കാമുകന്‍മാരെ സോപ്പിട്ട് 20 ഐഫോണ്‍ സ്വന്തമാക്കി; ഫോണുകള്‍ വിറ്റ് വീട് വാങ്ങി

20 കാമുകന്‍മാരുള്ള യുവതി ഓരോരുത്തരില്‍ നിന്നും ഓരോ ഫോണ്‍ വീതം വാങ്ങിയ ശേഷം അവ വിറ്റാണ് വീട് സ്വന്തമാക്കിയത്.

കാമുകന്‍മാരെ സോപ്പിട്ട് 20 ഐഫോണ്‍ സ്വന്തമാക്കി; ഫോണുകള്‍ വിറ്റ് വീട് വാങ്ങി

പ്രേമിക്കുന്ന പെണ്ണില്‍ നിന്ന് പൈസ അടിച്ചുമാറ്റുന്ന കാമുകന്‍മാരും പെണ്ണ് ആവശ്യപ്പെട്ടാല്‍ ചങ്ക് പറിച്ചുനല്‍കാന്‍ തയ്യാറാകുന്ന കാമുകന്‍മാരുണ്ട്. രണ്ടാമത്തെ വിഭാഗത്തില്‍ വരുന്ന, ഒരു പെണ്ണിന്റെ തന്നെ 20 ചൈനീസ് കാമുകന്‍മാര്‍ക്ക് കിട്ടിയ പണിയാണ് അടുത്ത കാലത്തെ ഏറ്റവും നൈസ് പണി. താനാണ് യഥാര്‍ഥ കാമുകനെന്നോര്‍ത്താവാം ഓരോരുത്തരും ആവശ്യപ്പെട്ടയുടന്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പെണ്‍കുട്ടിക്ക് ആപ്പിള്‍ ഐഫോണ്‍ വാങ്ങിക്കൊടുത്തത്. ഐഫോണുകളെല്ലാം കൈയില്‍ക്കിട്ടിയ പെണ്‍കുട്ടി ഏറ്റവും മികച്ച ഓണ്‍ലൈന്‍ ക്ലാസിഫൈഡ് സൈറ്റില്‍ 20 ഐഫോണുകള്‍ വില്‍ക്കാനുണ്ടെന്ന പരസ്യം നല്‍കുകയായിരുന്നു പിന്നീട് ചെയ്തത്.


ചൈനയില്‍ ഐഫോണിന് വന്‍ ഡിമാന്റായതുകൊണ്ട് ഫോണുകളെല്ലാം വേഗം തന്നെ വിറ്റുപോയി. അതില്‍ നിന്ന് കിട്ടിയ പണം ഉപയോഗിച്ച് താന്‍ ഏറെ നാളായി നോട്ടമിട്ട വീട് സ്വന്തമാക്കി. തിയാന്‍ യാ യി ഡു എന്ന ചൈനീസ് വെബ്‌സൈറ്റാണ് സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഫോണുകളെല്ലാം വിറ്റ വകയില്‍ സിയോളി എന്ന (യഥാര്‍ഥ പേരല്ല) യുവതിയ്ക്ക് 12 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം പുറത്തറിഞ്ഞതോടെ യുവതിയെ പരിഹസിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. '20 മൊബൈല്‍ കൊണ്ട് ഒരു വീട്' എന്ന പേരില്‍ 13 മില്യണ്‍ ഹാഷ് ടാഗുകളാണ് ഫെയ്‌സ്ബുക്കിലുള്ളത്.