അയോദ്ധ്യയിലൂടെ ബാബറി മസ്ജിദിലേയ്ക്ക്...

അമ്പലങ്ങള്‍, അമ്പലങ്ങളാണ് എല്ലാ കെട്ടിടങ്ങളിലും. വീടുകളോ സത്രങ്ങളോ ആയ എല്ലാ കെട്ടിടത്തിലും ഒരമ്പലമുണ്ട്. എല്ലാ അമ്പലങ്ങള്‍ക്കും രാമനും സീതയും ഹനുമാനും ഭരതനും ലക്ഷ്മണനുമായി എന്തെങ്കിലും ബന്ധമുണ്ട്. ഇവയൊന്നുമല്ലാത്ത 'ശരിക്കും' അമ്പലങ്ങളും ധാരാളം. എങ്ങോട്ട് തിരിഞ്ഞാലും കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്ര ഗോപുരങ്ങള്‍.

അയോദ്ധ്യയിലൂടെ ബാബറി മസ്ജിദിലേയ്ക്ക്...

പ്രശാന്ത് ദീപ കളത്തിൽ

ഇന്നാട്ടിലെ ഏതൊരു ക്ഷേത്രനഗരത്തെയും പോലെതന്നെയാണ് അയോദ്ധ്യ. അലക്ഷ്യമായി തറയില്‍ കിടക്കുന്ന നൂലുകള്‍ പോലെ വളഞ്ഞും തിരിഞ്ഞും അങ്ങോട്ടുമിങ്ങോട്ടും പലയാവര്‍ത്തി മുറിച്ചുകടക്കുന്ന തീര്‍ത്തും ഇടുങ്ങിയ തെരുവുകള്‍. അവയിലേയ്ക്ക് തുറന്നിരിക്കുന്ന അസംഖ്യം കടകള്‍. ആടും മാടും കച്ചവടക്കാരും സന്ന്യാസികളും ഭക്തിഗാനങ്ങളും സൈക്കിളുകളും ബൈക്കുകളും വീഡിയോകളും അനന്തമായി ലൂപ്പില്‍ ഓടിക്കൊണ്ടിരിക്കുന്നു. ഈ സ്ഥലത്തെ വ്യത്യസ്ഥമാക്കുന്നത്, ക്ഷേത്രങ്ങളുടേയും ക്രമസമാധാനപാലകരുടേയും ആധിക്യമാണ്.


അമ്പലങ്ങള്‍, അമ്പലങ്ങളാണ് എല്ലാ കെട്ടിടങ്ങളിലും. വീടുകളോ സത്രങ്ങളോ ആയ എല്ലാ കെട്ടിടത്തിലും ഒരമ്പലമുണ്ട്. എല്ലാ അമ്പലങ്ങള്‍ക്കും രാമനും സീതയും ഹനുമാനും ഭരതനും ലക്ഷ്മണനുമായി എന്തെങ്കിലും ബന്ധമുണ്ട്. ഇവയൊന്നുമല്ലാത്ത 'ശരിക്കും' അമ്പലങ്ങളും ധാരാളം. എങ്ങോട്ട് തിരിഞ്ഞാലും കെട്ടിടങ്ങള്‍ക്ക് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്ര ഗോപുരങ്ങള്‍. ആയോദ്ധ്യയില്‍ എങ്ങനെ ഇത്രയധികം (ഏഴായിരത്തില്‍പ്പരം?) ക്ഷേത്രങ്ങളുണ്ടായെന്നും അവിടത്തെ ഭൂരിഭാഗം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഈ ക്ഷേത്രങ്ങള്‍ക്കൊ അവയുടെ ട്രസ്റ്റികള്‍ക്കോ കൈവന്നു എന്നതിന്റെയും ചരിത്രം വെങ്കടേഷ് രാമകൃഷ്ണന്‍ വിശദമായി എഴുതിട്ടുണ്ട്.

സംസ്ഥാനപോലീസ്, സിആര്‍പിഎഫ്, മിലിറ്ററി എന്നിവയുടെ സാന്നിധ്യം എല്ലായിടത്തുമുണ്ട്. നമ്മള്‍ കണ്ടുകൊള്ളണമെന്നില്ല. പതിറ്റാണ്ടുകളുടെ സീസണിങ്ങ് കാരണം ചായക്കടയിലെ കോണ്സ്റ്റബിളിനെപ്പോലെ ആയിട്ടുണ്ട് അവരും.

babari masjid

സീതയുടെ അടുക്കള എന്ന് പറഞ്ഞ് കാണിച്ചുതന്ന ഒരു അമ്പലത്തില്‍ അതിലും വിശേഷപ്പെട്ട സംഗതികളുണ്ടായിരുന്നു. പള്ളി പൊളിച്ചിടത്ത് അമ്പലമുണ്ടാക്കുമ്പോള്‍ അതിന്റെ ചുമരില്‍ ഒട്ടിക്കാനുള്ള മാര്‍ബിള്‍ ഫലകങ്ങള്‍ തയ്യാറാക്കുകയാണ് പണിക്കാര്‍. കര്‍സേവകള്‍ ആരംഭിച്ച കാലത്ത് തുടങ്ങി വര്‍ഷങ്ങളായി ചെയ്യുന്ന പണിയാണ്. ക്ഷേത്രനിര്‍മ്മാണത്തിനു സംഭാവന കൊടുത്തവുടെ പേരുകളോ കുടംബപ്പേരുകളോ ആണവയില്‍. അവിടത്തെ ചില മുറികള്‍ നിറച്ച് പണി കഴിഞ്ഞ ഫലകങ്ങളാണ്. ഒരുപാടുണ്ട്, ക്ഷേത്രനിര്‍മ്മാണത്തിനു കാശ് കൊടുത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍.

രാംജന്മഭൂമിയിലേക്കുള്ള വഴി അടയാളപ്പെടുത്തിയിട്ടുണ്ട് കവലകളില്‍. എന്നാലും മസ്ജിദ് നിന്നിരുന്ന സ്ഥലം എവിടെയെന്ന് ഇടയ്ക്കിടയ്ക്ക് ചോദിച്ചു. എല്ലാവരും ആദ്യമേ നമ്മളെ തിരുത്തും, മസ്ജിദല്ല, രാം ജന്മഭൂമിയാണ്. മസ്ജിദെന്ന് പറയുന്നത് മുഹമ്മദന്‍സാണ്, നമ്മളല്ല. അല്ലെങ്കില്‍ അവരാണ്, നമ്മളല്ല.

തര്‍ക്കമന്ദിരം നിന്നിരുന്നിടത്തേയ്ക്ക് എത്തുന്നത് ശരിക്കറിയാം, കാക്കിസാന്നിധ്യം കൂടിക്കൂടി വരും.മൊബൈല്‍, വാച്ച്, ബാഗ് തുടങ്ങിയവയൊന്നും അനുവദിക്കില്ല ആ പ്രദേശത്തേക്ക് കടക്കണമെങ്കില്‍. കൂടെയുണ്ടായിരുന്ന ആളുടെ പഴ്‌സില്‍ ഒരു സിം കാര്‍ഡുണ്ടായിരുന്നു. അതും മാറ്റിവയ്‌ക്കേണ്ടിവന്നു. ഇട്ടിരിക്കുന്ന വസ്ത്രങ്ങളല്ലാതെ കാശും കാര്‍ഡുകളും മാത്രമുള്ള പഴ്‌സ് മാത്രമാണ് അനുവദിക്കുന്നത്.

ആദ്യത്തെ ചെക്‌പോസ്റ്റ് കഴിഞ്ഞാല്‍ ക്യൂ ആരംഭിക്കും. തെറ്റിദ്ധരിക്കരുത്. ആള്‍ക്കാര്‍ക്ക് ഇതൊന്നും ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലം കാണാനുള്ള മിനക്കേടല്ല. മസ്ജിദ് പൊളിച്ച് അവിടെ സ്ഥാപിച്ച രാംലല്ല, ശൈശവരാമന്റെ പ്രതിഷ്ഠയെ വണങ്ങാനാണ്. ദിവസത്തില്‍ നിശ്ചിത മണിക്കൂറുകള്‍ മാത്രം തുറക്കുന്ന, മേക്ക്ഷിഫ്റ്റ് എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന ക്ഷേത്രദര്‍ശനത്തിനാണ്. പ്രസ്തുത സ്ഥലത്തെത്തുന്നതിനു മുന്‍പായി നാല് ഘട്ടങ്ങളായിട്ടാണ് സെക്യൂരിറ്റി ചെക്കിങ്ങ്.

