'തീവ്രവാദികളു'മായും യോജിക്കാം; കാന്തപുരത്തോട് കോംപ്രമൈസില്ല: യൂത്ത് ലീഗിൽ നിലപാടു മാറ്റം

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ എല്ലാ ഇസ്ലാമിക സംഘടനകളെയും ഒപ്പംകൂട്ടുകയെന്നാണ് യുക്തിയെന്നാണ് യൂത്ത് ലീഗില്‍ ഉയരുന്ന ചർച്ച. എന്നാൽ കാന്തപുരം വിഭാഗത്തോടുള്ള നിലപാടിൽ അയവില്ല.

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ നേരിടാൻ ജമാഅത്തെ ഇസ്ലാമിയെയും പോപ്പുലർ ഫ്രണ്ടിനെയും കൂടെ നിർത്താൻ മുസ്ലിം യൂത്ത് ലീഗിൽ ആലോചന. തീവ്രവാദികളെന്ന പേരിൽ യൂത്ത് ലീഗ് അകറ്റിനിർത്തുന്ന സംഘടനകളാണിവ. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സംസ്ഥാനകൗണ്‍സില്‍ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.

ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സാഹചര്യമാണെന്നാണ് യൂത്ത് ലീഗിന്റെ വിലയിരുത്തൽ. അതിൽ എല്ലാ ഇസ്ലാമിക സംഘടനകളെയും ഒപ്പംകൂട്ടുകയെന്നാണ് യുക്തിയെന്നാണ് യൂത്ത് ലീഗില്‍ ഉയരുന്ന ചർച്ച. എന്നാൽ കാന്തപുരം വിഭാഗത്തോടുള്ള നിലപാട് കര്‍ക്കശമാക്കാന്‍ തന്നെയാണ് ആലോചന.


ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ മുസ്ലിംലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ എ.പി. വിഭാഗം സുന്നി, ഐഎന്‍എല്‍ എന്നിവയൊഴികെ പത്തോളം മുസ്ലിം സംഘടനകള്‍ പങ്കെടുത്തിരുന്നു.ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ മാതൃസംഘനയുടെ നിലപാടില്‍ നിന്ന് അണുവിട മാറാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനാണ് യൂത്ത് ലീഗ് തീരുമാനം.

കേന്ദ്ര സര്‍ക്കാറിനും സംഘ്പരിവാറിനുമെതിരെ മുസ്ലിം സംഘടനകളുടെ ഒറ്റ പ്ലാറ്റ്ഫോം. അതാണ് ലക്ഷ്യം. പിണറായി സര്‍ക്കാറിനെതിരെയും ഇതേ പ്ലാറ്റ്ഫോമാണ് യൂത്ത് ലീഗ് ഭാവനയിൽ കാണുന്നത്.

പി കെ ഫിറോസിനെപ്പോലുള്ളവർ ജമാഅത്തെ ഇസ്ലാമിയോടും പോപ്പുലര്‍ ഫ്രണ്ടിനോടും മൃദുസമീപനം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാന കൗണ്‍സിലില്‍ സ്വീകരിക്കുക. കുറ്റ്യാടി, കണ്ണൂര്‍ ഭാഗങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടും ലീഗും നേരിട്ട് ഏറ്റുമുട്ടുന്നത് ഇവർ വാദമാക്കും. എന്നാൽ നാദാപുരം, വടകര പ്രദേശങ്ങളില്‍ ഇരുസംഘടനകളും പലപ്പോഴും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നത് മറുവാദത്തിന് ശക്തി പകരുന്നു.

ജമാഅത്തെ ഇസ്ലാമിയുമായി എല്ലാ തലത്തിലും ലീഗിന് ആശയസംഘട്ടനമുണ്ട്. അതിനാൽ ജമാഅത്തിനെ തുറന്ന് കൂടെക്കൂട്ടൽ പ്രായോഗികമല്ല. കടുത്ത വിമര്‍ശനങ്ങള്‍ തല്‍ക്കാലം ഒഴിവാക്കിയാവും മുന്നോട്ടുപോകുക.

തീവ്രനിലപാടിലേക്ക് ഒരിക്കലും നീങ്ങരുതെന്നാണ് പൊതു നിലപാട്. മുസ്ലിംലീഗിന്റെ വാലായി നില്‍ക്കുന്നതിനപ്പുറം ചില വേളകളില്‍ യൂത്ത് ലീഗ് സ്വതന്ത്ര നിലപാട് എടുക്കാറുണ്ടായിരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച പി കെ ഫിറോസിന്റെ ലേഖനവും ഐഎസ് വിഷയത്തില്‍ സലഫിസത്തെയും വാഹാബിസത്തെയും കുറിച്ചുള്ള കെ എം ഷാജി എംഎല്‍എയുടെ നിലപാടുമൊക്കെ അത്തരത്തിലുള്ളതായിരുന്നു. ഇത്തരം കാര്യങ്ങളില്‍ സ്വതന്ത്രമായ നിലപാട് ആവശ്യമെങ്കില്‍ സ്വീകരിക്കാമെങ്കിലും അത് ഇതര മുസ്ലിംസംഘടനകളെ കടന്നാക്രമിച്ചവരുതെന്നാണ് പൊതുധാരണ.

Read More >>