ജ്ഞാനവും സൗന്ദര്യവും ചേര്‍ന്ന വേനല്‍ക്കിനാവുകളുടെ മറുപക്കം

സേതുമാധവന്റെ രണ്ടു സിനിമകള്‍ നവമദ്ധ്യവര്‍ത്തിസിനിമാക്കാലത്ത് പുനര്‍നിര്‍മിതമായി. ചട്ടക്കാരിയും യക്ഷിയും. രണ്ടിലും സേതുമാധവന്‍ സൃഷ്ടിച്ച മനോഭാവം സൃഷ്ടിക്കാനായില്ല പുതുമക്കാര്‍ക്ക്- സംവിധായകൻ സേതുമാധവനെ അധ്യാപകനും നോവലിസ്റ്റുമായ അൻവർ അബ്ദുള്ള അനുസ്മരിക്കുന്നു

ജ്ഞാനവും സൗന്ദര്യവും ചേര്‍ന്ന വേനല്‍ക്കിനാവുകളുടെ മറുപക്കം

കേരളം ഉണ്ടാകുന്നതും മലയാളസിനിമ വ്യവസ്ഥയും വ്യവസായവുമായി വളരുന്നതും ഒരുമിച്ചാണ്. അതിനുതൊട്ടുപിന്നാലെയാണ് മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഒരാള്‍ മലയാളസിനിമയിലേക്ക് സംവിധായകനായി കടന്നുവരുന്നത്.

ആദ്യജനകീയമന്ത്രിസഭയുടെ രൂപവല്‍ക്കരണത്തിനും തകര്‍ച്ചയ്ക്കും ശേഷം രണ്ടാം മന്ത്രിസഭ അധികാരത്തിലേറിയ 1961 ലാണ് ജ്ഞാനസുന്ദരി എന്ന സിനിമയുമായി കെ.എസ്. സേതുമാധവന്‍ എന്ന സംവിധായകന്‍ മലയാള സിനിമയിലേയ്ക്ക് കടന്നു വന്നത്. പിന്നീട്, മലയാളിയുടെ ചലച്ചിത്രപരമായ കലാബോധത്തെയും ജനപ്രിയതയെയും നിയന്ത്രിച്ച, രൂപപ്പെടുത്തിയ ഡസന്‍കണക്കിനു സിനിമകള്‍. അഭിനയത്തിന്റെ വ്യാകരണം സൃഷ്ടിച്ച, ആംഗിളുകളുടെ രാഷ്ട്രീയം നിശ്ചയിച്ച, തിരക്കഥയുടെ പ്രഭാവം കണക്കാക്കിയ സിനിമകള്‍. അവയിലൂടെ സേതുമാധവന്‍ മലയാളസിനിമയിലെ ഒരു സവിശേഷപ്രതിഭാസമായും വ്യത്യസ്തപ്രഭാവവുമായി വളരുകയായിരുന്നു.


കൃത്യം മുപ്പതു വര്‍ഷങ്ങള്‍ക്കുശേഷം 1991ല്‍ വേനല്‍ക്കിനാവുകള്‍ എന്ന ചലച്ചിത്രത്തോടെ മലയാളത്തില്‍ സിനിമാസാക്ഷാല്‍ക്കാരം നിറുത്തിയ സേതുമാധവന്‍ ഈ മുപ്പതാണ്ടുകൊണ്ട് മലയാളത്തില്‍ ചലച്ചിത്രകാഴ്ചയെ രൂപപ്പെടുത്തി വരുംതലമുറയ്ക്കു കൈമാറുകയായിരുന്നു. ആദ്യത്തെ താരങ്ങളെ സൃഷ്ടിച്ച സേതുമാധവന്‍ അവസാനം മലയാളത്തിലെടുത്ത സിനിമയില്‍ കൊണ്ടുവന്ന പുതുതാരങ്ങളായ സുധീഷും കൃഷ്ണകുമാറും ഇന്നും മലയാളസിനിമയുടെ ഭാഗമായി പ്രത്യക്ഷപ്പെടുമ്പോള്‍ അദ്ദേഹം ഒരുക്കിയ വ്യവസ്ഥകളെ സ്വീകരിക്കുക തന്നെയാണ് എന്നും മലയാളത്തിലെ സിനിമ ചെയ്തതെന്നതിന് അത് അടിവരയാകുന്നു.

തമിഴില്‍ തന്റെ കരിയറിന്റെ സായാഹ്നത്തില്‍ ചെയ്ത രണ്ടു സിനിമകള്‍ - ഒന്ന് മറുപക്കം. രണ്ട് നമ്മവര്‍. ഒന്നാമത്തേത്, തമിഴിലെന്നും സ്റ്റാര്‍ഡത്തിനും അഭിനയപ്രതിഭയ്ക്കും ഇടയില്‍ ശരിയായ ഇടംകിട്ടാതലഞ്ഞ ശിവകുമാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി. അതിന് ചരിത്രത്തിലാദ്യമായി ദേശീയതലത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടുന്ന തമിഴ്സിനിമയുടെ പേരായി. പിന്നീട് അത് പുതുതലമുറ തമിഴ് സിനിമ പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ നവതമിഴ്സിനിമയുടെ പ്രാരംഭകനും പയനിയറുമായി സേതുമാധവന്‍ മാറിയെന്നു പറയാം.

രണ്ടാമത്തെ സിനിമയായ നമ്മവര്‍ തമിഴ് സിനിമ സൃഷ്ടിച്ച ഏറ്റവും വലിയ ജനകീയ നടന്‍ കമല്‍ഹാസന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. അതും ഒരു വിശേഷസൂചനയായി. അതിനുശേഷം, താരങ്ങളേയില്ലാതെ (രോഹിണി എന്ന വ്യത്യസ്ത നടിയൊഴിച്ച്) സ്ത്രീ എന്ന സിനിമ മാത്രമാണ് അദ്ദേഹം ചെയ്തത്.

1980ലാണ് സേതുമാധവന്‍ ഓപ്പോള്‍ എന്ന സിനിമ ചെയ്യുന്നത്. ആ സിനിമയിലെ പ്രകടനത്തിനാണ് ബാലന്‍ കെ നായര്‍ എന്ന അക്കാല വില്ലന്‍ നടന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിക്കുന്നത്. അതിനുശേഷം തന്റെ കരിയര്‍ അവസാനിപ്പിക്കുന്ന 1995വരെയുള്ള പതിനഞ്ചുവര്‍ഷകൊണ്ട് അദ്ദേഹം മലയാളത്തിലും തമിഴിലുമായി ചെയ്തത് വെറും പത്തു സിനിമകള്‍ മാത്രം. അതിനുമുന്‍പ് വര്‍ഷാവര്‍ഷം മൂന്നുമുതല്‍ ആറുവരെ സിനിമകള്‍ ചെയ്തിരുന്നൊരു സംവിധായകനാണ് സ്വയം നിയന്ത്രിക്കുന്നതെന്നാലോചിക്കണം.

ഓപ്പോളിന്റെ അവസാനത്തെ നിമിഷം അതിന്റെ തിരക്കഥാകൃത്ത് എംടി വാസുദേവന്‍ നായര്‍ എഴുതിവയ്ക്കുന്നൊരു വാക്യമുണ്ട്. അതിങ്ങനെയാണ്: പുരുഷന്‍, സ്ത്രീ, അയാളുടെ കൈയില്‍ കുട്ടി. പ്രകൃതിമാതാവിന്റെ അനാദിയായ സംഗീതമെന്ന്. ഈ തിരക്കഥാസൂചനയെ പാരിസ്ഥിതികവും ആത്മീയവുമായ ദര്‍ശനപരതയോടെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് ഓപ്പോളിന്റെ അവസാനഷോട്ടുകളും ഫ്രെയിമുകളും സേതുമാധവന്‍ പണിതുയര്‍ത്തിയിട്ടുള്ളത്. ഈ രംഗത്തേക്കെത്തുമ്പോള്‍ ഫെഡറിക്കോ ഫെല്ലിനിയുടെ ലാ സ്ട്രാഡ പോലെയുള്ള സിനിമകള്‍ അവയുടെ ദാര്‍ശനികസാദൃശ്യം കൊണ്ട് നമ്മുടെ സ്മൃതിയില്‍വരും.

നമ്മവറിലെ കമല്‍ ഹാസനെന്ന താരനടനെ സൃഷ്ടിച്ചതുതന്നെ സേതുമാധവനാണ്. 1962ല്‍ കണ്ണും കരളുമെന്ന ചിത്രത്തില്‍ ബാലതാരമായി വന്ന കമല്‍ പിന്നീട് 1974ല്‍ എംടിയുടെ തിരക്കഥയില്‍ കന്യാകുമാരിയെന്ന മലയാളചിത്രത്തിലൂടെ അദ്ദേഹത്തെ നായകനിരയിലേക്കുയര്‍ത്തി.

