കുടിയേറ്റ വിരുദ്ധന്‍ ജെഫ് സെഷന്‍സ് അമേരിക്കന്‍ അറ്റോര്‍ണി ജനറലാകുമെന്ന് സൂചന

കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എച്ച് വൺ ബി വിസയുടെ ശക്തമായ വിമർശകനാണ് ഇദ്ദേഹം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജോലിക്കാരെ അമേരിക്കൻ കമ്പനികൾ നിയമിക്കുന്നത് എച്ച് വൺ ബി വിസപ്രകാരമാണ്.

കുടിയേറ്റ വിരുദ്ധന്‍ ജെഫ് സെഷന്‍സ് അമേരിക്കന്‍ അറ്റോര്‍ണി ജനറലാകുമെന്ന് സൂചന

വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ അറ്റോർണി ജനറലായി ജെഫ് സെഷൻസിനെ നിയമിച്ചേക്കുമെന്ന് സൂചന. നിലവിൽ റിപ്പബ്ലിക്കൻ സെനറ്റ് അംഗമായ ജെഫ് കുടിയേറ്റ വിരുദ്ധ പരാമർശങ്ങൾക്കൊണ്ട് ശ്രദ്ധേയനാണ്. കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എച്ച് വൺ ബി വിസയുടെ ശക്തമായ വിമർശകനാണ് ഇദ്ദേഹം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജോലിക്കാരെ അമേരിക്കൻ കമ്പനികൾ നിയമിക്കുന്നത് എച്ച് വൺ ബി വിസപ്രകാരമാണ്. എന്നാൽ ഇദ്ദേഹത്തിന്റെ നിലപാട് ട്രംപ് അംഗീകരിച്ചാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കുടിയേറ്റക്കാർക്ക് തിരിച്ചടിയാകും.


എന്നാൽ അമേരിക്കൻ സെക്രട്ടറി ആരാകുമെന്നതിന്റെ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. സെക്രട്ടറി സ്ഥാനത്തേക്ക് മൂന്ന് പേരാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ- അമേരിക്കൻ വംശജനും സൗത്ത് കരോലിന ഗവർണറുമായ നിക്കി ഹാലി, മുൻ ന്യൂയോർക്ക് ഗവർണർ റുഡി ഗിലിയാനി, അമേരിക്കയുടെ മുൻ യു.എൻ അംബാസഡർ ജോൺ ബോൾടൺ എന്നീ പോരുകളാണ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം.

അതേസമയം സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം മുൻസൈനിക മേധാവിയായിരുന്ന മൈക്കിൾ ഫ്‌ലിന്നിനായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഫ്‌ലിൻ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപിനൊപ്പം വലംകൈയ്യായി നിന്നിരുന്നു.