ടിപ്പു സുല്‍ത്താൻ മതഭ്രാന്തനുമല്ല സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമല്ല: എം ജി എസ്

ടിപ്പു സുല്‍ത്താനെ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ധീര യോദ്ധാവെന്നൊക്കെ വാഴ്ത്തുന്നവര്‍ ചരിത്രത്തെ നേരായി വായിച്ചില്ലെന്നു വേണം വിലയിരുത്താന്‍. ടിപ്പുസുല്‍ത്താന്‍ കടുത്ത മതഭ്രാന്തനായിരുന്നു എന്ന് ഒരിക്കലും പറയാനാവില്ല. അതേസമയം മതവിശ്വാസിയായ അദ്ദേഹം മലബാറിലെ നായര്‍ പടയാളികളെയും ഇതര ഹൈന്ദവിഭാഗങ്ങളെയും ദ്രോഹിച്ചതിന്റെ നിരവധി തെളിവുകള്‍ ഇപ്പോഴുമുണ്ട്.

ടിപ്പു സുല്‍ത്താൻ മതഭ്രാന്തനുമല്ല സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമല്ല: എം ജി എസ്

ഡോ. എം ജി എസ് നാരായണൻ

സ്വന്തം അധികാരവും സ്വത്തും നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ ഈസ്റ്റ് ഇന്ത്യാകമ്പനിക്കെതിരെ പോരാടിയ ടിപ്പുവും കേരളവര്‍മ്മയുമൊക്കെ ഒരിക്കലും സാമ്രജ്യത്വ വിരുദ്ധ പോരാളികളായിരുന്നില്ല. തങ്ങളുടെ സാമ്രാജ്യത്തിന് വേണ്ടി മാത്രമാണ് ഇക്കൂട്ടര്‍ വിദേശികളോട് ഏറ്റുമുട്ടിയത്. അധികാരം തിരിച്ചു നല്‍കിയപ്പോള്‍ പലരും സാമ്രാജ്യത്വ ശക്തികളോട് സന്ധി ചെയ്യുകയും  അല്ലാത്തവര്‍ ഏറ്റുമുട്ടി ജീവന്‍ വെടിയുകയുമാണുണ്ടായത്.


ദേശീയ താല്‍പര്യത്തിനപ്പുറം തങ്ങളുടെ അധികാരം നിലനിര്‍ത്താനും കൂടുതല്‍ കൂട്ടിച്ചേര്‍ക്കാനുമൊക്കെയാണ് ശ്രമിച്ചിട്ടുള്ളത്. ഇവരെയെല്ലാം പില്‍ക്കാലത്ത് സാമ്രാജ്യത്വവിരുദ്ധ പോരാളികളായി വാഴ്ത്തുന്നത് സത്യത്തില്‍ ചരിത്രത്തോടുള്ള വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ടിപ്പു സുല്‍ത്താന്‍ മലബാറില്‍ നടത്തിയ കൊള്ളയും ആക്രമണങ്ങളുമൊക്കെ എത്രയോ ഭീകരമായിരുന്നു. ടിപ്പുവും അദേഹത്തിന്റെ പിതാവ് ഹൈദരലിയുമൊക്കെ മലബാറിലെ സമ്പന്ന ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും വ്യാപകമായി കൊള്ളയടിച്ചതിന്റെ നിരവധി തെളിവുകള്‍ അവശേഷിക്കുന്നുണ്ട്. ടിപ്പു സുല്‍ത്താനെ സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ധീര യോദ്ധാവെന്നൊക്കെ വാഴ്ത്തുന്നവര്‍ ചരിത്രത്തെ നേരായി വായിച്ചില്ലെന്ന് വേണം വിലയിരുത്താന്‍. ടിപ്പുസുല്‍ത്താന്‍ കടുത്ത മതഭ്രാന്തനായിരുന്നു എന്ന് ഒരിക്കലും പറയാനാവില്ല. അതേസമയം മതവിശ്വാസിയായ അദ്ദേഹം മലബാറിലെ നായര്‍പടയാളികളെയും ഇതര ഹൈന്ദവിഭാഗങ്ങളെയും ദ്രോഹിച്ചതിന്റെ നിരവധി തെളിവുകള്‍ ഇപ്പോഴുമുണ്ട്.

