ടോം ജോസ് മഹാരാഷ്ട്രയിൽ വിവാദഭൂമി വാങ്ങിയത് കാർഷികവായ്പ വാങ്ങി കള്ളപ്പണം വെളുപ്പിച്ച്; നാരദാ എക്സ്ക്ലൂസീവ്

അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് മഹാരാഷ്ട്രയിൽ വിവാദഭൂമി വാങ്ങിയത് കള്ളപ്പണംകൊണ്ടാണെന്ന് വ്യക്തമായ സൂചന. തന്റെ അഴിമതി മറയ്ക്കാൻ തിരുവനന്തപുരത്തെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിന്ന് കാർഷിക വായ്പ തരപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ നാരദാ ന്യൂസിന് ലഭിച്ചു.

ടോം ജോസ് മഹാരാഷ്ട്രയിൽ  വിവാദഭൂമി വാങ്ങിയത് കാർഷികവായ്പ  വാങ്ങി കള്ളപ്പണം വെളുപ്പിച്ച്; നാരദാ എക്സ്ക്ലൂസീവ്

വരവിൽക്കവിഞ്ഞു സ്വത്തു സമ്പാദിച്ചതിന് അന്വേഷണം നേരിടുന്ന അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് മഹാരാഷ്ട്രയിൽ അമ്പതേക്കർ വിവാദകൃഷിഭൂമി വാങ്ങിയതു കള്ളപ്പണം കൊണ്ടാണെന്ന് നാരദാ ന്യൂസ് ശേഖരിച്ച രേഖകൾ വ്യക്തമായ സൂചന നൽകുന്നു. കള്ളപ്പണം കൊണ്ടല്ല ഭൂമി വാങ്ങിയതെന്നു വരുത്തിത്തീർക്കാൻ തിരുവനന്തപുരത്ത് ഒരു ബാങ്കിൽ നിന്നു കാർഷികവായ്പ തരപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ നാരദാ ന്യൂസിനു ലഭിച്ചു. കൃഷിഭൂമി പണയമായി വാങ്ങി മാത്രം നൽകേണ്ട കാർഷികവായ്പ വിവാദ ഐഎഎസ് ഉദ്യോഗസ്ഥന് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം നിറമൺ ശാഖയാണ് ലഭ്യമാക്കിയത്.


രണ്ട് കാലയളവിലായി വ്യവസായ വകുപ്പിന്റെയും ഏവിയേഷൻ വകുപ്പിന്റെയും ചുമതലകൾ വഹിച്ചിരുന്നപ്പോൾ ടോം ജോസ് വാങ്ങിയ ഭൂമിയാണ് വിവാദത്തിലുള്ളത്. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ ഭോദാമാർഗ് താലൂക്കിലാണ് വിവാദ ഭൂമി. സന്തോഷ് നകുൽ ദുമാസ്കർ എന്നയാളിൽനിന്നു ഭൂമി വാങ്ങാനെന്നപേരിൽ ബാങ്കിൽ നിന്ന് തരപ്പെടുത്തിയ കാർഷിക വായ്പ അടിമുടി തട്ടിപ്പായിരുന്നുവെന്ന് നാരദാ ന്യൂസിന് ബോധ്യപ്പെട്ടു.

1.34 കോടി രൂപയാണ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് ടോം ജോസിന് രണ്ട് കാർഷിക വായ്പകളായി അനുവദിച്ചത്. (വായ്പ നമ്പർ 85267610000005/852676210000006). 2011 മാർച്ചിനും സെപ്തംബറിനുമിടയ്ക്കുള്ള ആറ് തവണകളായി ഒന്നാം വായ്പയും 2012 മാർച്ച് 20ന് രണ്ടാം വായ്പയും ടോം ജോസ് കൈപ്പറ്റിയിട്ടുണ്ട്.

കാർഷികാവശ്യങ്ങൾ നിറവേറ്റാനാണ് ബാങ്കുകൾ സാധാരണ നിലയ്ക്ക് കാർഷിക വായ്പ അനുവദിക്കുക. അതും, കൃഷിഭൂമി പണയമായി സ്വീകരിച്ച്. എന്നാൽ, ഇത്ര ഭീമമായ തുക വായ്പ ലഭിക്കാൻ ടോം ജോസ് ബാങ്കിൽ സമർപ്പിച്ച ഈട് എന്താണെന്നതു വ്യക്തമല്ല. വായ്പ വാങ്ങി സ്വന്തമാക്കിയതെന്നു പറയുന്ന ഭൂമിയല്ലാതെ ഇത്ര തുകയ്ക്കുള്ള ഭൂമിക്ക് ഈടുവെയ്ക്കാൻ വേറെ കൃഷിഭൂമി ടോം ജോസിനുള്ളതായി അദ്ദേഹംതന്നെ അവകാശപ്പെടുന്നില്ല. ഏതു കാർഷികാവശ്യം നിറവേറ്റാനാണു ടോം ജോസിന് ഇത്രയും തുക അനുവദിക്കാൻ ബാങ്ക് തീരുമാനിച്ചതെന്നതിലും വ്യക്തതയില്ല.

