കബനിയില്‍ നിന്നു നാടുകാണിയിലേക്ക്

കേരളത്തില്‍ സമീപകാലത്തു നടക്കുന്ന മാവോവാദി ആക്രമണങ്ങളെക്കുറിച്ചുള്ള പൊലീസ്ഭാഷ്യങ്ങള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. സാമൂഹ്യ രാഷ്ട്രീയപ്രവര്‍ത്തകരും പൊതുസമൂഹത്തിലെ തന്നെ വലിയൊരു വിഭാഗവും സംശയം പ്രകടിപ്പിച്ചിരുന്ന ഈ ആഖ്യാനങ്ങളെ ഏതാണ്ടു സ്ഥിരീകരിക്കുന്ന നിലപാടാണ് മാവോവാദികളെ അനുകൂലിക്കുന്ന ചില പ്രസിദ്ധീകരണങ്ങള്‍ സ്വീകരിച്ചിരുന്നത്. പോലീസിന്റേയും 'വിപ്ലവകാരി'കളുടേയും ആഖ്യാനങ്ങള്‍ ഒരിക്കലും പരസ്പരം ഖണ്ഡിക്കാതെ സമാന്തരമായി നീങ്ങുകയായിരുന്നു, കഴിഞ്ഞ ഇരുപത്തിനാലാം തിയ്യതി വരെ. ഇനി വെടിയേറ്റു തുളഞ്ഞു പോയ രണ്ടു മൃതദേഹങ്ങളെക്കുറിച്ച് സംസാരിക്കാതെ അവർക്ക് മുന്നോട്ടു പോകാനാവില്ല.

കബനിയില്‍ നിന്നു നാടുകാണിയിലേക്ക്

രാജീവ് രാമചന്ദ്രൻ

2012 ന്റെ തുടക്കത്തില്‍, ഇപ്പോള്‍ വിചാരണത്തടവുകാരനായി ജയിലില്‍ കിടക്കുന്ന ഒരു മാവോയിസ്റ്റ് നേതാവിനോട് ഇതെഴുതുന്നയാള്‍ സംസാരിച്ചിരുന്നു.  ചലച്ചിത്രങ്ങളും ഒരു പരിധി വരെ മാവോയിസ്റ്റ് പോരാളികള്‍ തന്നെയും സൃഷ്ടിച്ചിട്ടുള്ള സ്റ്റീരിയോടൈപ്പിനിണങ്ങും വിധമായിരുന്നില്ല ആ കൂടിക്കാഴ്ച.

ഈ ലേഖകനെ ആരും കണ്ണുകെട്ടി കാട്ടില്‍ കൊണ്ടുപോവുകയായിരുന്നില്ല, മാവോവാദി നേതാവാകട്ടെ പട്ടാളപ്പച്ച യൂണിഫോമിലുമായിരുന്നില്ല. പട്ടാപ്പകല്‍ നഗരത്തിലെ ഒരു പാര്‍ക്കിനടുത്തുവച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. കാറോടിച്ചാണ് അയാള്‍ വന്നത്. ഒരേയൊരു കാര്യം മാത്രമാണ് മാധ്യമ ഭാവനയ്ക്കനുസരിച്ചു നടന്നത്. പണ്ടു കണ്ടുപരിചയമുള്ളയാളായിട്ടുകൂടി കള്ളപ്പേരിലാണ് അയാള്‍ സംസാരിച്ചത്.


കേരളത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു അഭിമുഖം പ്രസിദ്ധീകരിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. അഞ്ചു മിനിറ്റിലേറെ ഞങ്ങള്‍ സംസാരിച്ചിട്ടില്ല. അതിനിടയില്‍ പാര്‍ട്ടിയുടെ കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്ന ഒരു രേഖയുടെ പകര്‍പ്പ് അയാള്‍ തന്നിരുന്നു. പശ്ചിമഘട്ട മലനിരകള്‍ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്ന പ്രവര്‍ത്തനങ്ങളെ പറ്റി ദീര്‍ഘമായി പ്രതിപാദിക്കുന്ന ആ രേഖയില്‍ സായുധ സമരമല്ലാതെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനത്തിന് മറ്റു  വഴികളില്ലെന്ന അസന്നിഗ്ധമായ പ്രഖ്യാപനമുണ്ടായിരുന്നു.

