ആശുപത്രിയിൽ അടയ്ക്കാൻ പണംമാറാനാവാതെ പിതാവു മരിച്ച വിവരം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവാവിന് 'രാജ്യസ്‌നേഹികളുടെ' തെറിവിളി; ഭീരുവല്ലെന്ന് ശ്രീജിത്

നൂറ്റമ്പതോളം രാജ്യ സ്‌നേഹികളാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു ശേഷം ശ്രീജിത്തിനെ ഇന്‍ബോക്‌സില്‍ തെറിവിളിച്ചത്. വ്യാജ വാര്‍ത്തയാണിതെന്നും പിതാവു മരിച്ച കാര്യം പോസ്റ്റിടുന്ന അല്‍പനാണു ശ്രീജിത്തെന്നുമാണു മോദി അനുകൂലികളുടെ പ്രതികരണം.

ആശുപത്രിയിൽ അടയ്ക്കാൻ പണംമാറാനാവാതെ പിതാവു മരിച്ച വിവരം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവാവിന്

കൊച്ചി: വിദഗ്ദ്ധ ചികിത്സ  ലഭ്യമാക്കാന്‍ പണം മാറാന്‍ കഴിയാതെ പിതാവ് മരണപ്പെട്ടതുമായി ബന്ധപ്പെട്ട വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് 'രാജ്യസ്‌നേഹികളുടെ' തെറിയഭിഷേകം. കൊല്ലം സ്വദേശി ശ്രീജിത് കുഞ്ഞച്ചന്‍ എന്ന യുവാവിനെയാണ് സംഘ പ്രവര്‍ത്തകര്‍ വേട്ടയാടുന്നത്. ഇക്കാര്യം കാണിച്ച് ശ്രീജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. നൂറ്റമ്പതോളം പേര്‍ ഫേസ്ബുക്ക് ഇന്‍ബോക്‌സിലേക്ക് തന്നെയും മരിച്ചു പോയ പിതാവിനേയും തെറി വിളിച്ച് മെസേജ് ചെയ്തുവെന്ന് ശ്രീജിത് പറഞ്ഞു. മറ്റു ചിലര്‍ പരസ്യമായി 'സഭ്യമായി' പ്രതികരിച്ചു. ഒരു പരിചയവുമില്ലാത്ത ആളിന്റെ വീട്ടിലേക്ക് കയറി മലവിസര്‍ജനം നടത്തുന്ന ഇത്തരക്കാര്‍ അവരുടെ രാജ്യ സേവനം തുടര്‍ന്നുകൊണ്ടിരിക്കണം. പിതാവ് തന്നെ ഭീരുവായിട്ടല്ല, ചങ്കുറപ്പുള്ള മനുഷ്യനായിട്ടാണ് വളര്‍ത്തിയതെന്നും ശ്രീജിത് പറയുന്നു.


ശ്രീജിത്തിന്റെ എഫ്ബി പോസ്റ്റ്
എന്റെ പിതാവിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നേരിട്ടും അല്ലാതെയും എന്റെ കുടുംബത്തെ സമാശ്വസിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി അറിയിക്കുന്നു. അവസാനം വരെ ഒരു കൈത്താങ്ങായി കൂടെ നിന്ന സഹോദര തുല്യരായ ഡോക്ടേര്‍സിനും, നന്ദി. എന്നെ നേരിട്ടറിയുന്ന എല്ലാവര്‍ക്കും എന്റെ അച്ഛന്‍ എനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നെന്ന് അറിയാമല്ലോ.

ഒരു സാമൂഹ്യ വിഷയം കൂടി ആയത് കൊണ്ടാണ് ഞാന്‍ ഫേസ്ബുക്കില്‍ അങ്ങനെ കുറിച്ചത്. അത് വ്യക്തിപരമായി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു.

