ഫ്രീക്കല്ല,പക്ഷെ ബോള്‍ഡാണ്: സ്തനാര്‍ബുദത്തെ കീഴടക്കിയതിന് ശരീരം ടാറ്റൂ ചെയ്ത വനിത

സ്തനങ്ങള്‍ നീക്കം ചെയ്ത ശസ്ത്രക്രിയയുടെ പാടുകള്‍ വികൃതമാക്കിയ പരന്ന മാറിടം കുക്കിന്‍റെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ കഴിയുന്നതായിരുന്നില്ല. മറ്റുള്ളവരുടെ മുന്നില്‍ തന്‍റെ ശരീരം കൂടുതല്‍ സൗന്ദര്യത്തോടെ കാണപ്പെടണം എന്ന് അവര്‍ നിശ്ചയിച്ചു.

ഫ്രീക്കല്ല,പക്ഷെ ബോള്‍ഡാണ്: സ്തനാര്‍ബുദത്തെ കീഴടക്കിയതിന് ശരീരം ടാറ്റൂ ചെയ്ത വനിത

നീണ്ട എട്ട് വര്‍ഷങ്ങള്‍ തന്‍റെ ജീവിതത്തിലെ നല്ല കാലങ്ങളെ തടവിലാക്കിയിരുന്ന സ്തനാര്‍ബുദത്തെ കീഴടക്കിയ കഥയാണ് ഈ 62കാരിക്ക് പറയാനുള്ളത്. കഥ പറയുക മാത്രമല്ല ഇവര്‍ തന്‍റെ ശരീരം ടാറ്റൂ അത് ആഘോഷിക്കുക കൂടിയാണ്. ഒരു ക്യാന്‍വാസിലെ ചിത്രം പോലെ സുന്ദരിയാണ് താനെന്നു ഇവര്‍ അഭിമാനത്തോടെ പറയുന്നു.

ഗുരുതരമായ സ്തനാര്‍ബുദത്തെ തുടര്‍ന്ന് കുക്ക് എന്ന ഈ ഇംഗ്ലീഷ് വനിതയ്ക്ക് തന്‍റെ രണ്ടു സ്തനങ്ങളും നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2008ലാണ് ഇവരില്‍ രോഗം നിര്‍ണ്ണയിക്കുന്നത്. കീമോതെറാപ്പിയെ തുടര്‍ന്ന് രോഗബാധിതമായ സ്തനം ശസ്ത്രക്രിയയിലൂടെ നീക്കം (മാസ്റ്റെക്ടമി) ചെയ്തു. പിന്നീട് റേഡിയോതെറാപ്പിയും അതേ തുടര്‍ന്ന് അടുത്ത മാസ്റ്റെക്ടമിയും നടന്നു.


സൗന്ദര്യത്തില്‍ ശ്രദ്ധാലുവായിരുന്ന കുക്കിന് ഈ ചികിത്സ ശരീരത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതായിരുന്നില്ല. ഒരു പക്ഷെ സ്ത്രീസൗന്ദര്യ സങ്കല്‍പ്പത്തില്‍ ചെറുതല്ലാത്ത മാറ്റമായിരുന്നു കുക്കിന്‍റെ ശരീരത്തില്‍ മാസ്റ്റെക്ടമി അവശേഷിപ്പിച്ചത്. സ്തനങ്ങള്‍ നീക്കം ചെയ്ത ശസ്ത്രക്രിയയുടെ പാടുകള്‍ വികൃതമാക്കിയ പരന്ന മാറിടം കുക്കിന്‍റെ ആത്മവിശ്വാസം ഇല്ലാതാക്കാന്‍ കഴിയുന്നതായിരുന്നില്ല. മറ്റുള്ളവരുടെ മുന്നില്‍ തന്‍റെ ശരീരം കൂടുതല്‍ സൗന്ദര്യത്തോടെ കാണപ്പെടണം എന്ന് അവര്‍ നിശ്ചയിച്ചു.