തുടങ്ങാനിരിക്കുന്ന സായുധ സമരത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് അഭിമുഖത്തില്‍ സംസാരിക്കേണ്ടിയിരുന്നത്. പലകാരണങ്ങളാല്‍ ആ അഭിമുഖം നടന്നില്ലെങ്കിലും ആസന്നമായ സായുധ സമരം എന്ന ആശയം തന്നെ പിന്നീട് കുറേക്കാലത്തേക്ക് എന്റെ ഉറക്കം കെടുത്താന്‍ പോന്നതായിരുന്നു. പക്ഷെ, വടക്കന്‍ കേരളത്തിലെ ചില ആദിവാസിക്കോളനികളില്‍ മാവോവാദികള്‍ വന്നു പോകുന്നു എന്ന, ദൂരെയുള്ളവരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരുപദ്രവകരമായ വാര്‍ത്തയൊഴിച്ചാല്‍ സായുധ കലാപത്തെക്കുറിച്ചുള്ള ഒരു സൂചനയും എങ്ങുനിന്നും ലഭിച്ചില്ല.

വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വനപ്രദേശങ്ങളിലുള്ള ആദിവാസിക്കോളനികളാണ് മാവോവാദി സന്ദര്‍ശനത്തെത്തുടര്‍ന്ന് വാര്‍ത്തയിലിടം നേടിയത്. പിന്നീട് മലപ്പുറത്തിന്റെ കിഴക്കന്‍ മലയും സെലന്റ് വാലിയുമെല്ലാം കൂട്ടത്തില്‍ ചേര്‍ന്നു. സംഘമായെത്തിയ മാവോവാദികള്‍ കോളനികളില്‍ ചെറിയ യോഗങ്ങള്‍ സംഘടിപ്പിച്ചു. ആദിവാസികളേയും കോളനിവാസികളേയും സര്‍ക്കാര്‍ സംവിധനത്തിനകത്ത് അവരനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ബോധത്കരിക്കാന്‍ ശ്രമിച്ചു, കോളനിവാസികളില്‍ നിന്ന് അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ കാടുകയറി.

ഇതെല്ലാം പൊലീസ് കൃത്യമായി അറിയുന്നുണ്ടായിരുന്നുവെന്നു വേണം കരുതാന്‍. മാവോവാദികള്‍ പോയി മണിക്കൂറുകള്‍ക്കകം അവരും കോളനികളിൽ എത്തിയിരുന്നു. അതിനു ശേഷമുള്ള ദിവസങ്ങളിലെ റെയ്ഡ് ഒരു പതിവു പരിപാടിയായി.

എന്തായാലും അടുത്ത ദിവസം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തക്കും ഏകീകൃത സ്വഭാവമുണ്ടായിരുന്നു. എല്ലാവരും പൊലീസിന്റെ കഥ പ്രാധാന്യത്തോടെ കൊടുത്തു. ആദിവാസി ഊരുകളില്‍ മാവോവാദികളെത്തി, വയനാട് കണ്ണൂര്‍ ജില്ലകളില്‍ മാവോവാദികള്‍ പിടിമുറുക്കുന്നു, തണ്ടര്‍ബോള്‍ട്ട് സേനയെ വിന്യസിച്ചു എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ എല്ലാ പത്രങ്ങളിലും.

മാസങ്ങള്‍ ഇടവിട്ട് ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മാവോവാദികളെ കണ്ടതായി ടെലിവിഷന്‍ ക്യാമറക്കു മുന്നില്‍ അനുഭവസാക്ഷ്യം പറയുന്നവരുടെ മുഖം മാത്രം മാറി വന്നു. സംഘത്തിലുണ്ടായിരുന്നവര്‍ ഇവരെല്ലാമാണെന്ന് പൊലീസ് കൃത്യമായി പറഞ്ഞുകൊടുത്തു. രൂപേഷ് , ഷൈന, വിക്രം ഗൗഡ, ആശ, സുന്ദരി, സോമന്‍ അങ്ങനെ പലപേരുകള്‍.മാവോവാദി വാര്‍ത്തകള്‍ ഒരു സാമാന്യ സ്വഭാവം കൈവരിച്ചു കഴിഞ്ഞിരുന്നു.

