സ്വന്തം വിദ്യാലയത്തെ പാകിസ്താനോടുപമിച്ച് കെ പി ശശികല; 36 വർഷത്തിനിടെ ഇതാദ്യമായി വല്ലപ്പുഴ സ്ക്കൂളിലെ കുട്ടികൾ ആവശ്യപ്പെടുന്നു, ' സേവ് വി എച്ച് എസ്, ബാന്‍ ശശികല'

വെളളിയാഴ്ച രാവിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വക കരിങ്കൊടി. ഉച്ചയോടെ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിനകത്ത് പ്ലക്കാര്‍ഡുകളുമായി പ്രകടനം. ' സേവ് വി എച്ച് എസ്, ബാന്‍ ശശികല' എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് ശശികല ടീച്ചര്‍ ഈ സ്‌കൂളില്‍ വേണ്ട എന്ന് കുട്ടികൾ വിളിച്ചു പറഞ്ഞു. ഉച്ചക്ക് 3 മണിക്കു ശേഷം സ്‌കൂളില്‍ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസമായി ഒരു വലിയ വണ്ടി നിറയെ പോലീസുകാര്‍ സ്‌കൂളിനു മുമ്പില്‍ കാവലുണ്ട്. പോലീസ് ഭീതിയില്‍ കൊച്ചു കുട്ടികള്‍ സ്‌കൂളില്‍ വരെ വരാന്‍ മടിക്കുന്നു. വല്ലപ്പുഴയിലെ സ്‌കൂളില്‍ ഇതൊക്കെ ആദ്യ സംഭവം.

സ്വന്തം വിദ്യാലയത്തെ പാകിസ്താനോടുപമിച്ച് കെ പി ശശികല; 36 വർഷത്തിനിടെ ഇതാദ്യമായി വല്ലപ്പുഴ സ്ക്കൂളിലെ കുട്ടികൾ ആവശ്യപ്പെടുന്നു,

പാലക്കാട് : താൻ പഠിപ്പിക്കുന്ന വിദ്യാലയവും അതു സ്ഥിതി ചെയ്യുന്ന നാടും പാകിസ്താനാണെന്ന  കെ പി ശശികലയുടെ പ്രസംഗത്തിനെതിരെ ഒറ്റക്കെട്ടായി വല്ലപ്പുഴക്കാർ രംഗത്ത്. സ്ക്കൂളിലെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസാണ് നിലവിൽ ശശികല.  പ്രഥമാധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ സ്ക്കൂളിന്റെ ചുമതല വഹിക്കുന്ന അധ്യാപികയാണ് താൻ പഠിപ്പിക്കുന്ന കുട്ടികളുടെ  മതം നോക്കി സ്ക്കൂളിനെ നിരന്തരമായി ആക്ഷേപിക്കുന്നത്.

നാടുനീളെ തുടർച്ചയായി വിദ്വേഷ പ്രസംഗങ്ങൾ  നടത്തിയിട്ടും 36 വര്‍ഷത്തിനിടയ്ക്ക് ഒരിക്കൽപ്പോലും വല്ലപ്പുഴ ഗവ. ഹൈസ്ക്കൂളിലെ കുട്ടികളോ രക്ഷിതാക്കളോ കെ പി ശശികലയ്ക്കെതിരെ  പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ തങ്ങളുടെ സ്ക്കൂളും നാടും പാകിസ്താനാണെന്ന് സ്ക്കൂളിന്റെ തന്നെ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് നാട്ടിലും വിദേശത്തും നിരന്തരമായി നടത്തുന്ന ആക്ഷേപം അവർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.  വിവാദ പ്രസംഗത്തോടുളള പ്രതികരണം ഇക്കഴിഞ്ഞ ദിവസം സ്ക്കൂൾ അങ്കണത്തിൽ മുഴങ്ങി.


