കണ്ണൂർ വിമാനത്താവളത്തിലെ മരങ്ങൾ ടോം ജോസിന്റെ നേതൃത്വത്തിൽ മുറിച്ചുകടത്തി; ഉമ്മൻചാണ്ടിക്കും പങ്കെന്നു സൂചന

കണ്ണൂർ വിമാനത്താവള നിർമാണത്തിനു പാരിസ്ഥിതികാനുമതി ലഭിച്ചത് 2013 ജൂലായ് 19നായിരുന്നു . ഇതിലെ സ്പെസിഫിക് കണ്ടീഷനിൽ 30421 മരങ്ങൾ മുറിക്കുന്നതിന് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് 45 ദിവസം മുൻപ് ടോം ജോസിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരു ലക്ഷം മരങ്ങൾ മുറിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് മിനുട്സുണ്ടാക്കി. പിന്നീട് ഉമ്മൻചാണ്ടിയുടെ അറിവോടെ ഇക്കാര്യം വിമാനത്താവള നിർമാണക്കരാറിൽ ഉൾപ്പെടുത്തുകയും ചെയ്തു.

കണ്ണൂർ വിമാനത്താവളത്തിലെ മരങ്ങൾ ടോം ജോസിന്റെ നേതൃത്വത്തിൽ മുറിച്ചുകടത്തി;  ഉമ്മൻചാണ്ടിക്കും പങ്കെന്നു സൂചന

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസ് അന്വേഷണം നേരിടുന്ന  ഐഎഎസ് ഉദ്യോഗസ്ഥൻ ടോം ജോസ് കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട്ട് ഭൂമിയിൽ നിന്നും ഒരു ലക്ഷം മരങ്ങൾ അനധികൃതമായി മുറിച്ചു മാറ്റി. ടോം ജോസ് ഏവിയേഷൻ സെക്രട്ടറിയേറ്റിന്റെ ചുമതല വഹിച്ചിരുന്ന കാലത്തായിരുന്നു  മരം മുറിച്ചു കടത്തിയത്. ഇതുവഴി ലഭിച്ച തുക സംസ്ഥാന ഖജനാവിലോ കിയാലിലോ എത്തിയിട്ടില്ലെന്നും നാരദാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സംഭവം നടന്ന 2013ൽ മുഖ്യമന്ത്രിയും കിയാലിന്റെ ചെയർമാനും ആയിരുന്ന ഉമ്മൻചാണ്ടിക്കും സംഭവത്തിൽ പങ്കുണ്ടതുണ്ടെന്നതിന്റെ സൂചനകളും നാരദാ ന്യൂസിന് ലഭിച്ചു.


കണ്ണൂർ വിമാനത്താവള നിർമാണത്തിനു കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിച്ചത് 2013 ജൂലായ് 19 നായിരുന്നു. ഇതിലെ സ്പെസിഫിക് കണ്ടീഷനിൽ 30421 മരങ്ങൾ മുറിക്കുന്നതിന് അനുമതി നൽകിയിരുന്നു. എന്നാൽ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് 45 ദിവസം മുൻപ് ടോം ജോസിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഒരു ലക്ഷം മരങ്ങൾ മുറിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് മിനുട്സുണ്ടാക്കി. പിന്നീട് ഉമ്മൻചാണ്ടിയുടെ അറിവോടെ ഇക്കാര്യം  വിമാനത്താവള നിർമാണക്കരാറിൽ ഉൾപ്പെടുത്തുകയും ചെയ്തു. മരം മുറിക്കൽ, വേരുകൾ നീക്കം ചെയ്യൽ, കുഴി അടയ്ക്കൽ എന്നിവ വിമാനത്താവളക്കരാറിന്റെ ഭാഗമാക്കി മാറ്റി. പിന്നീട് പാരിസ്ഥിതിക അനുമതി ലഭിച്ചപ്പോൾ മരത്തിന്റെ എണ്ണം സംബന്ധിച്ച് കരാറിൽ മാറ്റം വരുത്തുകയും ചെയ്തില്ല.

