നാലാം ബാലൺ ഡിയോർ പുരസ്‌കാരവുമായി ക്രിസ്റ്റ്യാനോ

അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെയും ഫ്രഞ്ച് യുവതാരം അന്റോണിയോ ഗ്രീസ്മാനെയും പിന്തള്ളിയാണ് ഈ വർഷത്തെ ബാലൺ ഡിയോറിന് ക്രിസ്റ്റിയാനോ യോഗ്യനായത്.

നാലാം ബാലൺ ഡിയോർ പുരസ്‌കാരവുമായി ക്രിസ്റ്റ്യാനോ

പാരീസ്: റയൽ മാഡ്രിഡിന് വേണ്ടി ചാമ്പ്യൻസ് ലീഗ് ട്രോഫിയും പോർച്ചുഗലിന്
വേണ്ടി യൂറോ കപ്പും ഉയർത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നാലാം ബാലൺ
ഡിയോർ പുരസ്‌കാരം. പുരസ്‌കാര പട്ടികയിൽ ഏറ്റവും ഒടുവിൽ ഉണ്ടായിരുന്ന
അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെയും ഫ്രഞ്ച് യുവതാരം അന്റോണിയോ ഗ്രീസ്മാനെയും പിന്തള്ളിയാണ് ഈ വർഷത്തെ ബാലൺ ഡിയോറിന് ക്രിസ്റ്റിയാനോ യോഗ്യനായത്.
തന്റെ കളി ജീവിതത്തിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന വർഷം കൂടിയാണ്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 2016. രാജ്യത്തിന് വേണ്ടി യൂറോ കപ്പ്
സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് തന്നെയാകും ഇതിന്റെ പ്രധാന കാരണം. ക്ലബ്
കരിയറിലെ ഉയർന്ന ഗ്രാഫിനിടയിലും സ്വന്തം രാജ്യത്തിനായി ഒരു കപ്പ്
ഉയർത്തുക എന്നത് ക്രിസ്റ്റ്യാനോയുടെ അഭിലാഷമായിരുന്നു. ആ ആഗ്രഹം സഫലമായ
വർഷം തന്നെ ഫ്രഞ്ച് ഫുട്‌ബോൾ മാഗസിന്റെ ബാലൺ ഡിയോർ പുരസ്‌കാരം നാലാം
തവണയും സ്വന്തം പേരിൽ കുറിക്കാനായത് മധുരതരം തന്നെയാകും ഈ യൂറോപ്യൻ
താരത്തിന്.
ക്ലബ് കരിയറിലെ മിന്നുന്ന പ്രകടനത്തിനിടയിലും രാജ്യത്തിന് വേണ്ടി ഒരു
പ്രമുഖ ടൈറ്റിൽ നേടാൻ കഴിയാതെ വന്നതാകും മെസിക്ക് വിനയായത്. കോപ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതും നിരാശനായി അന്താരാഷ്ട്ര കരിയറിൽ നിന്നും വിടവാങ്ങിയതും തിരികെ വന്നതുമായ
സംഭവവികാസങ്ങൾ ലയണൽ മെസിക്ക് പുരസ്‌കാരം നിഷേധിക്കുന്ന വിധത്തിലായി എന്ന് വിശ്വസിച്ചാലും തെറ്റില്ല.
ഫ്രഞ്ച് യുവതാരം ഗ്രീസ്മാൻ നന്നായി കളിച്ചെങ്കിലും ഈ സീസനിൽ ഒരു ടൈറ്റിൽ
നേടാനായിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ ഗ്രീസ്മാന്റെ ക്ലബായ അത്‌ലറ്റികോ
മാഡ്രിഡും യൂറോ കപ്പിൽ ഫ്രാൻസും, ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പക്ഷത്തോട്
അടിയറവ് പറയുകയായിരുന്നു. ഈ മത്സരങ്ങളിലെല്ലാം വിജയപക്ഷത്ത് നിന്ന
റൊണാൾഡോയ്ക്ക് ലഭിച്ച പുരസ്‌കാരം നീതിപൂർവമെന്ന് തന്നെ വിലയിരുത്താം.
2008, 2013, 2014 വർഷങ്ങളിൽ ബാലൺ ഡിയോർ പുരസ്‌കാരം ഏറ്റുവാങ്ങിയ റൊണാൾഡോ 31-ആം വയസിലും സുവർണപന്ത് പുരസ്‌കാരത്തിൽ മുത്തമിടുമ്പോൾ അത് പുതിയൊരു യൂറോപ്യൻ ചരിത്രം കൂടിയാണ്.

മൂന്നു തവണ വീതം ബാലൺ ഡിയോർ പുരസ്‌കാരം നേടിയ
മിഷേൽ പ്ലാറ്റിനിക്കും യോഹാൻ ക്രൈഫിനും മാർകോ വാൻ ബാസ്റ്റനും രണ്ടു തവണ
പുരസ്‌കാരം നേടിയ ഫ്രാൻസ് ബെക്കൻബോവർക്കും മീതെ നാലാം പുരസ്‌കാരവുമായി യൂറോപ്യൻ ചരിത്രത്തിൽ ഒരാൾ ഇടം നേടിയിരിക്കുന്നു. ഏറ്റവും മികച്ച യൂറോപ്യൻ താരം ആരെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ മേൽപ്പറഞ്ഞ മഹാൻമാരുടെ ഗണത്തിലേക്ക് ഈ പോർച്ചുഗൽ താരത്തെയും ഇനി
പരിഗണിക്കേണ്ടിവരുമെന്ന് ഉറപ്പ്.

Story by