മൈസൂരുകാര്‍ക്കു  ടിപ്പുസുല്‍ത്താന്‍ എക്കാലവും ആരാധ്യനായ ഭരണാധികാരി തന്നെയായിരുന്നു. കാരണം മലബാറിലെ ഹൈന്ദവരോട് ചെയ്തപോലെ കന്നഡനാട്ടിലെ ഹൈന്ദവരുള്‍പ്പെടെയുള്ള ജനസമൂഹത്തെ ഒരു രീതിയിലും അദേഹം ദ്രോഹിച്ചിട്ടില്ലെന്നത് വസ്തുതയാണ്. പക്ഷേ മംഗലാപുരത്തെ ക്രൈസ്തവര്‍ ഇപ്പോഴും കടുത്ത ടിപ്പു വിരുദ്ധരാണ്. അവിടെയും ടിപ്പു വലിയ തോതില്‍ കൊള്ള നടത്തിയിരുന്നു. ഇതാണ് അവരും ടിപ്പുവിനെ അംഗീകരിക്കാത്തതിന്റെ കാരണം.

മൈസൂര്‍ നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായ ശ്രീരംഗപട്ടണത്തെ ടിപ്പു കോട്ടയ്ക്കകത്ത് ഇപ്പോഴും ക്ഷേത്രമുണ്ട്. അതാണ് ഞാന്‍ പറഞ്ഞത് കന്നഡനാട്ടിലെ ഹൈന്ദവര്‍ക്ക് ടിപ്പു മികച്ച ഭരണാധികാരിയായിരുന്നു എന്ന്. അവിടുത്തെ ബ്രാഹ്മണരുമായി നല്ല ബന്ധം അദേഹം കാത്തു സൂക്ഷിച്ചിരുന്നു. കടുത്ത അന്ധവിശ്വാസിയായിരുന്ന അദേഹം പലകാര്യങ്ങള്‍ക്കും ജ്യോത്സ്യന്‍മാരെ ആശ്രയിച്ചിരുന്നു. ബ്രാഹ്മണ വാക്കുകള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തീവ്ര ഹിന്ദുത്വവുമായി സംഘപരിവാറും മറുപക്ഷത്ത് ഇസ്ലാമിക മതമൗലീകവാദികളുമൊക്കെ തങ്ങളുടെ ആരാധ്യപുരുഷന്‍മാരെ സാമ്രാജ്യത്വവിരുദ്ധ നായകന്‍മാരും സ്വാതന്ത്ര്യ സമരസേനാനികളുമൊക്കെയായി ചിത്രീകരിച്ച് ചരിത്രത്തെ ദിശ മാറ്റി വിടുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. സ്വത്തും അധികാരവും തന്നെയായിരുന്നു എല്ലാ രാജാക്കന്‍മാര്‍ക്കും ആവശ്യം. അതിനപ്പുറമുള്ള സാമ്രാജ്യത്വവിരുദ്ധതയൊക്കെ അവസരോചിതമായി ഇവർക്ക് നമ്മള്‍ ചാര്‍ത്തിക്കൊടുത്ത പദവികളാണ്.

സാമൂതിരിയുടെ ഭരണം തകര്‍ന്നശേഷമുണ്ടായ ടിപ്പുവിന്റെ വാഴ്ച്ചയാണ് മലബാറിലെ ഹിന്ദുക്കളെ അദേഹത്തിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകം. മലബാറിലേക്കെത്തുമ്പോള്‍ ടിപ്പുസുല്‍ത്താന്റെ പടയോട്ടങ്ങള്‍ പലപ്പോഴും ഹൈന്ദവ വിഭാഗങ്ങളിലുണ്ടാക്കിയ ദുരിതവും അരക്ഷിതാവസ്ഥയും വിവരണാതീതമാണ്. ഏറനാട്, വള്ളുവനാട്, കോലത്ത് നാട് ഭാഗങ്ങളിലെ സമ്പന്ന ഹൈന്ദവ ഭവനങ്ങളും ക്ഷേത്രങ്ങളും ടിപ്പുവും കൂട്ടരും വ്യാപകമായി കൊള്ളയടിക്കുകയുണ്ടായി.

