ഇതു ചുക്കു കാപ്പിയല്ല! ഏലൂരില്‍ പൈപ്പു തുറന്നാല്‍ കിട്ടുന്ന കുടിവെള്ളം ഇങ്ങനെയാണ്

പൈപ്പുവെള്ളം ചില്ലു ഗ്ലാസിലെടുത്താല്‍ ചുക്കു കാപ്പി പോലിരിക്കും. ഏലൂരിലെ ആയിരത്തി അഞ്ഞൂറോളം കുടുംബാംഗങ്ങള്‍ക്ക് ഈ വെള്ളമാണ് കിട്ടുന്നത്. പത്തു വര്‍ഷത്തിലേറെയായി ഇവിടെ കുടിവെള്ള വിതരണം ഇങ്ങനെയാണ്.

ഇതു ചുക്കു കാപ്പിയല്ല! ഏലൂരില്‍ പൈപ്പു തുറന്നാല്‍ കിട്ടുന്ന കുടിവെള്ളം ഇങ്ങനെയാണ്

കൊച്ചി: ഏലൂരിലെ ജനങ്ങള്‍ക്ക് പൈപ്പു തുറന്നാല്‍ കിട്ടുന്ന കുടിവെള്ളത്തിന്റെ നിറം കുറെ കാലമായി ഇങ്ങനെയാണ്, ഒറ്റനോട്ടത്തില്‍ ചുക്ക് കാപ്പി പോലിരിക്കും. കുടിക്കാനോ കുളിക്കാനോ മറ്റെന്തിനെങ്കിലും ഉപയോഗിക്കണമെങ്കില്‍ വെള്ളമൂറുന്നതും കാത്തിരിക്കണം. ഏലൂര്‍ വടക്കുഭാഗത്തെ ആയിരത്തിയഞ്ഞൂറോളം കുടുംബങ്ങളാണ് ശുദ്ധജലം കിട്ടാതെ ദുരിതമനുഭവിക്കുന്നത്.

whatsapp-image-2016-11-30-at-10-47-16-amവര്‍ഷങ്ങളായി കറുത്ത നിറത്തിലാണ് ഇവിടങ്ങളില്‍ പൈപ്പുവെള്ളം എത്തുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ സക്കീര്‍ പറയുന്നു. പൈപ്പുവെള്ളം ശേഖരിച്ച് ഊറിയ ശേഷമാണ് കുടിക്കുന്നതിനും കുളിക്കുന്നതിനുമൊക്കെ ഉപയോഗിക്കുന്നത്. വാട്ടര്‍ അതോറിറ്റിയിലും പൊള്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലും പരാതിപ്പെട്ടെങ്കിലും നടപടികളൊന്നുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.


പൈപ്പിലൂടെ ലഭിക്കുന്ന കലങ്ങിയ വെള്ളത്തിന്റെ സാംപിള്‍ പല തവണ പരിശോധിച്ചെങ്കിലും കാര്യമുണ്ടായില്ല. മലിനീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന മുട്ടാര്‍പ്പുഴയില്‍ നിന്നുള്ള വെള്ളമാണ് ഈ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നത്. അതിനാല്‍ രാസവസ്തുക്കളുടെ സാന്നിധ്യം പൈപ്പുവെള്ളത്തില്‍ കലരാനുള്ള സാധ്യത ഏറെയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എഫ്എസിടി(ഫാക്ട്)യ്ക്കാണ് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ചുമതല.

ഏലൂര്‍ ഭാഗത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമായതിനാല്‍ സൗജന്യകുടിവെള്ള വിതരണം നടത്തണമെന്ന് സുപ്രീം കോടതി നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതെതുടര്‍ന്ന് 2004 മുതല്‍ മെര്‍ക്കം, എച്ച്‌ഐഎല്‍, ഐആര്‍ഇ, ടിസിസി, ഫാക്ട് എന്നീ കമ്പനികളാണ് കുടിവെള്ളവിതരണത്തിന്റെ ചിലവുകള്‍ വഹിക്കുന്നത്.

ഹഡ്‌കോ കുടിവെള്ള പദ്ധതി പൂര്‍ത്തിയാകുന്നതോടെ കുടിവെള്ള വിതരണം നടത്താമെന്ന് വാട്ടര്‍ അതോറിറ്റി മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുടിവെള്ളവിതരണം നടത്താന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിട്ടില്ല.

Read More >>