നജീബിനെ കാണാതായിട്ട് 60 ദിവസം: നഫീസ് ഇപ്പോഴും കാത്തിരിക്കുകയാണ്, മകന്റെ ഒരു ഫോണ്‍വിളിക്കായി

' ഇപ്പോള്‍ നജിബിനെ കാണാതായി. എന്നാല്‍ അവന്റെ സ്ഥാനത്തു നാളെ മറ്റാരെങ്കിലും ആവാം. ഒരുപക്ഷേ, ഈ യൂണിവേഴ്‌സിറ്റിക്ക് ഒരു നല്ല പേരും പ്രതാപവും ഉണ്ടായിരിക്കാം. എന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ സുരക്ഷിതമായി പഠിക്കാനാവുന്നില്ല. അതാണ് ഏറ്റവും വലിയ മാനക്കേട്'- നഫീസ് പറയുന്നു

നജീബിനെ കാണാതായിട്ട് 60 ദിവസം: നഫീസ് ഇപ്പോഴും കാത്തിരിക്കുകയാണ്, മകന്റെ ഒരു ഫോണ്‍വിളിക്കായി

മരംകോച്ചുന്ന തണുപ്പിനേയും അധികൃതരുടെ അവഗണനയേയും മാനിക്കാതെ നഫീസ് ഇപ്പോഴും ഇവിടെ കാത്തിരിക്കുകയാണ്. മകന്റെ ഒരു ഫോണ്‍ വിളിക്കായി. 'എപ്പോഴെങ്കിലും അവന്‍ എന്നെ വിളിക്കും. ഞാന്‍ അവനുമായി വാതോരാതെ സംസാരിക്കും. പിന്നെയവന്‍ ഇവിടെയെയത്തിയ ശേഷം ഞങ്ങളൊരുമിച്ചു വീട്ടിലേക്കു പോവും. എന്നന്നേക്കുമായി ജെഎന്‍യുവില്‍ നിന്നും വിടപറയുകയും ചെയ്യും.' നജീബിന്റെ ഉമ്മ ഫാത്തിമ നഫീസ് ഇതു പറയുന്നതുവരെയും അവന്‍ തിരിച്ചെത്തിയിട്ടില്ല. എങ്കിലും ആ മാതാവ് പ്രതീക്ഷ കൈവിടുന്നില്ല.


ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ ഹോസ്റ്റലില്‍ നിന്ന് കാണാതായിട്ട് ഇന്നലെ അര്‍ധരാത്രിയോടെ 60 ദിവസം പിന്നിട്ടു. കേന്ദ്രസര്‍ക്കാരിനും പോലീസിലെ ഉന്നതര്‍ക്കും പലതവണ പരാതി നല്‍കിയിട്ടും നജീബിനെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. എബിവിപിക്കാരായ പ്രതികളെ സംരക്ഷിക്കാന്‍ കേസ് അന്വേഷണത്തില്‍ കനത്ത അലംഭാവമാണു പോലീസ് നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് രാജ്യത്തെ ഏറ്റവും പ്രമുഖ സര്‍വകലാശാലയില്‍ നിന്നും കാണാതായ ഒരു വിദ്യാര്‍ത്ഥിയെ രണ്ടുമാസമായിട്ടും കണ്ടെത്താനാവാത്തത്. യൂണിവേഴ്‌സിറ്റി അധികൃതരും സംഭവത്തില്‍ ആദ്യംമുതല്‍ തികഞ്ഞ ഉദാസീനതയാണ് കൈക്കൊണ്ടത്.

നജീബിന്റെ തിരോധാനത്തില്‍ സര്‍വ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഉണ്ടായത്. ഇത് ഇപ്പോഴും തുടരുന്നു. ഇവരോടൊപ്പം നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഉമ്മയും സഹോദരി സാദഫ് മുഷ്‌റഫും സഹോദരന്‍ മുജീബ് അഹമ്മദും ഇപ്പോഴും സമരത്തിലാണ്. ഇതിനിടെ കോടതിയുടെ നിരവധി ഹിയറിങ്ങിനാണ് നഫീസ് ഹാജരായത്. അതേസമയം, 12 വയസ്സുകാരിയായ നജീബിന്റെ ഇളയ സഹോദരിയും പഠനം താല്‍ക്കാലികമായി നിര്‍ത്തി സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

