മാവോയിസ്റ്റുകള്‍ വെടിവച്ചപ്പോൾ ചാപ്പ കോളനിയിൽ അഞ്ചു കോടിയെത്തി; കിട്ടിയതു പക്ഷെ രണ്ടു പശുവും ആട്ടിൻകൂടും

തൊണ്ടര്‍നാട് പഞ്ചായത്തിലെ ചാപ്പ ആദിവാസികോളനിയിൽ മാവോയിസ്റ്റ് ഭീഷണി 'ചെറുക്കാൻ' യുദ്ധകാലാടിസ്ഥാനത്തിലെത്തിച്ച അഞ്ചുകോടി രൂപ കഴിഞ്ഞ സർക്കാരും അഴിമതിയുദ്യോഗസ്ഥരും ചേർന്ന് കൊള്ളയടിച്ചതിന്റെ പിന്നാമ്പുറക്കഥ.

മാവോയിസ്റ്റുകള്‍ വെടിവച്ചപ്പോൾ ചാപ്പ കോളനിയിൽ അഞ്ചു കോടിയെത്തി; കിട്ടിയതു പക്ഷെ രണ്ടു പശുവും ആട്ടിൻകൂടും

മാനന്തവാടി:  തൊണ്ടര്‍നാട് പഞ്ചായത്തിലെ ചാപ്പ ആദിവാസികോളനിയിലെത്തിയ മാവോയിസ്റ്റുകളുമായി പൊലീസ് ഏറ്റുമുട്ടിയപ്പോള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഭൗതികസൗകര്യവികസനത്തിന് അനുവദിച്ച അഞ്ചുകോടി രൂപയിലും കയ്യിട്ടുവാരിയതിന്റെ തെളിവുകള്‍ പുറത്ത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച വയനാട്ടിലെ ചാപ്പകോളനി നിവാസികളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണുമെന്ന് വെടിവെപ്പ് നടന്ന കോളനി സന്ദര്‍ശിക്കുന്നതിനിടെ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.  പിന്നീട് ചാപ്പ കോളനി ഉള്‍പ്പെടുന്ന തൊണ്ടര്‍നാട് പഞ്ചായത്തില്‍ അഞ്ചുകോടിയുടെ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറങ്ങുകയും ചെയ്തു. എന്നാല്‍ കോളനിവാസികള്‍ക്ക് ആകെ ലഭിച്ചത് രണ്ട് പശുക്കളും ഒരു ആടിന്‍കൂടും മാത്രം.


document-1

2014 ഡിസംബര്‍ എട്ടിനാണ് വയനാട് കുഞ്ഞോം ചാപ്പകോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവെപ്പുണ്ടായത്. പൊലീസിനുനേരെ വെടിവെച്ചത് മാവോയിസ്റ്റുകളാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. തങ്ങളാണ് വെടിവെച്ചതെന്ന് സിപിഐ മാവോയിസ്റ്റ് കബനീദളം ലഘുലേഖ ഇറക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ചത് ഇങ്ങനെയൊക്കെയാണ്:

ഉത്തരവ് പുതുക്കി വന്നു; പിന്നെ കയ്യിട്ടുവാരൽ മാത്രം

ചാപ്പയില്‍ യുദ്ധകാലവേഗതയിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെ 2015 ജനുവരി 21ന് അഞ്ചുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു. പദ്ധതിക്കാവശ്യമായ തുക പൂള്‍ഡ് ഫണ്ടില്‍ നിന്ന് കൈമാറാനായിരുന്നു തീരുമാനം. തുടര്‍നടപടിയുടെ ഭാഗമായി 2015 ജനുവരി 30ന് തന്നെ ഉത്തരവിറങ്ങി. പട്ടികവര്‍ഗ വികസനവകുപ്പിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, വയനാട് ജില്ലാ കളക്ടര്‍, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ തുടങ്ങിയവരുടെ സംയുക്ത അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.

പദ്ധതി ഫലപ്രദമായി നടപ്പാക്കാനുള്ള നീക്കത്തിനിടെയാണ് മറ്റൊരു ഇണ്ടാസ് - അഞ്ചുകോടി രൂപ മാനന്തവാടി ട്രൈബല്‍ ഓഫീസര്‍ മുഖേന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറണമെന്ന്. പട്ടികവര്‍ഗ വികസന മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

document-2

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തായിരിക്കും അഞ്ചുകോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്ന അന്തിമ ഉത്തരവ് പിറകെ പുറത്തുവന്നു. പിന്നീട് സംഭവിച്ചതെല്ലാം അഴിമതിയുടെ കൂത്തരങ്ങായിരുന്നു. 2015 മാര്‍ച്ച് 31ന് മുമ്പായി പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നിര്‍വഹണ പുരോഗമതി ട്രൈബല്‍ ഡയറക്ടറെ അറിയിക്കണമെന്നതടക്കമുള്ള ആദ്യ ഉത്തരവിലെ നിർദേശങ്ങളൊക്കെ വായുവിൽ അലിഞ്ഞു. പതിവുപോലെ, പിന്നെ നടന്നതുമുഴുവൻ ആദിവാസി ഫണ്ടില്‍ മത്സരിച്ചുള്ള കയ്യിട്ടുവാരലാണ്..