പിന്നെ മോനേ എന്ന് ദ്വയാര്‍ത്ഥത്തില്‍ വിളിച്ച ആളുകളോട്, ഞാന്‍ ചെറിയ കുട്ടിയല്ല. രണ്ട് ആണ്‍കുട്ടികളുടെ പിതാവാണ്. അത് കൊണ്ട് പിതൃ പുത്ര ബന്ധമൊന്നും നിങ്ങള്‍ പഠിപ്പിക്കണമെന്നില്ല. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ജവാന്‍മാരായ സുഹൃത്തുക്കളാണ് ആദ്യം വിളിച്ചത്, അതു കൊണ്ട് രാജ്യസ്‌നേഹവും. ഏതാണ്ട് നൂറ്റി അന്‍പതോളം പേരാണ് കേട്ടാലറയ്ക്കുന്ന ഭാഷയില്‍ എന്നേയും എന്റെ പിതാവിനേയും തെറി വിളിച്ചു കൊണ്ട് മെസ്സേജ് അയച്ചിരിക്കുന്നത്. പലരും പരസ്യമായി അവരവരെക്കൊണ്ട് പറ്റുന്ന രീതിയില്‍ 'സഭ്യമായി' പ്രതികരിച്ചവര്‍.

പക്ഷേ ആശ്വസിപ്പിച്ചവര്‍ ആയിരങ്ങള്‍ വരും, അതിലാണെന്റെ പ്രതീക്ഷ. ഒരു പരിചയവുമില്ലാത്ത ആളിന്റെ വീട്ടിലേക്ക് കടന്നു കയറി മലവിസര്‍ജ്ജനം നടത്തുന്ന ഇത്തരക്കാര്‍, അവരുടെ സേവനം തുടര്‍ന്നു കൊണ്ടേയിരിക്കുക... രാജ്യം പുരോഗമിക്കട്ടെ. സാമ്പിള്‍ ആയി ഒരു മെസേജ് ഞാന്‍ കാണിക്കുന്നു. മറ്റൊന്നിനുമല്ല... എന്റെ പിതാവ് എന്നെ ചങ്കുറപ്പുള്ള ഒരു മനുഷ്യനായാണ് വളര്‍ത്തിയത്, ഭീരുവായല്ല. എല്ലാ വിശദീകരണങ്ങളും നിര്‍ത്തുന്നു. അല്‍പ്പകാലത്തേക്ക് എല്ലാത്തില്‍ നിന്നും വിട. ചെയ്തു തീര്‍ക്കാന്‍ ഒരുപാടു ജോലികള്‍ ബാക്കിയുണ്ട്. അനുശോചനങ്ങള്‍ അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

കഴിഞ്ഞ ആഴ്ച മുതല്‍ ശ്രീജിത്തിന്റെ പിതാവ് കൊല്ലത്തെ ഒരു സ്വകര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി മറ്റൊരിടത്തേക്ക് മാറ്റണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ തന്നെയാണ് ശ്രീജിത്തിനോട് പറഞ്ഞത്. ഇതിനായി പണം മാറാന്‍ പോയ ശ്രീജിത്തിനും സഹോദരിക്കും വിലപ്പെട്ട മൂന്നോളം മണിക്കൂറുകളാണ് നഷ്ടപ്പെട്ടത്. മറ്റൊരു അശുപത്രിയിലേക്ക് മാറ്റും മുമ്പേ പിതാവ് മരിച്ചു. ഇതേ തുടര്‍ന്നായിരുന്നു ശ്രീജിത്ത് പോസ്റ്റിട്ടത്.നോട്ടു ക്ഷാമവും ഭരണ പരിഷ്‌കാരവും ചര്‍ച്ച ചെയ്തിരുന്ന സോഷ്യല്‍ മീഡിയ ശ്രീജിത്തിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി. ഇതേ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയിലെ സംഘ അനുകൂലികള്‍ കേട്ടാലറയ്ക്കുന്ന തെറിവിളികളുമായി ശ്രീജിത്തിന്റെ ഇന്‍ബോക്‌സ് നിറയ്ക്കാന്‍ തുടങ്ങിയത്.

Read More >>