വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് സുഭാഷ് വാസുവിന്റെ പീഡനകേന്ദ്രം: എതിര്‍ക്കുന്നവര്‍ക്ക് ഇരുട്ടുമുറിയില്‍ മൂന്നാംമുറ; ഇസ്ലാം മത വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച നിസ്‌കാരത്തിനും വിലക്ക്

മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത ഒരു സൗകര്യം കട്ടച്ചിറയിലെ എഞ്ചിനീയറിങ് കോളേജിലുണ്ട്. വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള മര്‍ദ്ദന മുറി. തങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ സുഭാഷ് വാസുവും ഓഫീസ് ജീവനക്കാരനായ ഓച്ചിറ ബിനുവും സുഭാഷ് വാസുവിന്റെ ഡ്രൈവറും ചേര്‍ന്ന് ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിക്കും.

കൊച്ചി: ആലപ്പുഴ കട്ടച്ചിറയിലെ ശ്രീ വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന്റെ കിരാതമായ പീഡന പരമ്പര. എതിര്‍ക്കുന്ന തങ്ങളെ ഇരുട്ടുമുറിയില്‍ മര്‍ദ്ദിച്ചുവെന്നും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ നാരദ ന്യൂസിനോട് പറഞ്ഞു. കോളേജ് മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറിയായ സുഭാഷ് വാസുവും ഗുണ്ടകളും ചേര്‍ന്ന് കോളേജിനെ ജയിലിന് സമാനമാക്കി വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. 'കലാലയമല്ലാ ഇത് കൊലാലയാ'ണെന്നാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെടുന്നത്.


ഇസ്ലാം മത വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന വിലക്ക്

കട്ടച്ചിറയിലെ കോളേജില്‍ സുഭാഷ് വാസുവിന്റെ ചട്ടങ്ങളാണ് നടപ്പിലാക്കുന്നത്. രാവിലെ ആറു മണിക്ക് ക്ലാസുകള്‍ ആരംഭിക്കുന്ന കേരളത്തിലെ ഏക വിദ്യാഭ്യാസ സ്ഥാപനം കട്ടച്ചിറ എഞ്ചിനീയറിങ് കോളേജാണ്. ആറിന് കോളേജ് ക്യാമ്പസില്‍ കയറുന്ന വിദ്യാര്‍ത്ഥികള്‍ തിരിച്ചിറങ്ങുന്നത് രാത്രി ഒമ്പതരയോടെയാണ്. ഇതിനിടയ്ക്ക് പുറത്ത് പോകണമെങ്കില്‍ നാലു പേരുടെ അനുവാദം വാങ്ങണം. ക്ലാസ് അഡൈ്വസര്‍, ക്ലാസ് കോഓര്‍ഡിനേറ്റര്‍, എച്ച് ഒ ഡി, പ്രിന്‍സിപ്പല്‍ എന്നിവരുടെ ഒപ്പ് വാങ്ങണം. ഇസ്ലാം മത വിശ്വാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളിയാഴ്ച ദിവസം പള്ളിയില്‍ പോകാന്‍ അനുവാദമില്ല. അനുവാദം ചോദിച്ച വിദ്യാര്‍ത്ഥികളെ വര്‍ഗീയമായി അപമാനിച്ചു. "ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും, നിങ്ങളുടെ മത/ സമുദായക്കാരണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും" സുഭാഷ് വാസു പറഞ്ഞുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഇനി ഈ ആവശ്യവുമായി വരില്ലെന്ന് തങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി എഴുതി വാങ്ങിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടവര്‍ക്കും ഫൈന്‍ ഇടാറുണ്ട്. അതല്ലെങ്കില്‍ മാനേജ്‌മെന്റിനോട് പ്രത്യേക അനുമതി വാങ്ങിയ ശേഷം വ്രതത്തിന്റെ ഭാഗമായി താടി വളര്‍ത്താം.