[caption id="attachment_64119" align="aligncenter" width="640"]search-maoist-kerala തണ്ടർബോൾട്ട് സംഘം വയനാട്ടിൽ നടത്തിയ തെരച്ചിലിനിടെ[/caption]

ഇതേ സമയം തന്നെ മാവോവാദികളും മാധ്യമങ്ങളെ സമീപിക്കാന്‍ തുടങ്ങിയിരുന്നു. രൂപേഷും ഷൈനയും മാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതി. ടൈപ്പ് ചെയ്ത് തയ്യാറാക്കിയ ലേഖനം പത്രമോഫീസുകളില്‍ എത്തിക്കുകയായിരുന്നു ഒരോ തവണയും. ടെലിവിഷന്‍ സംപ്രേഷണത്തിനായി വീഡിയോ സന്ദേശങ്ങളും ഇവര്‍ പുറത്തു വിട്ടിരുന്നു. ഇക്കാലയളവില്‍ തന്നെയാണ് രൂപേഷിന്റെ ഒരേ നോവല്‍ രണ്ടു പ്രസാധനശാലകള്‍ രണ്ടു പേരുകളില്‍ പ്രസിദ്ധീകരിക്കുന്നത്. അതിഭാവുകത്വം നിറഞ്ഞ അതീവ കാല്‍പനികമായ ഈ കഥ പോലും മാധ്യമങ്ങള്‍ പങ്കുവച്ചിരുന്ന പൊലീസ് ഭാഷ്യത്തെ സാധൂകരിക്കുന്നതായിരുന്നു.

മാവോവാദികളുമായി ബന്ധപ്പെട്ടു പൊലീസ് പ്രചരിപ്പിക്കുന്ന 'കഥ'കളെ ഖണ്ഡിക്കാന്‍ ഒരിക്കല്‍ പോലും ഇവര്‍ തയ്യാറായിരുന്നില്ലെന്നതാണു വസ്തുത. മാധ്യമങ്ങള്‍ വാര്‍ത്തകളെ സ്‌തോഭജനകമാക്കി അവതരിപ്പിക്കുന്നു എന്ന വിമര്‍ശനം ഉന്നയിച്ചിരുന്നുവെങ്കിലും പൊലീസ് ഭാഷ്യത്തെ മാവോവാദികള്‍ തള്ളിക്കളഞ്ഞിരുന്നില്ല.  മറിച്ച് ഇതിന്റെ മറുപക്ഷം അതീവ കാല്‍പനികമായി അവതരിപ്പിക്കുകയാണ് ഇവര്‍ ചെയ്തുകൊണ്ടിരുന്നത്.

കോളനികളിലെത്തി മാവോയിസ്റ്റുകള്‍ അവിടത്തുകാരെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുമ്പോള്‍, കോളനിവാസികള്‍ തങ്ങളെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് 'വിപ്ലവകാരികള്‍' പറഞ്ഞിരുന്നത്. സ്ഥലത്ത് സായുധരായ മാവോവാദികളുടെ സാന്നിധ്യമുണ്ട് എന്ന വാര്‍ത്തയെ ഇരു കൂട്ടരും സ്ഥിരീകരിച്ചുകൊണ്ടിരുന്നു. മാവോവാദികളുടെ ഒരു പ്രസിദ്ധീകരണത്തില്‍ വനാതിര്‍ത്തികളിലെ കോളനികളില്‍ അവര്‍ നടത്തിയ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്
'' പട്ടാളപ്പച്ച യൂണിഫോം ധരിച്ച് തോളില്‍ റൈഫിളുമായി ചെന്ന വനിതാ സഖാളുടെ സാന്നിധ്യം കോളനി നിവാസികളെ ആവേശഭരിതരാക്കി. അല്‍പ നേരത്തിനകം തമ്മിലടുത്തതോടെ പലതരം സംശയങ്ങളുമായി അവര്‍ അടുത്തെത്തി. ആനയും അട്ടയുമുള്ള കാട്ടില്‍ എങ്ങനെയാണ് കഴിഞ്ഞുകൂടുന്നതെന്നായിരുന്നു മിക്കവര്‍ക്കുമറിയേണ്ടിയിരുന്നത്. ആനകളും അട്ടകളുമെല്ലാം നമ്മുടെ സഖാക്കളും പോരാളികളുമാണെന്ന് സഖാവ് രാജന്‍ തമാശ പറഞ്ഞു. വീടുകളിലുള്ള ഭക്ഷണമെല്ലാം അവര്‍ ഞങ്ങള്‍ക്കു തരാന്‍ തയ്യാറായി. തീരെ ശീലിച്ചില്ലാത്ത കപ്പയും പാവക്കയുമെല്ലാം കഴിക്കേണ്ടി വരുമ്പോള്‍ തനി നഗരവാസിയായ സഖാവ് ആകാശ് സംശയിച്ചു നില്‍ക്കും. സഖാവ് കവിത ചടുലത കൊണ്ട് കോളനിവാസികളുടെ പ്രിയങ്കിരയായപ്പോള്‍ ജെന്നി സഖാവ് ഏവരുടേയും ബഹുമാനം പിടിച്ചുപറ്റി. കാലങ്ങളായി സഖാവ്, മുക്കൂട്ട(Tri Junction)യിലെല്ലാവര്‍ക്കും സുപരിചിതയാണ്. വാളിനു പകരം തോക്കേന്തി മധ്യകാലചരിത്രത്തില്‍ നിന്ന് ഇറങ്ങിവന്ന മംഗോളിയന്‍ പോരാളിയെ പോലെയായിരുന്നു സഖാവ് ജെന്നി. സഖാവ് അനുവാകട്ടെ തന്റെ സംഘടനാപ്രവര്‍ത്തനാനുഭവം കൊണ്ട് ആളുകളുമായി വളരെ എളുപ്പത്തില്‍ അടുപ്പം സ്ഥാപിക്കും. സഖാവ് വര്‍ഗ്ഗീസാണ് സംഘത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുള്ള മനോജ് സഖാവ് സ്വാഭാവികമായും മികച്ച ഒരു ഒളിപ്പോരാളിയാണ്. ഇവരെല്ലാം തന്നെ അതിവേഗമാണ് ജനങ്ങളുടെ പ്രയപ്പെട്ടവരായി തീര്‍ന്നത്.''

