അവരെ കൊന്നതിനു ഞങ്ങളോട് നന്ദി പറയൂ : മധ്യപ്രദേശ് ജയില്‍ മന്ത്രി

എന്നാല്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ക്ക് പോലീസിനോട് ഏറ്റുമുട്ടാന്‍ ആയുധങ്ങള്‍ എവിടെനിന്ന് ലഭിച്ചുവെന്നുള്ളചോദ്യത്തിന് പോലീസിന് ഇനിയും ഉത്തരം നല്‍കാനായിട്ടില്ല.

അവരെ കൊന്നതിനു ഞങ്ങളോട് നന്ദി പറയൂ : മധ്യപ്രദേശ് ജയില്‍ മന്ത്രി

ഭോപ്പാല്‍: ‘ജയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ച’ നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) എട്ടു പ്രവര്‍ത്തകരെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ ഇന്ത്യന്‍ ജനത തങ്ങളോടു നന്ദി പറയണമെന്ന് മധ്യ പ്രദേശ്‌ ജയില്‍ മന്ത്രി കുസും മേഹ്ധലെ പറഞ്ഞു.

"ഞങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് പറ്റിയിട്ടുണ്ട്. ജയിലിലെ സിസിടിവികളില്‍ ചിലത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ അവര്‍ എങ്ങനെ രക്ഷപ്പെട്ടുവെന്നത് ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും ജയില്‍ ചാടിയ അവരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ കൊന്നതില്‍ നിങ്ങള്‍ ഞങ്ങളെ അഭിനന്ദിക്കണം". കുസും മേഹ്ധലെ പറഞ്ഞു.


കൊലപാതകം മുതല്‍ രാജ്യദ്രോഹം വരെ കുറ്റം ചുമത്തപ്പെട്ടു ജയില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്ന എട്ടു പേരാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ജയിലിലെ സുരക്ഷ ജീവനക്കാരനെ വധിച്ചു ജയില്‍ ചാടിയതും തുടര്‍ന്ന് പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടതും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജയില്‍ ഗാര്‍ഡിനെ ഭക്ഷണം കഴിക്കുന്ന സ്റ്റീല്‍ പാത്രങ്ങളുപയോഗിച്ച് കൊലപ്പെടുത്തിയതിനുശേഷം ബെഡ്ഷീറ്റുകള്‍ കൂട്ടികെട്ടി തടവുകാര്‍ ജയില്‍ ചാടിയെന്നാണ് പോലീസിന്റെ ഭാഷ്യം.

എന്നാല്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകര്‍ക്ക് പോലീസിനോട് ഏറ്റുമുട്ടാന്‍ ആയുധങ്ങള്‍ എവിടെനിന്ന് ലഭിച്ചുവെന്നുള്ളചോദ്യത്തിന് പോലീസിന് ഇനിയും ഉത്തരം നല്‍കാനായിട്ടില്ല.

നേരത്തെ, സംഭവത്തെക്കുറിച്ച് സംശയമുന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവും മുന്‍ മധ്യപ്രദേശ് മന്ത്രിയുമായ ദ്വിഗ് വിജയ് സിംഗ് രംഗത്തെത്തിയിരുന്നു. പ്രതികള്‍ ജയില്‍ ചാടിയതാണോ ചാടിച്ചതാണോയെന്നാണ് അദ്ദേഹം ചോദിച്ചു. ഇപ്പോള്‍ ഭോപ്പാല്‍ ജയിലിലും മുമ്പ് ഖാന്ദ്വാ ജയിലിലും സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി. ഇതെങ്ങനെ ആവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു.

ഏറ്റുമുട്ടല്‍ വ്യജമാണെന്ന സംശയം അദ്ദേഹം പ്രകടിപ്പിച്ചു. പ്രതികള്‍ കൂട്ടമായി എങ്ങനെ ഒരേ സ്ഥലത്തെത്തിയെന്നത് ദുരൂഹമായി അവശേഷിക്കുകയാണ്. സ്ഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു.

സിമി പ്രവര്‍ത്തകരുടെ കേസില്‍ വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ഇവരുടെ മരണം. എന്നാല്‍ കേസില്‍ ഇവരുടെ കുറ്റം തെളിയിക്കാല്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കെതിരെയുള്ള രാജ്യ ദ്രോഹക്കുറ്റം കോടതി തള്ളിയിരുന്നു. അതിനാല്‍ തന്നെ ഇവര്‍ ജയില്‍ ചാടേണ്ടതില്ല. കുറ്റാരോപിതരുടെ മോചനം തനിക്ക് ഉറപ്പായിരുന്നെന്ന് ഇവരുടെ അഭിഭാഷകര്‍ തഹാവൂര്‍ ഖാന്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരുന്നതിനാല്‍ പ്രത്യേക കോടതിയാണ് പരിഗണിച്ചിരുന്നത്.