വെളളിയാഴ്ച രാവിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വക കരിങ്കൊടി. ഉച്ചയോടെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രകടനം. ' സേവ് വി എച്ച് എസ്, ബാന്‍ ശശികല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായി ശശികല ടീച്ചര്‍ ഇനി ഈ സ്‌കൂളില്‍ വേണ്ട എന്നവർ വിളിച്ചു പറഞ്ഞു. ഉച്ചക്ക് 3 മണിക്കു ശേഷം സ്‌കൂളില്‍ പഠനം മുടങ്ങി. രണ്ട് മൂന്ന് ദിവസമായി ഒരു വലിയ വണ്ടി നിറയെ പോലീസുകാര്‍ സ്‌കൂളിനു മുമ്പില്‍ കാവലുണ്ട്. പോലീസ് ഭീതിയില്‍ കൊച്ചു കുട്ടികള്‍ സ്‌കൂളില്‍ വരെ വരാന്‍ മടിക്കുന്നു. വല്ലപ്പുഴയിലെ സ്‌കൂളില്‍ ഇതൊക്കെ ആദ്യ സംഭവം.

തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളിൽ അനിശ്ചിത കാല പഠിപ്പു മുടക്ക് സമരം ആരംഭിക്കുകയാണ്. എല്ലാ വിദ്യാർത്ഥി സംഘടനകളും ചേർന്ന ഐക്യമുന്നണിയാണ് സമരാഹ്വാനം നടത്തിയത്. ക്ലാസ്സ് ബഹിഷ്‌കരിക്കാന്‍ രക്ഷിതാക്കളും തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരമുണ്ടാക്കാൻ ശനിയാഴ്ച്ച സ്‌കൂളില്‍ പി ടി എ കൂടുന്നുണ്ട്. സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞ് കുട്ടിയെ എന്തു ധൈര്യത്തിലാണ് അവിടേക്ക് പഠിക്കാന്‍ വിടുകയെന്ന് ഒരു രക്ഷിതാവ് നാരദ ന്യൂസിനോട് ചോദിച്ചു,

എന്നാല്‍ വല്ലപ്പുഴയേയും പഠിപ്പിക്കുന്ന സ്‌കൂളിനേയും പാക്കിസ്ഥാനെന്ന് വിളിച്ചതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും നല്ല അര്‍ത്ഥത്തിലാണ് താന്‍ അങ്ങിനെ പറഞ്ഞതെന്നും ശശികല ടീച്ചര്‍ നാരദ ന്യൂസിനോട് പറഞ്ഞു. ഇതിന്റേ പേരില്‍ പോലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും ഹൈക്കോടതിയിലൊന്നും ജാമ്യത്തിന് ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയുമില്ല. കോടതിക്ക് സത്യം ബോധ്യപ്പെട്ടാല്‍ ശിക്ഷിച്ചോട്ടെ, സത്യം പറഞ്ഞതിന്റെ പേരില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും ശശികല ടീച്ചര്‍ നാരദ ന്യൂസിനോട് പറഞ്ഞു.

' ഞാന്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ 95% ശതമാനം കുട്ടികള്‍ മുസ്ലീങ്ങളാണ്. ആ സ്‌കൂളിലെ വാര്‍ഡില്‍ ആകട്ടെ പേരിനു മാത്രമാണ് ചില ഹിന്ദുക്കള്‍ ഉള്ളത്. പാലക്കാട് ജില്ലയില്‍ ഇങ്ങിനെ ഒരു വാര്‍ഡ് ഇല്ല. മുസ്ലീങ്ങളുടെ എണ്ണത്തില്‍ പാക്കിസ്ഥാനെ പോലെ ഭൂരിപക്ഷ പ്രദേശമായതിനാലാണ് ആ നാടിനെ പാക്കിസ്ഥാനായി ചിത്രീകരിച്ചത്. പാക്കിസ്ഥാന്‍ എന്നു പറഞ്ഞാല്‍ എങ്ങിനെ അപമാനിക്കപ്പെടും? പാക്കിസ്ഥാന്‍ എന്നെ സംബന്ധിച്ചിടത്തോളം വേദങ്ങള്‍ പിറന്ന നാടാണ്. അപമാനകരമായ നാടല്ല. പാക്കിസ്ഥാന്‍ പ്രേമികള്‍ എന്റെ വാക്കിന്റെ അടിസ്ഥാനത്തില്‍ വിരോധികള്‍ ആയതിന്‍ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