മലയാളസിനിമയുടെ ഘട്ടഗണന പലതരത്തില്‍ നിര്‍വഹിക്കാം. അതില്‍ ഒന്നിങ്ങനെയാണ്: അന്‍പതുകള്‍ വ്യവസായസ്ഥാപനം, അറുപതുകള്‍ സാഹിത്യബന്ധം, എഴുപതുകള്‍ നവസിനിമ, എണ്‍പതുകള്‍ മദ്ധ്യവര്‍ത്തിസിനിമ, തൊണ്ണൂറുകള്‍ സൂപ്പര്‍താരാധിപത്യം, രണ്ടായിരങ്ങള്‍ സൂപ്പര്‍താരാധിപത്യജീര്‍ണതയും അതിമാനുഷകഥാപാത്രങ്ങളും, രണ്ടായിരത്തിപ്പത്തുകള്‍ നവമദ്ധ്യവര്‍ത്തിസിനിമയുടെ ഉദയം, അഞ്ചുവര്‍ഷത്തിനുശേഷം പുലിമുരുകനില്‍ത്തട്ടി ആ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയോ പുനരുത്ഥാനപ്രയാസമോ. ആഹാ! എത്രയെളുപ്പംകഴിഞ്ഞൂ, മലയാളസിനിമയുടെ ചരിത്രവും കഥയും (ഹരോഹര!)

വ്യവസായമായി സ്ഥാപിക്കപ്പെട്ട സിനിമ പറ്റിയ കഥാശേഖരമെന്ന നിലയില്‍ മലയാളസാഹിത്യത്തെ അതു കൂടെക്കൂട്ടുന്നിടത്താണ് സത്യത്തില്‍ സേതുമാധവനെന്ന സംവിധായകന്റെ പൊലിമ കൊടിപാറുന്നത്. അദ്ദേഹമെടുത്തത് മലയാളത്തിലെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യസൃഷ്ടികളാണ്. അവതന്നെ, സവിശേഷമായ സാഹിത്യധര്‍മങ്ങളാല്‍ മലയാളസാഹിത്യത്തെ ഭാവുകത്വപരമായും ശില്പപരമായും മുന്നോട്ടുനയിച്ചവ.

ഉദാഹരണങ്ങള്‍ കാര്യം വ്യക്തമാക്കും: മലയാളിയുടെ അനുഭവരാശിയിലേക്ക് ലോകം എന്ന സ്ഥലരാശിയെ ആദ്യമായി കൊണ്ടുവന്ന എഴുത്തുകാരനായ പാറപ്പുറത്തിന്റെ പാന്‍ ഇന്ത്യന്‍ സ്വഭാവമുള്ള നോവല്‍ പണിതീരാത്ത വീട്, അദ്ദേഹം തന്നെ എഴുതിയ അരനാഴികനേരമെന്ന ബോധധാരാനോവല്‍. ഒരുപക്ഷേ, മലയാളത്തിലെ ബോധധാരാനോവലുകളുടെ മൂര്‍ദ്ധന്യസ്ഥാനം. പിന്നെ, മലയാളിയെ സ്ത്രീപുരുഷബന്ധങ്ങളുടെ മനശ്ശാസ്ത്രം പഠിപ്പിക്കാന്‍ ആദ്യമായി യത്നിച്ച മലയാറ്റൂരിന്റെ നോവല്‍ യക്ഷി, കെടി മുഹമ്മദ് പിതൃധികാരവ്യവസ്ഥയുടെ സ്ഥാനശ്രേണികളെ ആവാഹിക്കാന്‍ ശ്രമിച്ച കടല്‍പ്പാലമെന്ന നാടകം, രതിയുടെ സ്വാച്ഛന്ദ്യത്തെ മാറിയ സാമൂഹികവ്യവസ്ഥയുടെ ഭീകരതയില്‍ പരിശോധിക്കാന്‍ ശ്രമിക്കുന്ന എംടിയുടെ ഓപ്പോള്‍ എന്ന ചെറുകഥ, രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഇടതവബോധത്തിലേക്ക് ആദ്യമായി സ്വേച്ഛാകാരിയായ പുരുഷന്റെ അഭീഷ്ടങ്ങളും തകര്‍ച്ചയും ചിത്രീകരിക്കുന്ന തകഴിയുടെ അനുഭവങ്ങള്‍ പാളിച്ചകള്‍, മുട്ടത്തുവര്‍ക്കി എന്ന ജനപ്രിയരചയിതാവിന്റെ ഒരു ലളിതകഥയെ അതിനുള്ളിലെ ജീവിതത്തിന്റെ സങ്കീര്‍ണതകൊണ്ട് സാംസ്‌കാരികചരിത്രമായി പരിഗണിക്കേണ്ടിവരുന്ന കരകാണാക്കടല്‍, നവോത്ഥാനത്തിന് അക്ഷരം പകര്‍ന്ന കേശവദേവിന്റെ ഓടയില്‍നിന്ന്... എണ്ണിയാലൊടുങ്ങില്ല ഉദാഹരണങ്ങള്‍.