vellapalli engineering college

പ്രിന്‍സിപ്പിലിന്റ റൂമിനടുത്ത് മര്‍ദ്ദന മുറി

മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത ഒരു സൗകര്യം കട്ടച്ചിറയിലെ എഞ്ചിനീയറിങ് കോളേജിലുണ്ട്. വിദ്യാര്‍ത്ഥികളെ ശിക്ഷിക്കാനുള്ള മര്‍ദ്ദന മുറി. തങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ സുഭാഷ് വാസുവും ഓഫീസ് ജീവനക്കാരനായ ഓച്ചിറ ബിനുവും സുഭാഷ് വാസുവിന്റെ ഡ്രൈവറും ചേര്‍ന്ന് ഇരുട്ടുമുറിയിലിട്ട് മര്‍ദ്ദിക്കും. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ചോളം വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ മര്‍ദ്ദനത്തിന് ഇരയായത്.

ഗുണ്ടാ സ്റ്റൈലില്‍ മുണ്ടും മടക്കി ക്ലാസ് റൂമില്‍ എത്തുന്ന സുഭാഷ് വാസു വിദ്യാര്‍ത്ഥികളെ അസഭ്യം പറഞ്ഞ ശേഷം കൈ പുറകോട്ട് തിരിച്ച് പിടിച്ച് ഒരു കൈ കൊണ്ട് കഴുത്തിന് പിടിച്ച് തള്ളിയാണ് മര്‍ദ്ദന മുറിയിലേക്ക് ആനയിക്കുന്നത്. റൂമിലെത്തിക്കഴിഞ്ഞാല്‍ ലൈറ്റ് ഓഫ് ചെയ്ത ശേഷം കുട്ടികളെ സുഭാഷ് വാസുവും ഗുണ്ടകളും ചേര്‍ന്ന് മര്‍ദ്ദിക്കും.

തന്നെ മര്‍ദ്ദിച്ചതിന് ശേഷം കസേരയെടുത്ത് അടിച്ചതായി ഒരു വിദ്യാര്‍ത്ഥി നാരദ ന്യൂസിനോട് പറഞ്ഞു. പുറത്തു പറഞ്ഞാല്‍ വീട്ടില്‍ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തും. കഴിഞ്ഞ ദിവസം മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദനത്തിന് ശേഷം മൂന്ന് മണിക്കൂറോളം ഇരുട്ടുമുറിയില്‍ പൂട്ടിയിട്ടു. കോളേജ് മാനേജ്‌മെന്റിന്റെ ഗുണ്ടായിസം പേടിച്ചാണ് തങ്ങള്‍ പുറത്ത് പറയാത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ക്ലാസ് മുറി എന്ന തടവ് മുറി

ശ്രീ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് രാവിലെ ആറു മണിക്കാണ്. രാവിലെ ആറു മുതല്‍ എട്ടര വരെ നടത്തുന്ന ക്ലാസിന് മോണിങ് ക്ലാസ് എന്നാണ് പേരിട്ടിരിക്കുന്നത്. എട്ടരയ്ക്ക് ഗുഡ് മോണിങ് ടെസ്റ്റ് എന്ന പേരില്‍ പരീക്ഷ നടത്തും. ഈ പരീക്ഷയില്‍ 10 ല്‍ ആറ് മാര്‍ക്കില്‍ താഴെ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15 തവണ ഇംപോസിഷന്‍ നല്‍കും. ഒരു ബഞ്ചില്‍ മൂന്ന് പേരെ ഇരുത്തിയാണ് പരീക്ഷ എഴുതിക്കുന്നത്. മൂന്ന് പേരെയും എ, ബി, സി കോഡിട്ട് തിരിച്ച് മൂന്ന് ചോദ്യക്കടലാസാണ് നല്‍കുന്നത്. ഇതില്‍ എന്തെങ്കിലും തലത്തിലുള്ള ക്രമക്കേടുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചാല്‍ അവര്‍ക്ക് പിഴയും മര്‍ദ്ദനവും ലഭിക്കാം.