2011 ല്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ശശികല വല്ലപ്പുഴയെ പാക്കിസ്ഥാനോട് ഉപമിച്ചത്. താന്‍ ജീവിക്കുന്ന നാടും അധ്യാപികയായി ജോലി ചെയ്യുന്ന സ്‌കൂളും പാക്കിസ്ഥാന് തുല്യമെന്നാണെന്നായിരുന്നു പരാമർശം. ഈ പ്രസംഗവും അവർക്കെതിരെ കേസെടുക്കാന്‍ കോടതി പരിഗണിച്ചിരുന്നു. എന്നാൽ കേസിന് ആധാരമായ പ്രസംഗങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നുവെന്ന ന്യായീകരണത്തോടെ സമീപകാല പ്രസംഗങ്ങളിൽ ഈ ആക്ഷേപം ആവർത്തിച്ചതോടെയാണ് വല്ലപ്പുഴ ശശികലയ്ക്കെതിരെ തിരിഞ്ഞത്.

വര്‍ഷങ്ങളായി ഒരു നിഷ്ഠയെന്നോണം മതവിദ്വേഷം പ്രചരിപ്പിച്ചിട്ടും കെ പി ശശികല എന്ന അധ്യാപികയ്ക്കെതിരെ വല്ലപ്പുഴ ഹയര്‍സെക്കണ്ടറി സ്‌കൂളിലോ നാട്ടിലോ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ശശികലയുടെ രാഷ്ട്രീയം സ്‌കൂളിനു പുറത്തായിരുന്നു. പക്ഷെ സ്‌കൂളിനേയും നാടിനേയും പാക്കിസ്ഥാനോട് ഉപമിച്ചതോടെ കാര്യങ്ങള്‍ മാറി. ശശികല പരസ്യമായി മാപ്പു പറഞ്ഞ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അവരുടെ സഹപ്രവര്‍ത്തകര്‍ക്കും അഭിപ്രായമുണ്ട്.

പക്ഷേ, പിന്മാറാൻ താനില്ലെന്നാണ് കെ പി ശശികലയുടെ നിലപാട്. പോലീസ് വണ്ടികൾ കാവൽ നിൽക്കുന്ന സ്ക്കൂളിൽ ജാമ്യമില്ലാ കുറ്റത്തിന് കേസെടുത്തിട്ടുളള അധ്യാപിക ക്ലാസെടുത്തു പോകുന്നു. വെല്ലുവിളികളുടെ വെടിമരുന്നു നിറഞ്ഞ പ്രസംഗങ്ങൾക്കും ഒരു കുറവുമില്ല.

' വല്ലപ്പുഴയെ പാക്കിസ്ഥാനെന്ന് വിളിച്ച് വിളിച്ച് അപമാനിച്ച ശശികലക്ക് വല്ലപ്പുഴയിലെ കുട്ടികളെ പഠിപ്പിക്കാന്‍ എന്തവകാശം' ? ഇതാണ് ജനകീയ പ്രതികരണവേദിയുടെ ചോദ്യം. ഈ ചോദ്യമുയർത്തി അഞ്ഞൂറോളം പേർ ശശികലയ്ക്കെതിരെ പ്രകടനം നടത്തി. ശക്തമായ പോലീസ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ തമ്പടിച്ചിരുന്നു.

മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പേരില്‍ പ്രസംഗിച്ച ശശികല ടീച്ചര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. അവരെ പോലീസ് അറസ്റ്റു ചെയ്യുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്യണമെന്നാണ് ജനകീയ പ്രതികരണ വേദിയുടെ ആവശ്യം.

ഈ ആവശ്യമുന്നയിച്ച് രണ്ടു ദിവസം മുമ്പ് ശശികലയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ പ്രകടനം സ്‌കൂളിനു മുമ്പില്‍ നടന്നു. മറുപടിയെന്നോണം സംഘപരിവാര്‍ സംഘടനകള്‍ അധ്യാപികയ്ക്ക് അനുകൂലമായി പ്രകടനം നടത്തി. തുടർന്നാണ് രാഷ്ട്രീയഭേദമെന്യേ ജനകീയ പ്രതികരണ വേദി സംഘടിപ്പിച്ചത്. പ്രസംഗങ്ങളും പ്രതിഷേധവും ശക്തമായതോടെ പ്രകമ്പനം കൊളളുകയാണ് വല്ലപ്പുഴയുടെ മണ്ണ്.

Read More >>