പുലിമുരുകന്‍ സിനിമ കണ്ട് അക്രമം; കഥ കെട്ടിച്ചമച്ചത്; പ്രതിസ്ഥാനത്ത് സിപിഐഎം പ്രവർത്തകനും

പിസിഎഫിന് നല്‍കിയ ആറു പേജ് വരുന്ന കത്തിലെവിടെയും തന്നെ പുലിമുരുകന്‍ സിനിമ കണ്ടതിന് ശേഷം ആളുകള്‍ വനപാലകരെ ആക്രമിക്കുന്നെന്ന പരാമർശമില്ല.

പുലിമുരുകന്‍ സിനിമ കണ്ട് അക്രമം; കഥ കെട്ടിച്ചമച്ചത്; പ്രതിസ്ഥാനത്ത് സിപിഐഎം പ്രവർത്തകനും

കോഴിക്കോട്: പുലിമുരുകന്‍ സിനിമ ഇറങ്ങിയശേഷം വനപാലകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന് പരാതി നല്‍കിയെന്ന പ്രചരണം തെറ്റ്. തിരുവനന്തപുരത്തെ പിസിഎഫിന്റെ ഓഫീസില്‍ നിന്നാണ് ഇങ്ങനെയൊരു കഥയിറങ്ങിയത്. അതേസമയം പി ധനേഷ് കുമാര്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക്(വൈല്‍ഡ് ലൈഫ്) നല്‍കിയ പരാതിയുടെ പകര്‍പ്പ് ' നാരദ ന്യൂസി' ന് ലഭിച്ചു. ഒക്ടോബര്‍ 23ന് പിസിഎഫിന് നല്‍കിയ ആറു പേജ് വരുന്ന കത്തിലെവിടെയും തന്നെ പുലിമുരുകന്‍ സിനിമ കണ്ടതിന് ശേഷം ആളുകള്‍ വനപാലകരെ ആക്രമിക്കുന്നെന്ന പരാമര്‍ശമില്ല.


വയനാട്ടില്‍ കാട്ടാനയെ വെടിവെച്ച് കൊന്ന വേട്ട സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പലതവണ വനപാലകര്‍ക്ക് നേരെ ആക്രമണമുണ്ടായതായി പറയുന്നുണ്ട്. കുറിച്യാട് റെയിഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരെ വടക്കനാട്, കരിപ്പൂര്‍ ഭാഗത്ത് വച്ച് ചിലര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ചികിത്സ തേടിയിരുന്നതായി കത്തിലുണ്ട്. ആനയെ വേട്ടയാടിയ സംഘത്തിലെ ചിലര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതായും ഇത് റിസോര്‍ട്ട് മാഫിയയാണെന്നും പരാതിയിലുണ്ട്.

ആനവേട്ടക്കേസില്‍ അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും വനപാലകര്‍ക്ക് നേരിടേണ്ടി വന്ന ഭീഷണിയും സമ്മര്‍ദ്ദവും വേട്ടസംഘത്തെ വനത്തില്‍ നിന്ന് പിടികൂടിയതും റിസോര്‍ട്ട് റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടികൂടിയതുമെല്ലാം പരാതിയില്‍ വിവരിക്കുന്നുണ്ട്. ആനയെ വേട്ടയാടാനുള്ള തോക്ക് കൈവശം വച്ച പുത്തന്‍കുടി ഷാജിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ സിപിഐഎം പ്രാദേശിക നേതാവ് എ കെ കുമാരനും സംഘവും പ്രതിയെ ബലമായി മോചിപ്പിക്കാന്‍ ശ്രമം നടത്തിയതും പറയുന്നുണ്ട്. ഒപ്പംതന്നെ വനംവകുപ്പ് ജീവനക്കാരെ എവിടെ കണ്ടാലും ചിലര്‍ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും മതിയായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നും കത്തിലുണ്ട്. ജീവനക്കാരുടെ സംരക്ഷണം കൂടി ഏറ്റെടുത്താലെ വനസംരക്ഷണം ഫലപ്രദമാവുകയുള്ളുവെന്നും പരാതിയില്‍ പറയുന്നുണ്ട്. പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കൂടാതെ അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫീല്‍ഡ് ഡയറക്ടര്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പയച്ചിരുന്നു.

danesh docu 1

danesh docu 2

Read More >>