നഷ്ടമായത് ഉരുക്കുവനിതയേയെന്നു മമ്മൂട്ടി; മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്നു മടങ്ങുന്നതെന്നു മഞ്ജുവാര്യർ

സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നൽകുകയും അതിനായി നിരവധി നിയമങ്ങൾ നിർമ്മിക്കുകയും ചെയ്ത ഭരണാധികാരിയാണ് ജയലളിതയെന്നും മമ്മൂട്ടി അനുസ്മരിച്ചു. ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം. ജയലളിതയെ മഞ്ജുവാര്യർ അനുസ്മരിച്ചു.

നഷ്ടമായത് ഉരുക്കുവനിതയേയെന്നു മമ്മൂട്ടി; മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്നു മടങ്ങുന്നതെന്നു മഞ്ജുവാര്യർ

തമിഴകത്തിന് ഉരുക്കുവനിതയെ നഷ്ടമായെന്നു നടൻ മമ്മൂട്ടി. അമ്മയാകുന്നതിന് ഒരാൾ പ്രസവിക്കണമെന്നില്ലെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണവരെന്നും മമ്മൂട്ടി പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിന് നേതൃത്വം നൽകുകയും അതിനായി നിരവധി നിയമങ്ങൾ നിർമ്മിക്കുകയും ചെയ്ത ഭരണാധികാരിയാണ് ജയലളിതയെന്നും മമ്മൂട്ടി അനുസ്മരിച്ചു.

ജയലളിത സിനിമയിൽ തിളങ്ങി നിന്ന കാലയളവിലാണ് അവർ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. അവർ ജീവിതത്തിലെടുത്ത ഏറ്റവും നല്ല തീരുമാനമായിരിക്കാം അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സ്ത്രീ സമൂഹത്തിനും രാഷ്ട്രീയ സമൂഹത്തിനും പ്രത്യേകിച്ച് തമിഴ്നാടിനും തീരാ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.

മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. എന്തുമാത്രം പ്രയത്‌നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍! അവസാനനിമിഷംവരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങൾ. മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നർത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടുമുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്.

മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവിൽ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളർച്ചയായിരുന്നു അത്. എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചുനില്‍ക്കുക എന്നത് നിസാരകാര്യമല്ല. ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം. ജയലളിതയെ മഞ്ജുവാര്യർ അനുസ്മരിച്ചു.

Read More >>