'ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടിയല്ല'; മോഹന്‍ലാലിനെതിരെ വി ഡി സതീശന്‍

രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ നരേന്ദ്രമോഡിക്ക് കുട പിടിക്കുമ്പോള്‍ ഇവരുടെ വേദന ലാല്‍ കാണാതെ പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മാസങ്ങള്‍ക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിനു പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നില്‍ക്കേണ്ടി വന്നവരുടെയും അതില്‍ മനംനൊന്തു ബാങ്കില്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടിവന്ന പിതാക്കന്മാരുടെയും വേദന എന്തെ നിങ്ങള്‍ കണ്ടില്ലെന്നും സതീശന്‍ ചോദിക്കുന്നു.

നോട്ട് നിരോധനത്തെ ന്യായീകരിച്ചും ബിഗ് സല്യൂട്ട് നല്‍കിയും രംഗത്തെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. ജനങ്ങള്‍ ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നില്‍ കാവല്‍നില്‍ക്കുന്നത് മദ്യത്തിനും സിനിമാ ടിക്കറ്റിനും വേണ്ടിയല്ലെന്നും അവര്‍ കഠിനാധ്വാനം ചെയ്തു സ്വന്തം ബാങ്കില്‍ വിശ്വാസത്തോടെ നിക്ഷേപിച്ച പണം റേഷന്‍ പോലെ ഇരന്നുമേടിക്കാനാണെന്നും സതീശന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മോഹന്‍ലാലിനുള്ള സതീശന്റെ മറുപടി.


ക്യൂവില്‍ നിന്നവരുടെ ലക്ഷ്യം ഒരു ഫുള്‍ബോട്ടില്‍ ആണെന്ന് മോഹന്‍ലാല്‍ തെറ്റിദ്ധരിച്ചത് സ്വന്തം ബന്ധുക്കളുടെ ചികിത്സയ്ക്കും വിവാഹത്തിനുമെല്ലാം സ്വന്തം പണത്തിനു വേണ്ടി ക്യൂ നിന്നു മരിക്കാന്‍ പോലും വിധിക്കപ്പെട്ടവരോടുള്ള അവഹേളനം ആണ്. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന മൊത്തം കറന്‍സിയുടെ 86 ശതമാനം ഒറ്റ രാത്രി കൊണ്ട് പിന്‍വലിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ നരേന്ദ്രമോഡിക്ക് കുട പിടിക്കുമ്പോള്‍ ഇവരുടെ വേദന ലാല്‍ കാണാതെ പോയത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. മാസങ്ങള്‍ക്ക് മുന്നേ നിശ്ചയിച്ച സ്വന്തം മക്കളുടെ വിവാഹത്തിനു പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ നില്‍ക്കേണ്ടി വന്നവരുടെയും അതില്‍ മനംനൊന്തു ബാങ്കില്‍ തന്നെ ആത്മഹത്യ ചെയ്യേണ്ടിവന്ന പിതാക്കന്മാരുടെയും വേദന എന്തെ നിങ്ങള്‍ കണ്ടില്ലെന്നും സതീശന്‍ ചോദിക്കുന്നു.

ചുരുങ്ങിയ പക്ഷം ജയ്പൂരിലെ 25ഉം 50ഉം കിലോമീറ്റര്‍ യാത്ര ചെയ്തു ബാങ്കില്‍ വന്നു തങ്ങളുടെ കഠിനാധ്വാനം ചെയ്ത പണത്തിനു ക്യൂ നില്‍ക്കുന്നവരെ കണ്ട്, അവരുടെ കൂടെ ഒരു 2000 രൂപയ്ക്ക് ക്യൂ നിന്നിട്ട് ആ അനുഭവം വേണമായിരുന്നു മോഹന്‍ലാല്‍ കുറിക്കാന്‍. ആ ക്യൂവില്‍ ഒരു ധനികനും കള്ളപ്പണക്കാരനും സിനിമാതാരവും ഇല്ല. അവിടെയുള്ളത് സ്വന്തം ജീവിതത്തില്‍ സ്വരുക്കൂട്ടിയ ആയിരങ്ങള്‍ക്ക് വേണ്ടി യാചകരെ പോലെ നില്‍ക്കുന്ന പാവപ്പെട്ടവര്‍ മാത്രമാണ്. പ്ലാസ്റ്റിക് മണിയുടെയും പഞ്ചനക്ഷത്ര ഹോട്ടലുകളുടെയും സുഖലോലുപതയല്ല, സ്വന്തം പണം ഉപയോഗിച്ച് അന്നന്നത്തേക്കുള്ള ഭക്ഷണം മേടിക്കാന്‍ പാടുപെടുന്ന സാധാരണക്കാരന്റെ രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്.

നൂറു കോടി ക്ലബ്ബില്‍ അംഗമായ സന്തോഷത്തില്‍, സ്വന്തം സിനിമ ഈ വിഷയം മൂലം റിലീസ് പോലും ചെയ്യാന്‍ പറ്റാതിരുന്ന സഹപ്രവര്‍ത്തകരോട് ഒന്ന് അന്വേഷിച്ചാല്‍ അവരുടെ ദുരിതം മനസ്സിലാവുമായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ മോഡിക്ക് ഇന്നേക്ക് 13 ദിവസം പിന്നിടുമ്പോള്‍ സ്വന്തം നാട്ടില്‍ 500 രൂപയുടെ നോട്ട് എത്തിക്കാന്‍ എങ്കിലും കഴിഞ്ഞുവോ എന്ന് ഈ ബ്ലോഗ് എഴുതുന്നതിനു മുന്നേ അന്വേഷിക്കണമായിരുന്നെന്നും സതീശന്‍ കുറ്റപ്പെടുത്തുന്നു. എടുത്തു ചാട്ടമല്ല, വിവേകപൂര്‍ണ്ണമായ നടപടികളാണ് ഒരു പ്രധാനമന്ത്രിയില്‍ നിങ്ങള്‍ കാണേണ്ടത് എന്നു പറഞ്ഞാണ് വിഡി സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. തന്റെ ബ്ലോഗിലൂടെയായിരുന്നു മോഹന്‍ലാല്‍ നോട്ട് നിരോധന നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം