തങ്ങളുടെ പ്രിയ '20 രൂപ ഡോക്ടറെ' അവസാനമായി ഒരു നോക്കുകാണാന്‍ അവരെത്തി; ജനസാഗരമായി സിദ്ധപുതൂര്‍

മരുന്ന് ആണെങ്കിലും കുത്തിവയ്പ് ആണെങ്കിലും ഡോ. ബാലസുബ്രഹ്മണ്യം രോഗികളില്‍ നിന്ന് 20 രൂപയേ വാങ്ങിയിരുന്നുള്ളൂവെന്ന് 10 വര്‍ഷമായി അദ്ദേഹത്തില്‍ നിന്ന് ചികില്‍സ തേടുന്ന ഭൂപതി പറയുന്നു. വീണ്ടും പോയാലും അദ്ദേഹം ഒരിക്കലും കൂടുതല്‍ പണം വാങ്ങിയിരുന്നില്ല- ഭൂപതി ഓര്‍ക്കുന്നു.

തങ്ങളുടെ പ്രിയ

കോയമ്പത്തൂര്‍ ഗാന്ധിപുരത്തിനടുത്തുള്ള സിദ്ധപുതൂര്‍ ദേശം ഇന്നലെ ഉറക്കമുണര്‍ന്നത് ഒരു ജനസാഗരം കണികണ്ടായിരുന്നു. '20 രൂപ ഡോക്ടര്‍' എന്ന് തങ്ങള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ആ മഹത് വ്യക്തിയോടുള്ള അടങ്ങാത്ത കടപ്പാട് അര്‍പ്പിക്കാനെത്തിയവരായിരുന്നു അവര്‍. സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സര്‍വീസുകള്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും കോയമ്പത്തൂരിലെ ആയിരങ്ങളുടെ സേവകനായിരുന്ന ഡോ. വി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങിനെത്തിയവരായിരുന്നു ആ ജനക്കൂട്ടം.


നിസ്വാര്‍ത്ഥ സേവനത്തിന്റെയും കാരുണ്യത്തിന്റേയും പര്യായമായിരുന്നു സിദ്ധപുതൂര്‍വാസികള്‍ക്ക് ഡോ. വി ബാലസുബ്രഹ്മണ്യം. സിദ്ധപുതൂരില്‍ ക്ലിനിക് നടത്തിവന്ന ഇദ്ദേഹം വെറും 20 രൂപ വീതം മാത്രമാണ് എല്ലാവിധ രോഗികളില്‍ നിന്നും ഈടാക്കിയിരുന്നത്. അതുകൊണ്ടായിരുന്നു അദ്ദേഹം ജനങ്ങളുടെ പ്രിയപ്പെട്ട '20 രൂപ ഡോക്ടര്‍' ആയത്.

ആദ്യമൊക്കെ കേവലം 2 രൂപയായിരുന്നു ഡോക്ടറുടെ ഫീസ്. പിന്നീട് വര്‍ഷങ്ങള്‍ കഴിയുന്തോറും തുച്ഛമായ വര്‍ധനവ് ഫീസില്‍ വന്നുകൊണ്ടിരുന്നു. രണ്ടുവര്‍ഷം മുമ്പുവരെ വെറും 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ചെറിയൊരു പനിക്കുപോലും മരുന്നിനും കുത്തിവയ്പിനും പരിശോധനകള്‍ക്കുമായി ആയിരക്കണക്കിനു രൂപ ഓരോ ആശുപത്രികളും ഫീസിനത്തില്‍ ഈടാക്കുമ്പോഴാണ് സിദ്ധപുതൂരിലെ ഈ അത്ഭുത ക്ലിനിക്കിന്റെ പ്രവര്‍ത്തനം.

2

എന്നാല്‍ ചികില്‍സക്ക് എന്തുകൊണ്ടാണ് ഇത്ര കുറഞ്ഞ നിരക്ക് ഈടാക്കുന്നത് എത്ര ചോദ്യത്തിന് കഴിഞ്ഞവര്‍ഷം അദ്ദേഹം കോവൈ പോസ്റ്റിനോട് പങ്കുവച്ച വാക്കുകള്‍ ഇങ്ങനെയാണ്.