കോടികള്‍ ഒഴുകിയ വഴി

അഞ്ചുകോടിയുടെ ഫണ്ടുപയോഗിച്ച് ആദിവാസികളെ സ്വയംതൊഴില്‍പരിശീലനം നല്‍കി സ്വയംപര്യാപ്തരാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ ഏറ്റവും പിന്നോക്ക നിലയുള്ള പഞ്ചായത്തായ തൊണ്ടര്‍നാട് പഞ്ചായത്തിലെ 12 ആദിവാസി കോളനികളുടെ സുസ്ഥിര വികസനപദ്ധതി കേവലം തട്ടിപ്പ് പരിപാടിയാണെന്നു തെളിയിക്കുന്ന രേഖകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചാപ്പ കോളനിക്കാര്‍ക്ക് രണ്ടുപശുവിലും ഒരു ആട്ടിന്‍കൂടിലും അവസാനിച്ച വികസനത്തില്‍ കോടികള്‍ എവിടെപ്പോയെന്ന നാരദാ ന്യൂസിന്റെ അന്വേഷണം എത്തിച്ചേര്‍ന്നത് വന്‍ ഫണ്ട് വെട്ടിപ്പിന്റെ കഥകളിലേക്കാണ്.

document-3

തയ്യൽ പരിശീലനത്തിന് ആറു ലക്ഷം; ടൂൾകിറ്റ് പോലും കിട്ടിയില്ല

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ലഭിച്ച വിവരവകാശ രേഖകള്‍ പ്രകാരം പദ്ധതികള്‍ ഫലപ്രദമായി നടന്നെന്ന് അവകാശപ്പെടുന്നു. തൊണ്ടര്‍നാട് പഞ്ചായത്തിലെ ആദിവാസികള്‍ക്ക് തയ്യല്‍, എംബ്രായിഡറി പരിശീലന യൂണിറ്റുമായി ബന്ധപ്പെട്ട് 23 പേര്‍ക്ക് പരിശീലനം നല്‍കി, തയ്യല്‍ പരിശീലനത്തിനും തയ്യല്‍, എംബ്രോയിഡറി യന്ത്രങ്ങള്‍ വാങ്ങുന്നതിനുമായി 6,00,714 ചെലവിട്ടു എന്നൊക്കെയാണ്  രേഖകള്‍.

നിരവില്‍പ്പുഴയില്‍ പ്രതിമാസം 5000 രൂപ നിരക്കിൽ  വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ നാലുമാസം പരിശീലനം നല്‍കിയെന്നും വിവരാവകാശ രേഖകൾ അവകാശപ്പെടുന്നു. പരിശീലനം സിദ്ധിച്ചവര്‍ക്ക് ടൂള്‍കിറ്റ് നല്‍കിയെന്നും പറയുന്നു.
എന്നാല്‍ ഉപകരണങ്ങളൊന്നും ആദിവാസികൾക്ക് ലഭിച്ചിട്ടില്ല!

കരിയർ ഗൈഡൻസിലും പകൽക്കൊള്ള

കൂടാതെ വിദ്യാര്‍ഥികള്‍ക്ക് നടത്തിയ കരിയര്‍ ഗൈഡന്‍സിലും വൻ വെട്ടിപ്പ് നടന്നതായാണ് സംശയം. കരിയര്‍ ഗൈഡന്‍സ് ക്ലാസിനെത്തിയവര്‍ക്ക് യാത്രബത്ത, ഭക്ഷണം, വേതനം, മൈക്ക് എന്നിവയ്ക്ക് ചിലവായ തുകയിൽ വെട്ടിപ്പ് വ്യക്തമാണ്. 4,40,450 രൂപ ഇതിനുമാത്രം ചെലവുവന്നതായി രേഖകളിൽ പറയുന്നു. എന്നാൽ ഇതിന്റെ പകുതിയോളമേ ചെലവായിട്ടുള്ളുവെന്ന് പഞ്ചായത്തില്‍ നിന്ന് നാരദാ ന്യൂസിന് വിവരം ലഭിച്ചു.

