വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് വിഷയം; സുഭാഷ് വാസുവിനെതിരെ പോലീസ് കേസെടുത്തു

ആ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാതൊരു വിലയുമില്ല. മാനേജ്‌മെന്റ് സ്റ്റാഫുകളെ പേടിച്ചാണ് ഓരോരുത്തരും പഠിക്കുന്നത് തന്നെ. ക്ലാസ് ഫോർ ജീവനക്കാർക്കും കാന്റീന്‍ ജീവനക്കാർക്കും വിദ്യാര്‍ത്ഥികളേക്കാള്‍ വിലയുണ്ട്

വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് വിഷയം; സുഭാഷ് വാസുവിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ആലപ്പുഴ കട്ടച്ചിറ ശ്രീ വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജ് മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ 44 പെണ്‍കുട്ടികളാണ് സുഭാഷ് വാസുവിനെതിരെ വള്ളികുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ മാസം 28 ന് സുഭാഷ് വാസുവും മാനേജ്‌മെന്റ് ഗുണ്ടകളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.


സംഭവത്തെക്കുറിച്ച് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി നാരദാ ന്യൂസിനോട് വിശദീകരിക്കുന്നതിങ്ങനെയാണ്:
"കഴിഞ്ഞ ദിവസം കോളേജിലുണ്ടായ ഒരു പ്രശ്‌നത്തിന്റെ പേരില്‍ സിവില്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പരീക്ഷ കഴിഞ്ഞ് ക്ലാസില്‍ കയറാതെ പുറത്തു നിന്നു. മാനേജ്‌മെന്റിനെ പേടിച്ച് മുദ്രാവാക്യം പോലും വിളിക്കാതെയാണ് ഞങ്ങള്‍ പെണ്‍കുട്ടികളടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ കാന്റീന് സമീപത്തു നിന്നത്. സുഭാഷ് വാസുവും മാനേജ്‌മെന്റിലെ ഗുണ്ടകളും വളരെ മോശമായാണ് പെണ്‍കുട്ടികളോടു പെരുമാറിയത്. മുണ്ടു മടക്കിക്കുത്തി വന്ന സുഭാഷ് വാസു കൂട്ടത്തിലെ ഒരു വിദ്യാര്‍ത്ഥിയെ തല്ലി. പെട്ടന്നു ഞങ്ങളെല്ലാം അയാള്‍ക്കു ചുറ്റും കൂടി. ഇതു കണ്ടു ദേഷ്യം വന്ന അയാള്‍ പത്തു പെണ്‍കുട്ടികളുടെ ടാഗ് (ഐഡി കാര്‍ഡ്) ബലമായി പിടിച്ചു വാങ്ങി ചീത്തവിളിച്ചു. 'എടീ നിന്നെയൊന്നും വച്ചേക്കില്ല, എന്തു കണ്ടിട്ടാണ് നീയൊക്കെ കളിക്കുന്നത്, വീട്ടിക്കേറി ഒണ്ടാക്കി തരും' എന്നൊക്കെയാണ് അയാള്‍ പറഞ്ഞത്.

ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ്, ഞങ്ങള്‍ തെറ്റു ചെയ്താല്‍ അധ്യാപകര്‍ക്കോ എച്ച് ഒ ഡിക്കൊ വഴക്കു പറയാം. മാനേജ്‌മെന്റിന് ഞങ്ങളെ വഴക്കു പറയാനൊ മര്‍ദ്ദിക്കാനൊ അവകാശമില്ല. ആ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാതൊരു വിലയുമില്ല. മാനേജ്‌മെന്റ് സ്റ്റാഫുകളെ പേടിച്ചാണ് ഓരോരുത്തരും പഠിക്കുന്നതു തന്നെ. തൂപ്പുകാര്‍ക്കും കാന്റീന്‍ ജീവനക്കാർക്കും വിദ്യാര്‍ത്ഥികളേക്കാള്‍ വിലയുണ്ട്. ക്ലാസുകള്‍ ബഹിഷ്‌കരിച്ച ഞങ്ങളെ കാന്റീന്‍ ജീവനക്കാരികളും തൂപ്പുകാരിയും വരെ ചീത്ത വിളിച്ചു. 'അവളുടെയൊക്കെ അഹങ്കാരം കണ്ടില്ലേ, നീയൊക്കെ അനുഭവിക്കെടി, പഠിക്കാന്‍ വന്നാല്‍ പഠിച്ചിട്ട് പോയാപ്പോരെ' എന്നൊക്കെയാണ് കാന്റീന്‍ ജീവനക്കാര്‍ ഞങ്ങളോടു പറഞ്ഞത്. ഇതൊക്കെ സഹിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. ആവശ്യത്തിലധികം കാശ് അടച്ചിട്ടു തന്നെയാണു ഞങ്ങൾ പഠിക്കുന്നത്.

സംഭവ സ്ഥലത്തെത്തിയ പൊലീസുകാരോട് ഞങ്ങള്‍ പെണ്‍കുട്ടികള്‍ പരാതി പറഞ്ഞു. പൊലീസ് കേസെടുക്കാമെന്നു പറഞ്ഞെങ്കിലും ഇന്നാണു കേസെടുത്തത്. കേസില്‍ മൊഴി നല്‍കിയ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കിയാണു മാനേജ്‌മെന്റ് ഇതിനോടു പ്രതികരിച്ചത്. വളരെ ദൂരത്തു നിന്നു വന്നു താമസിക്കുന്ന പെണ്‍കുട്ടികളുണ്ട്. അവരൊക്കെ താമസിക്കാനിടമില്ലാത്തതിനാല്‍ കൂട്ടുകാരികളുടെ വീടുകളിലാണു തങ്ങുന്നത്. ഒരുപാടു പെണ്‍കുട്ടികളുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തി. എന്തു വന്നാലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ ഞങ്ങള്‍ ഒരുമിച്ചു നില്‍ക്കും."

സുഭാഷ് വാസുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് വള്ളികുന്നം എസ്‌ഐ അജിത് കുമാര്‍ പറഞ്ഞു. 506, (2) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കോളേജില്‍ പ്രശ്‌നം നടന്ന ദിവസം അന്ന് പൊലീസ് കോളേജിലുണ്ടായിരുന്നു. അന്നു കുട്ടികള്‍ വാക്കാലാണ് പരാതി തന്നത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ രേഖമൂലം പരാതി നല്‍കിയത്. സുഭാഷ് വാസുവിനും മാനേജ്‌മെന്റ് ജീവനക്കാര്‍ക്കുമെതിരെ നടപടി എടുക്കുമെന്നും എസ്‌ഐ പറഞ്ഞു.

Read More >>