''ദൈവം തനിക്ക് ആവശ്യത്തിന് പണം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് രോഗികളായ പാവങ്ങളുടെ സൗഖ്യത്തിനായി പ്രവര്‍ത്തിക്കുന്നു. അതിനുള്ള പ്രതിഫലം ദൈവമെനിക്കു തരും''.

മരുന്ന് ആണെങ്കിലും കുത്തിവയ്പ് ആണെങ്കിലും ഡോ. ബാലസുബ്രഹ്മണ്യം രോഗികളില്‍ നിന്ന് 20 രൂപയേ വാങ്ങിയിരുന്നുള്ളൂവെന്ന് 10 വര്‍ഷമായി അദ്ദേഹത്തില്‍ നിന്ന് ചികില്‍സ തേടുന്ന ഭൂപതി പറയുന്നു. വീണ്ടും പോയാലും അദ്ദേഹം ഒരിക്കലും കൂടുതല്‍ പണം വാങ്ങിയിരുന്നില്ല- ഭൂപതി ഓര്‍ക്കുന്നു.

ഡോ.ബാലസുബ്രഹ്മണ്യം ദയയുടേയും ഔദാര്യത്തിന്റേയും സ്‌നേഹത്തിന്റേയും പര്യായമായിരുന്നു എന്ന് മറ്റൊരു രോഗിയായ അരുണ്‍ പറയുന്നു. നിര്‍ധനരായ രോഗികളില്‍ നിന്ന് അദ്ദേഹം പണം ഈടാക്കിയിരുന്നില്ല. ഏത് അര്‍ധരാത്രിക്കു വിളിച്ചാലും അദ്ദേഹം രോഗിയ്ക്കരികില്‍ എത്തുമായിരുന്നു. പുറത്തുനിന്നു മരുന്നുവാങ്ങാന്‍ നിര്‍ദേശിച്ചാല്‍പോലും രോഗികള്‍ക്ക് 50 രൂപയില്‍ കൂടുതല്‍ ആകുമായിരുന്നില്ല.'

3

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ച രാവിലെയും അദ്ദേഹത്തിന്റെ ക്ലിനിക്കിനു മുന്നില്‍ ആയിരങ്ങളുടെ നീണ്ട നിരയായിരുന്നു. ഡോക്ടറുടെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചും മറ്റും അവര്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പൊതുദര്‍ശനത്തിനായി മൃതദേഹം ക്ലിനിക്കിലെത്തിച്ചപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനക്കൂട്ടം ഒഴുകിയെത്തി.

'തനിത്തങ്കമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ തങ്ങള്‍ക്ക് നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്'- അരുണ്‍ പറഞ്ഞു. ഒരിക്കലും ഡോ.ബാലസുബ്രഹ്മണ്യത്തെ പോലുള്ള ഒരു ദൈവതുല്യയായ ഡോക്ടറെ ഇനി ഈ നാട്ടുകാര്‍ക്ക് കിട്ടില്ല. മിക്ക ഡോക്ടര്‍മാരും പണമുണ്ടാക്കാന്‍ വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അദ്ദേഹം അതേക്കുറിച്ച് ഒരിക്കലും ആലോചിച്ചുണ്ടായിരുന്നില്ലെന്ന് ഭൂപതി മനസ്സുതുറന്നു.

ഡോ.ബാലസുബ്രഹ്മണ്യം മരിച്ചുപോയെന്ന വാര്‍ത്ത വിശ്വസിക്കാനാവാതെ നിരവധി പേരാണ് തന്റെ മൊബൈലിലേക്ക് വിളിച്ചുകൊണ്ടിരുന്നതെന്ന് ഡോക്ടറുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി ബംഗളുരുവില്‍ നിന്നെത്തിയ അദ്ദേഹത്തിന്റെ പേരക്കുട്ടി സിന്ധു പറയുന്നു. 'ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ സേവനം. നിരവധിയാളുകളെ എനിക്കിവിടെ കാണാം. നാട്ടിലാണെങ്കില്‍ ഒരിക്കലും തങ്ങള്‍ക്ക് ഇങ്ങനൊരു ജനപങ്കാളിത്തം കാണാനാവില്ല. ഈ ജനങ്ങളുടെ കണ്ണുകളില്‍ തനിക്ക് മുത്തച്ഛനെ കാണാന്‍ കഴിയുന്നുണ്ട്'- സിന്ധു പറഞ്ഞു.