കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 141 ആയി; 200 പേർക്ക് ഗുരുതര പരിക്ക്

പാളത്തിന്റെ വിള്ളലാണ് അപകടകാരണമെന്നു സംസ്ഥാന റെയിൽവെ മന്ത്രി മനോജ് സിൻഹ പറഞ്ഞു.

കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരിച്ചവരുടെ എണ്ണം 141 ആയി; 200 പേർക്ക് ഗുരുതര പരിക്ക്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പകുതി പേരുടെ നില അതീവ ഗുരുതരമാണ്. ഇന്‍ഡോര്‍- പട്ന എക്‌സ്പ്രസിന്റെ 14 ബോഗികളാണ് കാണ്‍പൂരിന് 100 കിലോമീറ്റര്‍ അകലെയുള്ള പുക്രായില്‍ വച്ച് പാളം തെറ്റിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. അപകടത്തില്‍ നാല് എസി ബോഗികള്‍ തകര്‍ന്നു. ഇതില്‍ എസ് 1, എസ് 2  കോച്ചുകളില്‍ സഞ്ചരിച്ച യാത്രക്കാരാണ് മരിച്ചവരില്‍ ഏറെയും.


രാത്രി എട്ടുമണിയോടെ ബോഗികളിൽ നിന്ന് മൃതദേഹമെല്ലാം കാണ്‍പൂരിലെ 'മാറ്റി' മോർച്ചറിയിലേക്ക് കൊണ്ടുപോയി. മരണപ്പെട്ടവരിൽ 62 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 20 പേർ ഉത്തർപ്രദേശ് നിവാസികളും 15 പേർ മധ്യപ്രദേശ് നിവാസികളും മറ്റുളളവർ ബിഹാർ, ഗുജറാത്ത് നിവാസികളുമാണ്. 67 പേരെ ഗുരുതര പരിക്കുകളോടും 150 പേരെ നിസാര പരിക്കുകളോടെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാളത്തിന്റെ വിള്ളലാണ് അപകടകാരണമെന്നു സംസഥാന റെയിൽവെ മന്ത്രി മനോജ് സിൻഹ പറഞ്ഞു.

ദുരന്തനിവാരണ സേനയും പോലീസുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. സംഭവസ്ഥലത്ത് വൈദ്യസംഘവും മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും എത്തിച്ചേർന്നിരുന്നു. അപകടത്തെ തുടര്‍ന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് രാത്രിയോടെ പുന:സ്ഥാപിക്കാൻ കഴിയും. അപകടത്തില്‍പ്പെട്ടവരെ ആദ്യമേ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതാണ് മരണ നിരക്ക് കൂടാൻ കാരണം.

മരിച്ചവരുടെ കുടുംബത്തിന് 3.5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തത് അസാധു നോട്ടുകളാണെന്നും പരാതിയുണ്ട്.

Read More >>