സായുധരായ മാവോവാദികളെ കുറിച്ചുള്ള പൊലീസിന്റെ ഭാഷ്യം കെട്ടുകഥയാണെന്നും സര്‍ക്കാര്‍ ഏതെങ്കിലും തരത്തില്‍ പ്രതിരോധത്തിലാവുന്ന സന്ദര്‍ഭത്തിലാണ് മാവോവാദി കഥകള്‍ ഉണ്ടാവുന്നതെന്നും വിമര്‍ശനമുന്നിയിച്ചവരെയെല്ലാം മാവോവാദികളുടെ ഈ സ്ഥിരീകരണം അത്ഭുതപ്പെടുത്തി. കോളനി സന്ദര്‍ശനങ്ങള്‍ മാത്രമല്ല, മറ്റെല്ലാ ആക്ഷനുകളുടേയും ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തിരുന്നു. കക്കയം ഭാഗത്ത് ക്വാറിയും ക്രഷര്‍യൂണിറ്റും ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, സിപിഐ മാവോയിസ്റ്റ് ബോര്‍ഡര്‍ ഏരിയാക്കമ്മിറ്റി വക്താവ് എന്നവകാശപ്പെടുന്ന മന്ദാകിനി,  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപര്യാപതമാണെന്നും വര്‍ഗ്ഗസമരത്തിലൂടെ സ്ഥാപിക്കപ്പെടുന്ന ജനകീയ വിപ്ലവ സമിതികള്‍ക്കു മാത്രമേ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനാവൂ എന്നും അവര്‍ അടിവരയിട്ട് പറയുന്നു.

അതുപോലെത്തന്നെ വയനാട്ടിലെ കുഞ്ഞോമില്‍ തണ്ടര്‍ബോള്‍ട്ടുമായി മുഖാമുഖം വന്നുവെന്നതിനും സ്ഥിരീകരണമുണ്ട്, മാവോവാദി പ്രസിദ്ധീകരണങ്ങളില്‍. കോമ്പാറ കുറിച്യക്കോളനിയില്‍ മുപ്പതുമീറ്റര്‍ മാത്രം അകലത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാണ്ടോകളുമായി പോരാളികള്‍ മുഖാമുഖം കണ്ടു.കോളനിനിവാസികള്‍ക്ക് പരുക്കേല്‍ക്കരുതെന്ന നിര്‍ബന്ധമുള്ളതുകൊണ്ടാണ് ദളം പിന്മാറിയത്. മാനസികമായ മുന്‍തൂക്കം നേടാനാവണം അതിനുശേഷവും ഏറെ നേരം തണ്ടര്‍ബോള്‍ട്ടുകാര്‍ വെറുതെ വെടിവച്ചുകൊണ്ടേയിരുന്നു.

