വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസ്; അന്വേഷണസംഘം യുവതിയുടെ മൊഴിയെടുത്തു

അന്വേഷണ ഉദ്യോഗസ്ഥയായ എഎസ്പി ജി പൂങ്കുഴലിയും മൂന്ന് വനിത ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയാണ് മൊഴിയെടുത്തത്. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മൊഴിയെടുക്കല്‍.

വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസ്; അന്വേഷണസംഘം യുവതിയുടെ മൊഴിയെടുത്തു

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണസംഘം യുവതിയുടെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥയായ എഎസ്പി ജി പൂങ്കുഴലിയും മൂന്ന് വനിത ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയാണ് മൊഴിയെടുത്തത്. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മൊഴിയെടുക്കല്‍.

ആദ്യം കേസന്വേഷിച്ച വടക്കാഞ്ചേരി പോലീസ് സിപിഎം കൗണ്‍സിലര്‍ ജയന്തനടക്കമുളള പ്രതികള്‍ക്കെതിരായ തന്റെ മൊഴി വളച്ചൊടിച്ചെന്നും തെളിവുകള്‍ ഇല്ലാതാക്കിയെന്നും അന്വേഷണം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ സാഹചര്യത്തില്‍ കേസ് ആദ്യം മുതല്‍ അന്വേഷിക്കുമെന്ന് കഴിഞ്ഞദിവസം ഐജി എംആര്‍ അജിത്കുമാര്‍ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കേസിന്റെ മുന്‍കാല രേഖകളും മൊഴിപ്പകര്‍പ്പുകളും പ്രത്യേക സംഘം കഴിഞ്ഞദിവസം പ്രാഥമികമായി പരിശോധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പുതുതായി മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്. ഇപ്പോഴത്തെ മൊഴിയും മുന്‍കാല മൊഴിയും വിശദമായി പരിശോധിച്ചശേഷമാവും കേസിലെ തുടര്‍ നടപടികള്‍. പരാതിക്കാരിയില്‍ നിന്ന് ഏതെങ്കിലും കാര്യങ്ങള്‍ വ്യക്തത വേണമെങ്കില്‍ തുടര്‍ മൊഴി രേഖപ്പെടുത്തും.


സൗത്ത് സോണ്‍ എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി, സിറ്റി പോലിസ് കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥ് എന്നിവര്‍ ദൈനംദിന നടപടികള്‍ പരിശോധിക്കുന്നുണ്ട്. തൃശ്ശൂര്‍ സിറ്റി പൊലീസ് അഡ്മിനിസ്ട്രേഷന്‍ എസിപി എംകെ ഗോപാലകൃഷ്ണന്‍, ഒല്ലൂര്‍ സിഐ കെ കെ സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത് എന്നിവരും വനിതാ സിപിഒ അടക്കം മൂന്ന് പോലീസുകാരുമടങ്ങുന്നതാണ് അന്വേഷണ സംഘം. കേസ് മുമ്പ് കൈകാര്യം ചെയ്തിരുന്ന പേരാമംഗലം സിഐ ഉള്‍പ്പെടെ ഉള്ളവരെ മാറ്റി നിര്‍ത്തിയായിരുന്നു പുതിയ അന്വേഷണസംഘം രൂപീകരിച്ചത്.