ഇതിനിടെ നജീബിനെ അലിഗഡില്‍ കണ്ടതായും, അതല്ല അവന്‍ മരിച്ചെന്നുമൊയുള്ള അഭ്യൂഹങ്ങള്‍ പരന്നെങ്കിലും തന്റെ മകന്‍ തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ തന്നെയാണ് മാതാവ് നഫീസ. 'ഒക്ടോബര്‍ 15ലെ അതേ അവസ്ഥ തന്നെയാണ് ഇന്നും. അന്നുതന്നെ യൂണിവേഴ്‌സിറ്റിയും പോലീസും വേണ്ട രീതിയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഈ ഗതി വരില്ലായിരുന്നു. പക്ഷേ ഞങ്ങളെ കേള്‍ക്കാന്‍ അധികൃതരാരും തയ്യാറാവുന്നില്ല' നഫീസ് പറയുന്നു. ' ഇപ്പോള്‍ നജിബിനെ കാണാതായി. എന്നാല്‍ അവന്റെ സ്ഥാനത്തു നാളെ മറ്റാരെങ്കിലും ആവാം. ഒരുപക്ഷേ, ഈ യൂണിവേഴ്‌സിറ്റിക്ക് ഒരു നല്ല പേരും പ്രതാപവും ഉണ്ടായിരിക്കാം. എന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ സുരക്ഷിതമായി പഠിക്കാനാവുന്നില്ല. അതാണ് ഏറ്റവും വലിയ മാനക്കേട്'. അവര്‍ ചൂണ്ടിക്കാട്ടി.

കാണാതായ മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്ക് നഫീസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്ന് അവസാന ആശ്രയമെന്ന നിലയ്ക്ക് അവര്‍ ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചു. കഴിഞ്ഞമാസം അവസാനമായിരുന്നു ഇത്. കേസ് അന്വേഷണത്തില്‍ അലംഭാവം കാണിക്കുന്ന പോലീസിനെ കോടതി കടുത്തഭാഷയിലാണ് അന്നു കോടതി വിമര്‍ശിച്ചത്.

'ഇത് രാജ്യത്തിന്റെ തലസ്ഥാനവും ഹൃദയവുമാണ്. ആരെയും ഇവിടെനിന്ന് പെട്ടെന്നങ്ങനെ കാണാതാവാന്‍ പാടില്ല. അത് ജനങ്ങളുടെ സുരക്ഷിതത്വമില്ലായ്മയുടെ തെളിവാണ്. ഇപ്പോള്‍ നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിരിക്കുന്നു. ഒരാളെ കാണാതായതിന് 45 ദിവസമെന്നത് ഒരു വലിയ കാലയളവാണ്. അതിനാല്‍ ഉടനടി എല്ലാ സജ്ജീകരണങ്ങളും ഉപയോഗിച്ച് നജീബിനെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണം' കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഇന്നും ഈ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ മാസം 14ന് അര്‍ധരാത്രിയാണ് കോളജ് ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതായത്. ഉത്തര്‍പ്രദേശിലെ ബദാവുന്‍ സ്വദേശിയും എം.എസ് സി ബയോടെക്‌നോളജി ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ നജീബ് കോളേജിന്റെ മഹി-മാണ്ഡവി ഹോസ്റ്റലിലെ 106-ാം മുറിയിലായിരുന്നു താമസിച്ചിരുന്നത്. ചില എബിവിപി പ്രവര്‍ത്തകര്‍ അന്ന് നജീബിനെ ഹോസ്റ്റലിലെത്തി മര്‍ദ്ദിച്ചിരുന്നു. അന്നുരാത്രിയോടെ നജീബിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകന്‍ വിക്രാന്ത് കുമാര്‍ നജീബിനെ മര്‍ദ്ദിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, മറ്റുള്ളവരുടെ പേരുകളൊന്നും അന്വേഷണത്തില്‍ പുറത്തുവന്നിട്ടില്ല.

ഇതിനിടെ, എബിവിപി പ്രവര്‍ത്തകനായ വിക്രാന്ത് ഹോസ്റ്റല്‍ മുറിയിലെത്തി നജീബുമായി വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ഇയാള്‍ മറ്റു എബിവിപി പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയും നജീബിനെ മര്‍ദ്ദിക്കുകയായിരുന്നെന്നും സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡേ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥികളും നജീബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, നജീബിനെ കണ്ടെത്തുന്നതിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹി പോലീസ് അഡീഷണല്‍ ഡിസിപി മനിഷി ചന്ദ്ര തലവനായ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരുന്നു. എന്നാല്‍ ആ അന്വേഷണം പരാജയമായിരുന്നു. പിന്നീട് അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചെങ്കിലും ഇതുവരെയും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.

Read More >>