2015 ഒക്ടോബറില്‍ നടന്ന മറ്റൊരു സംഭവം മാവോയിസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെയാണ് . ''സൈലന്റ് വാലി മുക്കാലിക്കടുത്തെ കടുകുമണ്ണ കോളിനിയില്‍ വച്ച് ജനകീയ വിമോചന സേനാംഗങ്ങളും തണ്ടര്‍ബോള്‍ട്ടുമായി ഒരു ഏറ്റുമുട്ടലുണ്ടായി. കാട്ടില്‍ പരിശോധന നടത്തുകയായിരുന്ന മുപ്പതോളം വരുന്ന കമാന്‍ഡോകള്‍ക്കു നേരെ ജനകീയസേനാംഗങ്ങള്‍ വെടിവച്ചു.സംഭവത്തില്‍ ആളപായമുണ്ടായില്ല''. മാവോയിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്റെ 2015 ജൂലൈ-ഡിസംബര്‍ ലക്കത്തിലാണ് ഈ റിപ്പോര്‍ട്ടുള്ളത്.

പീപ്പ്ള്‍സ് മാര്‍ച്ച് , മാവോയിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ എന്നി ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ക്കു പുറമെ 'കാട്ടുതീ' എന്ന മലയാളം വാര്‍ത്താപത്രികയും മാവോവാദികള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 'കാട്ടുതീ'ക്കാവട്ടെ കബനി ദളത്തിനും നാടുകാണി ദളത്തിനും പ്രത്യേക പതിപ്പുകളുണ്ട്. കാട്ടിനുള്ളില്‍ ബോംബു നിര്‍മ്മാണത്തിനിടെ തൃശ്ശൂര്‍ വലപ്പാട് സ്വദേശി സിനോജ് കൊല്ലപ്പെട്ട വാര്‍ത്ത പുറംലോകമറിഞ്ഞത് 'കാട്ടുതീ' വഴിയാണ്.

kattu

കഴിഞ്ഞ വര്‍ഷമാദ്യമാണ് ഇന്ത്യയിലെ മാവോവാദികളുടെ മുഖപ്രസിദ്ധീകരണമായി കണക്കാക്കാവുന്ന പീപ്പ്ള്‍സ് മാര്‍ച്ചില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്. മുമ്പ് പി ഗോവിന്ദന്‍കുട്ടി പ്രസിദ്ധീകരിച്ചിരുന്ന പീപ്പ്ള്‍സ് മാര്‍ച്ചിന്റെ ചുമതല, മാവോവാദി സംഘടനകളുടെ പുനരേകീകരണത്തോടെ മുരളി കണ്ണമ്പള്ളി ഏറ്റെടുത്തിരുന്നുവെന്നാണ് സൂചന. പൊതുവെ സൈദ്ധാന്തിക വിഷയങ്ങളാണ് പീപ്പ്ള്‍സ് മാര്‍ച്ച് കൈകാര്യം ചെയ്തിരുന്നത്. അതേസമയം മാവോയിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനാവട്ടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏകദേശ രൂപം നല്‍കുന്നതാണ്.

ഈ പ്രസിദ്ധീകരണങ്ങള്‍ പ്രകാരം കേരളത്തില്‍ രൂപീകരിക്കപ്പെടുന്ന ആദ്യത്തെ മാവോവാദി സായുധ ദളം കബനി സ്‌ക്വാഡാണ് . വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വനാതിര്‍ത്തി പ്രദേശങ്ങളിലായിരുന്നു ദളത്തിന്റെ പ്രവര്‍ത്തനം. മലപ്പുറം ജില്ലയിലെ കിഴക്കന്‍ വനപ്രദേശവും നീലഗിരിയും ഉള്‍പ്പെടുത്തി പിന്നീട് നാടുകാണി ദളവും സൈലന്റ് വലി പ്രദേശത്ത് ഭവാനി ദളവും രൂപീകരിക്കപ്പെട്ടു.സായുധ വിപ്ലവത്തിലേക്കുള്ള ഓരോചുവടുകളായിരുന്നു ഇതെല്ലാം.

