ഇത് മണിയാശാന്റെ അച്ഛന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രം

നിയുക്ത മന്ത്രി എം.എം മണിയുടെ പിതാവ് എം.കെ മാധവന്‍ ശാന്തി നാല് ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിച്ചു; പിന്തുടര്‍ന്നത് ശ്രീനാരായണ ഗുരുവിന്റെ പാത. മണിയാശാനും സാമൂഹ്യപ്രവര്‍ത്തനം ആരംഭിച്ചത് എസ്എന്‍ഡിപിയിലൂടെ. അച്ഛനൊപ്പം ശാന്തിപ്പണിക്കിറങ്ങിയ സഹോദരന്‍ ഗോവിന്ദന്‍ അടിയന്തിരാവസ്ഥക്കാലത്തെ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു.

ഇത് മണിയാശാന്റെ അച്ഛന്‍ പ്രതിഷ്ഠിച്ച ശിവക്ഷേത്രം

അദ്ദേഹം കല്യാണം നടത്താത്തവര്‍ ഇവിടെ ചുരുക്കമാണ്- മണിയാശാന്റെ അച്ഛന്‍ എം.കെ മാധവനെ പറ്റിയാണ് പറയുന്നത്. എം.കെ മാധവന്‍ ശാന്തി എന്നേ നാട്ടുകാര്‍ പറയൂ. കുടിയേറ്റ ജീവിതത്തിലെ പുരോഹിത സാന്നിധ്യമായി രാജാക്കാടും കുഞ്ചിത്തണ്ണിയിലും ബൈസണ്‍വാലിയിലുമെല്ലാം അദ്ദേഹം നിറഞ്ഞു നിന്നു.

kunchithanni-temple-jpg-nn
ഇട്ടിയാതി പാപ്പന്‍ പൂതം കുഴിയില്‍ എന്ന മുതുമുത്തച്ഛനാണ് കോട്ടയം കിടങ്ങൂരില്‍ നിന്ന് ഇവിടേയ്ക്കുള്ള കുടിയേറ്റത്തില്‍ ആദ്യ ചുവടു വെച്ചത്. പിന്നാലെ വന്നവരിലായിരുന്നു എം.കെ മാധവനടക്കമുള്ളവരുണ്ടായിരുന്നത്. ഏതാണ്ട് അന്‍പതോളം കുടുംബങ്ങള്‍.

അക്കാലത്ത് ആരാധനാലയങ്ങളായുള്ളത് ആദിവാസികളുടെ വനദേവതകളും തമിഴ് വംശജരുടെ ആരാധനാലയങ്ങളും മാത്രം. വിവാഹമോ, മരണമോ ഉണ്ടായാല്‍ പുരോഹിത കര്‍മ്മം നിര്‍വ്വഹിക്കാനാരുമില്ല. മണിയാശാന്റെ അച്ഛന്‍ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം പൂജ പഠിച്ചു. ആരായിരുന്നു ഗുരുവെന്ന് ആര്‍ക്കും അറിയില്ല.

kunchithanni-temple-jpgkk

അക്കാലത്ത് ഇരുപതേക്കറില്‍ ഒരു ഭജനമഠമുണ്ടായിരുന്നു. ഓലകൊണ്ട് ഇവിടെ ശിവക്ഷേത്രമുണ്ടാക്കി അദ്ദേഹം പ്രതിഷ്ഠ നടത്തി. ശ്രീനാരായണ ഗുരുവിന്റെ ഈഴവ ശിവപ്രതിഷ്ഠയുടെ അലയൊലി മലകയറിയെത്തിയതു പോലെ- ശ്രീനാരായണോദയം ശിവക്ഷേത്രം.
മഞ്ഞില്‍ നെയ്ത്തിരി പോലെ സന്ധ്യയെരിഞ്ഞു നില്‍ക്കെ ശ്രീനാരായണോദയം ശിവക്ഷേത്രത്തില്‍ ഇന്നലെ ദീപാരാധന തുടങ്ങിയിരുന്നു. മൂന്ന് എസ്എന്‍ഡിപി ശാഖകളിലെ എണ്ണൂറോളം കുടുംബങ്ങളുടെ ക്ഷേത്രമായി ഇന്നത് മാറിക്കഴിഞ്ഞു. ദീപാരാധന തൊഴാന്‍ നിറയെ വിശ്വാസികള്‍.
മാധവന്‍ ശാന്തി പിന്നെയും പ്രതിഷ്ഠകള്‍ നടത്തി. രാജാക്കാടും മുട്ടകാടും ശിവക്ഷേത്രങ്ങള്‍. ബൈസണ്‍ വാലിയില്‍ സുബ്രഹ്മണ്യ ക്ഷേത്രം. ശിഷ്യന്മാര്‍ ധാരാളമുണ്ടായി. പീതാംബരന്‍ ശാന്തിയായിരുന്നു അതില്‍ കേമന്‍.

