കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പരിശോധനയ്ക്കെത്തിയ സംഘം തോക്കു ചൂണ്ടി പണം കൊള്ളയടിച്ചു

സംഘം ഗൃഹനാഥനു നേരെ തോക്കുചൂണ്ടുകയും അലമാരയിൽ ഉണ്ടായിരുന്ന എഴുപതിനായിരം രൂപ എടുത്ത് കടന്നു കളയുകയുമായിരുന്നു. അലമാരയിൽ ഉണ്ടായിരുന്ന ഇരുപത്തുപവനിലധികം വരുന്ന സ്വർണം കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല.

കസ്റ്റംസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പരിശോധനയ്ക്കെത്തിയ സംഘം തോക്കു ചൂണ്ടി പണം കൊള്ളയടിച്ചു

കാസർഗോഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ വീട്ടിലെത്തിയ സംഘം ഗൃഹനാഥന് നേരെ തോക്കു ചൂണ്ടി 70000 രൂപ കൊള്ളയടിച്ചു. ബദിയടുക്ക പള്ളത്തിനുസമീപം ഏൽക്കാനയിലെ ഡിവൈ നാരായണ റേയുടെ വീട്ടിലാണ് കൊള്ള നടന്നത്.

രാത്രി ഏഴുമണിയോടെ വീട്ടിലെത്തിയ അഞ്ചംഗസംഘം തങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ആണെന്നും സമീപദിവസങ്ങളിൽ നാരായണ റേ കൊടിക്കണക്കിനു രൂപ ബാങ്കിൽ നിന്നും പിൻവലിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും വീട്ടിൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ബാങ്കിൽ പലതവണകളായി ഏറെ നേരം ക്യൂ നിന്ന് കിട്ടിയത് എഴുപതിനായിരം രൂപ മാത്രമാണെന്ന് പറഞ്ഞിട്ടും സംഘം അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടു. തുടർന്ന് റേയ്ക്ക് നേരെ തോക്കുചൂണ്ടുകയും അലമാരയിൽ ഉണ്ടായിരുന്ന എഴുപതിനായിരം രൂപ എടുത്ത് കടന്നുകളയുകയുമായിരുന്നു. അലമാരയിൽ ഉണ്ടായിരുന്ന ഇരുപത്തുപവനിലധികം വരുന്ന സ്വർണം കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. നാരായണ റേയുടെ മൊബൈൽ ഫോണും സംഘം കൊണ്ടുപോയി. സംഭവം നടക്കുമ്പോൾ റേയുടെ ഭാര്യയും വീട്ടിലുണ്ടായിരുന്നു.

സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്നുപേർ ഹിന്ദിയിലും രണ്ടുപേർ കണ്ണടയിലുമാണ് സംസാരിച്ചത്. കര്‍ഷകനായ നാരായണ റേ നിരവധി തവണ ബാങ്കില്‍ ക്യൂ നിന്നാണ് എഴുപതിനായിരം രൂപ പിൻവലിച്ചത്. ഇക്കാര്യം അറിയാവുന്നവരാകാം കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു. നാരായണ റേയുടെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Story by
Read More >>