ഇടുങ്ങിയതും വശങ്ങളും മേല്‍ഭാഗവും അടച്ചതുമായ ബാരിക്കേഡുകള്‍ക്കിടയ്ക്ക് കുറേ നീങ്ങിയിട്ടാണ് നമ്മള്‍ ആ സ്ഥലത്തെത്തുക. ബാരിക്കേഡുകള്‍ തീര്‍ക്കുന്ന നടവഴികള്‍ക്കു ചുറ്റും വലിയൊരു തുറസ്സാണ്. ചെറിയ കയറ്റിറക്കങ്ങള്‍ ഒഴിച്ചാല്‍ പരന്ന സ്ഥലം. ഇവിടെയായിരുന്നു എന്നല്ലാതെ അറിയാനാവില്ല. പൊളിച്ചകെട്ടിടത്തിന്റെ അവശിഷ്ടങ്ങളോ, നിലത്ത് കെട്ടിടം നിന്നിരുന്നതിന്റെ തെളിവുകളോ ഒന്നുമില്ല. അല്ലെങ്കില്‍ നമുക്ക് മനസ്സിലാവില്ല.

ആ ഭൂമിയിലെ താരതമ്യേന ഉയര്‍ന്ന ഭാഗത്താണ് മേക്ക്ഷിഫ്റ്റ് ടെമ്പിള്‍. പള്ളി പൊളിച്ചതിനുശേഷം ചെറിയ കൂടാരമുണ്ടാക്കി പൊളിച്ചവര്‍ അവിടെ സ്ഥാപിച്ച അമ്പലത്തിന് കെട്ടിടമുണ്ടാക്കിക്കൊടുത്തില്ലെങ്കിലും സര്‍ക്കാര്‍ അവിടെ പൂജ അനുവദിച്ചു, ദര്‍ശനമനുവദിച്ചു, ഇന്ത്യയിലെ ഏറ്റവും മികച്ച സെക്യൂരിറ്റിയും കൊടുക്കുന്നു.

അയോദ്ധ്യയിലെ മിക്കവാറും കടകളില്‍ ഒന്നുകില്‍ ഭക്തിഗാന ഓഡിയോ ഓടുന്നുണ്ടാവും അല്ലെങ്കില്‍ വീഡിയോ ഓടുന്നുണ്ടാവും. ആ വീഡിയോ എന്തെന്നല്ലെ. മസ്ജിദ് പൊളിക്കുന്നതിന്റെ വീരേതിഹാസം. കര്‍സേവയുടേയും ആ കുറച്ചു ദിവസങ്ങളില്‍ അവിടെ നടന്നതിന്റെയും ദൃശ്യങ്ങള്‍.

നേതാക്കള്‍ നോക്കിനില്‍ക്കെ കര്‍സേവകര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് മതിലില്‍ കയറുന്നതും മിനാരങ്ങളില്‍ കയറിയ ശേഷം കൊടിനാട്ടുകയും ഡോമുകള്‍ അടിച്ചുപൊളിക്കുകയും ചെയ്യുന്നത്. സമയം എണ്ണിപ്പറഞ്ഞ് ഓരോന്നായി മൂന്നു മിനാരങ്ങളും തകര്‍ന്നു വീണ് പൊടിപാറുന്നത്. ആവേശം കൊടുമുടി കയറുന്ന രീതിയില്‍ വിവരണവുമുണ്ട്, മൂന്നാമത്തെ മിനാരവും തകര്‍ന്നതോടെ ബാബരി മസ്ജിദ് ഭൂമിയില്‍നിന്ന് തുടച്ചുമാറ്റപ്പെട്ടു എന്നൊ മറ്റൊ.

കുട്ടികള്‍ ഇതേ വീഡിയോ സീഡികള്‍ തെരുവില്‍ നടന്നുവില്‍ക്കുന്നുണ്ട്. നാല്‍പ്പതുരൂപയ്ക്ക് ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ ക്രിമിനല്‍ കള്‍ച്ചറല്‍ ശസ്ത്രക്രിയയുടെ ഷൂട്ട് നിങ്ങള്‍ക്ക് വാങ്ങാം. സംഘപരിപാറിന്റെതന്നെ ഭാഷയില്‍, പ്രളയ നൃത്തത്തിന്റെ. 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയില്‍ എന്ത് സംഭവിച്ചു, ആരാണ് ചെയ്തത്, എന്തിന് എന്ന ടൈറ്റിലില്‍ ആണ് വീഡിയോ തുടങ്ങുന്നത് (ക്യാഹുവാ, കിസ്‌നേ കിയാ, ക്യൂം കിയാ). ശാര്‍ദാ വീസീഡി എന്നാണ് അതിന്റെ നിര്‍മ്മാതാക്കളുടെ സ്റ്റാമ്പ്.

