കുഞ്ഞിന് മരുന്നു വാങ്ങാന്‍ പോലും കാശില്ല; പരിഷ്‌കരണം സാധാരണക്കാരന്റെ നെഞ്ചത്ത് കത്തി കയറ്റിയിട്ടാകരുത്: മലയാളി വീട്ടമ്മയുടെ ചോദ്യം വൈറല്‍

സാധാരണക്കാരുടെ നെഞ്ചത്ത് കത്തികയറ്റിയിട്ടു വേണോ പരിഷ്‌കരണമെന്ന ലീനയെന്ന വീട്ടമ്മയുടെ പ്രതികരണമാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്.

കുഞ്ഞിന് മരുന്നു വാങ്ങാന്‍ പോലും കാശില്ല; പരിഷ്‌കരണം സാധാരണക്കാരന്റെ നെഞ്ചത്ത് കത്തി കയറ്റിയിട്ടാകരുത്: മലയാളി വീട്ടമ്മയുടെ ചോദ്യം വൈറല്‍

നോട്ട് നിരോധനത്തില്‍ സാധാരണക്കാര്‍ നെട്ടോട്ടമോടുമ്പോള്‍ സ്വന്തം കുഞ്ഞിന് മരുന്നു വാങ്ങാന്‍ പോലും കൈയ്യില്‍ കാശില്ലാത്ത വീട്ടമ്മ പ്രതികരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സാധാരണക്കാരുടെ നെഞ്ചത്ത് കത്തികയറ്റിയിട്ടു വേണോ പരിഷ്‌കരണമെന്ന ലീനയെന്ന വീട്ടമ്മയുടെ പ്രതികരണമാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. സാധാരണക്കാരായ തങ്ങള്‍ക്ക്  വലിയ കാര്യങ്ങള്‍ തലയില്‍ കയറില്ലെന്നും കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ പോലും തന്റെ കൈയ്യില്‍ കാശില്ലെന്നും വീട്ടമ്മ പരിഭവിക്കുന്നു.


പലചരക്കുകടയിലും പച്ചക്കറി കടയിലും കടം പറയാമെന്നും എന്നാല്‍ ഡോക്ടറോട് എങ്ങനെയാണ് കടം പറയുകയെന്നും ലീന ചോദിക്കുന്നു. കടം വാങ്ങാനാണെങ്കില്‍ തന്നെ ആരുടെ കയ്യിലും കാശില്ല. തനിക്ക് കുഞ്ഞാണ് എല്ലാം. ഇത്തരം പരിഷ്‌കാരങ്ങള്‍ സാധാരണക്കാരുടെ നെഞ്ചത്ത് കത്തികയറ്റിയിട്ട് ആകരുത്. ഇത്തരം തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിന് മുന്‍പ് തങ്ങള്‍ എന്തു ചെയ്യണമെന്ന് വ്യക്തമായി പറഞ്ഞു തരണ്ടേതായിരുന്നുവെന്നും ലീന വീഡിയോയിലൂടെ പറഞ്ഞു വയ്ക്കുന്നു.

നോട്ട് നിരോധനത്തിനു ശേഷം നവമാധ്യമങ്ങളില്‍ ധാരാളം പേര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. നോട്ട് നിരോധിച്ച പ്രധാനമന്ത്രിയുടെ നടപടിയെ വിമര്‍ശിക്കുന്ന മലയാളിയായ എട്ടാം ക്ലാസുകാരി ഹവ്വയുടെ വീഡിയോ നവമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. നാലാം ക്ലാസുകാരിയായ തനിക്കുളള ബുദ്ധി പോലും മോദിക്കില്ലാതെ ആയാല്‍ എന്താണു ചെയ്യുകയെന്ന കൊച്ചു ഹവ്വയുടെ ചോദ്യം നവമാധ്യങ്ങള്‍ ആഘോഷമാക്കിയിരുന്നു.

Read More >>