ഇനിയും ആഴ്ചക്കൂലി കിട്ടിയില്ല; നോട്ടുപിന്‍വലിക്കല്‍ ഇരുട്ടടിയായി കൂലിത്തൊഴിലാളികള്‍

നിര്‍മാണമേഖലയില്‍ ഒരു ആഴ്ചയിലെ കൂലി ഒരുമിച്ചു ശനിയാഴ്ച ദിനങ്ങളില്‍ നല്‍കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. കരിങ്കല്‍-ചെങ്കല്‍ ഖനന മേഖലകള്‍ മുതല്‍ പെയിന്റിങ്, മെയിന്റനന്‍സ് മേഖലകളില്‍ വരെ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കാണ് കൂലി ആഴ്ചയില്‍ ലഭിക്കുക.

ഇനിയും ആഴ്ചക്കൂലി കിട്ടിയില്ല; നോട്ടുപിന്‍വലിക്കല്‍ ഇരുട്ടടിയായി കൂലിത്തൊഴിലാളികള്‍

കണ്ണൂര്‍: നോട്ടുപിന്‍വലിക്കല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് നിര്‍മാണമേഖലയില്‍ തൊഴിലെടുക്കുന്ന കൂലിത്തതൊഴിലാളികള്‍ക്ക് ഇനിയും ആഴ്ചക്കൂലി ലഭിച്ചില്ല. നിര്‍മാണമേഖലയില്‍ ഒരു ആഴ്ചയിലെ കൂലി ഒരുമിച്ചു ശനിയാഴ്ച ദിനങ്ങളില്‍ നല്‍കുന്ന രീതിയാണ് അനുവര്‍ത്തിക്കുന്നത്. കരിങ്കല്‍-ചെങ്കല്‍ ഖനന മേഖലകള്‍ മുതല്‍ പെയിന്റിങ്, മെയിന്റനന്‍സ് മേഖലകളില്‍ വരെ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കാണ് കൂലി ആഴ്ചയില്‍ ലഭിക്കുക.

കഴിഞ്ഞ ശനിയാഴ്ച ലഭിക്കേണ്ടിയിരുന്ന കൂലി ഇനിയും ലഭിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സ്വദേശിനി ജാനകി നാരദാ ന്യൂസിനോട് പറഞ്ഞു. നിര്‍മാണ മേഖലയില്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ കൂലിപ്പണിയാണ് ജാനകിക്ക്. തൊഴിലുടമകളുടെ കൈയില്‍ കൂലി കൊടുക്കാനായി 50,100 നോട്ടുകള്‍ ഇല്ല. 500 രൂപാ നോട്ടുകള്‍ നല്‍കാന്‍ തൊഴിലുടമകള്‍ തയ്യാറാണെങ്കിലും തൊഴിലാളികള്‍ വാങ്ങുന്നില്ല. ഇവ മാറ്റാനായി ബാങ്കിന് മുന്നിലെ കൂറ്റന്‍ ക്യൂവില്‍ നില്‍ക്കാന്‍ പറ്റില്ല എന്നതാണ് കാരണം.


100 രൂപാ നോട്ടുകളുടെ ലഭ്യതക്കുറവ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി ഇരിക്കൂര്‍ സ്വദേശിയായ തൊഴിലുടമ നാരദാ ന്യൂസിനോട് പറഞ്ഞു. ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നതും ബാങ്കുകളില്‍ നോട്ടുകള്‍ക്ക് ലഭ്യതക്കുറവ് ഉള്ളതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി തൊഴിലുടമ പറഞ്ഞു. കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ ചെറുകിട തൊഴില്‍ മേഖലയിലും ഇതുവരെയായി ആഴ്ച്ചകൂലി നല്‍കിയിട്ടില്ല. പല ചെറുകിട തൊഴില്‍ ഉടമകളുടേയും അക്കൗണ്ടുകള്‍ സഹകരണ മേഖലയില്‍ ആണെന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വാരാന്ത്യത്തിലും കൂലി ലഭിക്കാത്ത അവസ്ഥ ഉണ്ടായാല്‍ തങ്ങളുടെ വീടുകളില്‍ പട്ടിണി തുടങ്ങുമെന്നാണ് കൂലിത്തതൊഴിലാളികള്‍ പറയുന്നത്.