ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കാനുള്ള നീക്കം വിനാശകരവും വിഡ്ഡിത്തവും ആകുമെന്ന് ട്രംപിന് സിഐഎ മേധാവിയുടെ മുന്നറിയിപ്പ്

തീവ്രവാദം, റഷ്യയുമായുള്ള സഹകരണം, ഇറാന്‍ ആണവ കരാര്‍ വിഷയങ്ങളില്‍ ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം മുന്‍കരുതലും അച്ചടക്കവും പാലിച്ചേ തീരുമാനമെടുക്കാവൂ എന്നും ബ്രെന്നന്‍ നിര്‍ദേശിച്ചു.

ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കാനുള്ള നീക്കം വിനാശകരവും വിഡ്ഡിത്തവും ആകുമെന്ന് ട്രംപിന് സിഐഎ മേധാവിയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെന്നന്‍. അമേരിക്ക-ഇറാന്‍ ആണവ കരാര്‍ റദ്ദാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുന്നത് വിനാശകരവും ഏറ്റവും വലിയ വിഡ്ഡിത്തവുമായിരിക്കുമെന്ന് ട്രംപിന് ജോണ്‍ ബ്രെന്നന്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ മുന്‍നിലപാട് പുനഃപരിശോധിക്കണമെന്നും ബ്രെന്നന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. നാലുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് ജനുവരിയില്‍ സിഐഎ ഡയറക്ടര്‍ പദവി ഒഴിയുന്നതിനു മുന്നോടിയായാണ് ബ്രെന്നന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.


അധികാരമേറ്റയുടന്‍ ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഒരു അഭിമുഖത്തിനിടെ ഇത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ബ്രെന്നന്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്. കരാര്‍ റദ്ദാക്കരുതെന്നും സിഐഎ മേധാവി ട്രംപിനോട് ആവശ്യപ്പെട്ടു.

ഇതോടൊപ്പം, റഷ്യയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തോടും എതിര്‍നിലപാടാണ് ബ്രെന്നന്‍ സ്വീകരിച്ചത്. റഷ്യയുടെ വാഗ്ദാനങ്ങളില്‍ കരുതലോടെ വേണം തീരുമാനമെടുക്കാനെന്ന് ബ്രെന്നന്‍ ആവശ്യപ്പെട്ടു. തീവ്രവാദം, റഷ്യയുമായുള്ള സഹകരണം, ഇറാന്‍ ആണവ കരാര്‍ വിഷയങ്ങളില്‍ ഡൊണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം മുന്‍കരുതലും അച്ചടക്കവും പാലിച്ചേ തീരുമാനമെടുക്കാവൂ എന്നും ബ്രെന്നന്‍ നിര്‍ദേശിച്ചു.

trump-putin

സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ അസദ് സര്‍ക്കാരിനെ പിന്തുണച്ച് വിമതര്‍ക്കു നേരെയുള്ള റഷ്യയുടെ ആക്രമണത്തെ നിഷ്ഠൂരമെന്നാണ് ബ്രെന്നന്‍ വിശേഷിപ്പിച്ചത്. സിറിയയില്‍ വിമതര്‍ക്കു നല്‍കുന്ന പിന്തുണ ട്രംപ് ഭരണകൂടം തുടരണമെന്നും ബ്രെന്നന്‍ ആവശ്യപ്പെട്ടു. അതേസമയം, ജനുവരിയില്‍ ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിനു കീഴില്‍ പുതിയ സിഐഎ മേധാവി നിയമിതനാവും.

Read More >>