അന്യായമായി പിരിച്ചുവിടൽ; ഐ ടി കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി അപര്‍ണ പ്രഭ

നോട്ടീസോ ടെര്‍മിനേഷന്‍ ലെറ്ററോ ഇല്ലാതെയാണ് അന്യായമായി പിരിച്ചു വിടുന്നതെന്ന് അപര്‍ണ നാരദ ന്യൂസിനോട് പറഞ്ഞു.

അന്യായമായി പിരിച്ചുവിടൽ; ഐ ടി കമ്പനിക്കെതിരെ നിയമനടപടിക്കൊരുങ്ങി അപര്‍ണ പ്രഭ

കോഴിക്കോട്: ഐടി സ്ഥാപനത്തില്‍ നിന്നു പിരിച്ചുവിടല്‍ നടപടി നേരിടുന്ന യുവതി നിയമ നടപടിക്കൊരുങ്ങുന്നു.  നാദാപുരം വളയം സ്വദേശിയും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമായ അപര്‍ണ പ്രഭയാണ് നിയമ നടപടിക്കൊരുങ്ങുന്നത്.

കോഴിക്കോട് മുക്കം എന്‍ഐടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിറ്റ്ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സ് എന്ന ഐടി സ്ഥാപനത്തിലെ സോഫ്റ്റ് വെയര്‍ ഡയവലപ്പ് മെന്റ് വിഭാഗം ടീം ലീഡറായിരുന്നു അപര്‍ണ പ്രഭ. രണ്ടു വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ച അപര്‍ണ്ണയുടെ പ്രവർത്തന മികവിനെ തുടർന്ന് ഒരുവര്‍ഷം മുമ്പ് ടീം ലീഡറാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രകടനം മോശമാണെന്നു കാണിച്ചാണ് കമ്പനി കത്തു നൽകിയിരിക്കുന്നത്.


സ്ഥാപനം യാതൊരു നോട്ടീസോ ടെര്‍മിനേഷന്‍ ലെറ്ററോ ഇല്ലാതെയാണ് അന്യായമായി പിരിച്ചു വിടുന്നതെന്ന് അപര്‍ണ നാരദ ന്യൂസിനോട് പറഞ്ഞു.

അപര്‍ണയെ പിരിച്ചുവിട്ടില്ലെന്നും ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കാത്തതിനാല്‍ താക്കീത് ചെയ്തു  കൊണ്ട് കത്തു  നല്‍കുകയാണുണ്ടായതെന്ന് ഇന്‍ഫിനിറ്റ് ഓപ്പണ്‍ സോഴ്‌സ് സൊല്യൂഷന്‍സ് ഉടമകളിലൊരാളായ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. 90 ദിവസത്തിന്റെ ഒരു പ്രൊജക്ട് കിട്ടിയിരുന്നു. ഇത് 115 ദിവസത്തിനകം തീര്‍ക്കാമെന്ന് ബാംഗ്ലൂരില്‍ നിന്നുള്ള ഉപഭോക്താവിന് മുന്നില്‍ വച്ചു  അപര്‍ണ ഉറപ്പു നല്‍കിയതായിരുന്നു. എന്നാല്‍ ഒന്നര മാസം പിന്നിട്ടപ്പോള്‍ സമ്മര്‍ദ്ദം സഹിച്ച് പൂര്‍ത്തിയാക്കാന്‍ പറ്റില്ലെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജിവെച്ച് പോകാന്‍ ആവശ്യപ്പെട്ടതെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു.