വടക്കാഞ്ചേരി ബലാത്സംഗക്കേസ്‌; സിഐ മണികണ്ഠന്‌ സസ്‌പെൻഷൻ

പരാതി പറയാനെത്തിയപ്പോള്‍ 'ഇവരില്‍ ആര് ചെയ്തപ്പോഴാണ് നല്ല സുഖം തോന്നിയതെന്ന്' അടക്കമുള്ള ചോദ്യങ്ങളാണ് സിഐ മണികണ്ഠനില്‍ നിന്ന് ഉണ്ടായതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

വടക്കാഞ്ചേരി ബലാത്സംഗക്കേസ്‌; സിഐ മണികണ്ഠന്‌ സസ്‌പെൻഷൻ

തൃശ്ശൂർ: വടക്കാഞ്ചേരി ബലാത്സംഗ കേസിൽ  ഇരയോട് മോശമായി പെരുമാറിയെന്ന് ആരോപണ വിധേയനായ പേരമംഗലം സി ഐ മണികണ്ഠനെ സസ്‌പെൻഡ് ചെയ്തു. തൃശ്ശൂർ റേഞ്ച് ഐജിയുടേതാണ് നടപടി. പരാതി ബോധിപ്പിക്കാനെത്തിയ സ്‌ത്രീയോട് അശ്ലില പരാമര്‍ശങ്ങള്‍ നടത്തുകയും  മാനസികമായി പീഡിപ്പിക്കുകയും  ചെയ്‌തെന്ന് ആരോപണത്തിലാണ് അന്വേഷണ വിധേയമായി പേരാമംഗലം സിഐയെ സസ്‌പെന്‍ഡ് ചെയ്തത്.

പാലക്കാട് അസി. പോലീസ്‌ കമ്മീഷണര്‍ പൂങ്കുഴലിയാണ് അന്വേഷണ ഉദ്യോഗസ്ഥ. യുവതിയുടെ മൊഴിയെടുത്ത്  പ്രത്യേക അന്വേഷണ സംഘം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തൃശൂര്‍ വടക്കാഞ്ചേരിയിലെ  നഗരസഭാ കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമായ പി എന്‍ ജയന്തനടക്കം നാലുപേർക്കെതിരെയാണ് യുവതി പരാതി നൽകിത്. വിനീഷ്, ജനീഷ്, ഷിബു എന്നിവരാണ് മറ്റ് കുറ്റാരോപിതർ.


തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പീഡിക്കപ്പെട്ട യുവതിയും ഭര്‍ത്താവും ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്മിയും സാമൂഹികപ്രവർത്തക പാർവതി എന്നിവർ ചേര്‍ന്നാണ് ഇവരുടെ പേരും മറ്റുവിവരങ്ങളും പുറത്തുവിട്ടത്.  യുവതി കഴിഞ്ഞ ആഗസ്റ്റില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ്‌ തയ്യാറായില്ല.

നടപടിയില്ലാതായപ്പോള്‍ യുവതി ക്രൈം ഡിറ്റാച്ച്‌മെന്റ് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് പോലീസ്‌ കേസെടുക്കാന്‍ നിര്‍ബന്ധിതരായി. പേരാമംഗലം സിഐ മണികണ്ഠന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പോലീസ്‌ ആണ് കേസെടുത്തിരുന്നത്. തുടര്‍ന്നാണ് പ്രതികളും സിഐ മണികണ്ഠന്‍ അടക്കമുളളവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് എഴുതിവാങ്ങുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി തിരുത്താന്‍ നിര്‍ബന്ധിപ്പിക്കുകയും ചെയ്തതെന്ന് യുവതി ആരോപിച്ചിരുന്നു. പരാതി  പറയാനെത്തിയപ്പോള്‍ 'ഇവരില്‍ ആര് ചെയ്തപ്പോഴാണ് നല്ല സുഖം തോന്നിയതെന്ന്' അടക്കമുള്ള ചോദ്യങ്ങളാണ് സിഐ മണികണ്ഠനില്‍ നിന്ന് ഉണ്ടായതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.

Read More >>