രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍: വയസ് 12

കുറ്റകൃത്യം എന്നതിനപ്പുറം 17കാരിയിലൂടെ 12കാരന്‍ അച്ഛനായ സംഭവം സവിശേഷ സംഭവം എന്ന നിലയില്‍ പരിഗണിക്കേണ്ടി വരും. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനല്ലേ കേരളത്തില്‍ പിറന്നിരിക്കുന്നതെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. ലോകത്ത് സമാനമായ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഒൻപതു വയസുകാരനാണ് ലോകത്തിലേറ്റം പ്രായം കുറഞ്ഞ അച്ഛന്‍

രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍: വയസ് 12

എറണാകുളത്തു 12 വയസുകാരന്‍ അച്ഛനായത് സവിശേഷ സംഭവം. കൗമാരക്കാരി പ്രസവിച്ചതില്‍ ബാലനെതിരെ കേസെടുത്ത കുറ്റകൃത്യം മാത്രമായി ചുരുക്കാനാവില്ല. രാജ്യത്തെ പ്രായം കുറഞ്ഞ അച്ഛന്‍ കേരളത്തില്‍ പിറന്നതിനെ അതേ പ്രത്യേകതയോടെ കാണേണ്ടി വരും.

എന്നാല്‍ കേന്ദ്ര- സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പുകളൊന്നും ഈ 'വിശേഷം' ശ്രദ്ധിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാവട്ടെ നവജാത ശിശുവിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനുള്ള തിരക്കിലാണ്. അച്ഛനാകേണ്ടി വന്ന 12 വയസുകാരനെ പരിഗണിക്കാന്‍ കഴിഞ്ഞിട്ടില്ല. 17 വയസില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായാണ് പ്രസവിച്ചത്. അതില്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ പരിരക്ഷ വേണ്ടി വരില്ല.


1910ല്‍ ചൈനയില്‍ ഒൻപതു വയസുകാരന് എട്ടു വയസുകാരിയില്‍ കുട്ടിയുണ്ടായതാണ് ലോകത്തു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനും അമ്മയും. ഈ അച്ഛനാണ് ആധുനിക ലോകത്തിലെ ഏറ്റവും കുഞ്ഞ് അച്ഛൻ.

ന്യൂസിലന്റില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ 36 വയസുകാരി മകന്റെ കൂട്ടുകാരനെ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയതിലൂടെ ഗര്‍ഭിണിയായ സംഭവമുണ്ട്. കുട്ടിക്കു 11 വയസാണു പ്രായം. സംഭവത്തില്‍ യുവതി ശിക്ഷിക്കപ്പെട്ടു.

കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കുഞ്ഞച്ഛന്റെ പ്രായത്തില്‍ സിംബാബ്‌വേയിലും റഷ്യയിലും അച്ഛന്മാരുണ്ട്. സിംബാബ്‌വേയില്‍ കല്യാണ പാര്‍ട്ടിക്കിടെ കുട്ടികള്‍ ഒളിച്ചു കളിക്കുന്നതിനിടയില്‍ 10 വയസുകാരി ഗര്‍ഭിണിയായി. എന്നാല്‍ 12 വയസോളം പ്രായമുള്ള ആണ്‍കുട്ടി ആരാണെന്ന് കണ്ടെത്താനായില്ല.

റഷ്യയില്‍ 8 വയസുകാരി 13 വയസുകാരനില്‍ നിന്നാണ് അമ്മയായത്. പതിനാല്, പതിനഞ്ച് വയസുകളില്‍ അച്ഛൻമാരായ രണ്ട് ബ്രിട്ടീഷുകാർക്ക് ജീവിതത്തില്‍ സമാനമായ മറ്റൊരു അനുഭവം ഉണ്ടായി. അവരുടെ പെണ്‍മക്കള്‍ക്ക് അവർ പിതാക്കന്മാരായ പ്രായത്തില്‍ തന്നെ കുട്ടികളുണ്ടായി. അവരങ്ങനെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശൻമാരായി. ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശീ-മുത്തശ്ശന്മാരായി
ജയിംസ് ബോണ്ടടക്കം
സെലിബ്രിറ്റികളുമുണ്ട്. അവരുടെ മക്കള്‍ കുഞ്ഞുപ്രായത്തില്‍ മാതാപിതാക്കളായാണ് ആ  'സ്ഥാനം' നേടിക്കൊടുത്തത്.

ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ഇത്തരം സംഭവങ്ങളില്‍ ന്യൂസിലന്റിലാണ് മുതിര്‍ന്ന സ്ത്രീ ഗര്‍ഭിണിയായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സംഭവത്തിലും പെണ്‍കുട്ടിക്ക് ബാലനെക്കാള്‍ പ്രായക്കൂടുതലുണ്ട്.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനാണ് 12കാരന്‍ എന്നത് രേഖാപരമായി തെളിയിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാകേണ്ടി വരും. നിലവില്‍ ആദിത്യ എന്ന സോഫ്റ്റ് വെയർ എഞ്ചിനീയറാണ് ആദ്യത്തെ
'സിംഗിള്‍ ഡാഡി'
യായത്. അതാവട്ടെ ഒരു കുട്ടിയെ ദത്തെടുത്തും.

