ട്രംപ് ഹിന്ദു സംസ്‌കാരം പുല്‍കുകയും ബീഫ് ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഹിന്ദു മഹാസഭാ നേതാവ്

ട്രംപ് ബീഫ് കഴിക്കുമെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും എന്നാല്‍ അദ്ദേഹമിപ്പോള്‍ ഹിന്ദു സംസ്‌കാരവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം തന്റെ ദുശ്ശീലങ്ങള്‍ എല്ലാം മാറ്റാന്‍ തയ്യാറാവുമെന്നും ഹിന്ദു മഹാസഭാ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് പറഞ്ഞു

ട്രംപ് ഹിന്ദു സംസ്‌കാരം പുല്‍കുകയും ബീഫ് ഉപേക്ഷിക്കുകയും ചെയ്യുമെന്ന് ഹിന്ദു മഹാസഭാ നേതാവ്

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹിന്ദു സംസ്‌കാരം പുല്‍കുകയും ബീഫ് ഉപേക്ഷിക്കുകയും ചെയ്യുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഹിന്ദുമഹാസഭ രംഗത്ത്. ട്രംപ് ബീഫ് കഴിക്കുമെന്നാണ് താന്‍ കേട്ടിട്ടുള്ളതെന്നും എന്നാല്‍ അദ്ദേഹമിപ്പോള്‍ ഹിന്ദു സംസ്‌കാരവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം തന്റെ ദുശ്ശീലങ്ങള്‍ എല്ലാം മാറ്റാന്‍ തയ്യാറാവുമെന്നും ഹിന്ദു മഹാസഭാ ദേശീയ അധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് സിഎന്‍എന്‍-ന്യൂസ് 18 ടിവിയോട് പറഞ്ഞു. ഹിലരിക്കു മേലുള്ള ട്രംപിന്റെ വിജയം ആദ്യംമുതല്‍ തന്നെ സുനിശ്ചിതമായിരുന്നു. ഹിന്ദു സമൂഹം മൊത്തത്തില്‍ അതിനായി അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നെന്നും ചന്ദ്രപ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വിജയത്തിനായി ഹിന്ദുമഹാസഭാ വിവിധയിടങ്ങളില്‍ ഹവനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

ചന്ദ്രപ്രകാശ് പറയുന്നു: 'ട്രംപിനായി താന്‍ അയോധ്യയില്‍ പോയി പ്രാര്‍ഥന നടത്തി. ഭീകരതക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആഗോള രാഷ്ട്രീയനേതാവ് ട്രംപ് മാത്രമാണ്. ഭീകരത കൊണ്ട് അദ്ദേഹം എന്താണുദ്ദേശിക്കുന്നതെന്ന് നിങ്ങള്‍ക്കും എനിക്കും അറിയാം. ഭീകരര്‍ക്കെതിരെ ആരു നില്‍ക്കുന്നോ അവരെ തങ്ങള്‍ പിന്തുണയ്ക്കും.' വിദേശികള്‍ക്ക് ജോലി നല്‍കുന്നതിനെ എതിര്‍ക്കുന്ന ട്രംപിന്റെ നിലപാടിനേയും ഹിന്ദുമഹാസഭ അനുകൂലിക്കുന്നു. 'അത് അവരുടെ ആഭ്യന്തര നയമാണെന്നും ഭീകരവാദത്തിനെതിരായ അദ്ദേഹത്തിന്റെ ശക്തമായ നിലപാടില്‍ തങ്ങള്‍ സന്തോഷവാന്മാരാണെന്നും' ആണ് ചന്ദ്രപ്രകാശ് കൗശികിന്റെ അഭിപ്രായം.
അതേസമയം, തങ്ങളുടെ പ്രാര്‍ഥന കൊണ്ടാണ് ട്രംപ് വിജയിച്ചതെന്ന വാദവുമായി നിരവധി ഇവാഞ്ചലിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് ഒരിക്കല്‍ ട്രംപ് പറഞ്ഞത് ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. മാത്രമല്ല, ഇന്ത്യയിലെ കൃസ്ത്യാനികള്‍ക്ക് ഹിന്ദു വര്‍ഗീയ വിഭാഗങ്ങളിളില്‍ നിന്നും ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുണ്ടെന്ന് പല തവണ ആവര്‍ത്തിച്ച ട്രംപ് ഇന്ത്യയിലെ മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവാദിയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തീവ്ര ഇവാഞ്ചലിസ്റ്റ് വിഭാഗമായ സതേണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ അംഗമാണ് ട്രംപ്. കേരളത്തിലെ പെന്തക്കോസ്ത് ചര്‍ച്ചുകള്‍ക്കു സമാനമാണ് ഈ ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍. ഇങ്ങനെയുള്ള ട്രംപിന്റെ വിജയത്തിനു വേണ്ടിയാണ് ഹിന്ദുത്വ സംഘടനകള്‍ നിരവധി പൂജകള്‍ ചെയ്തത്.

Read More >>