ക്ഷമയുടെ "പാകിസ്താൻ പാഠം" പഠിച്ച് കെ പി ശശികല; മുസ്ലിങ്ങളെ വാനോളം പുകഴ്ത്തിയ ഇരട്ടത്താപ്പ് ആസ്വദിച്ച് വല്ലപ്പുഴ

അതേസമയം, രാജ്യവ്യാപകമായി പൊട്ടിപ്പടരാൻ സാധ്യതയുളള ഒരു കലാപത്തിന്റെ കേന്ദ്രബിന്ദുവായി തങ്ങളുടെ നാട് മാറരുത് എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തു. ആ ദീർഘവീക്ഷണത്തിനും സമചിത്തതയ്ക്കും കേരളം വല്ലപ്പുഴയെ സല്യൂട്ടു ചെയ്യുകതന്നെ വേണം.

ക്ഷമയുടെ "പാകിസ്താൻ പാഠം" പഠിച്ച് കെ പി ശശികല; മുസ്ലിങ്ങളെ വാനോളം പുകഴ്ത്തിയ ഇരട്ടത്താപ്പ് ആസ്വദിച്ച് വല്ലപ്പുഴ

പാലക്കാട്: വല്ലപ്പുഴ കെ പി ശശികലയോടു ക്ഷമിച്ചു. താൻ ജോലി ചെയ്യുന്ന വിദ്യാലയം പാകിസ്താനാണെന്ന് ആക്ഷേപിച്ച വിദ്വേഷപ്രഭാഷകയെ പ്രതിഷേധത്തിന്റെ ചാട്ടവാറിനു പ്രഹരിച്ച അതേ ജനത തന്നെ അവരെ ക്ഷമയുടെ ലേപനം പുരട്ടി സാന്ത്വനിപ്പിക്കുകയും ചെയ്തു.  കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മാപ്പുകൊടുത്തു ക്ലാസിൽ കയറ്റിയ അധ്യാപികയാണ് ഇനി കെ പി ശശികല.

ഒരു മുതലെടുപ്പിനും ഒരിഞ്ചു പഴുതുകൊടുക്കാതെയാണ് വല്ലപ്പുഴ സംഘർഷത്തെ മറികടന്നത്.  പ്രതിഷേധത്തിന്റെ കരുത്ത് അവർ ബോധ്യപ്പെടുത്തേണ്ടവരെ ബോധ്യപ്പെടുത്തുക തന്നെ ചെയ്തു. അതേസമയം, രാജ്യവ്യാപകമായി പൊട്ടിപ്പടരാൻ സാധ്യതയുളള ഒരു കലാപത്തിന്റെ കേന്ദ്രബിന്ദുവായി തങ്ങളുടെ നാട് മാറരുത് എന്ന് ഒറ്റക്കെട്ടായി തീരുമാനിക്കുകയും ചെയ്തു. ആ ദീർഘവീക്ഷണത്തിനും സമചിത്തതയ്ക്കും കേരളം വല്ലപ്പുഴയെ സല്യൂട്ടു ചെയ്യണം.


രാവിലെ നടന്ന സർവകക്ഷി യോഗത്തിലെ കടുത്ത നിലപാടുകളും വല്ലപ്പുഴയിലിനി ശാന്തമായജീവിതം അസാധ്യമാണെന്ന തോന്നലാണ് ചിലരിലെങ്കിലും സൃഷ്ടിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയകക്ഷികളും  കെ പി ശശികല പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന കടുത്ത നിലപാടു സ്വീകരിച്ചു. മാപ്പു പറയുന്നതു വരെ നിര്‍ബന്ധിത അവധിയില്‍ വിടണമെന്നും ആവശ്യമുയർന്നു. എന്നാല്‍ ശശികലയ്ക്കെതിരെ നടക്കുന്നത് രാഷട്രീയ പകപോക്കലാണെന്ന് ബി ജെ പി പ്രതിനിധികൾ ആരോപിച്ചു.

