കുര്‍ബാനയ്ക്കിടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് ഭിന്നലിംഗത്തില്‍പ്പെട്ട വ്യക്തിയെ പള്ളി വികാരി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി

കുര്‍ബാനയ്ക്കിടയില്‍ ആണും പെണ്ണുമല്ല എന്ന രീതിയില്‍ തന്നെ വിശേഷിപ്പിച്ച് സംസാരിച്ച വികാരിക്കെതിരെ ബിഷപ്പിന് പരാതി നല്‍കാനാണ് ജോമോന്റെ തീരുമാനം.

കുര്‍ബാനയ്ക്കിടെ ഫോട്ടോ പ്രദര്‍ശിപ്പിച്ച് ഭിന്നലിംഗത്തില്‍പ്പെട്ട വ്യക്തിയെ പള്ളി വികാരി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി

ഭിന്നലിംഗത്തില്‍പ്പെട്ട വ്യക്തിയുടെ ഫോട്ടോ പള്ളി വികാരി കുര്‍ബാനയ്ക്കിടയില്‍ പ്രദര്‍ശിപ്പിച്ച് അപമാനിച്ചതായി പരാതി. കോട്ടയം സ്വദേശിയായ വിജെ ജോമോന്‍ ആണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. തന്റെ നാടായ ഇടവകയിലെ പള്ളി വികാരി തന്റെ ഫോട്ടോ കുര്‍ബാനയ്ക്കിടയില്‍ പ്രദര്‍ശിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്തെന്നു കാട്ടിയാണ് ജോമോന്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

ജോലി സംബന്ധമായി ബംഗളൂരുവില്‍ താമസമാക്കിയിരിക്കയാണ് ജോമോന്‍. ഇടയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് ഈ ഒരു സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് ജോമോന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. നാട്ടിലെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ കളിയാക്കുകയും അപമാനിച്ച് ചിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അതെന്തിനാണെന്നു വ്യക്തമായിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് പള്ളിവികാരി തന്റെ ഫോട്ടോ കുര്‍ബാനയ്ക്കിടയില്‍ കാണിച്ച് സംസാരിച്ചതായി അറിഞ്ഞത് - ജോമോന്‍ പറയുന്നു.


Jomon

ഇക്കാര്യം സൂചിപ്പിച്ച് ജോമോന്‍ ഫേസ്ബുക്കില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

കുര്‍ബാനയ്ക്കിടയില്‍ ആണും പെണ്ണുമല്ല എന്ന രീതിയില്‍ തന്നെ വിശേഷിപ്പിച്ച് സംസാരിച്ച വികാരിക്കെതിരെ ബിഷപ്പിന് പരാതി നല്‍കാനാണ് ജോമോന്റെ തീരുമാനം. കുര്‍ബാനയില്‍ വച്ച് തന്നെ അപമാനിച്ച വികാരി കുര്‍ബാനയില്‍ വച്ചുതന്നെ തന്നോട് മാപ്പുപറയണമെന്നും ഇക്കാര്യത്തില്‍ ഇനി പിന്നോട്ടില്ലെന്നും ജോമോന്‍ ആവശ്യപ്പെടുന്നു.

ഇതിനിടെ ജോമോനെ പിന്തുണച്ച് സോഷ്യല്‍മീഡിയയിലും പ്രതികരണങ്ങള്‍ ശക്തമാകുകയാണ്.

Read More >>