[caption id="attachment_55829" align="alignnone" width="589"]കോളേജ് മാനേജ്മെന്‍റിനെതിരെ വിദ്യാർത്ഥികള്‍ നടത്തിയ പ്രതിഷേധം കോളേജ് മാനേജ്മെന്‍റിനെതിരെ വിദ്യാർത്ഥികള്‍ നടത്തിയ പ്രതിഷേധം[/caption]

അതിന് ശേഷം ഒമ്പതരയോടെ ആരംഭിക്കുന്ന റെഗുലര്‍ ക്ലാസ് നാലരയ്ക്ക് അവസാനിക്കും. അതിന് ശേഷം റെമഡിയല്‍ ടെസ്റ്റ് ആരംഭിക്കും. രാവിലെ നടത്തിയ പരീക്ഷ തന്നെ വീണ്ടും ആവര്‍ത്തിക്കും. ഇതിലും തോറ്റാല്‍ 25 തവണ ഇംപോസിഷന്‍ നല്‍കും. ഇംപോസിഷനുകള്‍ ക്ലാസ് റൂമില്‍ തന്നെ ഇരുന്ന് എഴുതിക്കും, ഇതിന് ഇംപോസിഷന്‍ ക്ലാസ് എന്നാണ് പേര്.

രാത്രി ഒമ്പതരയോടെ ക്ലാസുകള്‍ അവസാനിക്കും. ക്ലാസുകള്‍ അവസാനിച്ചാലും ഇംപോസിഷനുകള്‍ എഴുതിക്കാണിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറി വിടാന്‍ അനുവാദമില്ല. പെണ്‍കുട്ടികളെ മാതാപിതാക്കളെത്തിയാണ് കൂട്ടിക്കൊണ്ട് പോകുന്നത്. പ്രാദേശിക ഉത്സവങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചാലും കോളേജ് മാനേജ്‌മെന്റ് നല്‍കാറില്ല. ഞായറാഴ്ച വരെ ക്ലാസ് എടുത്ത ചരിത്രം കോളേജിലുണ്ട്.

കഴുത്തറുപ്പന്‍ ഫൈന്‍

ഒരു ലക്ഷം മുതല്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപ വരെ ഫീസ് വിദ്യാര്‍ത്ഥികളില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന സ്ഥാപനം ലക്ഷക്കണക്കിന് രൂപ ഫൈന്‍ ഇനത്തില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. മുടി അല്‍പ്പം വളര്‍ന്നാൽ ഫൈന്‍, ഐഡി കാര്‍ഡ് ഇല്ലെങ്കില്‍ ഫൈന്‍, ക്ലാസില്‍ താമസിച്ചെത്തിയാല്‍ ഫൈന്‍, എന്നുവേണ്ട ചൂടു കാരണം ഷര്‍ട്ടിന്റെ ബട്ടണഴിച്ചാല്‍ വരെ ഫൈന്‍ അടക്കേണ്ടി വരും.

വെള്ളാപ്പള്ളി എഞ്ചനീയറിങ് കോളേജിലെ ഫെന്‍ വിലനിലവാരം


  • മുടി വളര്‍ത്തിയാല്‍, 200 രൂപ

  • ഷേവ് ചെയ്തില്ലെങ്കില്‍ 200

  • മോണിങ് ക്ലാസില്‍ വരാതിരുന്നാല്‍ 500 രൂപ ( ഇത് മാതാപിതാക്കള്‍ നേരിട്ട് വന്ന് അടയ്ക്കണം)

  • ഐഡി കാര്‍ഡ് ഇല്ലാതിരുന്നാല്‍ 100 രൂപ

  • ഫുള്‍ സീവ് മടക്കിവെച്ചാല്‍ 100
    ഷര്‍ട്ടിന്റെ ഒരു ബട്ടണ്‍ ഇട്ടില്ലെങ്കില്‍ 100 രൂപ

  • കോമണ്‍ ഫൈന്‍: 100,എല്ലാ വിദ്യാര്‍ത്ഥികളും അടയ്‌ക്കേണ്ട ഫൈനാണിത്. ഈ ഫൈന്‍ എന്തിനാണ് ഈടാക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിന് മുമ്പാണ് ഫൈന്‍ അടക്കേണ്ടത്. ഫൈന്‍ അടിച്ചില്ലെങ്കില്‍ ഹാള്‍ ടിക്കറ്റ് നല്‍കില്ല.