കേവലം കുറ്റകൃത്യം എന്ന നിലയില്‍ പോലീസാണ് കേസ് കൈകാര്യം ചെയ്യുന്നത്. ബാലനെതിരെ കേസെടുത്തത് ബാലിശമായ നടപടിയാണെന്ന് നിയമജ്ഞര്‍ പറയുന്നുമുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് നിലവിലുള്ള പോസ്‌കോ നിയമം അനുസരിച്ച് പീഡിപ്പിക്കപ്പെട്ടവരെന്ന നിലയിലുള്ള പരിഗണന ഇരു കുട്ടികള്‍ക്കും വേണ്ടി വരും. എന്നാല്‍ റേപ്പിന്റെ പരിധിയില്‍ പെടുത്തി നാശനഷ്ടം ഉണ്ടായത് പെണ്‍കുട്ടിക്കാണെന്ന അടിസ്ഥാനത്തിലാണ് ബാലനെതിരെ കേസ് എടുത്തിരിക്കുന്നത്. ഡിഎന്‍എ പരിശോധനയ്ക്ക് പോലീസ് കോടതിയുടെ അനുവാദവും തേടിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകും മുമ്പാണ് ഗര്‍ഭിണി ആയതെങ്കിലും പ്രസവിച്ചത് 18 വയസ് പൂര്‍ത്തിയായ ശേഷമാണ് എന്നിരിക്കെ അമ്മയുടെ അനുവാദമില്ലാതെ കുട്ടിയെ ദത്തെടുക്കല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റാന്‍ ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നീക്കം നടത്തുന്നതും ചോദ്യം ചെയ്യപ്പെടും.

രാജ്യത്തെ തന്നെ ആദ്യ സംഭവം എന്ന നിലയില്‍ സംഭവത്തെ അക്കാദമിക്കായും പ്രത്യേക പരിഗണനയോടും സമീപിക്കേണ്ടി വരും. ഇരുവരുടേയും മാനസിക നില പരിശോധിച്ച് മേല്‍ക്കൈ എടുത്തത് ആരാകുമെന്നത് അടക്കമുള്ള ശാസ്ത്രീയ പരിശോധനകളില്ലാതെ കേസ് ചാര്‍ജ് ചെയ്യണമെന്ന് ഈ രംഗത്തെ ഗവേഷകരും പറയുന്നു.

നിയമങ്ങളെ തന്നെ ചോദ്യം ചെയ്യുന്ന, പ്രതിയേത് വാദിയേത് എന്ന് പുസ്തകങ്ങളിലെ വകുപ്പുകള്‍ വെച്ചു മാത്രം തീര്‍പ്പു കല്‍പ്പിക്കാനാവാത്ത സംഭവങ്ങളുണ്ടാകുന്നത് നിയമത്തെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതും പരിഷ്‌ക്കരിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് - സാധാരണ നിലയിലുള്ള റേപ്പ്, പിഡന കേസിന്റെ വകുപ്പുകളിലൊതുക്കി ബാലനെ ജുവനൈല്‍ ഹോമില്‍ എത്തിച്ച് ചടങ്ങ് അവസാനിപ്പിക്കാനാണ് ബന്ധപ്പെട്ട എല്ലാവരുടേയും ധൃതി.

എന്തായാലും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛനായി കേരളത്തിലെ 12കാരന്‍ മാറുമെന്ന് ഉറപ്പ്. ശൈശവ വിവാഹങ്ങള്‍ ഉണ്ടായിരുന്ന കാലത്ത് ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന ഗര്‍ഭധാരണമാണിത്. ശൈശവ വിവാഹങ്ങള്‍ക്ക് കൂടുതലായി ഇരയാകുന്നത് പെണ്‍കുട്ടികളായതിനാല്‍ ഇത്രയും പ്രായം കുറഞ്ഞ അച്ഛനെ കണ്ടെത്തുക പ്രയാസമായിരിക്കും. ബാലനോട് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിട്ടില്ല. കുട്ടിയ്ക്ക് മാനസിക സമര്‍ദ്ദമുണ്ടാകുന്ന വിധത്തില്‍ പോലീസ് പെരുമാറിയിട്ടുമില്ല. എന്നാല്‍ ബാലന്റെ കാര്യം പോലീസ് കൈകാര്യം ചെയ്യേണ്ടത് മാത്രമാണെന്ന ബോധക്കുറവ് സാമൂഹ്യക്ഷേമ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടെന്ന് പറയാതെ വയ്യ.

കുറ്റകൃത്യമാകുമ്പോഴും സവിശേഷ സാഹചര്യങ്ങളെ പ്രത്യേകമായി പരിഗണിക്കാനുള്ള മികവ് വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകേണ്ടതുണ്ട്. പ്രായം കുറഞ്ഞ അച്ഛനാണോ 12 കാരനെന്ന് ഉറപ്പിച്ചു പറയേണ്ടത് കേന്ദ്ര- സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പുകളാണ്.