മതഭ്രാന്തായതിനെ ഒരിക്കലും വ്യാഖ്യാനിക്കാന്‍ കഴിയില്ലെങ്കിലും ടിപ്പുവും സൈന്യങ്ങളും പിടിച്ചടക്കിയ മലബാറിലെ പലപ്രദേശങ്ങളിലും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതംമാറ്റം ഉണ്ടായെന്നത് ഒരു യാഥാര്‍ത്ഥ്യവുമാണ്. ടിപ്പുവിന്റെ പടയോട്ടത്തോടെ നായന്‍മാര്‍ ഏറെക്കുറെ തിരുവിതാംകൂറിലേക്ക് സ്ഥലം വിട്ടെങ്കിലും പിന്നോക്ക ജാതിക്കാരെ വ്യാപകമായി ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയും മാറുമറയ്ക്കാന്‍ അങ്ങനെ പിന്നോക്ക ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്ക് അവകാശം ലഭിക്കുകയുമുണ്ടായി.

കൊണ്ടോട്ടി, മലപ്പുറം ഭാഗങ്ങളിലെ പുലയ വിഭാഗത്തില്‍പ്പെട്ടവരെ കൂട്ടത്തോടെ മതംമാറ്റുകയാണുണ്ടായത്. നാടുവിട്ട നായന്‍മാരുടെ ഭൂമിയും സ്വത്തുമൊക്കെ അങ്ങനെ ടിപ്പു കൈയടക്കി. ടിപ്പുവിന് ആയുധങ്ങള്‍ കൊണ്ടുവരാനും സുഗമമായ പടയോട്ടത്തിനുമൊക്കെയായി ധാരാളം പാതകള്‍ മലബാറില്‍ വെട്ടിത്തുറക്കപ്പെട്ടിരുന്നു. അതൊന്നും ഒരു നാടിന്റെ വികസനത്തിനായിരുന്നില്ല. മറിച്ച് അദേഹത്തിന്റെ പീരങ്കിപ്പടയ്ക്കും മറ്റ് ആയുധപ്പടകള്‍ക്കും കടന്നുപോകാനുള്ള വഴികളായിരുന്നു. പോണ്ടിച്ചേരിയില്‍ നിന്നും മദ്രാസില്‍ നിന്നുമൊക്കെ ഇതുവഴിയാണ് പീരങ്കികളുമായി കാളവണ്ടികളെത്തിയത്. പാതകളും പാലങ്ങളും മലബാറിലങ്ങളോളമിങ്ങോളം ഉണ്ടായതങ്ങനെയാണ്. ചെറിയ നാട്ടുരാജ്യങ്ങളായിരുന്നതിനാല്‍ ഇവിടുത്തെ നാടുവാഴികള്‍ക്ക് ഇത്തരം പാതകളുടെ ആവശ്യമില്ലായിരുന്നു.

യാഥാര്‍ത്ഥ്യം ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോള്‍ ടിപ്പുവിനെ മതഭ്രാന്തനായാണ് ഹിന്ദുത്വശക്തികള്‍ വിശേഷിപ്പിച്ചത്. അങ്ങനെയല്ലെന്നും അദേഹം രാജ്യത്തിന് വേണ്ടി പോരാടിയ ധീരനാണെന്നും മറുവാദമുയര്‍ത്തി ഇസ്ലാമിക വാദികളും രംഗത്തു വന്നു. ബ്രിട്ടീഷ്-ഫ്രഞ്ച് രേഖകള്‍ പഠിച്ചാല്‍ ഇതു രണ്ടുമല്ല യാഥാര്‍ത്ഥ്യമെന്ന് മനസ്സിലാക്കാനാകും.

ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരുമൊക്കെ ടിപ്പുവിനെക്കുറിച്ച് എഴുതിയ നിരവധി പുസ്തകങ്ങളും രേഖകളും പരിശോധിച്ചാല്‍ വസ്തുത മനസ്സിലാക്കാനാകും. ഒരു മതത്തിന്റെ ആളായി അദേഹത്തെ വിലയിരുത്താനാകില്ല. അക്രമികളായ എത്രയോ നാടുവാഴികളുണ്ടായിരുന്നു. ആ ഗണത്തില്‍ വരുന്നയാളാണ് ടിപ്പു സുല്‍ത്താനും. സൈനിക ശക്തിയും ആയുധബലവും ആവശ്യത്തിലധികമുണ്ടായിരുന്നു.

സി കെ കരീമിനെപ്പോലുള്ള എഴുത്തുകാര്‍ ടിപ്പുവിനെ യഥാര്‍ത്ഥത്തില്‍ വെള്ളപൂശുകയാണ് ചെയ്യുന്നത്. അദേഹം ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചിട്ടില്ലെന്നും പകരം ക്ഷേത്രങ്ങള്‍ക്ക് ദാനം ചെയ്യുകയാണെന്നുമൊക്കെയാണ് അവരൊക്കെ വാദിക്കുന്നത്. ടിപ്പുവിന്റെ പിതാവ് ഹൈദരുടെ കാലത്തുള്ള ക്ഷേത്രങ്ങളുടെ കൊള്ളയെപ്പറ്റി ''വെള്ളയുടെ ചരിത്രം'' എന്ന പേരില്‍ വെള്ളയില്‍ നമ്പൂതിരി എഴുതിയ പുസ്തകത്തില്‍ കൃത്യമായി പറയുന്നുണ്ട്. പൊന്നാനി തൃക്കാവില്‍ ക്ഷേത്രം കൊള്ളയടിച്ച ഹൈദരലിയെ വെള്ളയില്‍ നമ്പൂതിരി ഇന്റര്‍വ്യു നടത്തിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയത്.

ഭൂപരിഷ്‌കരണം നടപ്പാക്കിയത് ടിപ്പുവാണെന്നും സ്ത്രീകളെ മാറുമറക്കുന്നതുള്‍പ്പെടെയുള്ള വിപ്ലവകരമായ കാര്യങ്ങള്‍ നടത്തിയത് അദേഹമാണെന്നുമൊക്കെ പറയുന്നു. മലബാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ടിപ്പു ഉണ്ടാക്കിയ ക്ഷതം ചെറുതായിരുന്നില്ല. നികുതി പിരിവ് അദേഹം തുടങ്ങിവയ്ക്കുകയും മതപരിവര്‍ത്തനം ചെയ്ത സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശം നല്‍കുകയും ചെയ്തുവെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. അതിനു  പിന്നിൽ പ്രത്യേക  താല്‍പര്യങ്ങളുണ്ടായിരുന്നു. പക്ഷേ അദേഹത്തെ ലാന്‍ഡ് റിഫോര്‍മറൊക്കെയായി വ്യാഖ്യാനിക്കുന്നതിനോട് യോജിക്കാനാവില്ല.

കര്‍ണ്ണാടകയിലെ ഹൈന്ദവ വിശ്വാസികള്‍ക്ക് അദേഹത്തോട് വലിയ മതിപ്പുണ്ട്. അതില്‍ ഹൈന്ദവരെന്നോ മുസ്ലിങ്ങളെന്നോ വ്യത്യാസമില്ല. അതുകൊണ്ടുതന്നെ അവിടെ ടിപ്പു ജയന്തി ആഘോഷിക്കുന്നത് കന്നഡിഗരുടെ വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായിത്തന്നെ കാണാം. മലബാറില്‍ വലിയ ആക്രമണം അഴിച്ചുവിട്ട ടിപ്പുവിന് വേണ്ടി കേരളത്തില്‍ ജയന്തി ആഘോഷിക്കണമെന്ന് ആവശ്യം ഉയര്‍ന്നാലും തെറ്റു പറയാനാവില്ല.

തയ്യാറക്കിയത്: എസ് വിനേഷ് കുമാർ