മണിയാശാന്‍ 1967 കാലത്താണ് രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നത്. തൊഴിലാളി സംഘാടകനായി. അതിനുമുമ്പൊരു കാലം അദ്ദേഹത്തിനുണ്ട്. ശ്രീനാരായണ ധര്‍മ്മ പ്രചാരണം. അച്ഛന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം അദ്ദേഹം പ്രവര്‍ത്തിച്ച ശാഖയ്ക്ക് കീഴിലായിരുന്നു.
പക്ഷെ, പാര്‍ട്ടി പ്രവര്‍ത്തനത്തോട് സൈദ്ധാന്തികമായി അടുത്തതോടെ എസ്എന്‍ഡിപി പ്രവര്‍ത്തനം നിലച്ചു.
മക്കളില്‍ ഗോവിന്ദനായിരുന്നു അച്ഛനൊപ്പം ശാന്തിപ്പണിക്ക് ചേര്‍ന്നത്. പിന്തുടര്‍ച്ച പക്ഷെ ഉണ്ടായില്ല. അടിയന്തിരാവസ്ഥ കാലത്ത് കേരളത്തില്‍ നിരോധനാജ്ഞ ലംഘിച്ച് ചെണ്ട കൊട്ടി
മുപ്പതോളം പേര്‍ മണിയാശാന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

kunchithanni-temple-2

പോലീസ് മണിയാശാനു വേണ്ടിയുള്ള വേട്ട തുടങ്ങി. രാപ്പകലില്ലാതെ വീടുകള്‍ അരിച്ചു പെറുക്കി. ഗോവിന്ദനെ വീട്ടില്‍ കയറി പിടിച്ചു കൊണ്ടു പയി. അടിമാലിയിലെ പോലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം. നടുവിന് കൈമുട്ടിന് പോലീസ് ഇടിച്ചു. അതുവരെ പാര്‍ട്ടിക്കാരനല്ലാതിരുന്ന ഗോവിന്ദന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായാണ് പുറത്തിറങ്ങിയത്. പക്ഷെ, എഴുന്നേറ്റു നില്‍ക്കാനായില്ല. ഇരുപതു വര്‍ഷത്തോളം കിടപ്പിലായി. വീട് ത്യാഗം സഹിച്ചു.

മണിയാശാനെയും ഉടുമുണ്ട് അഴിച്ച് കൈകെട്ടി പടിച്ച് കൊണ്ടുപോയി. അതേ സ്റ്റേഷനില്‍ മേശയില്‍ ചങ്ങലയ്ക്ക് ബന്ധിച്ച് മര്‍ദ്ദിച്ചു- രണ്ടു മക്കളോടുമുണ്ടായ പീഡനത്തിനു സാക്ഷിയായ അച്ഛന്‍ മാധവന്‍ അതുവരെ കോണ്‍ഗ്രസായിരുന്നു. അദ്ദഹവും അങ്ങനെ മരിക്കും വരെ കമ്യൂണിസ്റ്റായി. കമ്യൂണിസ്റ്റുകാരനായ ശാന്തിയായി.പോലീസ് മര്‍ദ്ദനത്തില്‍ തളര്‍ന്നു പോയ ഗോവിന്ദന്‍ അച്ഛനു മുന്‍പേ മരിച്ചു. ആ പോലീസ് നരനായാട്ടിന് ഇരയായില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഗോവിന്ദന്‍ അച്ഛനെ പോലെ ശാന്തിയാകുമായിരുന്നു.
മന്ത്രിസഭ പുന:സംഘടിപ്പിച്ചപ്പോള്‍ മണിയാശാന്‍ ദേവസ്വം മന്ത്രിയാകുമെന്ന് കേട്ടിരുന്നു. ദേവസ്വം കൈകാര്യം ചെയ്യാന്‍ മണിയാശാന് യോഗ്യതയില്ലെന്ന് ആരും പറയരുത്.

Story by