babri masjid

ആ ഞായറാഴ്ച ദിവസം ഉച്ചതിരിഞ്ഞ് 2.50ന് ആദ്യത്തെ മിനാരവും 3.45 രണ്ടാമത്തെ മിനാരവും വൈകുന്നേരം 4.45ന് മൂന്നാമത്തെയും അവസാനത്തെയും മിനാരവും കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ന്നു വീണു. പൊടിപടലങ്ങള്‍ അടങ്ങിയപ്പോള്‍ അന്നുച്ചവരെ ബാബരിമസ്ജിദ് നിന്നിരുന്നിടത്ത് അമ്പലവും ആ അമ്പലത്തില്‍ രാംലല്ലയുടെ പ്രതിഷ്ഠയുമുണ്ടായി.

സര്‍ക്കാര്‍ സംരക്ഷണത്തില്‍ അവിടെ പൂജയും ദര്‍ശനവും ഉണ്ടായി. ഇന്ത്യ മരിച്ചിട്ട് നമ്മള്‍ ജീവിച്ചിരുന്നിട്ടെന്ത് എന്ന കാവ്യഭംഗിതുളുമ്പുന്ന ചോദ്യം ഉള്ളില്‍ തോന്നേണ്ടത് അപ്പോഴായിരുന്നു, ആ സംഭവത്തിന്റെ പിന്നീടുണ്ടായ അസംഖ്യം വേഷപ്പകര്‍ച്ചകളിലായിരുന്നു.

മസ്ജിദ് തകര്‍ത്ത് അവിടെ നിര്‍മ്മിക്കാനുദ്ദേശിച്ച രാമക്ഷേത്രത്തിന്റെ മാതൃക ഇന്ത്യയില്‍ പലയിടത്തും അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഓര്‍മ്മയുണ്ടാവും. അതേപോലെ സുമുഖസുഭഗനായ രാമനും അമ്പലവുമുള്ള അതിന്റെ പോസ്റ്ററുകളും. രാമമന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള കുറേയേറെ ശിലകള്‍ രാജസ്ഥാനിലും അയോദ്ധ്യയിലുമായി ശരിപ്പെടിത്തിയത് ഇവിടെ ശിലാന്യാസിന്റെ ഭൂമിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും അവിടെ തകൃതിയായി പണികള്‍ നടക്കുന്നു. ഈയടുത്ത കാലത്തും രണ്ട് ട്രക്ക് നിറയെ കല്ലുകള്‍ രാജസ്ഥാനില്‍നിന്നും വരികയുണ്ടായി. കാം ജാരീ ഹേ, എന്ന് ചുരുക്കത്തില്‍.

babari masjid

ചില കാലങ്ങളില്‍ ചിലര്‍ക്ക് പറ്റുന്ന ചെറിയ ചെറിയ അബദ്ധങ്ങള്‍ക്ക് പില്‍ക്കാലത്ത് എത്രമാത്രം വില കൊടുക്കേണ്ടിവരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അയോദ്ധ്യ. ചില ജാഗ്രതക്കുറവുകള്‍ സമൂഹത്തില്‍ കൊടിയ ദുരന്തങ്ങള്‍ ഉണ്ടാക്കുന്നതിന്റെയും.

അതുകൊണ്ടുതന്നെ, മുറിവുകള്‍, നഷ്ടങ്ങള്‍ ഓര്‍മ്മപ്പെടുത്തരുതെന്ന തോന്നലല്ല എനിക്കുള്ളത്. ഓര്‍മ്മകളാണ് കരുതല്‍. പലപല ഭിന്നതകള്‍ക്കിടയിലും കോഎക്‌സിസ്റ്റ് ചെയ്തിരുന്ന സമുദായങ്ങളെ അങ്ങനെയല്ലാതെയാക്കിത്തീര്‍ത്തത് എങ്ങനെയെന്ന് നമ്മള്‍ കണ്ടതാണ്, അതുകൊണ്ടുതന്നെ ഓര്‍മ്മകളുണ്ടായിരിക്കണം.