എന്തു തീരുമാനമെടുക്കുന്നതും കെ പി ശശികലയ്ക്ക് പറയാനുളളതുകൂടി കേട്ടിട്ടു മതിയെന്നായിരുന്നു യോഗത്തിന്റെ പൊതുനിലപാട്. അവർ സ്ക്കൂളിലേയ്ക്ക് കടക്കുമ്പോഴുണ്ടാകുന്ന സംഘർഷം ഒഴിവാക്കാൻ യോഗം പഞ്ചായത്ത് ഹാളിലേയ്ക്കു മാറ്റി.

മൈക്കിനു മുന്നിൽ മുസ്ലിങ്ങൾക്കെതിരെ വിഷത്തീ തുപ്പുന്ന "ശശികല ടീച്ചർ" ആയിരുന്നില്ല, വല്ലപ്പുഴ പഞ്ചായത്ത് യോഗത്തിൽ വിശദീകരണത്തിനെത്തിയ കെ പി ശശികല. താൻ മുസ്ലിം വിരുദ്ധയല്ലെന്നും മുസ്ലിങ്ങൾ നല്ലവരാണെന്നും വല്ലപ്പുഴ പാകിസ്താനാണെന്നു പറഞ്ഞത് നല്ല അർത്ഥത്തിലാണെന്നുമൊക്കെയുളള ഉരുണ്ടു കളി നന്നായി ആസ്വദിച്ച വല്ലപ്പുഴയുടെ ഗ്രാമമനസ് ഒടുവിൽ ശശികലയോടു പൊറുത്തു. പ്രതിഷേധത്തിന്റെയും പ്രതികരണശേഷിയുടെയും എല്ലുറപ്പ് സംഘപരിവാരത്തെ ബോധ്യപ്പെടുത്തിയ ശേഷം, അവർ സമരം അവസാനിപ്പിച്ചപ്പോൾ കെ പി ശശികലയ്ക്ക് അത് ക്ഷമയുടെ ശിക്ഷയായി.

മുസ്ലിങ്ങൾക്കെതിരെ ഹീനമായ ആക്ഷേപമുയർത്തി പ്രസംഗിച്ചു നടന്ന കെ പി ശശികലയെ മൈൻഡു ചെയ്യാതെയാണ് വല്ലപ്പുഴയെന്ന മുസ്ലിം ഭൂരിപക്ഷ ഗ്രാമം - ശശികലയുടെ വാക്കുകളിൽ പാകിസ്താൻ - ഇന്നോളം ജീവിച്ചത്. എന്നാൽ സ്ക്കൂളിനെയും കൂട്ടികളെയും കൂടി ആക്ഷേപിക്കുന്ന പ്രയോഗങ്ങൾ നിരന്തരം ആവർത്തിച്ചതോടെയാണ് നാട് ഒന്നടങ്കം പ്രതിഷേധമുയർത്തിയത്. ആ പ്രതിഷേധത്തിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഒരു മനസോടെ പങ്കാളിയായി. കുട്ടികൾ ടീച്ചറെ ഗോ ബാക്ക് വിളിച്ചു, കരിങ്കൊടിയും പ്ലക്കാർഡും വീശി പ്രതിഷേധത്തിന്റെ ആഴമറിയിച്ചു.

ഒടുവിൽ  മുതലെടുപ്പിന് ആരെയും അനുവദിക്കാതെ പ്രശ്നം അവസാനിപ്പിച്ചു. അവർക്കറിയാം, ശശികല ഇനിയും മൈക്കിനു മുന്നിൽ മുസ്ലിം വിരോധത്തിന്റെ വിഷം തുപ്പും. പക്ഷേ, അതു വല്ലപ്പുഴ പഴയതുപോലെ അവഗണിക്കും. ക്ഷമയുടെ പാഠം ഒരധ്യാപികയെ പഠിപ്പിച്ച ചാരിതാർത്ഥ്യത്തോടെ.

Read More >>