ലോകകപ്പ് യോഗ്യത: ജർമനിക്കും ഇംഗ്ലണ്ടിനും ഫ്രാൻസിനും ജയം

സാൻ മറീനോയെ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ജർമനി തകർത്തത്. ഗ്നാർബി ഹാട്രിക് നേടിയ കളിയിൽ ഹെക്ടർ രണ്ടും ഖെദീരയും വോളണ്ടും ഓരോ ഗോൾ വീതവും നേടി.

ലോകകപ്പ് യോഗ്യത: ജർമനിക്കും ഇംഗ്ലണ്ടിനും ഫ്രാൻസിനും ജയം

ലോകകപ്പ് യൂറോപ്യൻ യോഗ്യതാ റൗണ്ടിൽ ജർമനിക്കും ഇംഗ്ലണ്ടിനും ഫ്രാൻസിനും ചെക്ക് റിപബ്ലിക്കിനും ഡെൻമാർക്കിനും സ്ലൊവേനിയക്കും വടക്കൻ അയർലണ്ടിനും പോളണ്ടിനും സ്ലൊവേക്യയ്ക്കും ജയം.
സാൻ മറീനോയെ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ജർമനി തകർത്തത്. ഗ്നാർബി ഹാട്രിക് നേടിയ കളിയിൽ ഹെക്ടർ രണ്ടും ഖെദീരയും വോളണ്ടും ഓരോ ഗോൾ വീതവും നേടി. സാൻ മറീനോയുടെ സ്‌ട്രൈക്കർ സ്‌റ്റെഫാനെല്ലിയുടെ വക ഒരു സെൽഫ് ഗോൾ കൂടി സ്വന്തം വലയിൽ വീണതോടെയാണ് ജർമനിയുടെ ഗോൾപട്ടിക തികഞ്ഞത്. സ്‌കോട്ട്‌ലൻഡിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. സ്റ്ററിഡ്ജ്, ലല്ലാന, കാഹിൽ എന്നിവരാണ് സ്‌കോട്ട്‌ലൻഡ് വലയിൽ പന്ത് എത്തിച്ചത്.

സ്വീഡനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. സ്വീഡന് വേണ്ടി ഫോർസ്‌ബെർഗ് ഗോൾ നേടിയപ്പോൾ ഫ്രഞ്ച് ടീമിന് വേണ്ടി പോഗ്ബയും പയറ്റും ഗോൾവല കുലുക്കി.
മറ്റു മത്സരങ്ങളിൽ നോർവേയെ ചെക്ക് റിപ്ലബ്ലിക് 2-1നും കസാഖിസ്ഥാനെ ഡെൻമാർക്ക് 4-1നും മാൾട്ടയെ സ്ലൊവേനിയ എതിരില്ലാത്ത ഒരു ഗോളിനും റൊമേനിയയെ പോളണ്ട് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കും ലിത്വാനിയയെ സ്ലൊവേക്യ എതിരില്ലാത്ത നാലു ഗോളുകൾക്കും തോൽപ്പിച്ചു.

Story by