അധ്യാപകര്‍ക്കും ഫൈന്‍

വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, അധ്യാപകര്‍ക്കും ഫൈന്‍ ഉണ്ടെന്ന് ഇവിടെ ജോലി ചെയ്തിരുന്ന ഒരു അധ്യാപകന്‍ നാരദ ന്യൂസിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ ഫുള്‍സീവ് ഷര്‍ട്ട് മടക്കിയിരുന്നാല്‍ അധ്യാപകന് ആയിരും രൂപയാണ് മാനേജ്‌മെന്റ് ഫൈന്‍ ഇടും. അധ്യാപകന്‍ ക്ലാസ് എടുക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ ജനലിന്റെ മറവില്‍ പതുങ്ങി നിന്ന് ക്ലാസ് വീക്ഷിക്കും. ഈ ക്ലാസില്‍ വിദ്യാര്‍ത്ഥികളോ അധ്യാപകരോ ഡ്രസ് കോഡ് പാലിച്ചില്ലെങ്കില്‍ പ്രിന്‍സിപ്പല്‍ അധ്യാപകന്റെ അനുവാദം ഇല്ലാതെ കയറി അധ്യാപകനെ അസഭ്യ വര്‍ഷം നടത്തും. കൂടാതെ അധ്യാപകന്റെ അന്നത്തെ ദിവസത്തെ ശമ്പളവും പിടിക്കും. ഇതിനെ എതിര്‍ത്ത ഒരു അധ്യാപകനെ അന്ന് തന്നെ പിരിച്ചുവിട്ട സംഭവുമുണ്ടായിട്ടുണ്ട്.

ഒരു വര്‍ഷം പതിനാലോളം അധ്യാപകരെയാണ് മാനേജ്‌മെന്റ് പിരിച്ചുവിടാറുള്ളത്. വാട്ട്‌സ്ആപ്പിലോ ഫേസ്ബുക്കിലോ ഭാര്യയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് പോലും മാനേജ്‌മെന്റ് വിലക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധ്യാപകരില്‍ നിന്ന് ഫൈന്‍ ഈടാക്കും.

നാല് അധ്യാപകര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് വരെ മാനേജ്‌മെന്റ് വിലക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാല് അധ്യാപകര്‍ കാന്റീനില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതിന് പ്രിന്‍സിപ്പല്‍ കാബിനില്‍ വിളിച്ച് ശകാരിച്ചതായി ഇവിടെ നിന്നും രാജി വെച്ച അധ്യാപകന്‍ പറഞ്ഞു.

compl1

കോളേജ് ഹോസ്റ്റല്‍ എന്ന 'മിണ്ടാമഠം'

ആണ്‍കുട്ടികളുടെ കോളേജ് മിണ്ടാമഠത്തെ പോലെയാണ്. രാത്രി വൈകി ഒരു മുറിയില്‍ നിന്നും സാംസാരമോ ചിരിയോ കേള്‍ക്കരുതെന്ന് ഹോസ്റ്റല്‍ വാര്‍ഡന് നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ ഹോസ്റ്റല്‍ റൂമിലിരുന്നു ഉറക്കെ ചിരിച്ചുവെന്ന് ആരോപിച്ച് ആറ് വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ റൂമില്‍ നിന്ന് പുറത്താക്കി ഗെയിറ്റ് അടച്ചു. രാത്രി പത്തരയോടെയാണ് സംഭവം. മൂന്ന് മണിക്കൂറോളം പുറത്തു നിന്ന വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ വിളിച്ച് കരഞ്ഞ് മാപ്പു പറഞ്ഞതിന് ശേഷമാണ് ഇവരെ തിരിച്ച് കയറ്റിയത്.