kannur-1

വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ റവന്യൂ ഇൻസ്‌പെക്ടർമാർ വിശദമായ മഹസ്സർ റിപ്പോർട്ടുകൾ തയ്യാറാക്കിയിരുന്നു. ഇതു പ്രകാരം പദ്ധതി പ്രദേശത്ത് തേക്ക്, പ്ലാവ്, വീട്ടി, ചന്ദനം, ഇരുപ്പൂൾ, ആഞ്ഞിലി തുടങ്ങിയ വിലപിടിപ്പുള്ള വന്മരങ്ങൾ ഉണ്ടായിരുന്നു. ജാഫർഖാൻ എന്ന കരാറുകാരനാണു മരം മുറിക്കാനുള്ള കോൺട്രാക്ട് ലഭിച്ചത്. കശുമാവ്, തെങ്ങ്, റബ്ബർ, ചെറിയ യൂക്കാലിപ്റ്റസ് മരങ്ങൾ എന്നിവയടക്കം അറുപതിനായിരം മരങ്ങളായിരുന്നു ലഭിച്ചത്. വിലപിടിപ്പുള്ള മരങ്ങൾ ഒന്നും തന്നെ ജാഫർഖാൻ മുറിച്ചു മാറ്റിയതായി ജാഫർഖാൻ തന്നെ നൽകിയ സ്റ്റേയ്റ്റ്മെന്റിലും പറയുന്നില്ല. എബി പുതുപ്പള്ളി, മുഹമ്മദ് പെരുമ്പാവൂർ മുതലായ ചില ആളുകൾ മരംമുറി സ്ഥലത്ത് ഉണ്ടായതായും ജാഫർഖാൻ പറയുന്നുണ്ട്.

kannur

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അടുപ്പക്കാരനായ എബി പുതുപ്പള്ളിയും ഉന്നതരുമായി ബന്ധമുള്ള മുഹമ്മദ് പെരുമ്പാവൂരും എന്തിനാണു പദ്ധതി പ്രദേശത്ത് എത്തിയതെന്നതിന് വ്യക്തമായ ഒരു ഉത്തരവുമില്ല. മഹസ്സറിൽ പറയുന്ന വിലപിടിപ്പുള്ള മരങ്ങൾ ജാഫർഖാൻ വെട്ടിയില്ലെങ്കിലും പദ്ധതി പ്രദേശത്തുനിന്നും അവ അപ്രത്യക്ഷ്യമായെന്നതാണ് സത്യം. അപ്പോഴാണ് ഉന്നതരുമായി ബന്ധമുള്ള എബിയുടെയും മുഹമ്മദിന്റെയും പദ്ധതി പ്രദേശത്തെ സാന്നിധ്യം അതീവഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നത്.

ഇതു സംബന്ധിച്ച് നേരത്തെ ലോകായുക്തയിൽ പരാതി വന്നിരുന്നു. ലോകായുക്തയുടെ നിർദേശപ്രകാരം കേസ് അന്വേഷിച്ചത് നോർത്ത് സോൺ ഡിജിപി ആയിരുന്ന ശങ്കർ റെഡ്ഡി ആയിരുന്നു. എന്നാൽ റവന്യൂ ഇൻസ്‌പെക്ടർമാർ തയ്യാറാക്കിയ മഹസ്സർ റിപ്പോർട്ടിനെ തൃണവൽക്കരിച്ചുകൊണ്ട് പദ്ധതി പ്രദേശത്ത് കശുമാവുകളും പാഴ്മരങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന റിപ്പോർട്ടാണ് ശങ്കർ റെഡ്ഡി തയ്യാറാക്കിയത്. ഉമ്മൻ ചാണ്ടി അന്നു പ്രതിപ്പട്ടികയിൽ നിന്നും രക്ഷപ്പെട്ടത് ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.

ശങ്കർ റെഡ്ഡിക്ക് ഡിജിപി റാങ്കും വിജിലൻസ് ഡയറക്ടർ പദവിയും എല്ലാം ലഭിച്ചത് ഇതിനു ശേഷമായിരുന്നു. ഇതിനെ  തികച്ചും യാദൃശ്ചികമായ ഒന്നായി കാണാൻ കഴിയില്ല.
ലോകായുക്തയിൽ ഇതു സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ ഈ ഇടപാടിലൂടെ കോടിക്കണക്കിന് രൂപ ടോം ജോസും കൂട്ടരും തട്ടിയെടുത്തെന്ന് പല കോണുകളിൽ നിന്നും ആരോപണം ഉയർന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അകപ്പെട്ടിരിക്കുന്ന ടോം ജോസ് നടത്തിയ സിന്ധുദുർഗ് ഭൂമി ഇടപാട് സംബന്ധിച്ച് നാരദാ ന്യൂസ് വെളിപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ കണ്ണൂർ ഇന്റർനാഷണൽ എയർപ്പോർട് മരം മുറിയുടെ ബന്ധപ്പെട്ട അഴിമതിയിലേക്ക് വിജിലൻസ് അന്വേഷണം നീളുമെന്ന് പ്രതീക്ഷിക്കാം. അങ്ങനെയെങ്കിൽ ആർക്കൊക്കെയാണ് ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ചുവന്ന കാർഡ് കാണേണ്ടിവരിക എന്ന് കാത്തിരുന്നു കാണാം.

Read More >>