സംസ്ഥാനത്ത് 47 ഉന്നത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

32 ഐഎഎസുകാരും 15 ഐപിഎസുകാരുമാണ് അന്വേഷണ പരിധിയിലുള്ളത്. എന്നാല്‍ ഇതില്‍ രണ്ടു പേര്‍ക്കെതിരെയുള്ള അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഏറ്റവും അധികം കേസ് നേരിടുന്നത് ടിഒ സൂരജും ടോമിന്‍ ജെ തച്ചങ്കരിയും ആണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇരുവര്‍ക്കുമെതിരായി അഞ്ച് വിജിലന്‍സ് കേസുകളാണുള്ളത്.

സംസ്ഥാനത്ത് 47 ഉന്നത ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കൊച്ചി: സംസ്ഥാനത്ത് 47 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. 32 ഐഎഎസുകാരും 15 ഐപിഎസുകാരുമാണ് അന്വേഷണ പരിധിയിലുള്ളത്. എന്നാല്‍ ഇതില്‍ രണ്ടു പേര്‍ക്കെതിരെയുള്ള അന്വേഷണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഏറ്റവും അധികം കേസ് നേരിടുന്നത് ടിഒ സൂരജും ടോമിന്‍ ജെ തച്ചങ്കരിയും ആണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ഇരുവര്‍ക്കുമെതിരായി അഞ്ചു വിജിലന്‍സ് കേസുകളാണുള്ളത്.
സ്പീഡ് ഗവേണര്‍ നിര്‍മാതാക്കളില്‍നിന്ന് പണം കൈപ്പറ്റി, പാലാ മങ്കൊമ്പിലെ ക്രഷര്‍ യൂണിറ്റ് ഷെയര്‍ വില്‍പന, കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരിക്കെയുള്ള അഴിമതി, വാഹനങ്ങളുടെ താല്‍ക്കാലിക രജിസ്ട്രേഷന്‍ അഴിമതി, പാലക്കാട് ആര്‍ടിഒയില്‍നിന്ന് പണം ആവശ്യപ്പെട്ടു എന്നീ അഞ്ചു കേസുകളാണ് തച്ചങ്കരിക്കെതിരെയുള്ളത്.


അനധികൃത സ്വത്തുസമ്പാദനം, സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കല്‍, സിഡ്കോയിലെ അനധികൃത നിയമനങ്ങള്‍, കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ക്രമക്കേട്, വാണിജ്യാടിസ്ഥാനത്തിലുളള ഭൂമി കൈമാറല്‍ എന്നിങ്ങനെയാണ് ടിഒ സൂരജിനെതിരായ അഞ്ചു കേസുകള്‍.
ഡി ജി പി ശങ്കര്‍ റെഡ്ഡി, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ്, റാണി ജോര്‍ജ് ഐഎഎസ്, പിഎം ഫ്രാന്‍സിസ് ഐഎഎസ്, ബാലകൃഷ്ണന്‍ ഐഎഎസ്, ഗിരീഷ് കുമാര്‍ ഐഎഎസ്, ടോം ജോസ് ഐഎഎസ്, എം ശിവശങ്കരന്‍, നിശാന്തിനി ഐപിഎസ് തുടങ്ങി നിരവധി പ്രമുഖരാണ് പട്ടികയിലുള്ളത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനാണ് ശങ്കര്‍ റെഡ്ഡിക്കെതിരെയും നിശാന്തിനിക്കെതിരെയും കേസുള്ളത്.
കൂടാതെ ഐഎഎസുകാരായ ഷേക്ക് പരീത്, എക്സ് അനില്‍, ബിശ്വനാഥ് സിന്‍ഹ, അസ്ഗര്‍ അലി പാഷ, റാണി ജോര്‍ജ്, ലത തുടങ്ങിവരാണ് ഈ പട്ടികയിലെ മറ്റുചിലര്‍. ചിറ്റാരിപ്പുഴയിലെ പാലം നിര്‍മാണവും മെട്രോ റെയിലിനായി ഭൂമി ഏറ്റെടുത്തതിലെ പരാതിയുമാണ് ഷേക്ക് പരീതിനെതിരെയുളളത്.
പീരുമേടിലെ ഭൂമി പതിച്ചു നല്‍കലില്‍ ബിശ്വാസ് മേത്ത, വെറ്ററിനറി സര്‍വകലാശാലയിലെ ക്രമക്കേടില്‍ ഡോ. ബി അശോക് എന്നിവരും അന്വേഷണം നേരിടുന്നുണ്ട്. അധികാര ദുര്‍വിനിയോഗത്തിന് ശ്രീജിത്തിനും കോഴഞ്ചേരി മെറ്റല്‍ക്രഷറുമായി ബന്ധപ്പെട്ട് രാഹുല്‍ ആര്‍ നായര്‍ക്കും ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രണ്ടുകേസുകളില്‍ മുന്‍ മധ്യമേഖലാ ഐജി ജേക്കബ് ജോബിനും എതിരെ അന്വേഷണം നടന്നുവരുന്നു.

അനധികൃത സ്വത്തുസമ്പാദനമാണ് മനോജ് എബ്രഹാമിന്റെ പേരിലുളളത്. സ്റ്റുഡന്റ് പോലിസ് കേഡറ്റ് ഫണ്ട് വിനിയോഗത്തില്‍ പി വിജയനെതിരെയും നീര്‍ത്തടം നികത്തല്‍ കേസില്‍ പിബി സലീം ഐഎഎസിനെതിരെയും അന്വേഷണം നടക്കുന്നതായി വിജിലന്‍സ് വ്യക്തമാക്കുന്നു. വിജിലന്‍സ് അഴിമതി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. അന്വേഷണം നടക്കുന്ന കേസുകളില്‍ ചിലത് അന്തിമ റിപോര്‍ട്ടിന് തയ്യാറായിരിക്കുകയാണെന്നും വിവരാവകാശ രേഖയില്‍ പറയുന്നു

Read More >>