ലണ്ടനിലെ ആര്‍ട്സ് യുണിവേര്‍സിറ്റിയിലെ പരിശോധകയായ കുക്ക് ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതങ്ങനെയാണ്. മാറിടത്തിലും തോളിലും മനോഹരമായ ചിത്രപണികള്‍ ചെയ്തു കുക്ക് തന്‍റെ ശരീരത്തിന്‍റെ ന്യുനതകളെ മറയ്ക്കുന്നു. തന്നില്‍ ഇനി സ്ത്രീത്വം ഇല്ല എന്ന് ആശങ്കപ്പെട്ടവരുടെ മുന്നില്‍ ക്യാന്‍സറിനെ പൊരുതി ജയിച്ച സന്തോഷം പങ്കുവയ്ക്കാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് കുക്ക് പറയുന്നു.

"മറ്റേത് അംഗവിച്ഛേദനം പോലെയും മാസ്റ്റെക്ടമി എന്‍റെ ശരീരത്തെയും വികൃതമാക്കിയിരുന്നു. ആ നാളുകളെ ശാരീരികവും മാനസികവുമായി അതിജീവിക്കുവാന്‍ പ്രയാസമായിരുന്നെങ്കിലും ആ രോഗം എന്നില്‍ ഒന്നും അവശേഷിപ്പിക്കരുതെന്നു ഞാന്‍ ആഗ്രഹിച്ചു. കൃതിമമായി ഏതെങ്കിലും അവയവം ശരീരത്തോട് കൂട്ടിചേര്‍ക്കുന്നതില്‍ ഞാന്‍ താല്‍പര്യം കാണിച്ചില്ല. എന്‍റെ ശരീരം എങ്ങനെയാണോ, അത് മനോഹരമായി പ്രകടിപ്പിക്കുക എന്ന തീരുമാനത്തില്‍ ഞാന്‍ എത്തി"

മുന്‍പൊരിക്കല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഇവിടെ കണ്ട ചിത്രകലാവൈഭവവും ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതിനു തന്നെ സഹായിച്ചു എന്ന് ഇവര്‍ പറയുന്നു. മനോഹരമായ ചാരുശില്‍പ്പങ്ങളിലെ കലാവിരുത് തന്‍റെ ശരീരത്തിനും സ്വന്തമാകുന്നതിന് ഒരു പക്ഷെ ക്യാന്‍സര്‍ ഒരു കാരണമായെന്ന് മാത്രം.body tattoo
 


മനോഹരമായ ലേസുകള്‍ തുന്നിചേര്‍ത്ത അടിവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഒരു സ്ത്രീ അനുഭവിക്കുന്ന മാനസികാവസ്ഥയാണ് തനിക്കിപ്പോള്‍ എന്നും ഇവര്‍ പറയുന്നു. എന്‍റെ ശരീരഘടനയ്ക്ക് അനുയോജ്യമായ ഒരു ഡിസൈന്‍ ഞാന്‍ തിരഞ്ഞെടുത്തു.

സാധാരണയായി മാസ്റ്റെക്ടമി ടാറ്റൂ മുറിപ്പാടിനെ മറയ്ക്കുവാന്‍ മാറില്‍ മാത്രമാണ് ചെയ്യാറ്‌. എന്നാല്‍ തന്‍റെ ശരീരത്തില്‍ ഈ ചിത്രപ്പണി പൂര്‍ണ്ണമാകണമെങ്കില്‍ ഇവ ഷോള്‍ഡറില്‍ കൂടി ചെയ്യണം എന്ന് കുക്കിന് തോന്നി. അങ്ങനെ ചിത്രപ്പണികളില്‍ കൊത്തിയെടുത്ത ഒരു ശില്‍പം പോലെ ഈ സ്ത്രീ തന്‍റെ അതിജീവനത്തിന്‍റെ കഥ പറയുന്നു.

അവിടെ പോകരുത്, ഇത് ചെയ്യരുത്, അവ കഴിക്കരുത്, ഇങ്ങനെ ശ്വസിക്കണം...എന്നിങ്ങനെ നിയന്ത്രണങ്ങളായിരുന്നു ചികിത്സാകാലയളവില്‍ എപ്പോഴും എനിക്ക് ചുറ്റും. പക്ഷെ എന്‍റെ ശരീരത്തിന്‍റെ അധികാരം എനിക്ക് മാത്രമാണ്.

രോഗത്തെ ഇങ്ങനെയും ആത്മവിശ്വാസത്തോടെ നേരിടാം എന്ന് കുക്ക് തെളിയിക്കുന്നു.