നോട്ട് ദുരന്തം: ഒന്നിച്ചു പോരാടാന്‍ കേരളത്തിലെ യുവജന സംഘടനകള്‍

നോട്ട് അസാധുവായതിനെ തുടര്‍ന്നു ദുരിതത്തിലായ ജനങ്ങള്‍ക്കായി സംയുക്ത സമരത്തിനു തയ്യാറെന്ന് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികളിലെ യുവജനസംഘടനകള്‍. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, എഐവൈഎഫ് എന്നിവ സംയുക്ത സമരം ചെയ്യുന്നത് രാജ്യത്താകെയുള്ള പ്രതിഷേധത്തിന് മാതൃകയാകും.

നോട്ട് ദുരന്തം: ഒന്നിച്ചു പോരാടാന്‍ കേരളത്തിലെ യുവജന സംഘടനകള്‍

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് വേണ്ടി ഒരുമിച്ച് നിന്ന് പോരാടാനും തയ്യാറാണെന്ന് കേരളത്തിലെ യുവജന പ്രസ്ഥാനങ്ങള്‍. ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യൂത്ത്‌കോണ്‍ഗ്രസ് എന്നിവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാധാരണക്കാരനെ വലയ്ക്കുന്ന പരിഷ്‌കാരത്തിനെതിരെ നിലപാടറിയിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവര്‍ മോദിയുടെ 'തുഗ്ലക് പരിഷ്‌ക്കാര'ത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ തയ്യാറെന്ന് 'നാരദ'യോട് പറഞ്ഞു

ഡീന്‍ കുര്യാക്കോസ്
യൂത്ത് കോണ്‍ഗ്രസ്


deen-kuriyakkoseകള്ളപ്പണം തടഞ്ഞു നിര്‍ത്താന്‍ ഗവണ്‍മെന്റൊരു സ്റ്റെപ്പെടുക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുന്നു, പക്ഷെ അത് സാധാരണക്കാരനെ ബുദ്ധിമൂട്ടിക്കാതെ, കഷ്ടപ്പെടുത്താതെ നടപ്പിലാക്കണമായിരുന്നു എന്ന നിലപാട് ഞങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. ഗവണ്‍മെന്റിന്റെ ബാവന തുല്യമായ നടപടികൊണ്ടാണ് ജനംവലഞ്ഞത്. കേരളത്തില് ഈ വിഷയം രാഷ്ട്രീയ പ്രേരിതമായി തന്നെ ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കാരണം കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് നോട്ടുകള്‍ സ്വീകരിക്കാനും ചില്ലറ മാറി നല്‍കാനും കഴിയില്ല എന്ന് കഴിഞ്ഞ ദിവസം സര്‍ക്കുലര്‍ വന്നതോടെ രാഷ്ട്രീയനിറം വന്നുവെന്ന് വേണം കരുതാന്‍. സഹകരണ മേഖലയില്‍ കേരളമാണ് മുന്നിട്ടു നില്‍ക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക രംഗത്ത് നിര്‍ണ്ണായക ഇടപെടല്‍ നടത്തുന്ന സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമായിട്ട് വേണം കരുതാന്‍. അതുപോലെ തന്നെ ജനങ്ങളുടെ ബുദ്ധിമൂട്ട് പരിഹരിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈ എടുക്കാത്തിടത്തോളം കാലം സമരപരിപാടികളുമായി മുന്നോട്ട് പോകും. സമരം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് മറ്റു യുവജന പ്രസ്ഥാനങ്ങളായ ഡിവൈഎഫ് യും എഐവൈഎഫ് എന്നിവരുമായി യോജിച്ച് സമരം ചെയ്യുന്നതിനും യൂത്ത് കോണ്‍ഗ്രസ് തയ്യാറെണെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

എഎന്‍. ഷംസീര്‍
ഡിവൈഎഫ്‌ഐ


an-shamseerഎന്തിനാണൊ ഇവരിത് ചെയ്യുന്നത് ആ ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. ഒന്ന് കള്ളപ്പണക്കാരെ പിടിക്കുക, രണ്ട് കള്ളപ്പണം ഇല്ലാതാക്കുക. കള്ളപ്പണം ഉണ്ടാക്കാനാറിയുന്ന ബുദ്ധിമാന്‍മാര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാനും അറിയാം. രണ്ടാമത്തെ കാര്യം കള്ളപ്പണം മൗറീഷ്യസ് സ്യൂട്ടിലാണ്. ഹേയ്മന്‍ അയലന്‍ഡിലും പനാമയിലും സിങ്കപ്പൂരിലും ലണ്ടനിലുമൊക്കെയാണ് ഈ രാജ്യത്തെ കള്ളപ്പണക്കാര്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവര്‍ ചെയ്യേണ്ടത് ഡബിള്‍ ടാക്‌സേഷന്‍ അവോയിഡന്‍സ് എഗ്രിമെന്റ് ഒഴിവാക്കുകയും എന്നിട്ട് മൗറീഷ്യസില്‍ കച്ചവടം ചെയ്യുന്നവന്‍ ഇവിടെയും ടാക്‌സ് കൊടുക്കണമെന്ന അവസ്ഥ ഉണ്ടാക്കുകയുമാണ്. രഘു റാം രാജന്‍ പറഞ്ഞപോലെ ബാങ്കിലെ ലോണ്‍ തിരിച്ചടക്കാത്തവരുടെ ലിസ്റ്റ് ഇവര്‍ പുറത്തുവിടട്ടെ. ഇതൊക്കെയാണ് കള്ളപ്പണം കണ്ടെത്താനുള്ള മാര്‍ഗം.

കള്ളനോട്ടിന്റെ കാര്യത്തിലാണെങ്കില്‍, നമ്മളുടെ ഒരു വര്‍ഷത്തെ സാമ്പത്തിക ഇടപാടിന്റെ .02 ശതമാനം മാത്രമാണ് കള്ളനോട്ടുകള്‍ ഉള്ളത്. 2015 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് സ്റ്റാറ്റിറ്റിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നതാണ്. പ്രതിവര്‍ഷം ഇറങ്ങുന്നത് 70 കോടി രൂപയുടെ കള്ളനോട്ടാണ് ഇറങ്ങുന്നത്. ഒരു വര്‍ഷത്തെ ഇടാപാടുകള്‍ പതിനാറ് ലക്ഷം കോടി രൂപയോളം വരും. ഇതില്‍ പതിനാല് ലക്ഷം കോടി രൂപയുടേതും അഞ്ഞൂറും ആയിരം നോട്ടുകള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. എണ്‍പത്താറു ശതമാനത്തോളം വരുന്നത് അഞ്ഞൂറും ആയിരം നോട്ടുകളാണ്. ബാക്കി പതിനാല് ശതമാനം മാത്രമെ 100, 50, 10, 20 രൂപയുടെ നോട്ടുകളുള്ളു.

ഇവര് ആവശ്യമായ രീതിയില്‍ അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ അച്ചടിച്ച് തയ്യാറാക്കിയിട്ടാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെങ്കില്‍ നമുക്ക് കുറ്റം പറയാനികില്ലായിരുന്നു. ഇപ്പോള്‍ ജനങ്ങള്‍ മണിക്കൂറുകളോളം ക്യൂവിലാണ്. അമിതാഭ് ബച്ചനൊക്കെ സ്വാഗതം ചെയ്യാം. കാരണം അയാള്‍ക്ക് പ്രശ്‌നം വരുന്നില്ല. ഇത് നാട്ടില് കൂലിപ്പണിയെടുക്കുന്ന സാധാരണക്കാരനെയാണ് ബാധിക്കുന്നത്. ഈ വിഷയത്തില്‍ മറ്റു യുവജന സംഘടനകളായ യൂത്ത് കോണ്‍ഗ്രസിനോടും എഐവൈഎഫിനോടുമൊന്നും അഭിപ്രായ വ്യത്യാസങ്ങളില്ലല്ലോ. ഇക്കാര്യത്തില്‍ അവരോട് യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വിരോധമില്ല.

മഹേഷ് കക്കത്ത്
എഐവൈഎഫ്


mahesh-kakkathരാജ്യത്തെ ജനങ്ങളെ പരമാവധി ദ്രോഹിക്കുക എന്നതാണ് നോട്ട് നിരോധനത്തിലൂടെ ബിജെപി ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. കള്ളപ്പണക്കാരെ പിടികൂടുക എന്നതിനു വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത് എന്ന പ്രഖ്യാപനമൊക്കെയാണ് നടത്തിയത്. എന്നാല്‍ ആദ്യം തന്നെ കള്ളപ്പണക്കാര്‍ക്ക് ബിജെപിക്കാര്‍ തന്നെ വിവരം കൊടുക്കുകയും അവര്‍ പണം വെളുപ്പിക്കുകയും ചെയ്തു.സാധാരണ മനുഷ്യര്‍ ബാങ്ക് ക്യൂവില്‍ നിന്ന് കഷ്ടപ്പെടുകയാണ് എന്നതാണ് നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം രാജ്യത്ത് നടക്കണം. ബിജെപി സര്‍ക്കാരിന്റെ കപട രഷ്ട്രീയം തുറന്നു കാണിച്ചുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികളുമായി എഐവൈഎഫും രംഗത്തുണ്ട്. ഈ വിഷയത്തിനകത്ത് യോജിക്കാന്‍ പറ്റുന്ന സമാന സംഘടകളോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് എഐവൈഎഫ് തയ്യാറാണ്. പിടിക്കേണ്ടത് കള്ളപ്പണക്കാരെയാണ്, കഷ്ടപ്പെടുത്തേണ്ടത് പാവങ്ങളെയല്ലാ എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും ഞങ്ങള്‍ മാര്‍ച്ച് നടത്തുണ്ട്.

Read More >>