നോട്ടുകള്‍ പിന്‍വലിച്ചത് തങ്ങളുടെ ഐഡിയയാണ് എന്ന് അര്‍ത്ഥക്രാന്തിയും അനില്‍ ബോകിലും പറയുന്നു

പൂണെ ആസ്ഥാനമായ അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സാമ്പത്തിക ഉപദേശക സ്ഥാപനമാണ് വിപ്ലവകരമായ നിർദ്ദേശം തങ്ങളുടെതാണ് എന്ന് അവകാശപ്പെടുന്നത്.

നോട്ടുകള്‍ പിന്‍വലിച്ചത് തങ്ങളുടെ ഐഡിയയാണ് എന്ന് അര്‍ത്ഥക്രാന്തിയും അനില്‍ ബോകിലും പറയുന്നു

ആരാണ് ഈ ബുദ്ധിക്ക് പിന്നില്‍ എന്ന് കഴിഞ്ഞ ചില ദിവസങ്ങള്‍ മുതല്‍ ചോദിക്കാത്ത ഭാരതീയന്‍ ഉണ്ടാകില്ല.

അത്യന്തം രഹസ്യാത്മകവും നിർണ്ണായകവുമായ നീക്കത്തിനൊടുവിൽ 500 ന്റെയും 1000 ന്റെയും നോട്ടുകൾ സര്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ അസാധുവാക്കിയതിന്‍റെ ചര്‍ച്ചകള്‍ ഇന്നും പൊതുസമൂഹത്തില്‍ ചര്‍ച്ചയാണ്. ഈ നടപടിയെ കുറിച്ചു നല്ലതും ചീത്തയുമായ പല അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തിട്ടുണ്ട്.

ചിലര്‍ ഇതിന്‍റെ ക്രെഡിറ്റ് തമിഴ് സിനിമയ്ക്ക് നല്‍കി. എങ്കിലും സര്‍ക്കാരിനെ സ്വാധീനിക്കുവാന്‍ തക്ക രീതിയില്‍ ആരോ ഉപദേശം നകിയിട്ടുണ്ട് എന്ന് വ്യക്തം.


പൂണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക കണ്‍സള്‍ട്ടന്സി സ്ഥാപനമായ അർത്ഥക്രാന്തി പ്രതിഷ്ഠാൻ എന്ന സംഘടനയിലേക്കും അതിലെ പ്രധാനിയായ അനിൽ ബോകിൽ എന്ന ഔറംഗാബാദ് സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റിലേക്കും എത്തിയാല്‍ ഈ സംശയങ്ങള്‍ക്ക് ദൂരീകരണമായി.

'അര്‍ത്ഥ ക്രാന്തി പ്രതിഷ്ഠാൻ'. കുറച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ നേതൃത്വത്തിലുള്ള ഒരു സ്ഥാപനമാണ്‌. ഔദ്യോഗിക സ്ഥിരീകരണമില്ലങ്കിലും മീഡിയ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട ഡീമോണിറ്റൈസേഷൻ എന്ന ആശയം ഈ സ്ഥാപനത്തിലെ അനിൽ ബോകിലെന്‍റെതാണ് എന്ന് വാര്‍ത്തകള്‍ പരക്കുന്നു.

കള്ളപ്പണം ഇല്ലാതാക്കാനുള്ള നിർദ്ദേശങ്ങൾ എന്ന പേരില്‍ അർത്ഥക്രാന്തിയുടെ ഒരു കുറിപ്പ് ഏതാനും വർഷങ്ങൾക്ക് മുൻപ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്നതിന് വലിയ പ്രാധാന്യമൊന്നും ആരും നല്‍കിയിരുന്നില്ല. ഈ ലേഖനത്തില്‍ മുന്നോട്ടു വച്ച ഒരു പ്രധാനനിർദ്ദേശമായിരുന്നു വലിയ ഡിനോമിനേഷൻ നോട്ടുകൾ പിൻവലിക്കുക എന്നുള്ളത്.

രാജ്യത്തെ ഭൂരിപക്ഷമായ സാധാരണ ജനങ്ങള്‍ക്ക് ദിവസനെയുള്ള ചെലവുകള്‍ വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകളുടെ ആവശ്യമില്ല എന്നും ഈ ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക ക്രയവിക്രയ്ത്തിന്‍റെ 20 ശതമാനം മാത്രമാണ് ബാങ്കുകളില്‍ കൂടി നടക്കുന്നത് എന്ന് ബാക്കിയുള്ളവ ഇപ്പോഴും നോട്ടുകളുടെ വിനിമയത്തിലൂടെയാണ് നടക്കുന്നതെന്നും അനില്‍ ബോകില്‍ പറയുന്നു. കള്ളപ്പണത്തിനുള്ള ഏറ്റവും വലിയ സാധ്യത അവിടെയായാണ്.

