ബൊളീവിയയില്‍ ജല അടിയന്തരാവസ്ഥ; കുടിവെള്ള വിതരണം മൂന്നുദിവസത്തിലൊരിക്കല്‍

രാജ്യം കടന്നു പോകുന്നത് അതിഗുരുതരമായ പ്രതിസന്ധിയലൂടെയാണെന്നും ജനങ്ങളോടു ഏതു പ്രതിസന്ധികളെയും നേരിടാന്‍ തയ്യാറായിരിക്കണമെന്നും മൊറാലസ് അറിയിച്ചു. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്നു നഗരങ്ങളില്‍ മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നു മണിക്കൂര്‍ വീതമാണ് ജലസേചനം നടത്തുന്നത്.

ബൊളീവിയയില്‍ ജല അടിയന്തരാവസ്ഥ; കുടിവെള്ള വിതരണം മൂന്നുദിവസത്തിലൊരിക്കല്‍

തെക്കേ അമേരിക്കന്‍ രാജ്യമായ ബൊളീവിയയില്‍ കൊടും വരള്‍ച്ചയെ തുടര്‍ന്നു ജല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇവോ മൊറാലസ് ആണ് പ്രഖ്യാപനം നടത്തിയത്. ജലക്ഷാമം നേരിടുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ ദേശീയ, പ്രാദേശിക സര്‍ക്കാരുകള്‍ക്കു പ്രസിഡന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യം കടന്നു പോകുന്നത് അതിഗുരുതരമായ പ്രതിസന്ധിയലൂടെയാണെന്നും ജനങ്ങളോടു ഏതു പ്രതിസന്ധികളെയും നേരിടാന്‍ തയ്യാറായിരിക്കണമെന്നും മൊറാലസ് അറിയിച്ചു. വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്നു നഗരങ്ങളില്‍ മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നു മണിക്കൂര്‍ വീതമാണ് ജലസേചനം നടത്തുന്നത്.


രാജ്യത്തു ജലവിതരണത്തിനായി ഉപയോഗിക്കുന്ന പ്രധാനപ്പെട്ട മൂന്നു ഡാമുകളിലും ആവശ്യത്തിനു വെള്ളമില്ല. ഇതില്‍ അജുവാന്‍ ഹോട്ട ഡാമില്‍ സംഭരണ ശേഷിയുടെ ഒരു ശതമാനം മാത്രമാണു നിലവില്‍ വെള്ളമുള്ളത്. മറ്റു രണ്ടു ഡാമുകളില്‍ എട്ടു ശതമാനം വെള്ളം മാത്രമാണുള്ളത്.

രാജ്യത്തെ കാര്‍ഷികമേഖലയേയും വരള്‍ച്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് ഡിസംബര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയില്ലെന്നു കാലവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

Read More >>