എന്നാല്‍ കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തോളമായി മൂന്നു ദളങ്ങളും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. ഈ മേഖലയില്‍ നിന്നുള്ള ഏക കേന്ദ്രസമിതി അംഗമായ കുപ്പുസ്വാമി ദേവരാജിനായിരുന്നു സായുധ സംഘങ്ങളുടെ ചുമതല. വിക്രംഗൗഡ, സുന്ദരി, സോമന്‍ എന്നിവരും തൊട്ടടുത്ത നേതൃപരമായ പങ്കു വഹിച്ചുപോന്നു. കരുളായിക്കാട്ടില്‍ നടന്നതു പോലുള്ള ഒരു പൊലീസ് നടപടി പ്രതീക്ഷിച്ചു തന്നെയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മാവോവാദി രേഖകളില്‍ നിന്ന് വ്യക്തമാണ്.

' സായുധ സമരം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ നീങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ് മുഴുവന്‍ കാര്യങ്ങളുമെന്ന ഉറച്ച ബോധ്യമുള്ളവരാണ് ദളത്തിലെ ഓരോരുത്തരും. സൈനികനീക്കം ആരു തുടങ്ങുമെന്നതും എങ്ങനെ മുന്നോട്ടു പോകുമെന്നതുമാണ് പ്രധാനപ്പെട്ട ചോദ്യം. ബഹുമുഖമായ തയ്യാറെടുപ്പുകളാണ് ശത്രു നടത്തുന്നത്. കമാണ്ടോകളെ വിന്യസിക്കുന്നതും വനാതിര്‍ത്തിക്കടുത്ത് ക്യാംപുകള്‍ സ്ഥാപിക്കുന്നതും പ്രദേശവാസികളെ ഉള്‍പ്പെടുത്ത് ചാരന്മാരുടെ ശൃംഖല സൃഷ്ടിച്ചെടുക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

അതേസമയം മര്‍ദ്ദിത ജനവിഭാഗങ്ങളുടെ വിശ്വാസമാര്‍ജ്ജിച്ച് അവരെ പ്രതിരോധ സേനയായും ബഹുജനസംഘടനകളായും വളര്‍ത്തിയെടുക്കാന്‍ ദളവും ശ്രമിക്കുന്നുണ്ട്. ഇങ്ങനെ സംഘടന കെട്ടിപ്പടുക്കുകയും ജനകീയ വിമോചന ഗറില്ലാ സേനയിലേക്ക് പോരാളികളെ തെരഞ്ഞെടുക്കുകയും ചെയ്യണം എന്നാണ് 'മുക്കൂട്ടയിലെ സാമൂഹ്യ സാഹചര്യവും തന്ത്രങ്ങളും' (Social conditions and tactics in Tri Junction) എന്ന മാവോവാദി സംഘടനാ രേഖ പറയുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങലായി കേരളത്തിലെ മാവോവാദികളുടേയും പൊലീസിന്റെ ആഖ്യാനങ്ങള്‍ ഏതാണ്ട് പരസ്പര പൂരകമായി മുന്നോട്ടു പോവുകയായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ നവംബര്‍ 24 ന്റെ പൊലീസ് നടപടിയോടെ കാര്യങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നുവേണം കരുതാന്‍. സമരം-അറസ്റ്റ് -തടവറ എന്ന നിലയില്‍ നിന്നും കേരളത്തിന് താരതമ്യേന അപരിചിതമായ  മനുഷ്യജീവനെടുക്കുന്ന പോരാട്ടമായി അതു  മാറിയിരിക്കുന്നു.

കോളനികളില്‍ അരിവാങ്ങാനെത്തുന്ന മാവോവാദി മീമുകള്‍ ഭൂമിയില്‍ ചോരവാര്‍ന്ന് കിടക്കുന്ന ശരീരങ്ങളുടെ ചിത്രങ്ങള്‍ക്ക് വഴിമാറുകയാണ്.
ഭരണകൂടവുമായി യുദ്ധപ്രഖ്യാപനം നടത്തിയിട്ടുള്ള മാവോവാദികള്‍ ഈ സാഹചര്യത്തെ എങ്ങനെ നേരിടുമെന്നത് കാത്തിരുന്ന കാണേണ്ടതാണ്; പൊലീസ് നടത്തിയ വെടിവയ്പ്പിനെതിരെ വ്യാപകമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ അവര്‍ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്നതും.

ഇംഗ്ലീഷ് പരിഭാഷ