പിടിഎ മീറ്റിംഗിന് രക്ഷിതാക്കളെത്തുന്നത് പേടിച്ചുവിറച്ച്


കട്ടച്ചിറ എഞ്ചിനീറിങ് കോളേജിലെ പിടിഎ മീറ്റിങ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും പേടി സ്വപ്‌നമാണ്. 15 പേരടങ്ങുന്ന കോണ്‍ഫറന്‍സ് ഹാളിലേക്ക് പേടിച്ചുവിറച്ചാണ് വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളെയും കൊണ്ട് എത്തുന്നത്. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം പ്രത്യേകമാണ് പിടിഎ മീറ്റിങ് നടത്തുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ എച്ച്. ഗണേഷ്, സുഭാഷ് വാസു, അധ്യാപകര്‍ എന്നിവരായിരിക്കും മീറ്റിങ്ങില്‍ പങ്കെടുക്കുന്നത്. കോളേജിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളൊ മാതാപിതാക്കളൊ സുചിപ്പിച്ചാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അപകടത്തലാകും. മീറ്റിങ്ങില്‍ മാനേജ്‌മെന്റിനെതിരെ സംസാരിച്ച പല രക്ഷിതാക്കളും കരഞ്ഞുകൊണ്ടാണ് ഹാള്‍ വിട്ടു പുറത്തിറങ്ങിയിട്ടുള്ളത്. കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിലാണ് പല രക്ഷിതാക്കളും.

കള്‍ച്ചറല്‍- സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍

വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ കള്‍ച്ചറല്‍ ആക്ടിവിറ്റീസ് ഒന്നും നടത്തുന്നില്ലെങ്കിലും ഇവയുടെ പേരിലുള്ള ഫീസ് തകൃതിയായി പിരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ടെക് ഫെസ്റ്റിന്റെ പേരില്‍ ഒരോ വിദ്യാര്‍ത്ഥികളില്‍ നിന്നും 1500 രൂപ പിരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ടെക് ഫെസ്റ്റോ മറ്റു പരിപാടികളൊ കോളേജില്‍ നടത്തിയിട്ടില്ല. പ്രതികരിച്ചാല്‍ കള്‍ച്ചറല്‍ ഫെസ്റ്റും( അസഭ്യ വര്‍ഷം) സ്‌പോര്‍ട്‌സ് ഫെസ്റ്റും (ഇരുട്ടു മുറിയിലെ മര്‍ദ്ദനം) കോളേജ് മാനേജ്‌മെന്റ് തങ്ങളുടെ നെഞ്ചത്ത് തീര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

[caption id="attachment_55835" align="alignleft" width="368"]human rights കോളേജിലെ പ്രശ്നങ്ങള്‍ കാണിച്ച് മനുഷ്യാവകാശ കമ്മീഷന് അയച്ച പരാതി[/caption]

കോളേജ് മാനേജ്‌മെന്റിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയായി ആലപ്പുഴയിലെ എസ് എഫ് ഐ പ്രവര്‍ത്തകരും നാട്ടുകാരും കോളേജിന് പുറത്തുണ്ടായിരുന്നു.

ക്ലാസുകള്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികളെ സുഭാഷ് വാസു മുണ്ട് മടക്കിക്കുത്തി നേരിട്ടു. ആണ്‍കുട്ടികളുടെ കോളറിന് കുത്തിപ്പിടിച്ചാണ് ബിഡിജെഎസ് നേതാവ് തെറിവിളിച്ചത്. "ക്ലാസില്‍ കേറിപ്പോടീ... നിന്നെയൊക്കെ വീട്ടില്‍ വന്ന് കാണിച്ചു തരാമെടീ' എന്ന് തങ്ങളോട് പറഞ്ഞതായി ഒരു വിദ്യാര്‍ത്ഥിനി നാരദ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഇടപെട്ടു. മറ്റൊരു വിദ്യാര്‍ത്ഥിനി സുഭാഷ് വാസുവിനെതിരെ പൊലീസില്‍ മൊഴി നല്‍കി.

വിവരങ്ങള്‍ തന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മാനിച്ചാണ് അവ്യക്തമായ വീഡിയോ പബ്ലിഷ് ചെയ്യുന്നത്. ഇവരില്‍ പലരും ഇരുട്ടുമുറിയിലെ മര്‍ദ്ദനം സഹിച്ചവരാണ്. മനുഷ്യാവകാശ കമ്മീഷന്‍, കളക്ടര്‍ തുടങ്ങിയ പലര്‍ക്കും പരാതി നല്‍കിയെങ്കിലും കണ്ടച്ചിറയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആരും നടപടിയെടുത്തിട്ടില്ല. തങ്ങള്‍ക്കെന്ത് സംഭവിച്ചാലും അതിന് ഉത്തരവാദി കോളേജ് മാനേജ്‌മെന്റാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


Read More >>