ഹൃദ്യമീ സൗഹൃദം: കൂട്ടുകാരിയുടെ ഭര്‍ത്താവിനു വൃക്ക നല്‍കി നൈസി

നൈസിയെ പോലുള്ള കൂട്ടുകാരി എല്ലാവര്‍ക്കുമുണ്ടാകില്ല. കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയും സഹപ്രവര്‍ത്തകയുമായ റെജിയുടെ ഭര്‍ത്താവിനു വൃക്ക നല്‍കാന്‍ ആളില്ലാതെ വന്നപ്പോള്‍ നൈസി സ്വന്തം വൃക്ക പകുത്തു നല്‍കി. പക്ഷേ അത് ആരോടും പറഞ്ഞില്ല. അറിഞ്ഞവര്‍ അറിഞ്ഞവര്‍ പറഞ്ഞു പരത്തുകയായിരുന്നു. അങ്ങനെ ആ കഥ നമ്മളും അറിയുന്നു.

ഹൃദ്യമീ സൗഹൃദം: കൂട്ടുകാരിയുടെ ഭര്‍ത്താവിനു വൃക്ക നല്‍കി നൈസി

ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഭര്‍ത്താവിന്റെ ഇരു വൃക്കകളും തകരാരിലായതു തലയോലപ്പറമ്പ് കാലായില്‍ നൈസി മാത്യുവിനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒന്നിച്ചു ജോലി ചെയ്തുള്ള പരിചയം അടുത്ത സൗഹൃദമായി മാറിയപ്പോള്‍ നൈസിക്കു പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. 29 വയസ് എന്ന ചെറുപ്രായത്തെ തെല്ലും കണക്കിലെടുക്കാതെ തന്റെ വൃക്ക നല്‍കാമെന്നു നൈസി സമ്മതിക്കുകയായിരുന്നു.

റെജിചേച്ചിയുടെ ഭര്‍ത്താവ് ജോണ്‍സണ്‍ ചേട്ടായി(48) ക്കായിരുന്നു ഏറ്റവും കൂടുതല്‍ എതിര്‍പ്പ്. 'എന്റെ ജീവിതം വഴിമുട്ടി. ഈ കൊച്ചു പ്രായത്തില്‍ ഭാവി അവതാളത്തിലാക്കുന്ന തീരുമാനമെടുക്കല്ലേ കൊച്ചേ'യെന്നു ചേട്ടായി കണ്ണീരോടെ പറയുമായിരുന്നു. നൈസി തന്നെയാണ് ജോണ്‍സനും റെജിക്കും ധൈര്യം കൊടുത്തത്. 'എല്ലാം ടെസ്റ്റുകളും നടത്തി നോക്കാം ചേച്ചീ, എല്ലാം ഒത്തു വന്നാല്‍ മാത്രം ചെയ്താല്‍ മതി'യെന്ന് പറഞ്ഞപ്പോള്‍ ഇരുവരും സമ്മതിക്കുകയായിരുന്നുവെന്നു നൈസി നാരദാ ന്യൂസിനോട് പറഞ്ഞു. ജൂണ്‍ 2-ാം തീയതി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു ഓപ്പറേഷന്‍.


പ്രതിഫലം ഒന്നും വാങ്ങാതെയായിരുന്നു അവയവദാനം. 'താന്‍ മൂലം ഒരു കുടുംബത്തിനു നന്മ വരണമെന്നേ ആഗ്രഹിച്ചിട്ടുണ്ടായിരുന്നുള്ളു,' നൈസി മാത്യു പറയുന്നു. എട്ടു വര്‍ഷം മുന്‍പ് അച്ഛന്‍ നാടു വിട്ടതിനു ശേഷം അമ്മയും വിദ്യാര്‍ത്ഥികളായ രണ്ടു സഹോദരിമാരും നൈസിയുടെ ചിറകിന്റെ കീഴിലാണ്. വീട്ടിലെ ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളൊന്നും നൈസിയെ തെല്ലും തളര്‍ത്തുന്നുമില്ല.

[caption id="attachment_64087" align="alignleft" width="403"]whatsapp-image-2016-11-30-at-1-00-16-pm നൈസി മാത്യു[/caption]

ബന്ധുക്കളില്‍ നിന്ന് ആദ്യഘട്ടത്തില്‍ കടുത്ത എതിര്‍പ്പാണു നൈസിക്കു നേരിടേണ്ടി വന്നത്. 'നീ എന്തു കണ്ടിട്ടാണു നൈസി ഇങ്ങനെ എടുത്തു ചാടണേ? സ്വന്തം ജീവിതം വച്ചാണോ ചാരിറ്റി?' എന്നൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും നൈസിയുടെ അമ്മ എല്‍സിയ്ക്കു മകളുടെ നിശ്ചയദാര്‍ഢ്യം എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റിയിരുന്നു. പാവപ്പെട്ട ഒരു കുടുംബം രക്ഷപ്പെടുന്നെങ്കില്‍ അതിനെക്കാള്‍ വലിയ കാര്യമില്ലെന്ന നിലപാടിലായിരുന്നു എല്‍സി. സഹോദരിമാരായ ലൈജിയും ചിന്നുവും ഓക്കെ പറഞ്ഞതോടെ തന്റെ മനസിലുള്ള ആഗ്രഹം നടപ്പില്‍ വരുത്താന്‍ നൈസിയ്ക്കു പിന്നെ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല.

വൃക്ക ദാനം ചെയ്തതിനെ പറ്റി ആരെയും അറിയിച്ചിരുന്നില്ല. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും മാത്രം അറിയാവുന്ന ഈ കാര്യം സുഹൃത്തുക്കളാണു നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. നവമാധ്യമങ്ങള്‍ കയ്യടിയോടു കൂടെ നൈസിയെ ഏറ്റെടുത്തു. മതസംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നൈസിയ്ക്കു സ്വീകരണം നല്‍കിയതോടെ നൈസിയുടെ നല്ല മനസിനെ നിരവധി പേര്‍ കയ്യടിച്ചു സ്വീകരിച്ചു. ചെയ്തത് അത്രയും വലിയ കാര്യമാണെന്നു നൈസിയും കുടുംബവും വിശ്വസിക്കുന്നില്ല. കണ്മുന്നില്‍ കാണുന്നവരുടെ ദുരിതത്തോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ഈ ജീവിതമെന്നു പുഞ്ചിരിയോടെ നൈസി ചോദിക്കുന്നു.