എല്ലാ ഇടപാടുകളും ബാങ്കിന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരണം. രാജ്യത്ത് ഇൻകം ടാക്സ്, സെയിൽടാക്സ് അടക്കം നിലവിലുള്ള 56 ഇനം ടാക്സുകളും വേണ്ടന്ന് വയ്ക്കാം എന്ന ശുപാര്‍ശയും തങ്ങള്‍ മുന്നോട്ടു വച്ചു.

അർത്ഥക്രാന്തിയുടേ വെബ്സൈറ്റില്‍ പ്രചരിച്ചിരുന്ന പോസ്റ്റ് ചുവടെ ചേർക്കുന്നു.

ശുപാർശകൾ

1. എല്ലാ നിലയിലുമുള്ള 56 ഇനം നികുതികൾ വേണ്ടന്നുവക്കുക

2. 1000, 500, 100 എന്നീ തുകയുടെ കറൻസികൾ പിൻവലിക്കുക.

3. വലിയ സാമ്പത്തിക ഇടപാടുകൾ ബാങ്കിലൂടെ മാത്രം നടത്തുക

4. ക്യാഷ് ഇടപാടുകൾക്ക്‌ പരിധി ഏർപ്പെടുത്തുക.

5. സാമ്പത്തികം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബാങ്ക് ഇടപാടുകൾക്ക്‌ 0.7% മുതൽ 2%വരെ ടാക്സ് ഏർപ്പെടുത്താവുന്നതാണ്.

പ്രതീക്ഷിത ഗുണങ്ങൾ

1. പെട്രോളിയം ഉൽപ്പന്നങ്ങൾ മുതൽ എല്ലാ സാധനങ്ങളുടെയും വില 30% മുതൽ 55% വരെ കുറയും.


2. നികുതിവെട്ടിപ്പിന്റെ പ്രശ്നം ഇല്ലാത്തതിനാല്‍ കള്ളപ്പണവും ഉണ്ടാകുന്നില്ല.

3. സാമ്പത്തിക അഴിമതി 100% വും ഇല്ലാതാക്കാം

4. പണത്തിനായുള്ള ആക്രമങ്ങള്‍ക്ക് കുറവുണ്ടാകും.

5. ചെറിയ നോട്ടുകൾ അച്ചടിക്കുന്നത് ലാഭകരമല്ലാത്തതിനാൽ കള്ളനോട്ടുകൾ ഇല്ലാതാകും.

6. ശമ്പളക്കാരായവർ കൂടുതൽ പണം വീട്ടിലെത്തിക്കും. അത് കുടുംബത്തിന്റെ പർച്ചെസിങ് പവർ കൂട്ടും.

7. തിരഞ്ഞെടുപ്പ് ചെലവ് കുറയും. രാഷ്ട്രിയം അഴിമതി മുക്തമാകും

8. ഭൂമിയുടെയും വസ്തുവിന്റെയും വിലകുറയും.

9. വ്യാപാര വ്യവസായ മേഖലകളിൽ വൻ ഉയർച്ചയുണ്ടാകും. തൊഴിലവസരങ്ങൾ കൂടും.

10. നികുതിപിരിവടക്കം പല ഡിപ്പാർട്മെന്റുകളും ഉദ്യോഗസ്ഥൻമാരും ഇല്ലാതാകും.

11. ബാങ്കിംഗ് ട്രാൻസാക്ഷൻ ചാർജ് വളരെ കുറവായതിനാൽ ജനം ഇഷ്ടപ്പെടും.

12. ഇപ്പോൾ സർക്കാരിന് ലഭിക്കുന്ന നികുതി 14 ലക്ഷം കോടി. ഈ നിർദ്ദേശം നടപ്പാക്കിയാൽ കിട്ടുന്ന ടാക്സ് 800 ലക്ഷം കോടി.

13. സമൂഹം ചീത്ത കീഴ് വഴക്കങ്ങളിൽ നിന്നും മോചിതമാവും

അര്‍ത്ഥക്രാന്തിയുടെ ഈ ശുപാര്‍ശകള്‍ കഴിഞ്ഞ ജൂലൈയില്‍ അനിൽ ബോകിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തിയിരുന്നു എന്നും അര്‍ത്ഥക്രാന്തി അവകാശപ്പെട്ടുന്നു.

അര്‍ത്ഥക്രാന്തിയുടെ ഈ അവകാശവാദങ്ങള്‍ ദേശീയ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ അര്‍ത്ഥക്രാന്തിയും അനില്‍ ബോകിലും ദേശീയ മാധ്യമശ്രദ്ധ നേടുകയാണ്.
.

Read More >>