ഇല്ലാത്ത പശുക്കൾക്ക് ഇല്ലാത്ത ഇൻഷുറൻസ്

പശു വിതരണത്തിലാണ് ഏറെ തട്ടിപ്പുകള്‍ നടന്നത്.  27 പശുക്കളെയും അത്രയും തൊഴുത്തും നിര്‍മ്മിച്ചു നല്‍കിയതായും, പശുക്കളെ ഇന്‍ഷ്വര്‍ ചെയ്തതായുമാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഒരു യൂണിറ്റിന് 1,14,000 രൂപ പ്രകാരം 27 യൂണിറ്റുകള്‍ക്ക് 30,78,000 രൂപ ചെലവഴിച്ചതായാണ് കണക്ക്. എന്നാല്‍ പശുക്കളെ ഇന്‍ഷ്വര്‍ ചെയ്ത കാര്യം കോളനിവാസികള്‍ക്ക് അറിയില്ല. അവർക്കതിന് രേഖയും കിട്ടിയിട്ടില്ല. വെടിവെപ്പുനടന്ന ചാപ്പ കോളനിയില്‍ രാമന്‍, കൂംബ എന്നിവര്‍ക്ക് ഓരോ പശുക്കളെയും ഒരു ആട്ടിന്‍കൂടുമാണ് ലഭിച്ചത്.

നൂറു മീറ്റർ റോഡിന് എട്ടു ലക്ഷം രൂപ!


ചാപ്പയില്‍-മുണ്ടയില്‍ റോഡ് നിര്‍മ്മാണത്തിന് ഇതുവരെ 8,03,349 ചിലവായി. 2,60,000 രൂപ എസ്റ്റിമേറ്റിട്ട 100 മീറ്റര്‍ റോഡിനാണ് ഇത്രയും ചിലവായത്. കലുങ്ക് നിര്‍മ്മിച്ച് സോളിംഗ് മാത്രമാണ് നടന്നത്. വനംവകുപ്പിന്റെ ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

അറുതിയില്ലാത്ത ദുരിതജീവിതം

വയനാട്ടിലെ ആദിവാസികളുടെ ദുരിതജീവിതം പുതിയ കഥയല്ല. പക്ഷേ കോഴിക്കോട് ജില്ലാതിര്‍ത്തിയില്‍ വരുന്ന ചാപ്പ കോളനിയോളം ദുരിതപര്‍വം അനുഭവിക്കുന്നവരല്ല  വയനാട്ടിലെ ഒരു ആദിവാസി കോളനിയും. തകര്‍ന്നുവീഴാറായ കുടികൾ. ശുദ്ധജലം അപ്രാപ്യം. ശൗചാലയങ്ങളില്ല. ആകെ വൃത്തിഹീനമായ അന്തരീക്ഷത്തിലുള്ള ജീവിതം. അസുഖം വന്നാല്‍ അടുത്തെങ്ങും പ്രാഥമികാരോഗ്യകേന്ദ്രമില്ല.

document-4

നടപ്പാതകൾ പോലുമില്ല. പശുവിനെ കിട്ടിയവര്‍ പാല്‍ കടയിലെത്തിക്കണമെങ്കില്‍ വനപാതയിലൂടെ കിലോമീറ്ററുകളോളം നടക്കണം. അധികാരികളുടെ കണ്ണെത്താത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചാപ്പ കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടിയപ്പോഴാണ് ഇങ്ങനെയൊരു ഊരുള്ള കാര്യംതന്നെ പുറംലോകം അറിയുന്നത്.

കോളനിയുടെ ദുരിതാവസ്ഥയ്‌ക്കെതിരെ ഭരണകൂടത്തോട് യുദ്ധംചെയ്യാന്‍ ഇവിടുത്തുകാരെ സഹായിക്കുകയാണ് തങ്ങളുടെ പരിപാടിയെന്ന് മാവോയിസ്റ്റുകളുടെ പേരില്‍ പ്രദേശത്തുപതിച്ച നോട്ടീസുകളില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കുന്നതിന് ആദ്യഘട്ടമായി അനുവദിച്ച അഞ്ചുകോടി രൂപയിലാണ് പകല്‍കൊള്ള നടന്നത്.

ആദിവാസികളുടെ പേരില്‍ വരുന്ന ഫണ്ടുകളെല്ലാം കാലാകാലങ്ങളായി രാഷ്ട്രീയ-ഉദ്യോഗസ്ഥ മേലാളന്‍മാരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നത് പുതിയ കാര്യമല്ല. തൊണ്ടര്‍നാടും സംഭവിച്ചത് അതുതന്നെ.

Read More >>