ആദായ നികുതിച്ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ബാങ്ക് ടോം ജോസിനു വായ്പ അനുവദിച്ചിരിക്കുന്നതും ടോം ജോസ് ഇത്രയും തുകയുടെ ഇടപാടു നടത്തിയിരിക്കുന്നതും. ആദായ നികുതി നിയമപ്രകാരം (ചട്ടം 269 എസ്എസ്) ഡിമാന്റ് ഡ്രാഫ്റ്റായോ അക്കൗണ്ട്-പേയീ ചെക്കായോ മാത്രമേ വായ്പാത്തുക കൈമാറ്റം ചെയ്യപ്പെടാവൂ. മുൻപറഞ്ഞത്ര തവണകളായി ടോം ജോസ് ബാങ്കിൽ നിന്നു പണം പിൻവലിച്ചതായി മാത്രമേ രേഖയുള്ളൂ. ഭൂവുടമയായ സന്തോഷ് നകുൽ ദുമാസ്കറിന് പണം കൈമാറാൻ ഡി.ഡി. എടുക്കുകയോ ചെക്ക് നൽകുകയോ ചെയ്തിട്ടില്ല. ബാങ്ക് ശാഖയിൽനിന്നു കൈപ്പറ്റിയ പണം മറ്റേതെങ്കിലും അക്കൗണ്ടിൽ നിക്ഷേപിച്ചതായും രേഖയൊന്നുമില്ല. കള്ളപ്പണമുപയോഗിച്ചു ഭൂമി വാങ്ങുകയും അതു മറച്ചുവെക്കാൻ ബാങ്ക് വായ്പയെടുക്കുകയും ചെയ്തുവെന്നു വേണം ഇതിൽനിന്നു കരുതാൻ.

കാർഷിക വായ്പ ടോം ജോസ് തിരിച്ചടച്ചതിലുമുണ്ട് കള്ളക്കണക്ക്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ടോം ജോസ് സർക്കാരിന് ഒരു സത്യ പ്രസ്താവന നൽകിയിരുന്നു. ബാങ്ക് വായ്പ നേടിയ അതേ കാലയളവിൽത്തന്നെ രണ്ടുപേരിൽ നിന്നായി ഒരു കോടി ഒമ്പതുലക്ഷത്തി ഏഴായിരം രൂപ വ്യക്തിപരമായി കടം വാങ്ങിയെന്ന് പ്രസ്താവനയിൽ കാണിച്ചിരുന്നു. ഡോ. ജോസ് (ഒരു കോടി ആറുലക്ഷത്തി മുപ്പത്തേഴായിരം), പി.ജെ. ഡേവിസ് (രണ്ടുലക്ഷത്തി എഴുപത്താറായിരം) എന്നിവരിൽ നിന്നാണ് കൈവായ്പ വാങ്ങിയതായി കണക്ക്.

ഇവരിൽനിന്നു വാങ്ങിയ കൈവായ്പയാണ് കാർഷിക വായ്പയുടെ തിരിച്ചടവിനുപയോഗിച്ചതെന്ന് രേഖയുണ്ടാക്കാനാണു ടോം ജോസ് ശ്രമിച്ചതെന്നു കരുതുന്നു. എന്നാൽ അപ്പോഴും കണക്കിൽ പൊരുത്തക്കേട് ബാക്കി നിൽക്കുന്നു. രണ്ടുപേരിൽ നിന്നുമായി വാങ്ങിയതിനെക്കാൾ വലിയൊരു സംഖ്യ കൂടുതൽ കൂടി വായ്പ തീർക്കാൻ ടോം ജോസ് ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ട്. 53,93,000 രൂപ കൂടുതൽ. ഈ തുകയുടെ ഉറവിടം ഒരു കണക്കിലും വ്യക്തമല്ല.

വ്യക്തിപരമായി വാങ്ങിയ കടവും വലിയ സംഖ്യയുടേതാണ്. ഈ വായ്പകൾക്കും നിയമപ്രകാരം ആദായ നികുതിച്ചട്ടം 269 എസ്എസ് ബാധകമാണ്. എന്നാൽ, ഈ കൈവായ്‌പകളിലും ടോം ജോസ് ആദായ നികുതിച്ചട്ടം പാലിച്ചിട്ടില്ലെന്നാണറിവ്. ആ വായ്പകൾ തിരിച്ചുകൊടുത്തിട്ടുണ്ടെങ്കിൽ അതേത് സ്രോതസ്സിൽ നിന്നുള്ള പണമുപയോഗിച്ചാണെന്നതും അന്വേഷണത്തിലൂടെ മാത്രമേ വെളിപ്പെടൂ.

മഹാരാഷ്ട്രയിൽ കൃഷിഭൂമി വാങ്ങണമെങ്കിൽ കർഷകനാണെന്ന സത്യപ്രസ്താവന നൽകേണ്ടതുണ്ട്. ഇക്കാര്യവും അന്വേഷണപരിധിയിൽ വരും. ഇക്കാര്യത്തിലുൾപ്പെടെ ടോം ജോസിന്റെ ഭാഗത്തുനിന്നുണ്ടായ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരിട്ടി സ്വദേശിയായ എ കെ ഷാജി വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Edited by E. Rajesh

Read More >>