എപ്പോഴും ചിരിപ്പിച്ച പ്രിയങ്കരനായ വില്ലനെ മരണത്തിലും കൂട്ടുകൊണ്ടു പോകുന്നു ജയലളിത.

മരണത്തിലും കൂട്ടു പോവുന്നു ജയയുടെ പ്രിയ വില്ലൻ

കാമരാജ്, മൊറാർജി ദേശായ്, ജയപ്രകാശ് നാരായൺ തുടങ്ങിയ യുഗപ്രഭാവരുടെ സുഹൃത്തായിരുന്ന ചോ രാമസ്വാമിക്ക് പക്ഷെ, നിത്യഹരിത സൗഹൃദമുണ്ടായിരുന്നത് കുമാരി ജയലളിതയുമായാണ്. തമിഴകത്തിന്റെ അമ്മയ്ക്കൊപ്പം തന്നെയാണ് ചോ രാമസ്വാമിയും കാലത്തിലേക്ക് വിലയിക്കുന്നത്. ഇരുവരുടെയും വിയോഗങ്ങൾ തമ്മിൽ ഒന്നര ദിവസത്തെ മാത്രം ഇടവേള. അന്ത്യം ഒരേ ആശുപത്രിയിലും.

യാദൃച്ഛികമാവാമിതെങ്കിലും തമിഴ് ജനത അതിൽ  രണ്ടാത്മാക്കളുടെ ജന്മാന്തരബന്ധങ്ങളുടെ നിദർശനംകൂടി കണ്ടെത്തിയെന്നു വരാം. അത്രക്ക് ഗാഢമായ ഹൃദയപ്പൊരുത്തത്തിന്റെ നീരൊഴുക്കിനു മീതെയായിരുന്നു ജയയും 'തുഗ്ലക്ക് ' പത്രാധിപരും തമ്മിലെ ഇണക്കപ്പിണക്കങ്ങൾ പോലും.


പത്രപ്രവർത്തകൻ, രാഷ്ട്രീയ വിശാരദൻ എന്നീ അലങ്കാരങ്ങളെക്കാൾ ശ്രീനിവാസ അയ്യർ രാമസ്വാമിയുടെ മനക്കാമ്പ് കലയിലായിരുന്നു. കലാ പ്രവർത്തകരായി കണ്ടുമുട്ടിയാണ് ജയയും  രാമസ്വാമിയും തമ്മിലെ സൗഹൃദത്തിന്റെ തുടക്കവും. വൈ. ജി. പാർത്ഥസാരഥിയുടെ നാടകസംഘമായ യുണൈറ്റഡ് അമെച്വർ ആർടിസ്റ്റ്സ് ആണ് ഇവരെ ആദ്യമായി ഒരുമിപ്പിക്കുന്നത്.

പല സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. സുഹൃത്തു മാത്രമെന്ന് തോന്നിച്ചപ്പോഴും ജയയുടെ രാഷ്ട്രീയോപദേശകൻ കൂടിയായിരുന്നു.  ചെറിയ ഇടവേളകളൊഴിച്ചാൽ ചോ. പലപ്പോഴും കൊടുംകയ്പ്പിൽ വീണിട്ടുണ്ട് ആ ബന്ധം. ജയ നായികയും ചോ വില്ലനുമായഭിനയിച്ച പാർത്ഥസാരഥിയുടെ നാടകത്തിന്റെ റിഹേഴ്സൽവേളയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള ഒരു തമാശയുണ്ട്. വില്ലൻ ഭീഷണി ഡയലോഗുകൾ ഉരുവിടുമ്പോൾ ചിരിയടക്കാനാവാതെ നിന്ന ജയലളിത. രാഷ്ട്രീയ ജീവിതത്തിൽ ചോ തനിക്കു നേർക്കുയർത്തിയ ഭീഷണികളെയും അതേ നിർമ്മമതയോടെയേ ജയ കണ്ടിരുന്നുള്ളൂ.

തമിഴക രാഷ്ട്രീയത്തിൽ പുതിയ ഉദയമെന്നു തോന്നിച്ച് തമിൾ മാനിലാ കോൺഗ്രസ് പിറന്നപ്പോൾ (1996) അവരെയും ഡിഎംകെയെയും കൂട്ടിയിണക്കാനിറങ്ങിയത് രാമസ്വാമിയാണ്. ജി.കെ.മൂപ്പനാർ നയിച്ച പുതുസഖ്യത്തിന് രജനികാന്തിന്റെ കൈത്താങ്ങുറപ്പാക്കാനും ചോ രാമസ്വാമി പങ്കുവഹിച്ചു. അതു ജയ പൊറുത്തില്ല. പ്രത്യക്ഷത്തിൽത്തന്നെ ഇരുവരുംതമ്മിലെ ചങ്ങാത്തം കലങ്ങി.

വിയോജിക്കാനുള്ള ഈ സ്വാതന്ത്ര്യംതന്നെയായിരുന്നു ജയയുമായുള്ള ചോ രാമസ്വാമിയുടെ സൗഹൃദത്തിന്റെ കാതൽ. തമിഴകത്തിന്റെ അമ്മയോട് വിയോജിക്കാൻ ഒരവസരത്തിലും ചോ മുമ്പും മടിച്ചിരുന്നില്ല.