ക്യാമറയുടെ കോണുകളും കാഴ്ചയുടെ നിര്‍മിതികളും എങ്ങനെ അഭിരുചിയോടൊപ്പം അഗാധമായി സൗന്ദര്യവല്‍ക്കൃതമായി കാര്യം പറയുന്നു എന്ന നല്ല ബോദ്ധ്യമുണ്ട് സേതുമാധവന്. ഒരു പെണ്ണിന്റെ കഥയിലും കടല്‍പ്പാലത്തിലും ലോ ആംഗിള്‍ - ഹൈ ആംഗിളുകള്‍ മാറിമാറി ഉപയോഗിച്ചുകൊണ്ട് സേതുമാധവന്‍ അധികാരത്തിന്റെയും വിധേയത്വത്തിന്റെയും കാഴ്ചാസൂചനകള്‍ സൃഷ്ടിക്കുന്നത് വിസ്മയത്തോടെയേ കണ്ടിരിക്കാനാകൂ. ഓര്‍സണ്‍ വെല്‍സിന്റെ സിറ്റിസണ്‍ കേയ്ന്‍ എന്ന സിനിമ പകര്‍ന്ന ഭാവുകത്വത്തെ മലയാളി സ്വീകരിച്ചത് സേതുമാധവനിലൂടെയാണെന്ന് സുനിശ്ചിതമായി പറയാം.

യക്ഷിയില്‍ രാഗിണിയെ ശ്രീനിവാസന്‍ സ്വീകരിക്കുന്ന രംഗം മലയാളസിനിമയിലെ സാങ്കേതികസൗന്ദര്യത്തിന്റെ ഒരിക്കലും മായിക്കാനാവാത്ത നിമിഷമാണ്. യക്ഷിയെന്ന ശ്രീനിവാസനും കാണികളും കരുതുന്ന രാഗിണിയും ശ്രീനിവാസനും മുറിയിലേക്കു നടക്കുമ്പോള്‍ ലോ ബേസില്‍ വച്ചിരിക്കുന്ന ക്യാമറയില്‍ കാണപ്പെടുന്നത് ശ്രീനിയുടെ കാലുകള്‍ മാത്രം. യക്ഷിയുടെ പാദങ്ങള്‍ നിലത്തൂന്നില്ല എന്ന മലയാളിയുടെ നാടോടിബോധത്തില്‍ പദമൂന്നുന്ന രംഗമാണിത്. പക്ഷേ, പിന്നീട് ശാസ്ത്രീയമായ അപഗ്രഥനമായി ഈ മാനസികാവസ്ഥയും അനുഭവവും മാറുമ്പോള്‍ കാണികളറിയുന്നൂ, അപ്പോള്‍ രാഗിണിയെ ശ്രീനിവാസന്‍ കൈകളിലെടുത്തു നടക്കുകയായിരുന്നുവെന്ന്. കാഴ്ച മാത്രമല്ല, കാഴ്ചപ്പെടായ്ക കൂടിയാണ് സിനിമയെന്നു ബോദ്ധ്യപ്പെടുന്ന നിമിഷം. ഒരുപരിധി മിസ് എന്‍ സീന്‍ തകരുന്ന സിനിമയുടെ മാത്രം യുക്തി.

