ഭോപ്പാലിൽ നടന്നത് കൂട്ടക്കൊലപാതകമെന്നു തെളിഞ്ഞിട്ട് ഒരാഴ്ച; പ്രതിഷേധിക്കാനാവാതെ കോൺഗ്രസും ഇടതുപക്ഷവും

കൊലപാതകത്തെക്കുറിച്ച് ഒരന്വേഷണത്തിനും തയ്യാറല്ലെന്ന ധാർഷ്ട്യമായിരുന്നു ആദ്യം മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്കും സർക്കാരിനും. പക്ഷേ, ഒന്നൊന്നായി പുറത്തുവന്ന വിവരങ്ങൾ സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കി. ഒടുവിൽ സർക്കാരിന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് എസ് കെ പാണ്ഡേയാണ് അന്വേഷണ കമ്മിഷൻ.

ഭോപ്പാലിൽ നടന്നത് കൂട്ടക്കൊലപാതകമെന്നു തെളിഞ്ഞിട്ട് ഒരാഴ്ച; പ്രതിഷേധിക്കാനാവാതെ കോൺഗ്രസും ഇടതുപക്ഷവും

ദില്ലി ബ്യൂറോ

ദില്ലി : ഭോപ്പാലിൽ നടന്നത് ഏറ്റുമുട്ടൽ അല്ലെന്നും നിരായുധരായ മനുഷ്യരെ പോലീസുകാർ ക്രൂരമായി വെടിവെച്ചു കൊന്നതാണെന്നും തെളിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിഷേധമറിയിച്ച് ഒരു കവലയോഗം പോലും നടത്താനാവാതെ സ്തംഭിച്ചു നിൽക്കുകയാണ് സ്വതന്ത്രഭാരതം. ബന്ദും ഹർത്താലുമില്ല. കരിദിനാചരണവും പ്രതിഷേധയോഗങ്ങളുമില്ല. ചട്ടപ്പടി പ്രസ്താവനയും ഫേസ് ബുക്ക് പോസ്റ്റുമെഴുതി രംഗം കാലിയാക്കുകയാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും ഫാസിസ്റ്റ് വിരുദ്ധരെന്ന് കേൾവികേട്ട ഇടതുപക്ഷവും.


ജനറൽ സെക്രട്ടറി ദിഗ് വിജയ് സിംഗ് സംശയങ്ങൾ പരസ്യമായി പ്രകടിപ്പിച്ചതോടെ, കോൺഗ്രസിന്റെ ചുമതല അവസാനിച്ചു. ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരു പത്രക്കുറിപ്പു പുറപ്പെടുവിച്ചതോടെ സിപിഐഎമ്മും ബാധ്യത നിറവേറ്റി. അപ്പോഴും തങ്ങളുടെ മനസിൽ ആളിപ്പടരുന്ന ആധിയുടെയും പ്രതിഷേധത്തിന്റെയും ഭാരമേറ്റെടുക്കാൻ രാജ്യത്തൊരു രാഷ്ട്രീയകക്ഷിയുമില്ല എന്ന യാഥാർത്ഥ്യത്തിനു മുന്നിൽ വാ പൊളിച്ചു നിൽക്കുകയാണ് വലിയൊരു വിഭാഗം ജനത.

പറഞ്ഞതൊക്കെയും വിഴുങ്ങി മധ്യപ്രദേശ് സർക്കാർ, പക്ഷേ, പ്രതിപക്ഷമെവിടെ?

കൊലപാതകത്തെക്കുറിച്ച് ഒരന്വേഷണത്തിനും തയ്യാറല്ലെന്ന ധാർഷ്ട്യമായിരുന്നു ആദ്യം മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്കും സർക്കാരിനും. പക്ഷേ, ഒന്നൊന്നായി പുറത്തുവന്ന വിവരങ്ങൾ സർക്കാരിനെ തീർത്തും പ്രതിക്കൂട്ടിലാക്കി. ഒടുവിൽ സർക്കാരിന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നു. ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് എസ് കെ പാണ്ഡേയാണ് അന്വേഷണ കമ്മിഷൻ.

ഏറ്റുമുട്ടലിനെക്കുറിച്ച് സിഐഡി അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. എൻഐഎ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൌഹാൻ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസിയ്ക്ക് കത്തു നൽകിയിട്ടില്ല. മുൻ ഡിജിപി നന്ദൻ ദുബൈയ്ക്കാണ് ജയിൽ ഭേദനം അന്വേഷിക്കാനുളള ചുമതല.

ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറേയല്ല എന്ന നിലപാടുമായി സർക്കാരിന് ഏറെ നാൾ മുന്നോട്ടു പോകാനായില്ല. അച്ചാർപ്പുര പുറത്തുവന്ന വിവരങ്ങളുടെ സംബന്ധിച്ച് ഒരു അന്വേഷണവും നടത്തുകയില്ല എന്ന് പ്രഖ്യാപിച്ച സർക്കാരിന് ആ നിലപാടുമായി ഏറെ നാൾ മുന്നോട്ടു പോകാനായില്ല.

സുപ്രിംകോടതിയെ നോക്കുകുത്തിയാക്കി പാരിതോഷിക പ്രഖ്യാപനം

നവംബർ ഒന്നിനാണ് ഏറ്റുമുട്ടലിൽ പങ്കെടുത്ത ഓരോ പോലീസുകാരനും രണ്ടു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത്. കൊല്ലപ്പെട്ടവരുടെ തലയ്ക്ക് അഞ്ചു ലക്ഷം രൂപ വീതം വിലയിട്ട് നാൽപതു ലക്ഷം രൂപ അച്ചാർപ്പുര ഗ്രാമത്തിനു നൽകാനും സർക്കാർ ശ്രമിച്ചു.

എന്നാൽ സുപ്രിംകോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളുടെ നഗ്നമായ ലംഘനമായിരുന്നു ഈ പ്രഖ്യാപനം. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച അന്വേഷണം പൂർത്തിയാകാതെ ഓപ്പറേഷനുകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റമോ പാരിതോഷികമോ നൽകരുത് എന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആർ എം ലോധ വിധിച്ച മാർഗ നിർദ്ദേശങ്ങളിലുണ്ട്. ഈ വിധി നിലനിൽക്കെയാണ് പോലീസുകാർക്കും ഗ്രാമവാസികൾക്കും പാരിതോഷികം നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ അന്വേഷണം പ്രഖ്യാപിച്ചതോടെ ഈ വാഗ്ദാനത്തിൽ നിന്നും സർക്കാരിനു പിന്മാറേണ്ടി വന്നു.

ഇവിടെയും ശക്തമായ വിമർശനവും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തു വന്നില്ല. സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളോടുളള പ്രതിഷേധത്തിന്റെ മുൻനിരയിലൊന്നും പ്രതിപക്ഷമില്ല എന്നതാണ് സ്ഥിതി.

Read More >>