എഐഡിഎംകെ സ്ഥാപകൻ സാക്ഷാൽ എം.ജി.ആർ. മരിച്ച്, ദ്രാവിഡ രാഷ്ട്രീയം ഇന്നത്തെപ്പോലൊരു സന്ദിഗ്ദ്ധതയെ നേരിൽക്കണ്ട സമയം ഉദാഹരണം. എം.ജി.ആറിന്റെ ഭാര്യ ജാനകി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. പക്ഷെ, സഭയിൽ ഭൂരിപക്ഷം അനിശ്ചിതത്ത്വത്തിലായി. നല്ലൊരു പങ്ക് പാർട്ടി എംഎൽഎമാരും ജയയ്ക്കൊപ്പമായിരുന്നു. ചോ രാമസ്വാമിയോ, ജാനകിയ്ക്കൊപ്പവും!

ജയലളിതയെയും ഡിഎംകെയെയും അധികാരത്തിലടുപ്പിക്കരുതെന്നതായിരുന്നു ജാനകിയെ പിന്തുണക്കുന്നതിന് ചോ കണ്ട കാരണം. എന്നാൽ, ചോയുടെ ചാണക്യസൂത്രങ്ങൾക്കുമേൽ രാജീവ് ഗാന്ധിയുടെ തീരുമാനം വന്നു പതിച്ചു. കോൺഗ്രസ് ജയയെ പിന്തുണച്ചു. ജാനകി സർക്കാർ വീണു. തമിഴ്നാട് നിയമസഭയിൽ അക്കാലം വരെ കാണാത്ത അതിക്രമ രംഗങ്ങൾ പിറന്നു. 1988ലായിരുന്നു അത്.

ബി.ജെ.പി. ജയലളിതയുമായി സഖ്യത്തിനു തുനിഞ്ഞപ്പോഴും ചോ തന്നെയായിരുന്നു ഇരുകൂട്ടർക്കും കണ്ണിലെ കരട്. എന്നാൽ, ജയയുമായി സഖ്യമരുതെന്ന ചോയുടെ മുന്നറിയിപ്പ് ബി.ജെ.പി. തളളി. 1998 ലോകസഭാ തെരഞ്ഞെടുപ്പിൽ എഐഡിഎംകെ - ബി.ജെ.പി. കൂട്ടുകെട്ട് മത്സരിച്ചു. എന്നാൽ, ബി.ജെ.പി.ക്ക് ചോയുടെ മുന്നറിയിപ്പ് വൈകാതെ തന്നെ സത്യമായിത്തീർന്നു. ബന്ധത്തിന്റെ മധുവിധുക്കാലത്തുതന്നെ, വാജ്പേയി സർക്കാർ ഒരു വർഷം കഷ്ടി തികയവെ, ജയലളിത പിന്തുണ പിൻവലിച്ചു. ആദ്യ ബി.ജെ.പി.സർക്കാർ തകർന്നു.

2001 ൽ ജയയുടെ പ്രിയ സുഹൃത്തായ രാഷ്ട്രീയ തന്ത്രജ്ഞനായി ചോ രാമസ്വാമി വീണ്ടുമുയിർത്തു. അഞ്ചു വർഷം മുമ്പ് ജയയുടെ ആജന്മശത്രുപ്പാർട്ടിയെ തമിൾ മാനിലാ കോൺഗ്രസുമായി ചേർത്തുകെട്ടിയ കൈകൾതന്നെ അവരെ ജയയുടെ മുന്നണിയിൽ കൊണ്ടുവന്നു. മൂപ്പനാരും ജയയും സഖ്യമായി.

അതിൽപ്പിന്നെ ജയയുമായുള്ള ചങ്ങാത്തം ഒരേ ശ്രുതിയിലായിരുന്നു ചോ രാമസ്വാമിക്ക്. കരുണാനിധിയും ഡി.എം.കെ.യുമായി അത്രയേറെ വിയോജിച്ചായിരുന്നു അന്ത്യകാലംവരെയും രാമസ്വാമിയുടെ നിൽപ്പ്. കുടുംബവാഴ്ചക്ക് വോട്ടു ചെയ്യരുതെന്ന് 'തുഗ്ലക്കി'ലൂടെ വോട്ടർമാരോട് ആവശ്യപ്പെടുകകൂടി ചെയ്തു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചോ രാമസ്വാമി.

ഇരുപതോളം തമിഴ് നാടകങ്ങളുടെ രചയിതാവ്, 14 ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്ത് എന്നിങ്ങനെ അഭിനയകലയിൽ മുഴുകിയ കാലത്തുതന്നെയാണ് 'തുഗ്ലക്കി'ലൂടെ പത്രപ്രവർത്തക ഖ്യാതിയിലും ചോ രാമസ്വാമി ഉയർന്നു നിന്നത്. അയ്യായിരം സ്റ്റേജുകളിൽ കളിച്ച നാടകങ്ങൾ വരെയുണ്ട് ചോയുടെതായി. 180 ചലച്ചിത്രങ്ങളിലും അഭിനയിച്ചു. ബി.ജെ.പി.യുടെ രാജ്യസഭാംഗമായി പ്രവർത്തിച്ചുവെങ്കിലും ചോയുടെ 'തുഗ്ലക്ക്' ബി.ജെ.പി.നേതാക്കളെയും വിമർശനങ്ങളിൽനിന്ന് ഒഴിച്ചുനിർത്താതെ വിശ്വാസ്യത കാത്തു.