സങ്കേതത്തിന്റെ സൗന്ദര്യത്തിനപ്പുറം, വൈകാരികതയുടെ മൂല്യവും സേതുമാധവന്റെ സിനിമകളെ വേറിട്ടതാക്കുന്നു. അനുഭവങ്ങള്‍ പാളിച്ചകളില്‍, എല്ലാത്തരത്തിലും തകര്‍ന്ന സഖാവ് ചെല്ലപ്പന്‍ അവസാനം വീട്ടിലെത്തി മകളുടെ കുഴിമാടവും കണ്ട് തിരികെപ്പോകുമ്പോള്‍, ഭാര്യ തകര്‍ന്ന മനസ്സോടെ വിലപിക്കുന്നു. നിങ്ങളുടെ മകനെ ഒന്നുനോക്കീട്ടുപോകൂ... എന്തെങ്കിലുമവനോടു പറഞ്ഞിട്ടുപോകൂ എന്ന്. അത് തന്റെ മകനാണെന്ന് അയാള്‍ ആദ്യമായും അവസാനമായും അംഗീകരിക്കുന്ന ആ നിമിഷത്തിന്റെ ചിത്രീകരണം ഒരുപക്ഷേ മലയാളസിനിമയുടെ വൈകാരികദീപ്തിയാണ്.

താരങ്ങളുടെയും വ്യവസായത്തിന്റെയും ഉദയം സൃഷ്ടിച്ച സംവിധായകനാണ് സേതുമാധവന്‍. പ്രേംനസീറിനെയും സത്യനെയും മധുവിനെയും നടന്മാരും താരങ്ങളുമാക്കിയ ആള്‍. മലയാളസിനിമാവ്യവസായത്തെയും മദ്ധ്യവര്‍ത്തിസിനിമാപ്രസ്ഥാനത്തെയും കെട്ടിപ്പടുത്തയാള്‍. ചട്ടക്കാരി പോലെയുള്ള സിനിമകളിലൂടെ അടൂര്‍ ഭാസിയെപ്പോലെയുള്ള നടന്മാരെ വേറിട്ടുപയോഗിച്ച ആള്‍. സത്യനെന്ന നടന്റെ അന്തിമസാമര്‍ത്ഥ്യങ്ങളെ അനുഭവങ്ങള്‍ പാളിച്ചകളിലും കരകാണാക്കടലിലും രേഖപ്പെടുത്തിയ ആള്‍. ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും സിംഹള ഭാഷയിലും സിനിമയെടുത്ത ആള്‍. ബഹുമതികള്‍ അനവധിയാണ് ആ കലാകാരന്.

അനുഭവങ്ങള്‍ പാളിച്ചകളില്‍ സത്യന്‍ അസ്തമിക്കുമ്പോള്‍ യാദൃച്ഛികമായി മമ്മൂട്ടി എന്ന നടന്‍ ഉദയം കൊള്ളുകയായിരുന്നു. അതേ, മമ്മൂട്ടി ഒരു എക്സ്ട്രാ നടനായി ആദ്യമായി വെള്ളിവെളിച്ചത്തില്‍ വരുന്നത് ആ സിനിമയിലാണ്. അവസാനം സേതുമാധവന്‍ എടുക്കുന്ന സിനിമകളിലൊന്ന് അവിടത്തെപ്പോലെ ഇവിടെയും എന്ന സിനിമയാണ്. അതാവട്ടെ, മലയാളത്തില്‍ മമ്മൂട്ടി- മോഹന്‍ലാല്‍ കോംപിനേഷനുള്ള അക്കാലത്തെ അവസാനഘട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം.

ഒന്നുകൂടി പറഞ്ഞ് അവസാനിപ്പിക്കാം. സേതുമാധവന്റെ രണ്ടു സിനിമകള്‍ നവമദ്ധ്യവര്‍ത്തിസിനിമാക്കാലത്ത് പുനര്‍നിര്‍മിതമായി. ചട്ടക്കാരിയും യക്ഷിയും. രണ്ടിലും സേതുമാധവന്‍ സൃഷ്ടിച്ച മനോഭാവം സൃഷ്ടിക്കാനായില്ല പുതുമക്കാര്‍ക്ക്. യക്ഷി അകമായപ്പോള്‍, ഒരു സ്ത്രീ സംവിധാനം ചെയ്തിട്ടുപോലും രാഗിണിയുടെ കാലടികളെ ആ വിധത്തില്‍ അടയാളപ്പെടുത്താന്‍/ പെടുത്താതിരിക്കാന്‍ കഴിഞ്ഞില്ല. ആരോരുമറിയാതെ എന്നത് കമല്‍ കഥയെഴുതിയ ഒരു സേതുമാധവന്‍ പടമാണ്. ആ സിനിമയാണ് മലയാളത്തില്‍ ഇന്നത്തെ സിനിമയെ സൃഷ്ടിച്ചതെന്നു പറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല.

Read More >>